പേപ്പർ (വാഴ) ഇല; ഓണമുണ്ണാൻ സേഫ് ആണോ?

325

സുരേഷ് സി പിള്ള

പേപ്പർ (വാഴ) ഇല; ഓണമുണ്ണാൻ സേഫ് ആണോ?

ഓണത്തിന് പേപ്പർ ഇലകൾ ഇപ്പോൾ വളരെ വ്യാപകം ആണ്. വാഴ ഇലയുടെ ലഭ്യതക്കുറവാണ് ഇതിനു കാരണം. പേപ്പർ ഇലകൾ, മെഴുകു പുരട്ടിയ ഇല എന്നായിരിക്കും നമ്മൾ പലരും പേപ്പർ (വാഴ) ഇലയെപ്പറ്റി കരുതിയിരുന്നത്. എന്നാൽ ഇത് മെഴുകല്ല പോളിഎഥിലിൻ (PE) ൻറെ ചെറിയ ആവരണം (25 മുതൽ 100 മൈക്രോ മീറ്റർ thickness) ആണ്. മെഴുകിന് ചോറിന്റെയും കറികളുടെയും ചൂട് താങ്ങാൻ കഴിവില്ല, അതിനാലാണ് പോളിഎഥിലിൻ (PE) ഉപയോഗിക്കുന്നത്. നിങ്ങൾ ഉപയോഗിക്കുന്ന കോഫി (പേപ്പർ) കപ്പിന്റെയും ഉള്ളിലുള്ള ആവരണം പോളിഎഥിലിൻ ആയിരിക്കും.

അപ്പോൾ ഇത് ചോറിന്റെയും കറികളുടെയും ചൂടിൽ ഉരുകില്ലേ?

Polyethylene ന്റെ ഉരുകൽ നില (melting point)120 to 180 °C വരെയാണ്. വെള്ളത്തിൽ തിളപ്പിച്ചുണ്ടാക്കിയ ചോറും കറികളും ഈ താപനിലയിലും താഴെ ആയിരിക്കും. അതിനാൽ ഉരുകാനുള്ള സാധ്യത കുറവാണ്. ഇനി ചെറുതായി ഉരുകി ഭക്ഷണത്തിന്റെ കൂടെ ചേർന്നാലും അത് അപകടകരമാം വിധം ടോക്സിക് അല്ല എന്ന് താഴത്തെ വരികൾ വായിക്കുമ്പോൾ മനസ്സിലാകും.

പോളി പോളിഎഥിലിൻ കോട്ടിങ് ടോക്സിക് ആണോ?

ടോക്സിസിറ്റി യുടെ അളവ് അതിന്റെ ഡോസേജ് ആശ്രയിച്ചിരിക്കും. സാധാരണ ഇലയിൽ നിന്നും ഇളകി വരാവുന്ന അളവിൽ പോളിഎഥിലിൻ ടോക്സിക് അല്ല. [The LD50 for Polyethylene, with an average molecular weight of 450, in rats was > 2000 mg/kg. റെഫറൻസ് Int J Toxicol. 2007;26 Suppl 1:115-27].

അപ്പോൾ അപകടം ഇല്ലെന്നാണോ?

പേപ്പർ ഇലയിൽ, വല്ലപ്പോളും ഓണത്തിനോ അല്ലെങ്കിൽ വല്ലപ്പോളും ഉള്ള ആഘോഷങ്ങൾക്കോ സദ്യ അതിൽ കഴിച്ചതു കൊണ്ട് കുഴപ്പങ്ങൾ ഉണ്ടാവാൻ കാരണങ്ങൾ ഒന്നും കാണുന്നില്ല.

പക്ഷെ പ്ലാസ്റ്റിക്കുകളുടെ ചെറിയ രൂപങ്ങൾ ആയ ‘മൈക്രോ-പ്ലാസ്റ്റിക്കുകൾ’ ശരീരത്തിൽ അധികമായി ചെന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യാം. അതുകൊണ്ട് സ്ഥിരമായി ഇതിൽ കഴിക്കുന്നത് അഭിലഷണീയം അല്ല.

അത് കൊണ്ട് വർഷത്തിൽ ഒരിക്കൽ ഓണത്തിന് വാഴ ഇല കിട്ടി ഇല്ലെങ്കിൽ പേപ്പർ ഇല ഉപയോഗിച്ചാൽ പ്രശ്നം ഇല്ല എന്ന് ചുരുക്കിപ്പറയാം.
എഴുതിയത്: സുരേഷ് സി. പിള്ള

Advertisements