അടിപൊളി റ്റൊമാറ്റൊ ഫ്രൈയും പൊറോട്ടയും

31

സുരേഷ് സി പിള്ള

കഴിച്ചിട്ടുള്ള ഏറ്റവും രുചികരമായ ഭക്ഷണങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചാൽ, അതിലൊന്ന് പൊറോട്ടയും, റ്റൊമാറ്റൊ ഫ്രൈ യുമാണ്. ചങ്ങനാശേരി എംസി റോഡിൽ NSS കോളേജിന് സമീപത്തായി പെരുന്നയിൽ ‘സീ സീ ബേക്കറി’ ഉണ്ടായിരുന്നു. ഇപ്പോൾ അവിടെ ഉണ്ടോ എന്നറിയില്ല, ഏകദേശം മുപ്പതു വർഷം മുൻപാണ് അവിടെ നിന്നും അവസാനമായി പൊറോട്ടയും, റ്റൊമാറ്റൊ ഫ്രൈ യും കഴിച്ചത്. ആ രുചി ഇപ്പോളും നാവിൻ തുമ്പിലുണ്ട്.

Image may contain: foodഏകദേശം അതെ രുചിയിൽ ഉണ്ടാക്കിയെടുത്ത റ്റൊമാറ്റൊ ഫ്രൈ/ റോസ്റ്റ് ആണ് ചിത്രത്തിൽ.
വളരെ എളുപ്പം ഉണ്ടാക്കാവുന്നതാണ്. വേണ്ടത് വലിയ ഉള്ളി (ഒന്ന് ചെറുതായി അരിഞ്ഞത്), ഇഞ്ചി (ചെറിയ കഷ്ണം) ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി, ആറ് അല്ലികൾ ചെറുതായി അരിഞ്ഞത്, പച്ചമുളക് എട്ടെണ്ണം (നീളത്തിൽ കീറിയത്). മുളകു പൊടി (ഒരു സ്പൂൺ), മല്ലിപ്പൊടി (ഒരു സ്പൂൺ), കുരുമുളക് (അര ടീ സ്പൂൺ), തക്കാളി വലുത് എട്ടെണ്ണം റിങ് ആയി മുറിച്ചത്. ആദ്യം ഒരു പാനിൽ കുറച്ച്‌ (രണ്ടു സ്പൂൺ) എണ്ണ ഒഴിച്ച ശേഷം അതിൽ ഇഞ്ചി, വെളുത്തുളളി ഇവ ചെറുതായി മൂപ്പിച്ചെടുക്കുക, ഇതിലേക്ക് ഉള്ളി (സബോള) അരിഞ്ഞത് ഇടുക, നന്നായി വഴറ്റിയതിനു ശേഷം പച്ച മുളക് ഇടുക, കറി വേപ്പില ഉണ്ടെങ്കിൽ അതും രണ്ടു തണ്ടുകൾ ഇളക്കി ഇടാം. ഇളക്കിയ ശേഷം അതിലേക്ക് മല്ലിപ്പൊടി, മുളക് പൊടി ഇവയിട്ട് ഇളക്കുക. ഉപ്പും ആവശ്യത്തിന് ഇടുക.
ഇതിലേക്ക് തക്കാളി അറിഞ്ഞത് ഇട്ടു മെല്ലെ ഇളക്കുക. അര ഗ്ലാസ് വെള്ളം മെല്ലെ ഒഴിച്ചിളക്കുക. വെള്ളം നന്നായി വറ്റുന്നത് വരെ ഇത് ഇളക്കുക. വെള്ളം വേണമെങ്കിൽ ഇടയ്ക്കു തുള്ളികളായി ഒഴിച്ചു കൊടുക്കാം. അടിയിൽ പിടിക്കാതെ മൂന്ന് നാലു മിനിറ്റ് ഇളക്കുക. ഇതാണ് റോസ്റ്റ്.

അധികം എണ്ണ ചേർക്കാതെ ഉണ്ടാക്കിയതാണ്.
ഇനി എണ്ണ കഴിക്കുന്നത് പ്രശ്നം ഇല്ലാത്തവർക്ക്, മുകളിലത്തെ മുളകുപൊടിയും ഉപ്പും ഇട്ട് ഇളക്കിയ സ്റ്റെപ്പ് വരെ ഫോളോ ചെയ്ത ശേഷം, ഇത് പാനിൽ നിന്ന് മാറ്റുക. പാനിൽ കുറച്ചു എണ്ണ ഒഴിച്ച ശേഷം അറിഞ്ഞ തക്കാളി, മുറിയാതെ നന്നായി ഷാലോ ഫ്രൈ ചെയ്തെടുക്കുക. ഇതിലേക്ക് അരപ്പ് ചേർത്ത് തക്കാളി മുറിയാതെ ഇളക്കി എടുത്താൽ ടൊമാറ്റോ ഫ്രൈ ആയി. രണ്ടും സൂപ്പർ ടേസ്റ്റ് ആണ്. റോസ്റ്റ് ആണ് എണ്ണ കുറവായതിനാൽ കുറച്ചു കൂടി ഹെൽത്തി.
ഇന്നലെ ഉണ്ടാക്കിയ റോസ്റ്റ് ആണ് ചിത്രത്തിൽ, കൂടെ പൊറോട്ടയും. ട്രൈ ചെയ്തു നോക്കൂ.