ഒരു ദിവസം ഇന്ത്യയിൽ രണ്ടായിരം പെൺ ഭ്രൂണങ്ങൾ കൊല്ലപ്പെടുന്നു

492

സുരേഷ് സി പിള്ള എഴുതുന്നു

ഉത്തരാഖണ്ഡിലെ, ഉത്തര കാശി ജില്ലയിലെ 132 വില്ലേജുകളിൽ കഴിഞ്ഞ മൂന്നു മാസമായി ആൺകുട്ടികൾ മാത്രമേ ജനിച്ചിട്ടുള്ളൂ. (In 3 months, no girls were born in 132 U’kashi villages,Times of India Jul 18, 2019).

അപ്പോൾ ഉണ്ടായ പെൺകുട്ടികൾ എവിടെ? അല്ലെങ്കിൽ പെൺകുട്ടികൾ എന്താണ് ഉണ്ടാവാതിരിക്കാൻ കാരണം?

സുരേഷ് സി പിള്ള
സുരേഷ് സി പിള്ള

വളരെ വ്യാപകമായ ‘female infanticide case’ അല്ലെങ്കിൽ പെൺ ഭ്രൂണ ഹത്യയെ (foeticide) കാരണമാണ് പെൺകുട്ടികൾ ഉണ്ടാവാത്തത്.

എന്താണ് female infanticide (പെൺ ശിശുഹത്യ) അല്ലെങ്കിൽ പെൺ ഭ്രൂണ ഹത്യയെ (foeticide) ?

ഒരു പക്ഷെ പലരും ഇത് കേട്ടിട്ടു പോലും ഉണ്ടാവില്ല. അല്ലെങ്കിൽ ഇതിന്റെ തീക്ഷ്ണത പലർക്കും അറിവുണ്ടാവില്ല. ഇത് വിശദമാക്കാൻ നേരത്തെ ഒരിക്കൽ പങ്കുവച്ച ഒരു കഥപറയാം

“ജോൺ, അടുത്തമാസം ഞാൻ നാട്ടിൽ പോകുകയാണ്, താങ്കൾക്കായി എന്തെങ്കിലും കൊണ്ടുവരണമോ?”

“വേണം, നീ കഴിഞ്ഞ തവണ കൊണ്ടു വന്ന ആ ഇയർ ബുക്കില്ലേ?, അത് ഈ വർഷവും വേണം.”

“തീർച്ചയായും, ജോൺ”

“ഇന്ത്യയെ ഞാൻ കൂടുതൽ അറിഞ്ഞത് അതിൽക്കൂടിയാണ്.” പ്രൊഫ. ജോൺ കെല്ലി പറഞ്ഞു.

“എന്താണ് അങ്ങയെ ആകർഷിച്ചത്?” ഞാൻ ചോദിച്ചു.

“അടുത്ത കാലത്തുണ്ടായ ശാസ്ത്ര പുരോഗതികൾ, സ്പേസ് പര്യവേക്ഷണങ്ങൾ എല്ലാം എന്നെ ആകർഷിച്ചു”

“അതിലൊക്കെ ഉപരി, എന്നെ വളരെ വിഷമിപ്പിച്ച ഒരു കാര്യമുണ്ടതിൽ.” പ്രൊഫ. ജോൺ കെല്ലി തുടർന്നു.

“എന്താണത്?” ഞാൻ ചോദിച്ചു

“മണ്ണിലലിഞ്ഞ പെൺജന്മങ്ങൾ “.

“മണ്ണിലലിഞ്ഞ പെൺജന്മങ്ങളോ? ഞാൻ ഇയർ ബുക്ക് മുഴുവൻ അരിച്ചു പെറുക്കി വായിച്ചതാണല്ലോ.

“അതെവിടെയാണ്?”
ഞാൻ അങ്ങേയറ്റം അദ്ഭുതത്തോടെ ചോദിച്ചു.

