സുരേഷ് സി പിള്ള എഴുതുന്നു 

നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടാമോ?

ഒരിക്കലും നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ ദോശ (ചപ്പാത്തി, പത്തിരി, അപ്പം) ചുടരുത്. അപകടം ഇല്ലാതെ എങ്ങിനെ ഉത്തരവാദിത്വത്തോടെ നോൺസ്റ്റിക് പാത്രങ്ങളിൽ പാചകം ചെയ്യാം എന്ന് പറയുന്നതിനു മുൻപേ നമുക്ക് കുറച്ച് അടിസ്ഥാന കാര്യങ്ങൾ നോക്കാം.

റോയ് പ്ലങ്കറ്റ് (Roy Plunket) എന്ന ശാസ്ത്രജ്ഞനും, സഹപ്രവർത്തകരും DuPont കമ്പനിയുടെ ഗവേഷണ ലാബിൽ ജോലി ചെയ്യുന്നവരായിരുന്നു. 1938 ൽ ഫ്രിഡ്ജുകളിലും, ഫ്രീസറുകളിലും ഉപയോഗിക്കാനുള്ള tetrafluoroethylene gas (TFE- C2F4) കണ്ടു പിടിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു അവർ.

സുരേഷ് സി പിള്ള
സുരേഷ് സി പിള്ള

ഒരു ദിവസം റോയ് പ്ലങ്കറ്റ് ലബോറട്ടറിയിൽ TFE ഉണ്ടാക്കാനായി chloroform ഉം hydrogen fluoride ഉം മിക്സ് ചെയ്തു വച്ചിട്ട് വൈകുന്നേരം വീട്ടിൽ പോയി. രാവിലെ തിരികെ വന്നു നോക്കിയപ്പോൾ ടാങ്കിന്റെ അടിയിൽ ഒരു കട്ടിയുള്ള പാട കാണപ്പെട്ടു.

കൂടുതൽ പരീക്ഷണങ്ങൾ നടത്തിയ അദ്ദേഹം ഇത് പോളി ഫ്ളൂറോഎതിലീൻ (polytetrafluoroethylene), അല്ലെങ്കിൽ PTFE ആണെന്ന് കണ്ടെത്തി. ഇതിന് അപൂര്വ്വമായ വഴുതലുള്ള പ്രതലം ആണെന്നും കണ്ടെത്തി. ഈ പദാർത്ഥം പിന്നീട് 1941 ൽ പേറ്റന്റ് ചെയ്യപ്പെട്ടു. ഇതിനെയാണ് Teflon (polytetrafluoroethylene) എന്ന് പറയുന്നത്.

അങ്ങിനെയാണ് നോൺ-സ്റ്റിക് പ്രതലത്തിൽ ഉപയോഗിക്കുന്ന പോളി ടെട്രാഫ്ളൂറോ എതിലീൻ (polytetrafluoroethylene), അല്ലെങ്കിൽ PTFE ആദ്യമായി കണ്ടെത്തിയത്.

PTFE യെ ആദ്യമായി അലുമിനിയം പ്രതലത്തിൽ സ്ഥിരതയുള്ളതായി ചേർക്കാം എന്ന് കണ്ടെത്തിയത് മാർക്ക് ഗ്രിഗറി എന്ന ഫ്രഞ്ച് എഞ്ചിനീയർ ആണ്. മാർക്ക് ഗ്രിഗറിയും അദ്ദേഹത്തിന്റെ പത്നി കോളറ്റും കൂടിയാണ് 1956 ആദ്യമായി നോൺ-സ്റ്റിക്ക് പാത്രങ്ങൾ വിപണിയിൽ എത്തിച്ചത്. അവരുടെ കമ്പനിയുടെ പേര് Tefal/ T-fal എന്നാണ്. ഇപ്പോളും ഈ കമ്പനിയുടെ പാത്രങ്ങൾ വിപണിയിൽ ഉണ്ട്.

എന്തുകൊണ്ടാണ് Teflon (PTFE /polytetrafluoroethylene) നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ ഉപയോഗിക്കുന്നത്?

