കിണറ്റിൽ ഇറങ്ങുന്നവർക്കു ഓക്സിജൻ ലഭിക്കാത്തത് എന്തുകൊണ്ട് ?

0
916

സുരേഷ്. സി. പിള്ള എഴുതുന്നു

കിണറ്റിൽ വീണ അണ്ണാൻ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ പട്ടാമ്പിയിൽ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു എന്ന വാർത്ത വളരെ വ്യസനത്തോടെയാണ് വായിച്ചത്. കിണറ്റിൽ വെള്ളം ഒട്ടും തന്നെ ഇല്ലായിരുന്നു എന്നും വാർത്തയിൽ വായിച്ചു.

എന്തായിരിക്കാം ശ്വാസം കിട്ടാതെ വന്നത്? കിണറ്റിൽ ഇറങ്ങുന്നതിന് മുൻപ് എന്തൊക്കെ മുൻകരുതലുകൾ എടുക്കാം?

ആദ്യമായി എന്തായിരിക്കാം ശ്വാസം കിട്ടാതെ വന്നത് എന്ന് നോക്കാം.

സുരേഷ് സി പിള്ള
സുരേഷ് സി പിള്ള

കിണർ, ഓവുചാൽ, ടണൽ, ഇവയൊക്കെ confined space (പരിധി പ്രദേശം) എന്ന് പൊതുവായി പറയാം. ഇവയെ അങ്ങിനെ പറയാനുള്ള കാരണം, ഇവിടെയൊക്കെ ഓക്സിജൻ (volume percent of oxygen) കുറവാകാൻ സാധ്യത ഉണ്ട് എന്നതിനാലാണ്. ഓക്‌സിജൻ കുറവാകാൻ കാരണം ഇവിടെയൊക്കെ ഓക്‌സിജൻ ഉപയോഗപ്പെടുത്തിയുള്ള ധാരാളം കെമിക്കൽ റിയാക്ഷൻ നടക്കും എന്നുള്ളതാണ്.

അതായത് കിണറ്റിലെ ചപ്പു ചവറുകൾ ഓക്‌സിജനുമായി യോജിച്ചു അഴുകുമ്പോൾ ആകെയുള്ള ഓക്സിജന്റെ അളവ് ഗണ്യമായി കുറയും.

ഇങ്ങനെയുള്ള അഴുകൽ/ ദ്രവിക്കൽ പ്രക്രിയ മൂലം കാർബൺ മോണോക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വാതകങ്ങളും ഇവിടെ കാണാനുള്ള സാധ്യത കൂടുതൽ ആണ്.

ഇങ്ങനെയുള്ള അപകടങ്ങൾ വേറെയും രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ?

ഉണ്ട്. ഉദാഹരണത്തിന് 2006 ൽ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കിണറ്റിൽ ഇറങ്ങിയ മൂന്ന് കർഷകർ ശ്വാസം മുട്ടി മരിച്ചു. അവിടെ നടത്തിയ പഠനത്തിൽ ആ കിണറ്റിൽ ഓക്സിജന്റെ അളവ് വെറും 6% മാത്രം ആയിരുന്നു എന്ന് കണ്ടെത്തി. (റഫറൻസ്: Wuthichotwanichgij, Gobchok, and Alan F. Geater. “Low-oxygen atmosphere and its predictors among agricultural shallow wells in Northern Thailand.” Safety and health at work 6, no. 1 (2015): 18-24.)

അപ്പോൾ ശ്വസിക്കാൻ ഉള്ള ഓക്സിജന്റെ സുരക്ഷിതമായ അളവ് എത്ര?

അന്തരീക്ഷ വായുവിൽ 78.09% നൈട്രജനും, 20.95% ഓക്സിജനും, 0.93% ഉത്കൃഷ്ട വാതകങ്ങളും (Noble Gases-ആർഗോൺ), 0.04% കാർബൺ ഡൈ ഓക്സൈഡും ആണുള്ളത്. അതായത് അന്തരീക്ഷത്തിൽ ഉള്ള oxygen by volume 20.95% ആണ്. ഇത് മുകളിൽ പറഞ്ഞതു പ്രകാരം കിണറിലും, ഓടകളിലും, തുരങ്കങ്ങളിലും ഒക്കെ അവിടെയുള്ള ജൈവ പദാർത്ഥങ്ങളും ആയുള്ള രാസപ്രക്രിയകൾക്കായി ഓക്സിജൻ ഉപയോഗിക്കുന്നതിനാൽ, ഓക്സിജന്റെ അളവിൽ കുറവ് വരാം. പല രാജ്യങ്ങളിലെയും confined-space guidance documents പ്രകാരം atmospheric oxygen concentration 19.5% ആണ് ഏറ്റവും കുറഞ്ഞ സുരക്ഷിത അളവ് (റഫറൻസ്: 1) National Institute for Occupational Safety and Health. A guide to safety in confined spaces. Cincinnati (OH); 1987. DHHS (NIOSH) Publication No. 87e113. 2) Occupational Safety and Health Administration. Permit-required confined spaces (PCRS) standard, 29 CFR 1910.146. Washington, DC: OSHA, US Department of Labor; 1993.). വായുവിൽ ഉള്ള ഓക്സിജന്റെ അളവ് 16 % ആകുമ്പോൾ ആണ് ശ്വാസം മുട്ടൽ അനുഭവപ്പെടുന്നത്. ഇത് 14 % ആയി കുറയുബോൾ തളർച്ച ഉണ്ടാവുകയും കുഴഞ്ഞു വീഴുകയും ചെയ്യാം. ഓക്സിജന്റെ അളവ് 6% ത്തിലും താഴെ ആകുമ്പോൾ ആണ് തളർന്നു വീഴുന്നതും ഉടനടി മരണം സംഭവിക്കുന്നതും. അതായത് കിണറ്റിലുള്ള വിഷ വാതകങ്ങൾ മാത്രമല്ല, വിഷ വാതകങ്ങൾ ഇല്ലെങ്കിലിലും കുറഞ്ഞ ഓക്സിജന്റെ അളവും മരണ കാരണം ആകാം. പട്ടാമ്പിയിലെ കിണറ്റിൽ 6% ത്തിലും താഴെ ഓക്സിജന്റെ അളവ് കുറഞ്ഞതായിരിക്കാം യുവാക്കൾ തളർന്നു വീണതും, മരണമടഞ്ഞതും. അല്ലെങ്കിൽ കിണറ്റിൽ ഉണ്ടായ മറ്റു വിഷ വാതകങ്ങൾ ആയ കാർബൺ മോണോക്‌സൈഡോ, ഹൈഡ്രജൻ സൾഫൈഡോ ആയിരിക്കാം മരണ കാരണം.

