‘പങ്കു വയ്ക്കുന്നതാണ് കരുതൽ’ എന്ന മെസ്സേജ് കൊച്ചു കുട്ടികൾക്ക് കൊടുക്കേണ്ടതുണ്ട്

43
സുരേഷ് സി പിള്ള
വീട്ടിൽ ആറ് ഉണ്ണിയപ്പം വാങ്ങിയിട്ട്, ഭർത്താവിനും (അല്ലെങ്കിൽ ഭാര്യക്കും) രണ്ടു കുട്ടികൾക്കും രണ്ടെണ്ണം വീതം കൊടുത്തിട്ട്
“എനിക്ക് ഉണ്ണിയപ്പം ഇഷ്ടമല്ല”
എന്ന് പറഞ്ഞു ഉണ്ണിയപ്പമേ കഴിക്കാത്തവരെ കണ്ടിട്ടുണ്ടാവുമല്ലോ?
അല്ലെങ്കിൽ ബിരിയാണി ഉണ്ടാക്കി അതിലെ ചിക്കൻ കഷണങ്ങൾ മുഴുവനായി മറ്റുള്ളവർക്കായി കൊടുത്തിട്ട്, നെയ്‌ച്ചോറ് മാത്രം കഴിച്ചു ത്യാഗം ചെയ്യുന്നവരെയും കണ്ടിട്ടുണ്ടാവും.
ഇത് കുടുംബത്തിൽ ഒരു നല്ല മെസ്സേജ് ആണോ നൽകുന്നത്?
അല്ല. ഇങ്ങനെയുള്ളിടത്ത് ‘ഫെയർ-ഷെയർ’ എന്ന സങ്കല്പം ഒരിക്കലും ഉണ്ടാവാൻ വഴിയില്ല.
എല്ലാവരും കൂടി ഇരുന്ന് എല്ലാവര്ക്കും തുല്യമായി വീതിക്കുന്നതാണ് ‘ഫെയർ-ഷെയർ’. ആഹാരം മാത്രമല്ല വീട്ടിലെ ജോലികളും തുല്യമായി വീതിച്ചു എല്ലാവരും കൂടി ചെയ്യുന്നതും ‘ഫെയർ-ഷെയർ’ ആണ്.
‘ഫെയർ-ഷെയർ’ എന്നൊരു ബോധം നമ്മുടെ സമൂഹത്തിൽ ഇല്ലാത്തത് കൊണ്ടാണ്, ബുഫേ ഡിന്നർ നടത്തുമ്പോൾ ചിലപ്പോൾ അവസാനം വരുന്നവർക്ക് ചിക്കൻ ഇല്ലാത്ത ബിരിയാണി കഴിക്കേണ്ടി വരുന്നത്. കുട്ടികൾക്ക് ചെറുപ്പത്തിലേ ഉണ്ടാക്കിയെടുക്കേണ്ട ഒരു ക്വാളിറ്റി ആണ് ‘ഫെയർ-ഷെയർ’ എന്ന ബോധം.
ഞാൻ കുറെ വർഷങ്ങൾക്ക് മുൻപ് ജോലി ചെയ്ത ഓർഗനൈസേഷനിൽ ആരെങ്കിലും ടൂറൊ, ഔദ്യോഗിക യാത്രകളോ ഒക്കെ കഴിഞ്ഞു വരുമ്പോൾ ഒരു ബോക്സ് ചോക്കലേറ്റ് വാങ്ങി കൊണ്ടു വരുന്ന ഒരു രീതി ഉണ്ടായിരുന്നു. പത്തു പേരുള്ള ഓഫീസിൽ ഒരു ബോക്സിൽ ഉണ്ടാവാറുള്ള അൻപതോളം ചോക്കലേറ്റുകൾ രണ്ടോ മൂന്നോ ദിവസം കൊണ്ട് തീരും. എല്ലാവർക്കും നാല് അഞ്ച് ഒക്കെ വച്ചു കിട്ടും.പക്ഷെ അവസാനത്തെ ഒരു ചോക്കലേറ്റ് ആരും എടുക്കില്ല. അതിങ്ങനെ ഒരാഴ്ച്ച കൂടി അവിടെ കിടക്കും. ഒരാഴ്ച്ച കഴിഞ്ഞു ആരും എടുത്തില്ലെങ്കിൽ ആരെങ്കിലും ഒരാൾ എല്ലാവരോടും ചോദിക്കും “നിങ്ങൾ എല്ലാവരും കഴിച്ചല്ലോ, ഇല്ലേ? ഞാൻ ഇതെടുക്കുകയാണ്.” അവസാനത്തെ ചോക്കലേറ്റ് ചോദിക്കാതെ എടുത്തു കഴിക്കുന്നത് ‘റൂഡ്’ ആണ് എന്ന് മനസ്സിലാക്കാൻ എനിക്ക് വിദേശത്തു വന്നിട്ട് കുറെ നാളുകൾ എടുത്തു.
തുല്യമായി പങ്കു വയ്ക്കുക എന്ന മെസ്സേജ് കുടുംബങ്ങളിൽ നിന്നാണ് തുടങ്ങേണ്ടത്.
ബിരിയാണിയിലെ ചിക്കൻ മറ്റുള്ളവർക്കെല്ലാം കൊടുത്തിട്ട് ചോറ് മാത്രം കഴിക്കുന്നതും, ഉണ്ണിയപ്പം ഇഷ്ടമല്ല എന്ന് പറഞ്ഞു കഴിക്കാതെ ഇരിക്കുന്നതും, കുട്ടികളിൽ ഒരു പക്ഷെ തെറ്റായ സന്ദേശമാവും നൽകുക.
‘Sharing is caring’ അതായത് ‘പങ്കു വയ്ക്കുന്നതാണ് കരുതൽ’ എന്ന മെസ്സേജാണ് കൊച്ചു കുട്ടികൾക്ക് കൊടുക്കേണ്ടത്.