ഫുൾ ജാർ സോഡാ (വിരലുകൾ ഇടാത്ത), പിന്നെ കോക്ക് റ്റൈലും

0
358

സുരേഷ് സി പിള്ള എഴുതുന്നു 

ഫുൾ ജാർ സോഡാ (വിരലുകൾ ഇടാത്ത), പിന്നെ കോക്ക് റ്റൈലും

“ചേട്ടാ, വിരലിടാത്ത ചായ ഒന്ന്” എന്ന സിനിമാ ഡയലോഗ് ആണ് ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊടിരിക്കുന്ന ഫുൾ ജാർ സോഡാ ഉണ്ടാകുന്നത് വീഡിയോയിൽ കണ്ടപ്പോൾ തോന്നിയത്.

സുരേഷ് സി പിള്ള
സുരേഷ് സി പിള്ള

ചെറിയ ഗ്ലാസിന്റെ അടിയിൽ ഉള്ള അഴുക്കും, ചെളിയും; ചെറിയ ഗ്ലാസ് സോഡയിലേക്ക് ഇടുന്ന ആളുടെ വിരലുകൾക്കിടയിൽ ഉള്ള അഴുക്കുകളും എല്ലാം കൂടിയാണ് ഫുൾ ജാർ സോഡാ പതഞ്ഞു പൊങ്ങി വരുന്നതു കണ്ടപ്പോൾ ആകെ ഒരു അൺ-ഹൈജീനിക്ക് ഫീലിംഗ്. ഈയൊരു ചിന്തയാണ് ഇങ്ങനെയൊന്ന് പരീക്ഷിക്കാൻ തോന്നിയത്.

വളരെ സിമ്പിൾ ആയി ഫുൾ ജാർ സോഡാ വീട്ടിൽ എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം.

ചേരുവകൾ
സോഡാ – അര ലിറ്ററിന്റെ ഒരു കുപ്പി
ഇഞ്ചി- ഒരു കഷണം
പച്ചമുളക് – ഒരെണ്ണം (എരിവ് കൂടുതൽ ഇഷ്ടം ഉള്ളവർക്ക് രണ്ടെണ്ണം ആകാം)
മിന്റ്/ പൊതിന- പത്ത് ഇലകൾ
പഞ്ചസാര- 4 ടീ സ്പൂൺ
ഉപ്പ് – അര ടീ സ്പൂൺ
നാരങ്ങാ നീര്- രണ്ടു ചെറു നാരങ്ങാ പിഴിഞ്ഞത്
ഐസ്- 5 ക്യൂബ്

ഇഞ്ചി, പച്ചമുളക്, പൊതീന, പഞ്ചസാര എന്നിവ ഒരു ചെറിയ മിക്സിയിൽ (സ്‌പൈസ് മിക്സർ ഉണ്ടെങ്കിൽ അതാണ് കൂടുതൽ അനുയോജ്യം) വെള്ളം ഒഴിക്കാതെ അരച്ചെടുക്കുക. ഇതിൽ പകുതി ഒരു ഗ്ലാസ്സിലേക്ക് പകരുക, ഉപ്പ്, നാരങ്ങാ നീര് ഇവ ചേർത്ത് ഇളക്കുക. ഇതിലേക്ക് 5 ക്യൂബ് ഐസ് ഇടുക. ഇനി ഒരു സ്പൂൺ ഉപയാഗിച്ചു ഇളക്കിക്കൊണ്ട്,പതിയെ സോഡാ ചേർക്കുക. ഫുൾ ജാർ സോഡാ റെഡി!

ഇനിയാണ് മാസ്റ്റർ പീസ്! നിങ്ങൾക്ക് കോക്ക് റ്റൈൽ ഇഷ്ടമാണോ? സുഹൃത്തുക്കൾ വരുമ്പോൾ ഇതേ റെസിപ്പി കൊണ്ട് കോക്ക് റ്റൈൽ എങ്ങിനെ ഉണ്ടാക്കാം എന്നാണ് ഇനി പറയുന്നത്. പകുതി മാറ്റി വച്ച മുകളിലത്തെ ഇഞ്ചി, പച്ചമുളക്, പൊതീന, പഞ്ചസാര എന്നിവ അരച്ചത്, ഒരു കോക്ക് റ്റൈൽ ഗ്ലാസ്സിലേക്ക് പകരുക. ഒരു നാരങ്ങാ പിഴിഞ്ഞ് അതിലേക്ക് ഒഴിക്കുക. 5 ക്യൂബ് ഐസ് മിക്സറിൽ ക്രഷ് ചെയ്തു ഇതിലേക്ക് ചേർക്കുക. ഇതിൽ 50 ml ക്രാൻബെറി ജ്യൂസ് (അല്ലെങ്കിൽ ചെറി ജ്യൂസ്) ഒഴിക്കുക. ഇതിലേക്ക് 25 ml ഓറഞ്ചു ജ്യൂസ് ചേർക്കുക. ബാക്കി സോഡാ ഇതിലേക്ക് ചേർക്കുക. ‘കോക്ക് റ്റൈൽ കോട്ടയം’ റെഡി. ഇതിന് അക്ഷര നഗരിയുടെ പേരിരിക്കട്ടെ.

ഇനി നിങ്ങളുടെ വിദേശികളായ സുഹൃത്തുക്കളെ ഡിന്നറിന് വിളിക്കുമ്പോൾ, സോഡയ്ക്ക് പകരം 40 ml വോഡ്ക ആഡ് ചെയ്താൽ, അവർക്ക് ഇതൊരു നല്ല ട്രീറ്റ് ആകും. എരിവും, പുളിയും ഉള്ള കോക്ക് റ്റൈൽ അവർക്കൊരു പുതിയ അനുഭവം ആകും. പരീക്ഷിച്ചു നോക്കൂ. അപ്പോൾ പേരു മറക്കണ്ട ‘കോക്ക് റ്റൈൽ കോട്ടയം’.

ചിത്രത്തിൽ ഇന്ന് വൈകുന്നേരം ഉണ്ടാക്കിയ ഫുൾ ജാർ സോഡയും, കോക്ക് റ്റൈൽ കോട്ടയ’ വും.

Advertisements