“ഞാൻ കാണിച്ചു തരാം. നമുക്ക് നാലു മണിക്ക് കോഫി കുടിക്കുവാനായി front square ൽ ഉള്ള സ്റ്റാഫ് കാന്റീനിൽ പോകാം. നീ കഴിഞ്ഞ വർഷം തന്ന ഇയർ ബുക്കും കൊണ്ടു വരാം. കോഫിയും, സ്നാക്സും എന്റെ വക”.

“അപ്പോൾ നാലു മണിക്കു കാണാം ജോൺ.”

ഏകദേശം പതിനാലു വർഷം മുൻപാണ് (2003 ആണെന്നാണ് ഓർമ്മ). ഒരു ദിവസം ഉച്ച ഭക്ഷണത്തിനു ശേഷം വരുമ്പോൾ ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ എന്റെ ഗവേഷണ സൂപ്പർ വൈസർ ആയിരുന്ന ബ്രിട്ടീഷ് കാരൻ പ്രൊഫ. ജോൺ കെല്ലി. എനിക്ക് ജോണിനോടുള്ള ഇഷ്ടം, അദ്ദേഹം കാര്യങ്ങൾ സത്യ സന്ധമായി വിലയിരുത്തും എന്നതാണ്.

ഉച്ചയ്ക്കു ശേഷം ലാബിൽ ചെന്നപ്പോളും ഞാൻ മണ്ണിലലിഞ്ഞ പെൺജന്മങ്ങൾ എന്തായിരിക്കും എന്ന് ആലോചിച്ചു കൊണ്ടിരുന്നു. [ഓ, പറയാൻ വിട്ടു, ഓരോ വർഷവും നാട്ടിൽ പോയി വരുമ്പോൾ ഞാൻ ജോണിനായി ഒരു മനോരമ ഇയർ ബുക്ക് സമ്മാനമായി കൊണ്ടു വരുമായിരുന്നു].

കൃത്യം നാലുമണിക്കു തന്നെ ഞാൻ സ്റ്റാഫ് ക്യാന്റീനിൽ എത്തി.

ഓരോ അമേരിക്കാനോയും, ഒരോ ബ്ലൂബെറി മഫിൻസും എടുത്തുകൊണ്ട് ആരും ഇല്ലാത്ത ഒരു മൂലയിൽ ഞങ്ങൾ ഇരുന്നു.

ആദ്യത്തെ സിപ് കോഫി എടുത്തിട്ട് ജോൺ മനോരമ ഇയർ ബുക്ക് തുറന്നു. ഞാൻ ആകാംക്ഷയോടെ ഇരുന്നു.

അദ്ദേഹം സംസാരിക്കാൻ തുടങ്ങി

“നമുക്ക് നിന്റെ നാട്ടിൽ നിന്നും തന്നെ തുടങ്ങാം. ദാ, ഇതിൽ നോക്കൂ, കേരളത്തിൽ ആൺ പെൺ അനുപാതം എത്രയാ? ”

ഞാൻ നോക്കിയിട്ടു പറഞ്ഞു “1058”

“അതായത് ആയിരം പുരുഷന്മാർക്ക് 1058 സ്ത്രീകൾ.”
“ഇനി തമിഴ് നാടിന്റെ നോക്കൂ”

“ഇവിടെ സ്ത്രീ പുരുഷ അനുപാതം 987. അതായത് ആയിരം പുരുഷന്മാർക്ക് 987 സ്ത്രീകൾ”

“കർണാടകയിൽ ആയിരം പുരുഷന്മാർക്ക് 965 സ്ത്രീകൾ.”
ഇനി നമുക്ക് നോർത്ത് ഇന്ത്യയിലേക്ക് പോകാം. രാജസ്ഥാൻ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ബീഹാർ, ഇവിടെയൊക്കെ, ആയിരം പുരുഷന്മാർക്ക് 920 അടുപ്പിച്ചേ സ്ത്രീകൾഉള്ളൂ.”

