സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാൻ ഉള്ള ലൈസന്സ് കൂടിയാണ് ഡ്രൈവിംഗ് ലൈസൻസ്

28

സുരേഷ് സി പിള്ള

“പതിനേഴാം വയസ്സിൽ എനിക്ക് തന്ന ഡ്രൈവിംഗ് പാഠങ്ങൾ ആണ് അമ്മ എനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനം. സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാൻ എനിക്ക് തന്ന സമ്മാനം പോലെ ആയിരുന്നു അമ്മ എനിക്ക് തന്ന ആ പാഠങ്ങൾ.”
ബ്രിട്ടനിലെ ‘ദി ഗാർഡിയൻ’ പത്രത്തിലെ ജേര്ണലിസ്റ്റായ ഇമാൻ അമ്റാനി അവരുടെ ‘ലെസ്സൺ ഫ്രം വൈസ് വുമൺ’ എന്ന പംക്തിയിൽ ഒരിക്കൽ എഴുതിയതാണ്.

എന്റെ അഭിപ്രായത്തിൽ കേരളത്തിലെ പതിനെട്ടു വയസ്സായ യുവാക്കൾ എല്ലാം ഡ്രൈവിംഗ് പഠിക്കണം. പ്രത്യേകിച്ചും പെൺകുട്ടികൾ.
സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാൻ ഉള്ള ലൈസന്സ് കൂടിയാണ് ഡ്രൈവിംഗ് ലൈസൻസ്. വേണമെങ്കിൽ ഒരു തൊഴിലായി സ്വീകരിക്കാം. അല്ലെങ്കിൽ സ്വന്തം ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ ഉള്ള ലൈസൻസ് കൂടിയാണ് ഡ്രൈവിംഗ്.
ചിലപ്പോൾ അത്യാവശ്യ അവസരങ്ങളിൽ ഡ്രൈവിംഗ് ചിലപ്പോൾ ഒരാളുടെ ജീവൻ വരെ രക്ഷിക്കാനായി ഉപകരിച്ചേക്കാം. ഉദാഹരണത്തിന് അച്ഛന് രാത്രി ഒരു മണിക്കാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ആ സമയത്ത് അനിൽ (ബ്രദർ ഇൻ ലോ) ഒരു ട്രൈനിങ്ങിനായി ബോംബയിൽ ആണ്. വീട്ടിൽ അമ്മയും ശ്രീജയും മാത്രമേ ഉള്ളൂ, രണ്ടു പേർക്കും ഡ്രൈവിംഗ് അറിയില്ല. വീട് ഒരു ഗ്രാമ പ്രദേശത്താണ്. കറുകച്ചാൽ ടൗണിൽ നിന്നും രണ്ടര കിലോമീറ്റർ അകലെ. പന്ത്രണ്ടു വർഷം മുൻപാണ്, അന്ന് അടുത്ത് രാത്രി വിളിക്കനായി അറിയുന്ന ടാക്സികൾ ഒന്നും ഇല്ല. ആംബുലന്സ് സർവീസ് ഇല്ല. കുറെ സമയങ്ങൾക്ക് ശേഷം കിട്ടിയത് ഒരു ഓട്ടോയാണ്. അതിൽ കറുകച്ചാൽ ഹോസ്പിറ്റലിൽ എത്തിച്ചപ്പോളേക്കും അച്ഛന്റെ ജീവൻ പോയിരുന്നു. അമ്മയ്‌ക്കോ, ശ്രീജയ്ക്കോ ഡ്രൈവിംഗ് അറിയാമായിരുന്നെകിൽ ഒരു പക്ഷെ അച്ഛന്റെ ജീവൻ രക്ഷിക്കാമായിരുന്നു.

ഇത് മാത്രമല്ല നിങ്ങൾ ഒറ്റയ്ക്ക് താമസിക്കുന്നവർ ആണെങ്കിൽ പ്രത്യേകിച്ചും ഡ്രൈവിംഗ് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒരു സ്‌കിൽ ആണ്. രാത്രിയിൽ സ്വാതന്ത്ര്യമായി ഒറ്റയ്ക്ക് ഒരു ഡിന്നറിനു പോകണം എങ്കിലോ, അല്ലെങ്കിൽ ഒരു സുഹൃത്തിനെ കാണാൻ പോകണം എങ്കിലും ഡ്രൈവിംഗ് അറിയാമെങ്കിൽ ജീവിതം വളരെ സൗകര്യം ആയി മുൻപോട്ട് കൊണ്ടു പോകാം.
നമ്മുടെ സ്വകാര്യത പൂർണ്ണമായും കാത്തു സൂക്ഷിക്കാനും ഡ്രൈവിംഗ് അറിയാമെങ്കിൽ ഒരു പരിധിവരെ പറ്റും. രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന മോനെയോ, മോളെയോ കൊണ്ടുവരാനും മറ്റൊരാളെ ആശ്രയിക്കേണ്ടി വരില്ല.
അപ്പോൾ നിങ്ങൾക്ക് വീട്ടിൽ കാറില്ലെങ്കിൽ പോലും തീർച്ചയായും ഡ്രൈവിംഗ് ക്ലാസ്സിന് ചേരുക.
ലോക്ക്ഡൗൺ കഴിഞ്ഞാൽ ഉടനെ പറ്റുന്നവർ ഒക്കെ ഡ്രൈവിംഗ് പഠിക്കാനായി ഒരു ഡ്രൈവിംഗ് സ്കൂളിൽ രെജിസ്റ്റർ ചെയ്യുക.
കാരണം ഡ്രൈവിംഗ് എന്നാൽ അത് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു കിളി വാതിലാണ്.