Image result for non stick panTeflon എന്നത് ഒരു ബ്രാൻഡ് നെയിം ആണു കേട്ടോ. Dupont കമ്പനിയുടെ ഭാഗമായ Chemours എന്ന കമ്പനിയുടെ PTFE /polytetrafluoroethylene ഉൽപ്പന്നങ്ങളെ ആണ് Teflon എന്ന് പറയുന്നത്. PTFE വെള്ളം പിടിക്കാത്ത ഒരു മെറ്റീരിയൽ ആണ്, ഈ പ്രതിഭാസത്തെ ഭൗതികശാസ്ത്രത്തിൽ hydrophobic എന്ന് പറയും. ഇതുകൊണ്ടാണ് നോൺ-സ്റ്റിക്ക് എന്ന് പറയുന്നത്.

വെള്ളം ചേർന്ന ആഹാരം, എണ്ണ ഇവയൊന്നും ഈ പ്രതലത്തിൽ പറ്റിപ്പിടിക്കില്ല. കാർബണും, ഫ്ളൂറിനും കൊണ്ടാണ് ഇത് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

ഫ്ളൂറിന്റെ electronegativity മൂലമുള്ള ഫ്ളൂറോ കാർബണുകളിൽ ഉള്ള London dispersion forces എന്ന പ്രതിഭാസമാണ് വെള്ളം പിടിക്കാതെ ഇരിക്കുവാനുള്ള കാരണം.

ഇതു കൂടാതെ ഈ വസ്തുവിന്റെ പ്രതലത്തിന് ഘര്ഷണം കുറവാണ്. തന്നെയുമല്ല, കാർബണും, ഫ്ളൂറിനും ചേർന്നുള്ള ബലവത്തായ ഘടനയുള്ള ഈ പദാർത്ഥം മറ്റുള്ള കെമിക്കലുകളും ആയി സാധാരണ ഗതിയിൽ രാസപ്രവർത്തനം നടത്തില്ല.

തന്നെയുമല്ല ഇവയ്ക്ക് മറ്റുള്ള പോളിമറുകളെ അപേക്ഷിച്ചു താരതമ്യേന ഉയർന്ന ചൂടിൽ വിഘടിക്കാതെ നിലനിൽക്കുവാനും സാധിക്കും.

അപ്പോൾ എന്താണ് പ്രശ്നം?

ഏകദേശം 350 C ക്കു മുകളിൽ ചൂടാക്കുമ്പോൾ PTFE /polytetrafluoroethylene കോട്ടിങ്ങുകൾ വിഘടിക്കാൻ തുടങ്ങും. ഇങ്ങനെ ഉപോല്പന്നങ്ങൾ (byproducts) കൾ ഉണ്ടാവും. ഇവ ആരോഗ്യത്തിനു ഹാനികരമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. Toxicity of Pyrolysis Products of “Teflon” Tetrafluoroethylene എന്ന പഠനത്തിൽ (Resin by Zapp JA Jr, Limperos G, Brinker KC. Proceedings of the American Industrial Hygiene Association Annual Meeting, Cincinnati, Ohio, April 26, 1955). Tetrafluoroethylene ന്റെ തെർമൽ ഡീഗ്രേഡേഷൻ 200 degrees-C ൽ സാവധാനം തുടങ്ങുന്നു എന്ന് കണ്ടിട്ടുണ്ട്. 300 to 360 degrees-C, ൽ hexafluoroethane (C2F6) ഉം octafluorocyclobutane (C4F8) എന്ന വസ്തുക്കൾ ഉണ്ടാവുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
500 മുതൽ 550 degrees-C വരെ octafluoroisobutylene (also C4F8) എന്ന compound ഉം ഉണ്ടാകുന്നു. ഇത് വളരെ മാരകമാണെന്നും ഈ പഠനത്തിൽ പറയുന്നു. ഇതിന്റെ തുടർച്ചയായ ശ്വസനം മാരകമായ അസുഖങ്ങളിലേക്ക് വഴി വയ്ക്കുകയും ചെയ്യാം.

ദോശ/അപ്പം ചുടുന്ന കാര്യം പറഞ്ഞില്ലല്ലോ?

ദോശ/അപ്പം ചുടാനായി നോൺ-സ്റ്റിക്ക് പാനുകൾ ആദ്യം ‘കല്ലു ചൂടാവാനായി’ തീയിൽ വയ്ക്കാറില്ലേ? ഇങ്ങനെ വയ്ക്കുമ്പോൾ താപനില 400-500 C ഡിഗ്രി വരെ ഉയരാനുള്ള സാദ്ധ്യത ഉണ്ട്. തന്നെയുമല്ല ഒരേ പാനിൽ കുറെയധികം സമയം ദോശ ചുടുന്നതു കൊണ്ട് മുകളിൽ പറഞ്ഞ വാതകങ്ങൾ ശ്വാസത്തിൽ കലരാനുള്ള സാദ്ധ്യത ഉണ്ട്. കൂടാതെ, വിഘടിച്ച ഫ്ളൂറോ കാർബണുകൾ ആഹാരത്തോട് ചേർന്ന് ശരീരത്തിന്റെ അകത്ത് എത്താനും സാദ്ധ്യത ഉണ്ട്. ഒരു കാരണവശാലും നോൺ-സ്റ്റിക്ക് പാത്രങ്ങൾ തനിയെ (ആഹാരമില്ലാതെ) ചൂടാക്കരുത്.

