‘ഥപ്പട്’ മുഖത്തുള്ള അടികൾ മാത്രമല്ല, ആത്മാഭിനമാനത്തിനു മേലുള്ള അടികൾ കൂടിയാണ്

137

സുരേഷ് സി പിള്ള

‘ഥപ്പട്’ മുഖത്തുള്ള അടികൾ മാത്രമല്ല, ആത്മാഭിനമാനത്തിനു മേലുള്ള അടികൾ കൂടിയാണ് എന്നു പറയുന്ന മനോഹരമായ ഒരു ഹിന്ദി ചിത്രമാണ്.

ആമസോൺ പ്രൈമിൽ ഇന്നലെയാണ് ‘ഥപ്പട് (Thappad)’ കണ്ടത്. കഥാ ചുരുക്കം ഇതാണ്. അമുവും, വിക്രമും വിവാഹിതരായി വളരെ സന്തോഷത്തോടെ ജീവിക്കുന്നവർ ആണ്. പെട്ടെന്നുള്ള വികാര വിക്ഷോഭത്തിൽ ഒരു ഓഫീസ് പാർട്ടിയിൽ വച്ച് വിക്രം അമുവിന്റെ ചെകിടത്തടിക്കുന്നു.മുഖത്തുള്ള അടിയേക്കാൾ അമുവിനത് ആത്മാഭിമാനത്തിനേറ്റ അടിയാണ്. ഇവിടെയാണ് കഥ ശരിക്കും തുടങ്ങുക. (കൂടുതൽ പറയാത്തത് നിങ്ങൾ അത് സിനിമയിൽ തന്നെ കാണട്ടെ എന്നുള്ളതു കൊണ്ടാണ്).എനിക്കീ സിനിമയിൽ ഏറ്റവും ഇഷ്ടമായത് അമുവിന്റെ അച്ഛനെയാണ്. ആ അച്ഛൻ ഇല്ലായിരുന്നെങ്കിൽ ഒരിക്കലും അമുവിന് തിരിച്ചു കയറിവരുവാൻ ഒരു സ്ഥലം ഉണ്ടാവുമായിരുന്നില്ല. ഇന്ത്യ മുഴുവൻ കാണേണ്ട ഒരു സിനിമയാണ് ‘ഥപ്പട്’. അമൂല്യം എന്ന് നമ്മൾ വിചാരിക്കുന്ന പരമ്പരാഗത കുടുംബ ബന്ധങ്ങൾക്ക് മേലുള്ള അടി കൂടിയാണ് ‘ഥപ്പട്’.

