സുരേഷ് സി പിള്ള എഴുതുന്നു 

മത്തിയുടെ വിലയും എൽ നിനോയും.

മത്തിയുടെ വില കിലോയ്ക്ക് 350 രൂപ വരെ എത്തിയിരിക്കുന്നു. ലഭ്യത കുറയുന്നതാണ് വില കൂടുവാൻ കാരണം എന്ന് അറിയാമല്ലോ? പക്ഷെ എന്ത് കൊണ്ടാവാം മത്തിയുടെ ഉൽപ്പാദനം ഈ വർഷം കുറയാൻ കാരണം?

എൽ നിനോ (El Niño) എന്ന കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാവുന്ന പ്രതിഭാസമാണ് മത്തിയുടെ ലഭ്യത ക്കുറവിന് കാരണമാകുന്നത് എന്നാണ് മുൻ പഠനങ്ങൾ വിരൽ ചൂണ്ടുന്നത്.

സുരേഷ് സി പിള്ള
സുരേഷ് സി പിള്ള

എന്താണ് എൽ നിനോ (El Niño)?
സമുദ്രോപരിതലത്തിലെ താപനില സാധാരണ ഗതിയിലും വളരെ ഉയരുന്ന പ്രതിഭാസത്തിനാണ് എൽ നിനോ എന്ന് പറയുന്നത് (ഇതിന്റെ നേർ വിപരീത പ്രതിഭാസത്തെ ലാ നീനാ (La Niña) എന്നും വിളിക്കും). സാധാരണ മൂന്ന് മുതൽ ഏഴു വർഷം വരെയുള്ള വർഷങ്ങളിൽ ഇത് സംഭവിക്കാറുണ്ട്. എന്നിരുന്നാലും അടുത്ത കാലങ്ങളിൽ ആയി കാലാവസ്ഥ വ്യതിയാനം മൂലം ഇതിന്റെ ഇടവേള കുറഞ്ഞു വരുന്നു എന്നും കാണുന്നു. ഇങ്ങനെ താപ നിലയിൽ ഉണ്ടാകുന്ന വ്യതിയാനം മത്തിയുടെ പ്രതിൽപ്പാദനത്തെ കാര്യമായി ബാധിക്കുകയും ലഭ്യത ഗണ്യമായി കുറയുകയും ചെയ്യും.

ഇതൊരു പുതിയ പ്രതിഭാസം ആണോ?

അല്ല. തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിലെ മത്സ്യ ബന്ധന തൊഴിലാളികൾ ആണ് പതിനാറാം നൂറ്റാണ്ടിൽ അസാ ധാരണമായ താപനിലാ വ്യതിയാനം പസഫിക്ക് സമുദ്രത്തിന്റെ ഉപരിതലത്തിൽ കണ്ടെത്തിയത്. ക്രിസ്തുമസിനു ശേഷം ജനുവരി മാസത്തിൽ കണ്ടതിനാൽ ഈ പ്രതിഭാസത്തെ Christ Child (സ്പാനിഷ് El Niño അല്ലെങ്കിൽ ഉണ്ണിയേശു) എന്ന് വിളിക്കപ്പെട്ടു. നേച്ചർ എന്ന ശാസ്ത്ര ജേർണലിൽ പറഞ്ഞിരിക്കുന്നത് (Sardines and anchovies cycle with climate 2003 | Nature | doi:10.1038/news030106-13) എൽ നിനോ എല്ലാ മൂന്നു മുതൽ ഏഴു വർഷങ്ങളിൽ ആവര്‍ത്തിക്കപ്പെടുന്ന പ്രതിഭാസമാണ് എന്നാണ്.

അപ്പോൾ ഇനി എന്ന് മുതൽ മത്തി ലഭിക്കും?
ഉടനെയൊന്നും മത്തിയുടെ ലഭ്യത കൂടും എന്ന പ്രത്യാശക്കു വലിയ വകയില്ല കാരണം El Niño യുടെ സ്വാധീനം ചിലപ്പോൾ മാസങ്ങളോളം നിൽക്കാം എന്നതു തന്നെ. ഇത് എത്രകാലം എന്നത് പഠനങ്ങളിൽ ഒന്നും കൃത്യമായി പറഞ്ഞിട്ടും ഇല്ല. കാത്തിരുന്നു കാണുക തന്നെ.
എഴുതിയത് സുരേഷ് സി. പിള്ള

കൂടുതൽ വായനയ്ക്ക്
From anchovies to sardines and back: multidecadal change in the Pacific Ocean. Science, (2003). Chavez, F. P., Ryan, J., Lluch-Cota, S.E. & iquen, M. 299, 217 – 221,

Ecosystem effects of fishing & El Niño at the Galápagos Marine Reserve. PeerJ, 2019, 7, p.e6878.
Eddy, T.D., Friedlander, A.M. and de León, P.S.,

“El Niño revisited: the influence of El Niño Southern Oscillation on the world’s largest tuna fisheries.” In AGU Fall Meeting Abstracts. 2016. Receveur, A., N. Simon, C. Menkes, L. Tremblay-Boyer, I. Senina, and P. Lehodey.

“How can climate predictions improve sustainability of coastal fisheries in Pacific Small-Island Developing States?.” Marine Policy 88 (2018): Dunstan, Piers K., Bradley R. Moore, Johann D. Bell, Neil J. Holbrook, Eric CJ Oliver, James Risbey, Scott D. Foster, Quentin Hanich, Alistair J. Hobday, and Nathan J. Bennett. 295-302.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.