അപ്പോൾ വെള്ളം ചേർത്ത് ആഹാരം കുക്ക് ചെയ്താലോ?

അത് സുരക്ഷിതം ആണ് എന്ന് പറയാം. ആഹാരം പാത്രത്തിൽ ഉള്ളപ്പോൾ ചൂട് കുറെ ആഹാരം ആഗിരണം ചെയ്യുകയും, ഉയർന്ന താപനിലയിലേക്ക് പാത്രം എത്താതെ ഇരിക്കുകയും ചെയ്യും.

കറികൾ ഒക്കെ വയ്ക്കുമ്പോൾ അതിൽ വെള്ളം (തിളനില 100 C) അല്ലെങ്കിൽ എണ്ണ (തിളനില 150 C to 200 C) ഉള്ളതു കൊണ്ട് അധിക താപനില ആകാതെ ഇരിക്കുന്നതു കൊണ്ട് പാത്രവും ഇതിനോട് അടുത്ത താപനിലയിൽ ആയിരിക്കും.

സ്കൂൾ ശാസ്ത്രമേളയിൽ കുട്ടികൾ പത്രക്കടലാസു കൂട്ടി അതിൽ വെള്ളം ഒഴിച്ച് അതിൽ മുട്ട ചൂടാകുന്നത് (പുഴുങ്ങുന്നത്) കണ്ടിട്ടില്ലേ? വെള്ളം പത്രക്കടലാസിനുണ്ണിൽ ഉള്ളതു കൊണ്ട് പേപ്പറിനു അടിയിൽ ഒരു മെഴുകുതിരിയോ അല്ലെങ്കിൽ ഗ്യാസ് ഫ്ളയിമോ കൊണ്ട് ചൂടാക്കിയാൽ പേപ്പറിൽ തീ പിടിക്കാനുള്ള താപനില എത്തുകയില്ല. അതേപോലെയാണ് ഇവിടെയും.

ചുരുക്കത്തിൽ പാത്രത്തിൽ ആഹാരം/ വെള്ളം ഉണ്ടെകിൽ നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ പാചകം ചെയ്യുന്നത് അപകടകരം അല്ല എന്ന് പറയാം.

അമേരിക്കയിലെ University of Pittsburgh ലെ കെമിസ്ട്രി പ്രൊഫസ്സറും ‘What Einstein Told His Cook: Kitchen Science Explained’ എന്ന പുസ്തകം എഴുതിയ ആളുമായ Dr. Robert L. Wolke, പറഞ്ഞത്,

“They’re safe as long as they’re not overheated. When they are, the coating may begin to break down (at the molecular level, so you wouldn’t necessarily see it), and toxic particles and gases, some of them carcinogenic, can be released. “There’s a whole chemistry set of compounds that will come off when Teflon is heated high enough to decompose. Many of these are fluorine-containing compounds, which as a class are generally toxic.” But fluoropolymers, the chemicals from which these toxic compounds come, are a big part of the coating formula — and the very reason that foods don’t stick to nonstick. ”

അതായത് നോൺ-സ്റ്റിക്ക് പാത്രങ്ങൾ അമിതമായി ചൂടാക്കിയില്ലെങ്കിൽ സുരക്ഷിതമാണ്. പക്ഷെ, അവ അമിതമായി ചൂടാക്കിയാൽ ടോക്സിക് ആയ പാർട്ടിക്കുകളും, വാതകങ്ങളും ഉണ്ടാകുന്നതിനു പുറമെ, ക്യാൻസറിനു കാരണമായ വാതകങ്ങളും ഇവ പുറത്തുവിടാം.