कबीर सिंह' को मुंहतोड़ जवाब देने ...അമു വിവാഹത്തിലേക്ക് വരുമ്പോൾ ‘എൻട്രി സ്ട്രാറ്റജി’ മാത്രമേ ഉള്ളൂ, ഒരു ‘എക്സിറ്റ് സ്ട്രാറ്റജി’ ഇല്ലായിരുന്നു. അതിനെപ്പറ്റി ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. ‘എക്സിറ്റ് സ്ട്രാറ്റജിയെപ്പറ്റി’ ഒരിക്കൽ എഴുതിയ കുറിപ്പ് ഒന്നുകൂടി ഷെയർ ചെയ്യുന്നു. നമ്മുടെ നാട്ടിൽ ബന്ധങ്ങളിൽ ഒരു ‘എൻട്രി സ്ട്രാറ്റജി’ മാത്രമേ ഉള്ളൂ, ഒരു ‘എക്സിറ്റ് സ്ട്രാറ്റജി’ കൂടി എപ്പോളും മനസ്സിൽ കരുതണം.പ്രത്യേകിച്ചും സ്ത്രീകൾ. തീരെ സഹിക്കാൻ പറ്റി ഇല്ലെങ്കിൽ അല്ലെങ്കിൽ നമ്മൾ തീരുമാനിക്കുന്ന ‘ടോളറൻസ് ലിമിറ്റ്’ കടന്നാൽ എങ്ങിനെയാണ് ജീവിക്കുക എന്ന് തീരുമാനിക്കുന്നതാണ് ‘എക്സിറ്റ് സ്ട്രാറ്റജി’. വിവാഹ ബന്ധത്തിൽ നിന്നും പുറത്തു കടന്നാൽ എങ്ങിനെ ജീവിക്കും, എങ്ങിനെ കുട്ടികളെ വളർത്തും, നമ്മുടെ മുൻപോട്ടുള്ള ജീവിതം എങ്ങിനെ എന്നുള്ള ഒരു പ്ലാൻ. ജോലി ഇല്ലാത്ത സ്ത്രീകൾക്ക് ഇത് അത്ര എളുപ്പം അല്ല. പക്ഷെ ഒറ്റയ്ക്ക് ജോലി ചെയ്തു ജീവിക്കാനുള്ള ഒരു മാനസിക കരുത്തുണ്ടാക്കി എടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഓരോരുത്തർക്കും ഓരോ സാഹചര്യം ആയിരിക്കും, ഒരു നിയമജ്ഞന്റെയോ, സോഷ്യൽ വർക്കറിന്റെയോ അല്ലെങ്കിൽ അടുത്ത ഒരു സുഹൃത്തിന്റെയോ സഹായത്താൽ ‘എക്സിറ്റ് സ്ട്രാറ്റജി’ ഉണ്ടാക്കാം. പെൺമക്കൾക്കായി മാതാപിതാക്കൾക്ക് ചെയ്യാവുന്നത്, അവൾക്കായി ഒരു മുറി എപ്പോളും ഒഴിച്ചിടുകയാണ്. അമുവിന്റെ അച്ഛനെപ്പോലെ എന്റെ മോൾ എപ്പോൾ വന്നാലും ഇവിടെ താമസിക്കാം എന്ന ഒരു ധൈര്യം കൊടുക്കുകയാണ്. ‘എല്ലാം സഹിച്ചു ജീവിക്കണം എന്ന് പറയാതെ, മോൾക്ക് പറ്റുന്നില്ലെങ്കിൽ ഇങ്ങു പോരൂ ബാക്കി കാര്യം നമുക്ക് നോക്കാം എന്ന് ഒരു ധൈര്യം കൊടുക്കുകയാണ്. എപ്പോളും അവൾക്കായി കുറച്ചു പൈസ മാറ്റി വയ്ക്കുകയാണ്. അപ്പോൾ എന്തൊക്കെയാണ് ‘എക്സിറ്റ് സ്ട്രാറ്റജിയിൽ’ പൊതുവായി ഉൾപ്പെടുത്തുക?

थप्पड़ की शूटिंग के बाद नॉर्मल होने ...ഒന്ന്: ഭദ്രത ഉറപ്പു വരുത്തുക. അതായത് ഇപ്പോളുള്ള ബന്ധത്തിനു പുറത്തു കടന്നാൽ എങ്ങിനെയാണ് സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുക. അടുത്ത സ്നേഹ ബന്ധങ്ങളിൽ ഉള്ള ഭദ്രതയെ അത് എങ്ങിനെ ബാധിക്കും, എവിടെ താമസിക്കും എന്നിങ്ങനെയുള്ള പ്ലാനുകൾ ഉണ്ടാക്കുക. കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ജീവിതം എങ്ങിനെ ഭദ്രമാക്കാം എന്നിങ്ങനെ വിശദമായി ആലോചിക്കുക.

രണ്ട്: പരാശ്രയം കൂടാതെ എങ്ങിനെ ജീവിക്കും? ഏറ്റവും പ്രധാനമായ കാര്യമാണ് പരാശ്രയം കൂടാതെ ജീവിക്കാനുള്ള തയ്യാറെടുപ്പുകൾ. ഇതേക്കുറിച്ചു വിശദമായി പ്ലാനുകൾ ഉണ്ടാക്കുക. സ്വന്തമായി ജോലി ഇല്ലെങ്കിൽ ഒരു ജോലി കണ്ടെത്തി ജീവിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുക.

മൂന്ന്: പിരിയാനുള്ള ആഗ്രഹം ഒരു ബന്ധുവിനോടോ, സുഹൃത്തിനോടോ സംസാരിക്കുക. വേണമെങ്കിൽ നിയമ സഹായം തേടാം. ഒറ്റയ്ക്ക് ജീവിക്കാനുള്ള തീരുമാനം അവരോട് ആലോചിക്കാം.

നാല്: മുതിർന്ന കുട്ടികൾ ഉണ്ടെങ്കിൽ അവരോട് പറയാം. അവരുടെ സഹായവും പിന്തുണയും ഉണ്ടെങ്കിൽ കാര്യം എളുപ്പമായി.

