സി എ ബി, സി എ എ ആകുമ്പോൾ; പിന്നെ അത് എൻ ആർ സി യിൽ എത്തുമ്പോൾ: ചുരുക്കത്തിൽ മനസ്സിലാക്കാൻ

643

സുരേഷ് സി പിള്ള

സി എ ബി, സി എ എ ആകുമ്പോൾ; പിന്നെ അത് എൻ ആർ സി യിൽ എത്തുമ്പോൾ: ചുരുക്കത്തിൽ മനസ്സിലാക്കാൻ

ആദ്യം നമുക്ക് സി എ ബി എന്താണ് എന്ന് നോക്കാം.

സി എ ബി എന്നത് (Citizenship Amendment Bill 2019) ന്റെ ചുരുക്കപ്പേരാണ്. അതായത് മലയാളത്തിൽ ‘പൗരത്വ ഭേദഗതി നിയമ നിർമ്മാണം. Citizenship (Amendment) Act, 2019 ഇന്ത്യൻ പാർലമെന്റിൽ 11 December 2019 പാസ്സായി. ഇത് നേരത്തെ ഉണ്ടായിരുന്ന Citizenship Act of 1955 ഭേദഗതി ചെയ്തത് ആണ്. ഈ ഭേദഗതിയിൽ ഇന്ത്യൻ പൗരത്വം ലഭിക്കാൻ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഹിന്ദു, സിക്ക്, ജെയിൻ, പാഴ്സി, ക്രിസ്ത്യൻ തുടങ്ങിയ മതക്കാർ, അതാത് രാജ്യങ്ങളിൽ വേട്ടയാടല്‍ നേരിടപെട്ടാൽ അവർക്ക് ഇന്ത്യയിൽ പൗരത്വത്തിനു യോഗ്യത ഉണ്ടാവും.

ഇതിലിപ്പം എന്താ ചേട്ടാ കുഴപ്പം എന്ന് ചോദിച്ചാൽ,

അമ്മ പറഞ്ഞ ഒരു കഥ ചുരുക്കിപ്പറയാം.

അതായത്, അമ്മയും അച്ഛനും വിവാഹം ചെയ്ത സമയം.

അമ്മയും, അച്ഛനും, അച്ഛന്റെ അമ്മയും, അച്ഛന്റെ അമ്മൂമ്മയും ആണ് വീട്ടിൽ താമസം.

ഒരിക്കൽ അമ്മൂമ്മയുടെ പത്തു രൂപ കാണാതെ പോകുന്നു. എല്ലായിടത്തും തപ്പി, കിട്ടിയില്ല. അപ്പോളാണ് അച്ഛന്റെ അമ്മാവനായ കൊച്ചമ്മാവൻ വീട്ടിൽ വരുന്നത്.

അപ്പോൾ അച്ഛന്റെ അമ്മൂമ്മ പറഞ്ഞു

“തങ്കപ്പനും (അച്ഛന്റെ വീട്ടിലെ പേര്) എടുക്കില്ല, കാർത്യായനിയും (അച്ഛന്റെ അമ്മ) എടുക്കില്ല.”

[പിന്നെ ആരാണ് അവിടെ ഉള്ളത്; അമ്മ. (പൈസ കുറച്ചു ദിവസം കഴിഞ്ഞു അമ്മൂമ്മയുടെ തലയിണയുടെ അടിയിൽ നിന്നും കിട്ടി. )].

ഇവിടെയും അതാണ് പ്രശ്നം, തങ്കപ്പനും, കാർത്യായനിയും എടുക്കില്ല എന്ന് പറയുന്നപോലെ, വളരെ നിഷ്കളങ്കമായി തോന്നത്തക്ക വിധം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഹിന്ദു, സിക്ക്, ജെയിൻ, പാഴ്സി, ക്രിസ്ത്യൻ തുടങ്ങിയ മതക്കാർ എന്ന് പറഞ്ഞു മുസ്ലിം സമുദായത്തെ ഒഴിവാക്കുക ആണ്.

അപ്പോൾ എന്താ യഥാർത്ഥ പ്രശ്നം?
മതത്തിന്റെ പേരിൽ ഒരു ജനാധിപത്യ രാജ്യത്ത് ഒരു ജനതയെയും മാറ്റി നിർത്താൻ പറ്റില്ല, അതു തന്നെ.

