എഴുതിയത്  : സുരേഷ് സി പിള്ള

“എടാ ഞാൻ തിരിച്ചു വിളിക്കാം” എന്ന് പറഞ്ഞു പ്രതീഷ് ഫോൺ കട്ട് ചെയ്തു.

ഒരു മാസത്തെ അവധി തീരും വരെ ഞാൻ ആ മറുപടി ഫോൺ കോളിന് വേണ്ടി കാത്തിരുന്നു.

ഞാൻ മനസ്സിൽ തീരുമാനിച്ചു ഇനി ഞാൻ അങ്ങോട്ടു വിളിക്കില്ല. ഫേസ് ബുക്കും വാട്ട്സാപ്പും ഒന്നും ഇല്ലാത്ത കാലത്താണ്.

പ്രതീഷ് എൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. കൂടെ പ്പഠി ച്ചത് എന്ന് മാത്രമല്ല, ഒരുമിച്ചു ഭക്ഷണം കഴിച്ചു സിനിമ ഒക്കെ കണ്ടു നടന്നവർ.

ഞാൻ അവന്റെ എറണാകുളത്തുള്ള വീട്ടിലും, അവൻ എന്റെ കറുകച്ചാലിൽ ഉള്ള വീട്ടിലും താമസിച്ചിട്ടുണ്ട്. പരസ്പരം എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടും ഉണ്ട്.

എറണാകുളത്തു പോകുമ്പോൾ വിളിക്കാതെ കയറിചെല്ലാവുന്ന വീടുകളിൽ ഒന്നാണ് പ്രതീഷിന്റേത്. വീട്ടിലെ ഒരംഗത്തെ പോലെ ആയിരുന്നു. ഇങ്ങനെയുള്ള അവൻ ഞാൻ വിളിച്ചിട്ട് ആറു മാസം കഴിഞ്ഞിട്ടും തിരികെ വിളിച്ചില്ല.

നല്ല പിണക്കം തോന്നി.

മനസ്സിൽ തീരുമാനിച്ചു, അവനു വേണ്ടെങ്കിൽ എനിക്കെന്തിനാണ് ആ ബന്ധം. ഇതവിടെ തീരട്ടെയെന്ന്.

പ്രതീഷ് അങ്ങിനെ ഓർമ്മയിൽ നിന്നും മായാൻ തുടങ്ങി. അങ്ങനെ ഒരു വർഷം അവധിക്കു ചെല്ലുമ്പോൾ ആണ് അപ്രതീക്ഷിതമായി അവന്റെ ഫോൺ കോൾ.

“നീ നാട്ടിൽ ഉണ്ടെന്നറിഞ്ഞു വിളിച്ചതാണ്.

” ഞാൻ പറഞ്ഞു “ഞാൻ പരിഭവപ്പെട്ടാണ് പിന്നീട് വിളിക്കാഞ്ഞത്.
.അന്ന് വിളിച്ചപ്പോൾ നീ ഫോൺ കട്ട് ചെയ്തില്ലേ?”

“എടാ, അനിയൻ ആക്സിഡന്റിൽ മരിച്ചു, ആ വാർത്ത കേട്ട ഉടനെയാണ്, നീ വിളിച്ചത്. പാതി ബോധം പോയ ഞാൻ ഹോസ്പിറ്റലിൽ നിൽക്കുമ്പോൾ ആണ് നീ വിളിക്കുന്നത്. ആ ഷോക്കിൽ നിന്നും മോചിതനാകാൻ കുറെ നാൾ എടുത്തു.”

അപ്പോളാണ് ഞാൻ എത്ര ക്രൂരമായാണ് അവനെ എന്റെ മനസ്സിൽ കരുതിയിരുന്നത് എന്നോർത്തത്. അവന് ഏറ്റവും സ്വാന്ത്വനം വേണ്ട സമയത്തു എനിക്കൊന്നു സംസാരിക്കാ ൻ പോലും പറ്റിയില്ലല്ലോ എന്നോർത്തു. മനസ്സിൽ ഇടയ്ക്കിടയ്ക്ക് കുത്തുന്ന ഒരോർമ്മയാണ്.

ഇതേപോലെയാണ് ജയനോടും ഒരു തെറ്റിദ്ധാരണയുടെ പേരിൽ മിണ്ടാതെ ആയത്.

തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോൾ ഉള്ള സൗഹൃദമാണ് ജയനുമായുള്ളത്. പിന്നീട് അമേരിക്കയിൽ ആയിരുന്നപ്പോളും ഞങ്ങൾ രണ്ടു സ്റ്റേറ്റിൽ ആയിരുന്നെങ്കിലും ഇടയ്ക്കൊക്കെ വിളിക്കുമായിരുന്നു.

