കന്നിമൂലയും കക്കൂസും…….November 19 ഇന്ന് ലോക ടോയ്ലെറ്റ് ദിനം
കക്കൂസ് പണിയാൻ, കന്നിമൂല നോക്കുമ്പോൾ ഓർക്കേണ്ട ഒരു കാര്യം, ഇതൊക്കെ താളിയോലയിൽ എഴുതിയപ്പോൾ ‘കക്കൂസ്’ എന്നൊരു ആശയമേ ഉണ്ടായിക്കാണില്ല. അന്നൊക്കെ, കുറ്റിക്കാട്, പാറയുടെ മറവ് ഒക്കെ ആയിരുന്നു കക്കൂസ്. പ്രകൃതിയുടെ വിളി വരുമ്പോൾ, കന്നിമൂല അല്ല, നല്ല മറവുള്ള സ്ഥലം ആയിരിക്കണം ‘വാസ്തുശാത്രം’ എഴുതിയ മഹർഷിമാരും നോക്കിയിരുന്നത്.
ഒരു നാല്പത്തഞ്ച് അൻപത് വയസ്സുള്ളവരോട് ചോദിച്ചാൽ അറിയാം, എന്നാണ് വീട്ടിൽ കക്കൂസ് പണിതത് എന്ന്. എന്റെ വീട്ടിൽ കക്കൂസ് പണിതത് എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ ആണ്. അതും വീടിനു പുറത്ത്. പല ബന്ധു വീടുകളിലും കക്കൂസ് വന്നത് പിന്നീട് ഒരു പത്തു വർഷം കൂടി കഴിഞ്ഞതാണ്.
കറുകച്ചാൽ ഗവണ്മെന്റ് L.P. സ്കൂളിൽ പഠിക്കുമ്പോൾ, എന്റെ സഹപാഠികളിൽ ഭൂരിഭാഗം പേർക്കും വീട്ടിൽ കക്കൂസ് ഇല്ലായിരുന്നു. ഞങ്ങൾ ഒക്കെ ബാല്യ കാലം, കക്കൂസ് ഒരു ആഡംബരം ആയിരുന്ന കാലത്താണ്. വീടിനകത്ത് കക്കൂസ് എന്ന രീതി വ്യാപകം ആയി വന്നിട്ട് ഏകദേശം മുപ്പത് വർഷമേ ആയിക്കാണൂ. വാസ്തു ഒക്കെ വ്യാപകം ആയത് ഏകദേശം പതിനഞ്ചു വർഷമേ ആയിക്കാണൂ.
പറഞ്ഞു വന്നത്, വാസ്തു പുരുഷന്റെ കിടപ്പ് അനുസരിച്ചല്ല വീട് പണിയേണ്ടത്, മറിച്ച്, പുഴയുടെ കിടപ്പ്, സ്ഥലത്തിന്റെ ഉറപ്പ്, ചരിവ്, മലയുടെ കിടപ്പ് ഇവയൊക്കെ നോക്കി ആവണം. വീട് പണിയുന്നതിന് മുൻപേ, വാസ്തു വിദഗ്ദനെ അല്ല കാണേണ്ടത്. സ്ഥലം വാങ്ങുന്നതിനും മുൻപേ, നല്ല ഒരു സ്ട്രക്ക്ച്ചറൽ/ സിവിൽ എഞ്ചിനീയറെ കാണിച്ചു വീട് പണിയാൻ പറ്റിയ സ്ഥലം ആണോ എന്ന് ഉറപ്പു വരുത്തുക. വീട് പണിയുമ്പോളും സമർത്ഥനായ ഒരു സ്ട്രക്ക്ച്ചറൽ/ സിവിൽ എൻജിനീയറുടെ ഉപദേശ പ്രകാരമേ വീട് ഉണ്ടാക്കാവൂ.