“ബംഗാൾ, ആസാം, മിസോറാം ഇവിടങ്ങളിൽ ഇത് ഏകദേശം 935”.

“പഞ്ചാബ്, ഹരിയാന, ജമ്മു-കാശ്മീർ ഇവിടെയൊക്കെ ഇത് വളരെ കുറഞ്ഞ് 850 ന് അടുപ്പിച്ചാണ്”

“പ്രകൃതി ആൺ:പെൺ ഏകദേശം 1: 1 ആയി നിലനിർത്തും. ഇതിൽ വളരെ ചെറിയ ഏറ്റക്കുറച്ചിലേ കാണാറുള്ളൂ”.

അദ്ദേഹം തുടർന്നു, “അതായത് ചില സംസ്ഥാനങ്ങളിൽ ആയിരത്തിന് 150 സ്ത്രീകൾ കണ്ട് കുറവുണ്ടാകുന്നു.
അതായത് ‘പെൺ ഭ്രൂണഹത്യ (foeticide) ‘ ഈ സംസ്ഥാനങ്ങളിൽ വളരെ കൂടുതൽ ആണ്. അതാണ് ഞാൻ പറഞ്ഞത്.” അദ്ദേഹം പറഞ്ഞു നിർത്തി.

അന്നു മുതൽ ഇത് മനസ്സിൽ ഒരു നീറ്റലായി കിടന്നു.

അതിനു മുൻപേ ഇന്ത്യയിൽ ഉള്ള പെൺ ഭ്രൂണ ഹത്യയെ (foeticide) ക്കുറിച്ച് എനിക്ക് കാര്യമായ അറിവുണ്ടായിരുന്നില്ല.

ജോണു മായി സംസാരിച്ചതിന് ശേഷമാണ് ഈ നിലയിൽ ഒരു അന്വേഷണം നടത്തിയത്.

ഇന്ത്യയിൽ ആകെ നോക്കിയാൽ ആൺ പെൺ അനുപാതം 1.13 ആണ്. അതായത് 1000 സ്ത്രീകൾക്ക് 1130 പുരുഷന്മാർ.

മുകളിൽ പറഞ്ഞത് 2001 ലെ സെൻസസ് പ്രകാരമുള്ള കണക്കുകൾ ആണ്. 2011 ലെ സെൻസസ് പ്രകാരവും ഇതിൽ നിന്നും വലിയ മാറ്റങ്ങൾ ഇല്ല.

നേരത്തെ പറഞ്ഞല്ലോ കേരളത്തിൽ ആയിരം പുരുഷന്മാർക്ക് 1058 സ്ത്രീകൾ ഉണ്ട് എന്ന്. ഇതിൽ നമുക്ക് അഭിമാനിക്കാൻ വകയുണ്ടല്ലോ എന്നാവും ഇപ്പോൾ ചിന്തിക്കുക. അല്ലെ?

എന്നാൽ 2001 ലെയും 2011 ലെയും സെൻസസ് പ്രകാരം child sex ratio (ഒന്നു മുതൽ ആറു വയസ്സു വരെയുള്ള കുട്ടികളുടെ ആൺ പെൺ അനുപാതം) എടുത്താൽ ഇത് 960 ആണ് എന്ന് കാണാം. അതായത് ഓരോ ആയിരം ആൺ കുട്ടികൾക്കും 960 പെൺകുട്ടികളെ ഉള്ളൂ, എന്ന്. അതായത് കേരളത്തിലും പെൺ ഭ്രൂണഹത്യ വ്യാപകമായുണ്ട് എന്നർത്ഥം.

കൂടുതൽ വിവരങ്ങൾ 2021 ലെ സെൻസസിൽ വ്യക്തമാവും. (കേരളത്തിലെ ആകെയുള്ള സ്ത്രീകളുടെ എണ്ണം കൂടാൻ കാരണം, പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ആയുസ്സ് കൂടുതൽ ഉണ്ട് എന്നതാണ്.).