അഞ്ച്: സമൂഹം എന്ത് വിചാരിക്കും എന്ന ചിന്ത അവസാനിപ്പിക്കുക. സമൂഹം ഒന്നും വിചാരിക്കില്ല, വിചാരിച്ചാലും നിങ്ങൾക്കൊരു ചുക്കും ഇല്ല എന്ന ചിന്താഗതിയിൽ തീരുമാനങ്ങൾ എടുക്കുക. നമ്മളെപോലെയുള്ള പല ആൾക്കാർ ചേർന്നതാണ് സമൂഹം. ഓരോ ആൾക്കാർക്കും അവരവരുടെ കാര്യങ്ങൾ ഉണ്ട്.

ആറ്: ആദ്യത്തെ കുറച്ചു നാൾ ജീവിക്കാനുള്ള പൈസ കയ്യിൽ കരുതുക. ആഭരണം വിറ്റോ, കയ്യിലുള്ള സമ്പാദ്യം ഉപയോഗിച്ചോ അത് കണ്ടെത്താം.

Thappad Movie Review Taapsee Pannu Starrer Is Not Criticising Men ...പിരിഞ്ഞാലും കുട്ടികളെ അത് ഒട്ടും തന്നെ ബാധിക്കാതെ ജീവിക്കുന്ന ധാരാളം വിദേശ സുഹൃത്തുക്കൾ എനിക്കുണ്ട്. വീക്ക് ഡേ മുഴുവൻ അച്ഛന്റെ കൂടെ നിന്ന് വീക്ക് എൻഡ് അമ്മയുടെ കൂടെ നിൽക്കുന്നവരും, തിരിച്ചും, വളരെ സന്തോഷമായി ജീവിതം മുൻപോട്ടു കൊണ്ടു പോകുന്നവർ ഉണ്ട്. ലോകം മുഴുവൻ ഭാരതത്തിലെ കെട്ടുറപ്പുള്ള വിവാഹബന്ധത്തിൽ അസൂയാലുക്കൾ ആണ് എന്നൊക്കെയാണ് ഞാനും പണ്ട് വിചാരിച്ചിരുന്നത്. അങ്ങിനെയൊന്നും വിചാരിക്കുന്ന വിദേശികൾ ആരും എന്റെ അറിവിൽ ഇല്ല. മലയാളികൾ ആയ സന്തോഷത്തോടെ ജീവിക്കുന്ന ധാരാളം ദമ്പതിമാരുണ്ട് എന്റെ അറിവിൽ, അവർ ജീവിതകാലം അങ്ങിനെ ജീവിക്കട്ടെ. എന്നാൽ സ്വാതന്ത്ര്യം ഇല്ലാതെ, അടിയും ഇടിയും കൊണ്ട് അടിമയായി ജീവിക്കുന്നതിലും നല്ലത് ഇത്തിരി കഷ്ടപ്പെട്ടെങ്കിലും ഒറ്റയ്ക്ക് ജീവിക്കുന്നതാണ്. കുട്ടികളുടെ മാനസിക ആരോഗ്യത്തിനും അതല്ലേ നല്ലത്?

അതുകൊണ്ട് വിവാഹ മോചനങ്ങൾ കൂടുന്നു എന്ന് കാണുമ്പോൾ വിഷമിക്കേണ്ട കാര്യവും ഇല്ല. കൂടുതൽ ചിന്തിക്കുന്ന, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരു തലമുറ ഉണ്ടായി എന്ന് കണ്ട് സമാധാനിക്കുക ആണ് ചെയ്യേണ്ടത്.അവസാനമായി ഒരു കാര്യം കൂടി കുടുംബബന്ധങ്ങൾ പിരിയുന്നത് സംസ്കാരത്തിൽ ഉണ്ടാകുന്ന മൂല്യച്യുതി ആയി കരുതേണ്ടതില്ല, മറിച്ച് ഇത് ഒരു സമൂഹത്തിൽ സ്വാതന്ത്ര്യത്തിന് ആണ് കൂടുതൽ സ്ഥാനം എന്നുള്ള ഒരു സൂചികയായി കാണേണ്ട കാര്യമേ ഉള്ളൂ.
എന്തായാലൂം നിങ്ങൾ ‘ഥപ്പട്’ കാണണം, മക്കളെയും കാണിക്കണം. ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള സിനിമയല്ല, ആൺ കുട്ടികൾ ഉറപ്പായും കാണേണ്ട സിനിമ കൂടിയാണ്.

Advertisements