എങ്ങിനെ അറിയാൻ പറ്റും കിണർ സുരക്ഷിതമാണോ എന്ന്?

അതിനു നിലവിൽ പ്രായോഗികമായ ഒരു മാർഗ്ഗങ്ങളും ഇല്ല. വിഷ വാതകങ്ങൾ പലതും മണമോ രുചിയോ ഇല്ലാത്തതാണ് (ഉദാഹരണം കാർബൺ മോണോക്‌സൈഡ്). കിണറ്റിൽ ഉള്ള ഓക്സിജന്റെ അളവ് സുരക്ഷിതമായ അളവിലും താഴെ ആണോ എന്നറിയാനും നിലവിൽ പ്രായോഗിക മാർഗ്ഗങ്ങൾ ഇല്ല എന്നു തന്നെ പറയാം.

ഇങ്ങനെയുള്ള അപകടങ്ങളിൽ നിന്ന് രക്ഷ നേടാൻ സുരക്ഷയാണ് ഏറ്റവും പ്രധാനം.

എന്തൊക്കെയാണ് കിണറ്റിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്?

1) കഴിവതും കിണറ്റിൽ ഇറങ്ങാതെ കാര്യം സാധിക്കാൻ പറ്റുമോ എന്ന് നോക്കുക. തൊട്ടി, വട്ടി, പാതാള കരണ്ടി ഇവ കൊണ്ട് കാര്യം സാധിക്കും എങ്കിൽ അങ്ങിനെ ചെയ്യാം.

2) ഒരിക്കലും ഇലകൾ മൂടി, ചപ്പു ചവറുകൾ നിറഞ്ഞു ഉപയോഗ ശൂന്യം ആയ കിണറ്റിൽ ഇറങ്ങരുത്. അവിടെ ഓക്സിജന്റെ അളവ് സുരക്ഷിതമായ അളവിലും വളരെ താഴെ ആയിരിക്കാനും ടോക്സിക് ആയ വാതകങ്ങൾ കാണാനും ഉള്ള സാധ്യത കൂടുതൽ ആണ്.

3) ആഴക്കൂടുതൽ ഉള്ള കിണറ്റിലും ഓക്സിജന്റെ അളവ് സുരക്ഷിതമായ അളവിലും വളരെ താഴെ ആയിരിക്കാൻ സാധ്യത ഉണ്ട്.

4) സുരക്ഷാ മാർഗ്ഗങ്ങൾ ഇല്ലാതെ കിണറ്റിൽ ഇറങ്ങരുത്. തളർന്നാലും വലിച്ചു കരയിൽ കയറ്റാവുന്ന രീതിയിൽ കയറുപയോഗിച്ചു കരയുമായി ബന്ധിപ്പിച്ചേ കിണറ്റിൽ ഇറങ്ങാവൂ.

5) മുകളിൽ പറഞ്ഞ സുരക്ഷാ മാർഗങ്ങളോടെ കിണറ്റിൽ ഇറങ്ങിയാലും കരയിൽ മൂന്നോ നാലോ പേർ അപകടം സംഭവിച്ചാൽ വലിച്ചു കരയ്ക്ക് കയറ്റാൻ തയ്യാറായി നിൽക്കണം.

6) കിണറ്റിൽ ഇറങ്ങിയ ആൾ തളർന്നു വീണാൽ, ഉടനെ കരയിൽ ഉള്ള ആൾ കിണറ്റിൽ ചാടാൻ സാഹസം കാണിക്കരുത്. ആ ആളും തളർന്നു വീഴുവാനും മരിക്കാനും സാധ്യത ഉണ്ട് (പട്ടാമ്പിയിൽ സംഭവിച്ച പോലെ). ഉടനെ തന്നെ ഫയർ ഫോഴ്സിനെ വിളിക്കുക ആണ് ചെയ്യേണ്ടത്.

എഴുതിയത് സുരേഷ് സി. പിള്ള