എക്സാം ഹാളിൽ ഒരാൾ കോപ്പി അടിക്കുന്നത് കണ്ടാൽ എന്ത് ചെയ്യണം?

88

സുരേഷ് സി പിള്ള

കോപ്പിയടിച്ചു എന്നാരോപിച്ചതിന്റെ പേരിൽ ഒരു കുട്ടി ആത്മഹത്യ ചെയ്ത വാർത്ത ശ്രദ്ധയിൽ പ്പെട്ടു. സമാനമായ ധാരാളം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. വളരെ കരുതലോടും, സൂക്ഷ്‌മതയോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണ്. പലപ്പോളും എക്സാമിനേഷൻ ഹാളിൽ നിൽക്കുന്ന അധ്യാപകരെയും (ഇൻവിജിലേറ്റർ) പെട്ടെന്നെടുക്കുന്ന തീരുമാനങ്ങൾ കുഴപ്പത്തിൽ ആക്കാറുണ്ട്. വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ കിട്ടാത്തതാണ് പലപ്പോളും അധ്യാപകരും (ഇൻവിജിലേറ്റർ ആയി വരുന്നവർ), വിദ്യാർത്ഥികളും ഇങ്ങനെ കുഴപ്പത്തിൽ ചാടുന്നത്.

എക്സാം ഹാളിൽ ഒരാൾ കോപ്പി അടിക്കുന്നത് കണ്ടാൽ എന്ത് ചെയ്യണം? വിദേശ യൂണിവേഴ്സിറ്റികളിൽ ഒക്കെ ഈ കാര്യം എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് നോക്കാം.

  1. കോപ്പി അടിക്കുന്നു എന്ന് മനസ്സിലായ കുട്ടിയുടെ അടുത്ത് ചെന്ന്, കാര്യങ്ങൾ വ്യക്തമായി വിലയിരുത്തുക. മറ്റുള്ളവർ കേൾക്കാതെ, കോപ്പി അടിക്കാൻ ഉപയോഗിച്ച പേപ്പർ, ഇലട്രോണിക് സാധനങ്ങൾ ഇവ ഇൻവിജിലേറ്ററുടെ കയ്യിൽ തരുവാൻ പതിയെ കുട്ടിയോട് പറയാം.
  2. കോപ്പി അടിക്കുന്നത് കണ്ടാൽ അപ്പോൾ തന്നെ ഒരിക്കലും എക്സാം ഹാളിൽ നിന്ന് പുറത്താക്കരുത്. തെളിവുകൾ കൈക്കലാക്കിയ ശേഷം വേറൊരു പേപ്പർ കൊടുത്ത് കുട്ടിയെ പരീക്ഷ എഴുതുന്നത് തുടരാൻ അനുവദിക്കുക. കോപ്പി അടിച്ചു എന്ന് കരുതുന്ന പേപ്പർ കുട്ടിയുടെ കയ്യിൽ നിന്നും മാറ്റി, ബാക്കി ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ അനുവദിക്കാം.
  3. എക്സാം കഴിഞ്ഞതിനു ശേഷം തെളിവുകൾ വേണ്ടപ്പെട്ട അധികാരികളുടെ (ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ്, ചീഫ് എക്സാമിനർ ) കയ്യിൽ കൊടുക്കാം. ഇൻവിജിലേറ്ററുടെ ഒരു റിപ്പോർട്ടും കൂടി ആയാൽ അന്വേഷണം കാര്യക്ഷമം ആകും.
  4. ഇൻവിജിലേറ്റർ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ( അല്ലെങ്കിൽ ഒരു അന്വേഷണ കംമീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ) ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റിന്/ Principal ന് നടപടി എടുക്കാം.

  5. നടപടികൾ ചെയ്ത കോപ്പിയടിയുടെ തീവ്രത അനുസരിച്ചു തീരുമാനിക്കാം. ആദ്യമായി ചെയ്യുക ആണെങ്കിൽ അത് ‘താക്കീത്’ ചെയ്യാം. നിരവധി തവണ റിപ്പീറ്റ് ചെയ്യുക ആണെങ്കിൽ മാത്രം അതിൻ്റെ തീവ്രത അനുസരിച്ച് എ ക്സാമിൽ നിന്നും ഡീബാർ ചെയ്യുകയോ കോളേജിൽ നിന്നും പുറത്താക്കുകയോ ചെയ്യാം.

  6. ഇത് ഒരിക്കലും ഒരു ‘വൺ വേ പ്രോസസ്സ്’ ആകരുത്. കുട്ടിക്ക് പറയാനുള്ളതും കൂടി അന്വേഷണക്കമ്മീഷൻ കേൾക്കുക. ഒരു പക്ഷെ അധ്യാപകൻ/ ഇൻവിജിലേറ്റർ കുട്ടിയോട് ന്യായരഹതിമായി പെരുമാറിയത് ആണെങ്കിലോ?

  7. പ്രായപൂർത്തി ആയ കുട്ടികൾ ആണെങ്കിൽ ഒരു തരത്തിലും ഇത് മാതാപിതാക്കളെ അറിയിക്കേണ്ട കാര്യമില്ല. തെറ്റും അതിന്റെ ഭവിഷ്യത്തുകളും കുട്ടിയുടെ മാത്രം ഉത്തരവാദിത്വത്തിൽ പെട്ട കാര്യമാണ്. പ്രായപൂർത്തി അല്ലാത്ത കുട്ടികൾ എങ്കിൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ തീരുമാനം കുട്ടികളോട് പ്രധാന അധ്യാപകന് സംസാരിക്കാം.

  8. ഒരു തരത്തിലും കുട്ടികളുടെ ആത്മാഭിമാനം ഹനിക്കുന്ന തരത്തിൽ ഇൻവിജിലേറ്റർ/ എക്‌സാമിനർ സംസാരിക്കരുത്. ഇൻവിജിലേറ്റർ ഒരിക്കലും ശിക്ഷയും വിധിക്കരുത്. ശിക്ഷ വിധിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായ അന്വേഷണ കമ്മീഷൻ ആയിരിക്കണം.

അൽപ്പം ശ്രദ്ധിച്ചാൽ ഇനി ഒരു കുട്ടിയുടെ ജീവൻ കൂടി ഇങ്ങനെ നഷ്ടം ആകാതെ ഇരിക്കും, കൂടാതെ പിടികൂടിയ ഇൻവിജിലേറ്ററുടെ ഭാവി തൊഴിൽ ജീവിതവും സുരക്ഷിതമാവും. ഇക്കാര്യത്തിൽ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ആധുനിക വിദ്യാഭ്യാസത്തിന് അനുകൂലമായ നിയമ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി ഉണ്ടാവും എന്ന് പ്രത്യാശിക്കാം.
എഴുതിയത്