ഭ്രൂണഹത്യ (foeticide) മാത്രമല്ല പെൺശിശുഹത്യയും (Female infanticide) നമ്മുടെ സമൂഹത്തിലെ ഒരു പച്ചയായ യാഥാർഥ്യമാണ്.

പട്ടിണിയും, സ്ത്രീധനം പോലുള്ള ദുരാചാരങ്ങൾ ആണ് ഇന്ത്യയിൽ Female infanticide നടപ്പിലാക്കുന്നതിന്റെ വലിയ ഒരു കാരണം. കേരളത്തിൽ ഒരു പക്ഷെ Female infanticide ഒട്ടും തന്നെ ഇല്ലായിരിക്കാം. നമ്മുടെ പെൺകുട്ടികൾ നഷ്ടപ്പെടുന്നത് സെലെക്ടിവ് ആയ അബോർഷൻ കൊണ്ടാണ് എന്ന് കണക്കുകൾ പറയുന്നു.

[ഇന്ത്യൻ പീനൽ കോഡ് (Section 315) പ്രകാരം infanticide നിർവ്വചിച്ചിരിക്കുന്നത് “the killing of an infant in the 0–1 age group.”]

തമിഴ് നാട്ടിലെ മധുരയ്ക്ക് സമീപമുള്ള ‘ഉസിലാംപെട്ടി’യിലെ Female infanticide പറ്റി ഇന്ത്യ ടുഡേ എഴുതിയിരുന്നു June 15, 1986: Born to die (മുന്നറിയിപ്പ്: മനസ്സിനു കരുത്തുള്ളവർ മാത്രം വായിക്കുക ) ( Indiatoday.intoday, June 15, 1986: Born to die )

ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ ആയ Lancet 2011 ൽ വന്ന ഒരു പഠനം പ്രകാരം 1981-2011 വരെ 12,000,000 ഒരു കോടി ഇരുപതു ലക്ഷം പെൺകുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് പറയുമ്പോൾ മനസ്സിലാകുമല്ലോ ഈ പ്രശ്നത്തിന്റെ വ്യാപ്തി.

2015 ൽ NDTV ക്കു കൊടുത്ത ഒരു ഇന്റർവ്യൂ ഇത് ശ്രീമതി മനേകാ ഗാന്ധി പറഞ്ഞു

“ഒരു ദിവസം ഇന്ത്യയിൽ രണ്ടായിരം പെൺ ഭ്രൂണങ്ങൾ കൊല്ലപ്പെടുന്നു എന്ന്.”

കേട്ടിട്ട് ഞെട്ടൽ ഉണ്ടാവുന്നില്ലേ?

ഈ വിപത്തിൽ നിന്നും കര കയറാൻ വളരെ വിപുലമായ ബോധവൽക്കരണം വേണം. ആൺകുട്ടിക്കും പെൺ കുട്ടിക്കും ഒരേ പരിഗണന കിട്ടുന്ന ഒരു നാളെ ആയിരിക്കട്ടെ ഇന്ത്യയുടെ അടുത്ത സ്വപ്നം. ബേട്ടി ബചാവോ ബേട്ടി പഠാ വോ എന്നൊക്കെ പറയുന്നതിതും മുൻപേ, ബേട്ടിക്ക് ഇന്ത്യയിൽ ജനിക്കാനുള്ള അവകാശത്തിനായാണ് ഇനി പോരാടാൻ ഉള്ളത്.

കൂടുതൽ വായനയ്ക്ക്

In 3 months, no girls were born in 132 U’kashi villages,Timesofindia Jul 18, 2019

Uttarakhand’s Uttarkashi reports birth of only boys in last 3 months, yAHOO News, July 21

2011 സെൻസസ് ആൺ പെൺ അനുപാതം census2011 sexratio

Born to die Indiatoday (1986).

George, Sabu M. (1997). “Female Infanticide in Tamil Nadu, India: From Recognition Back to Denial?”. Reproductive Health Matters. 5 (10). JSTOR 3775470.