2003 ൽ ഞാൻ അയർലണ്ടിലേക്ക് പോന്നു. പിന്നെ പതുക്കെ ആ വിളികൾ ഇല്ലാതെ ആയി.

ജയൻ അമേരിക്കയിൽ ഗവേഷണവും ജോലിയും ഒക്കെയായി തുടർന്നു. ഇടയ്‌ക്കൊക്കെ ഓർക്കും. എന്നാലും, അവൻ ഇങ്ങോട്ടു വിളിക്കട്ടെ എന്നോർത്തു. ഫേസ്ബുക്ക് വന്നപ്പോളും ഫ്രണ്ട് സജഷൻ എന്ന് പറഞ്ഞു, ഇടയ്ക്കിടെ FB യിൽ ജയനെ കാണാറുണ്ടായിരുന്നു.

മിണ്ടാതിരിക്കുന്നതല്ലേ, അവൻ ഇങ്ങോട്ടു റിക്വസ്റ്റ് അയക്കട്ടെ എന്ന് വിചാരിച്ചു.

അങ്ങിനെ ഒരു ദിവസം 2015 ൽ പെട്ടെന്നാണ് പൊതു സുഹൃത്തുക്കളുടെ പോസ്റ്റിൽ ൽ നിന്നുമാണ് ജയന്റെ മരണം അറിയുന്നത്.

ഒരു പരിഭവം പോലും പറയാതെ ജയൻ അങ്ങു പോയി മറഞ്ഞു. അന്ന് രാത്രി ഉറങ്ങാൻ പറ്റി ഇല്ല.

വെറുതെയുള്ള ഒരു തെറ്റിദ്ധാരണയിൽ, അല്ലെങ്കിൽ ഇങ്ങോട്ടു വിളിക്കട്ടെ എന്നുള്ള ഈഗോ സമ്മാനിച്ചത് ജീവിതം മുഴുവൻ മറക്കാനാവാത്ത ഒരു നീറ്റലാണ്.

ഈ രണ്ടു സംഭവങ്ങൾക്കും ശേഷം ഒരിക്കലും, സുഹൃത്തുക്കൾ ഇങ്ങോട്ടു വിളിക്കട്ടെയെന്ന് കാത്തിരിക്കാറില്ല. കണ്ടാൽ അങ്ങോട്ടു ചെന്നു സംസാരിക്കാൻ ശ്രമിക്കും. അവധിക്കു നാട്ടിൽ പോകുമ്പോൾ ആരും ഇങ്ങോട്ടു വരാൻ കാത്തിരിക്കാതെ എല്ലാവരെയും അങ്ങോട്ടു ചെന്നു കാണും. അടുത്ത യാത്രയ്ക്കും അങ്ങോട്ടു പോയി കണ്ടു സംസാരിക്കാൻ കുറച്ചുപേരെ മനസ്സിൽ കണ്ടിട്ടുണ്ട്.

പറഞ്ഞു വന്നത് ഒരു പക്ഷെ നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ, വർഷങ്ങളായി സംസാരിക്കാതെ ഇരിക്കുന്നുവെങ്കിൽ, അങ്ങോട്ട് ചെന്നങ്ങു മിണ്ടുക.

പലപ്പോളും നിങ്ങളെ സംബന്ധിക്കുന്ന ഒരു കാരണവും കൊണ്ടാവില്ല അവർ സംസാരിക്കാതെ ഇരിക്കുന്നത്. അവരുടെ പ്രത്യേക സാഹചര്യങ്ങൾ ആവാം. അവരുടെ ജീവിതത്തിൽ ഉള്ള വിഷമങ്ങളോ, ബുദ്ധിമുട്ടുകളോ ആവാം. ഒരു ഫോൺ കോളിൽ ആ ബന്ധം വീണ്ടും മുളപ്പിക്കാം.

ജീവിതം ചെറുതാണ്. ഒരു കാറ്റു തഴുകുന്ന വേഗതയിൽ ചിലപ്പോൾ വേണ്ടപ്പെട്ടവർ അങ്ങു പോകും, ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം. ചിലപ്പോൾ അത് നമ്മൾക്കാവും സംഭവിക്കുന്നത്.

അതുകൊണ്ട് ബന്ധങ്ങളെ ഹൃദയത്തോട് ചേർത്തു പിടിക്കുക. ജീവിതം നൈമിഷികമാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.