മൂന്നു വർഷം ഞാൻ കാത്തിരുന്നു ആ അൻപത് സെക്കന്ഡിനു വേണ്ടി!

409

സുരേഷ് സി പിള്ള

മൂന്നു വർഷം ഞാൻ കാത്തിരുന്നു ആ അൻപത് സെക്കന്ഡിനു വേണ്ടി!

അയർലണ്ടിലെ വീടിനു പുറകിലായി ഒരു ഗാർഡൻ ഷെഡുണ്ട്. പണി ആയുധങ്ങളും, പഴയ ഉപയോഗം കഴിഞ്ഞ വസ്തുക്കളും, സൈക്കിളുകളും ഒക്കെ വയ്ക്കുന്ന ഒരു ചെറിയ ഷെഡ്.

വിന്റർ ആകുമ്പോൾ തടി ചെറുതായി ചുരുങ്ങും. ഷെഡിന്റെ കതകിൽ ഉള്ള കുറ്റി (Door Bolt) അടയാതെ ആവും.

ഈ കുറ്റി ഒരു പക്ഷെ ചൂടു കാലങ്ങളിൽ പിടിപ്പിച്ചതാവണം. ഫ്രെയിമിനോട് ചേർന്നിരിക്കുന്ന സോക്കറ്റിലേക്ക് ലോക്ക് തണുപ്പു കാലം ആകുമ്പോൾ കുറ്റി കയറില്ല. അളന്നു നോക്കിയപ്പോൾ ഒരു മൂന്നു മില്ലി മീറ്റർ മുകളിലേക്ക് മാറ്റി കുറ്റിയുടെ സോക്കറ്റ് പിടിപ്പിച്ചാൽ പ്രശ്നം പരിഹരിക്കാം.

തണുപ്പുകാലത്തുള്ള കാറ്റും മഴയും വരുമ്പോൾ ഡോർ തുറന്ന് അകത്തുള്ള വസ്തുക്കൾ ഒക്കെ നനയും. ഇങ്ങനെ രണ്ടു വിന്റർ കടന്നു പോയി. ഷെഡിനകത്തെ ചില ടൂളുകൾ തുരുമ്പിക്കാൻ തുടങ്ങിയപ്പോൾ ആണ് ഇതിന്റെ ഗൗരവം മനസ്സിലായത്.

തിരക്കിനിടയിൽ അതിനായിസമയം കണ്ടെത്താനായില്ല. അല്ലെങ്കിൽ അതൊന്നു റിപ്പയർ ചെയ്യാൻ എത്ര സമയം ആവും എന്നും കണക്കു കൂട്ടാൻ ആയില്ല. ഒരു ദിവസം വൈകുന്നേരം വന്നപ്പോൾ കാറ്റിൽ ഡോർ തുറന്നു കിടക്കുന്നു. ഒരു സ്ക്രൂ ഡ്രൈവറും ആയി പുറത്തിറങ്ങി. സ്ക്രൂ അഴിച്ചു. ഒരു മൂന്നു നാലു മില്ലി മില്ലി മീറ്റർ മുകളിലായി ആ സോക്കറ്റ് ഫിറ്റ് ചെയ്തു.

രണ്ടു സ്ക്രൂ അഴിച്ചു മുകളിൽ വയ്ക്കാൻ എനിക്കെടുത്തത് വെറും ഒരു മിനിറ്റിൽ താഴെ!

മൂന്നു വർഷം കാത്തിരുന്നു ആ അൻപതു സെക്കൻഡ് ജോലിക്കായി.

ഇങ്ങനെയുള്ള ധാരാളം ഉദാഹരങ്ങൾ ഇനിയും ഉണ്ട്. നിങ്ങളുടെ ജീവിതത്തിലും കാണും. ഇല്ലേ?

ടൈം മാനേജ്മെന്റിൽ ഉപയോഗിക്കുന്ന 4 D കളിൽ ആദ്യത്തേതിന്റെ ഉദാഹരണം ആണ് പറഞ്ഞത്.

DO! അങ്ങു ചെയ്യുക.

പലപ്പോളും നമ്മൾ ഒരു ജോലി ചെയ്യുവാനായി എപ്പോൾ എങ്ങിനെ ചെയ്യും എന്ന് ആലോചിച്ച്‌ എത്രയോ സമയം കളയാറുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു പക്ഷെ ജീവിതത്തിലെ നല്ലൊരു ഭാഗം എപ്പോൾ, എങ്ങിനെ, എന്ത് ചെയ്യും എന്ന് ആലോചിച്ചു സമയം കളയുന്നുണ്ടാവും. ചില പ്രധാനം എന്ന് തോന്നുന്ന ജോലികൾ അങ്ങ് ചെയ്യുക just do it!. അതാണ് DO.

രണ്ടാമൻ ആണ് Delay അല്ലെങ്കിൽ Defer (മാറ്റി വയ്ക്കുക) എന്നത്.

പ്രധാനമല്ലാത്ത ജോലികൾ മറ്റൊരു ദിവസായത്തേക്ക് മാറ്റി വയ്ക്കാം. പ്രാധാന്യം കുറഞ്ഞ ജോലികൾ പിന്നത്തേക്ക് മാറ്റി വയ്ക്കാം. ഉദാഹരണത്തിന് ഇന്ന് വൈകുന്നേരം കാണാൻ ഉദ്ദേശിച്ച മൂവി പ്രാധാന്യം ഉള്ള മറ്റൊരു ജോലിക്കായി നാളത്തേയ്ക്ക് മാറ്റി വയ്ക്കാം.

മൂന്നാമൻ ആണ് delete അല്ലെങ്കിൽ drop.

വളരെ പ്രാധാന്യം കുറഞ്ഞ ടാസ്കുകൾ വേണ്ടെന്നു വയ്ക്കാം. ഉദാഹരണത്തിന് സമയം ഉണ്ടെങ്കിൽ മാത്രം പോകാം എന്ന് കരുതിയ അകന്ന ബന്ധുവിന്റെ വിവാഹം.

നാലാമ ത്തെ D യും, വളരെ പ്രധാനപ്പെട്ടതും ആയ D യാണ് Delegate (നിയോഗിക്കുക).

സഹപ്രവർത്തകരെ അവരുടെ ജോലിയുടെ രീതി അനുസരിച്ചു ഓരോ ടാസ്കുകൾക്ക് നിയോഗിക്കുന്നതിന് Delegate ചെയ്‌യുക എന്ന് പറയും. അല്ലെങ്കിൽ നമുക്ക് തിരക്കെങ്കിൽ, ആ സമയത്തു തിരക്കു കുറഞ്ഞ ഒരു സുഹൃത്തിനോടോ ബന്ധുവിനോടോ സഹായം ആവശ്യപ്പെടുന്നത് പോലെയുള്ള കാര്യങ്ങളേയും Delegate എന്ന് പറയാം.

അമേരിക്കൻ എഴുത്തുകാരൻ Alan Lakein ന്റെ ഒരു രസകരമായ ഉദ്ധരണി പറഞ്ഞു നിർത്താം “Time = life; therefore, waste your time and waste of your life, or master your time and master your life.” സമയം എന്നാൽ ജീവിതത്തിനു തുല്യം എന്നാണ്. സമയം കളയുക എന്നാൽ ജീവിതം കളയുക എന്നും അർത്ഥമുണ്ട്. സമയത്തെ നിയന്ത്രിക്കാൻ പഠിച്ചാൽ ജീവിതത്തെ നിയന്ത്രിച്ചു എന്നാണ്. എഴുതിയത് സുരേഷ് സി. പിള്ള