ശരിക്കും ഇപ്പോൾ വേട്ടയാടല്‍ അനുഭവപെട്ടു പുറത്താക്കപ്പെട്ട ജനത ഏതാണ്? ഉത്തരം മ്യാൻമറിലെ മുസ്ലിങ്ങളാണ്. അതും നമ്മുടെ അയൽ രാജ്യമാണ്. ധാരാളം റോഹിൻഗ്യ മുസ്ലിങ്ങൾ നമ്മുടെ രാജ്യത്ത് അഭയാർത്ഥികൾ ആയും ഉണ്ട്. അവരെ അല്ലേ ആദ്യം സ്വീകരിക്കേണ്ടത്?

അപ്പോൾ സി എ എ എന്താണ്?
സി എ എ എന്നാൽ Citizenship Amendment ACT 2019 ന്റെ ചുരുക്കപ്പേരാണ്. അതായത് സി എ ബി എന്ന ഈ നിയമ നിർമ്മാണ ബില്ല് 11 December 2019 ൽ പാർലമെന്റിൽ പാസ്സാക്കിയപ്പോൾ അത് നിയമം ആയി.

ഇനി എന്താണ് എൻ ആർ സി എന്ന് നോക്കാം.

എൻ ആർ സി എന്നാൽ National Register of Citizens (NRC) എന്നതിന്റെ ചുരുക്കപ്പേരാണ്. സി എ എ യും, എൻ ആർ സി യും തമ്മിലുള്ള പ്രധാന വ്യത്യാസം സി എ എ എന്നാൽ പാർലമെന്റിൽ പാസ്സാക്കിയ ഒരു നിയമം ആണ്, പക്ഷെ, എൻ ആർ സി ഇപ്പോൾ ഒരു നിർദ്ദേശം (proposal) മാത്രമാണ്. NRC കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ത്യയിൽ രേഖകളോടെ നിയമപരമായി താമസിക്കുന്നവരുടെ ഔദ്യോഗിക റെക്കോർഡാണ്. പ്രധാനപ്പെട്ട കാര്യം എന്താണ് എന്നു വച്ചാൽ അഭയാർഥികളായി വരുന്നവരുടെ കയ്യിൽ, അല്ലെങ്കിൽ അവരുടെ അടുത്ത തലമുറയിൽ പെട്ടവർക്ക് പൗരത്വം ലഭിക്കണം എങ്കിൽ രേഖകൾ ഹാജരാക്കണം. Citizenship Act, 1955 ഉം Citizenship Rules, 2003 ഉം പ്രകാരം 2014 ൽ സുപ്രീം കോടതി NRC ഭേദഗതി ചെയ്യാൻ നിർദ്ദേശിച്ചു. ഇത് 2015 ൽ ആരംഭിക്കുകയും ഇത് പ്രകാരം ഇപ്പോൾ 19 ലക്ഷം ആളുകൾ രേഖകൾ ഇല്ലാതെ ആസ്സാമിൽ ഉണ്ട് എന്ന് കണ്ടെത്തി. ഇത് രാജ്യം മുഴുവൻ നടപ്പാക്കണം എന്ന നിർദ്ദേശമാണ് ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നത്.

അപ്പോൾ പ്രശ്നം എന്താണ്?

ഇനി ഈ രണ്ടു ബില്ലുകളും അമ്മ പറഞ്ഞ അനുഭവ കഥയിലെ ‘തങ്കപ്പനും കാർത്യായനിയും’ എന്ന പരാമർശം തന്നെയാണ് ഇവിടെയും പ്രശ്നം.

അതായത് മുസ്ലിം സമുദായം ഒഴിച്ചുള്ള എല്ലാവര്ക്കും രേഖകൾ ഇല്ലെങ്കിലും ഇവിടെ താമസിക്കാം എന്ന്, പൗരത്വത്തിന് അപേക്ഷിക്കാം എന്ന നിർദ്ദേശം.

മുകളിൽ പറഞ്ഞതിൽ നിന്നും ഇത് മനുഷ്യത്വ വിരുദ്ധം ആണ് എന്ന് മനസ്സിലാക്കി കാണുമല്ലോ?

ഇത് ഒരു സമുദായത്തിന്റെ പ്രശ്നം അല്ല, ഒരു സമൂഹത്തിന്റെ പ്രശ്നനമാണ്.

ഇന്ത്യയുടെ മുഴുവൻ പ്രശ്നമാണ്. കൈ കോർക്കേണ്ട സമയം. ചേർത്തു നിർത്തേണ്ട സമയം. ചേർന്നു നിൽക്കേണ്ട സമയം.