അപ്പോൾ മുട്ട ഓംലെറ്റ് ഉണ്ടാക്കുന്നതോ?
മുട്ട പൊരിക്കാൻ രണ്ടു മൂന്നു മിനിറ്റ് മതിയാകുമല്ലോ? ഇത്രയും കുറഞ്ഞ സമയം നോൺ-സ്റ്റിക്ക് പാത്രങ്ങൾ അടുപ്പിൽ വയ്ക്കുന്നതു കൊണ്ട്, ഇവയിലുള്ള കോട്ടിങ് വിഘടിക്കാനുള്ള സാദ്ധ്യത കുറവാണ്.

അപ്പോൾ എന്തൊക്കെ സുരക്ഷിത മാർഗ്ഗങ്ങൾ സ്വീകരിക്കാം?

1) Empty pan, (ആഹാരം ഇല്ലാതെ) നോൺ-സ്റ്റിക്ക് പാത്രങ്ങൾ അടുപ്പിൽ വച്ച് ചൂടാക്കാതെ ഇരിക്കുക.

2) സ്റ്റീൽ അല്ലെങ്കിൽ മെറ്റാലിക് ആയ തവികൾ കൊണ്ട് നോൺ-സ്റ്റിക്ക്മൃ പത്രങ്ങളിൽ ഇളക്കരുത്. മൃദുവായ പ്ലാസ്റ്റിക്, സിലിക്കോൺ, തടി തവികൾ ഉപയോഗിക്കുക. ലോഹങ്ങൾ ഉപയോഗിച്ചാൽ കോട്ടിങ് ഇളകി ഭക്ഷണത്തിൽ കാളരാനുള്ള സാദ്ധ്യത ഉണ്ട്.

3) വലിയ ചൂടിൽ അധിക സമയം നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ ആഹാരം പാകം ചെയ്യാതെ ഇരിക്കുക.

4) പാടുകൾ വീണതോ പൊളിഞ്ഞതോ ആയ നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപേക്ഷിച്ചു പുതിയതു വാങ്ങുക.
എഴുതിയത്: സുരേഷ് സി. പിള്ള

കൂടുതൽ വായനയ്ക്ക്/ References

പാഠം ഒന്ന് : https://www.amazon.in/Paadam-Onnu-Suresh-C-Pil…/…/B07F8MT13V

1) Teflon Is Great for Politicians, but Is It Safe for Regular People? The New York Times, By ALINA TUGEND OCT. 14, 2006

2) Nervous About Nonstick? Easy to clean and incredibly popular, this cookware is still considered potentially toxic by some experts. GoodHouseKeeping, By Amanda Schaffer, SEP 26, 2007

3) Thermal Decomposition Products; Teflon (PTFE: polytetrafluoroethylene);CAS No. 9002-84-0 http://fluoridealert.org/…/pe…/teflon.decomposition.prod.htm

4) Toxicity of Pyrolysis Products of “Teflon” Tetrafluoroethylene Resin by Zapp JA Jr, Limperos G, Brinker KC. Proceedings of the American Industrial Hygiene Association Annual Meeting, Cincinnati, Ohio, April 26, 1955.

5) Pathologic Findings In Rats Following Inhalation Of Combustion Products Of Polytetrafluoroethylene (PTFE) by Zook BC, Malek DE, Kenney RA. Toxicology, Vol. 26, No. 1, pages 25-36, 1983.

6) Toxicity of Pyrolysis Products of “Teflon” Tetrafluoroethylene Resin by Zapp JA Jr, Limperos G, Brinker KC. Proceedings of the American Industrial Hygiene Association Annual Meeting, Cincinnati, Ohio, April 26, 1955.

7) Toxicity of Tetrafluoroethylene by Zhemerdi A. Trudy Leningradskogo Sanitarno-gigienicheskogo Meditsinskogo Instituta, Vol. 44, pages 164-176, 1958. Document Number: NIOSH/00080478.

😎 Biochemical Changes Associated with Toxic Exposures to Polytetrafluoroethylene Pyrolysis Products by Scheel LD, McMillan L, Phipps FC. American Industrial Hygiene Association Journal, Vol. 29, No. 1, pages 49-53, 1968.

9) Nicole, Wendee. “PFOA and cancer in a highly exposed community: new findings from the C8 science panel.” Environmental health perspectives121.11-12 (2013): A340.

10) Recent developments in understanding the toxicity of PTFE thermal decomposition products. by PURSER DA. FIRE MATER; 16 (2). 1992. 67-75.
#പാഠംഒന്ന് പുസ്തകത്തിൽ നിന്നും. Page 82 https://www.amazon.in/Paadam-Onnu-Suresh-C-Pil…/…/B07F8MT13V

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.