‘അനന്തപുരി നീചൻ’ എന്ന സ്ഥാനത്തിന് കൂടുതലാളുകൾ അർഹത നേടുന്നത് ഭൂഷണമല്ല സുരേഷ് ഗോപീ

49

കടപ്പാട് Sreedhara Unni

ഗർഭശ്രീമാൻ, സംഗീതസാമ്രാട്ട്, ബഹുഭാഷാപണ്ഡിതൻ, പ്രജാക്ഷേമതൽപ്പരൻ തുടങ്ങിയ അപരനാമത്തിൽ അറിയപ്പെടുന്ന തിരുവിതാംകൂർ രാജാവായ സ്വാതിതിരുനാൾ രാമവർമ്മയെ കേരളത്തിൽ സാമൂഹ്യനവോത്ഥാനത്തിനു നാന്ദികുറിച്ച വിപ്ലവകാരികളിൽ ഒന്നാമനായ വൈകുണ്ഡ സ്വാമികൾ വിളിച്ചപേരാണ് ‘അനന്തപുരി നീചൻ’ എന്ന്. അയിത്തം പാലിക്കാതെ അനുയായികളുമൊത്ത് ശുചീന്ദ്രം ക്ഷേത്രത്തിലെ തേരോട്ടത്തിൽ സഹകരിച്ചു തേരുവലിച്ചു എന്നതാണ് സ്വാമികൾ ചെയ്ത തെറ്റ് എന്നു പറയുന്നു. കേരളത്തിലെ ഇന്നത്തെ പ്രശസ്തമായ ക്ഷേത്രങ്ങളെല്ലാം ഒരു കാലത്ത് ബുദ്ധധർമ്മവിശ്വാസികളുടെ ആരാധനാലയങ്ങളായിരുന്നു എന്നത് ഒരു ചരിത്രസത്യമാണ്. അതിനാൽ സ്വാമികളും അനുയായികളും അന്ന് അയിത്തം പാലിക്കാതെ കടന്നുചെന്നത് തങ്ങളുടെ പൂർവ്വികരുടെ കുടുംബക്ഷേത്രത്തിലേയ്ക്കാണ്.

സ്വാതിതിരുനാൾ തന്നെയാണ് സ്വാമികളെ അറസ്റ്റു ചെയ്തു ശിങ്കാരത്തോപ്പിലെ കാരാഗൃഹത്തിലിട്ട് ക്രൂരമായി പീഡിപ്പിച്ചത്. അവിടെ വച്ച് അദ്ദേഹത്തെ കഠിനമായ ദേഹോപദ്രവങ്ങൾക്ക് വിധേയനാക്കി. ഒരു മനുഷ്യനെ ഏതെല്ലാം വിധത്തിൽ പീഡിപ്പിക്കാമോ അതെല്ലാം അദ്ദേഹത്തിനു മേൽനടത്തി.’മനുസ്മൃതി’ നടപ്പിലാക്കുക എന്നതു മാത്രമാണ് തന്റെ കർത്തവ്യം എന്ന് വിശ്വസിച്ചിരുന്ന രാജാവിന്റെ രാജ്യത്ത് സമത്വം പ്രസംഗിച്ച് സമത്വസമാജം രൂപീകരിച്ച് വിവിധ ജാതിക്കാരുമായി സഹഭോജനം നടത്തി അവരുമൊത്ത് സവർണ്ണ ക്ഷേത്രത്തിൽ കയറി അങ്ങനെ നൂറുകൂട്ടം കുറ്റങ്ങൾ അദ്ദേഹത്തിന്റെ പേരിൽ ആരോപിക്കപ്പെട്ടു. അതെല്ലാം ചെയ്ത സ്വാമികളെ വെറുതേ വിടാൻ സ്വാതിതിരുനാൾ എന്ന മനു’സംരക്ഷകന് കഴിയുമോ? അവർ അദ്ദേഹത്തെ കുമ്മായം നീറ്റുന്ന ഗുഹയിലിട്ട് അടച്ചു. കടുവാക്കൂട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു. മനുഷ്യ സാഹോദര്യം എന്ന തന്റെ ആശയ പ്രചരണത്തിൽ നിന്നും പിൻവാങ്ങാമെങ്കിൽ മോചിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്തു. ഒരോ പീഢനത്തിനു മുമ്പും ആ വ്യവസ്ഥ അവർ മുന്നോട്ടുവച്ചു.അപ്പോഴെല്ലാം അദ്ദേഹം പിടിച്ചു നിന്നു. ഒടുവിൽ തന്റെ പ്രവർത്തനം സ്വന്തം സമുദായത്തിൽ മാത്രമായി ഒതുക്കി നിറുത്തിയാൽ മോചിപ്പിക്കാമെന്ന കത്തുമായി ദൂതൻ വന്നപ്പോൾ അദ്ദേഹം അതു വാങ്ങി കീറിക്കളയുകയാണു ചെയ്തത്.

അദ്ദേഹത്തെ അറസ്റ്റു ചെയ്തു സൂക്ഷിച്ചിരുന്ന ശിങ്കാരത്തോപ്പിലേയ്ക്കു തെക്കൻ തിരുവിതാംകൂറിലെ അവർണ്ണ ജാതിക്കാർ ഒരു മാർച്ചു നടത്തി. ജനം നിലവിട്ടു പ്രവൃത്തിക്കും എന്നു ബോധ്യപ്പെടുകയും, കഠിനമായ പീഡനങ്ങൾക്ക് വിധേയനാക്കപ്പെട്ടിട്ടും കൊല്ലപ്പെടാതിരുന്ന സ്വാമികളെ ഏതോ മാന്ത്രികശക്തിയുള്ള സിദ്ധനാണെന്നു ഭയന്ന് സ്വാതീ തിരുനാളും കിങ്കരന്മാരും നിരുപാധികം വിട്ടയയ്ക്കുകയാണുണ്ടായത്.

ഇന്ത്യയിലെ ഏക ഹൈന്ദവരാജ്യം എന്നവകാശപ്പെട്ടിരുന്ന തിരുവിതാകൂർ എന്നും ഭരിച്ചിരുന്നത് ഏകാധിപതികളും ദുർഭരണ വിദഗ്ധരുമായ രാജാക്കന്മാരുടെ പരമ്പരയായിരുന്നു. രാജഭരണം എന്നാൽ അവർക്ക് ചാതുർവർണ്യം ജനങ്ങളിൽ അടിച്ചേൽപ്പിക്കുക എന്നതു മാത്രമായിരുന്നു. അന്ന് രാജാവിന്റെ മുഖ്യയോഗ്യത എന്നു പറയുന്നത് ‘മനുസ്മൃതി’ അറിഞ്ഞിരിക്കണം എന്നതായിരുന്നു. പി.ശങ്കുണ്ണി മേനോൻ എഴുതിയ തിരുവിതാംകൂർ ചരിത്രം 313-ാം പേജിൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ യോഗ്യത വർണ്ണിക്കുമ്പോൾ പയുന്നത്
“….. മഹാരാജാവിന് ‘മനുസംഹിത’ നന്നായി അറിയാമായിരുന്നു..”എന്നാണ്. ബ്രാഹ്മണരെ തീറ്റിപ്പോറ്റുക എന്നതാണ് മനുസ്മൃതി ഭരണത്തിന്റെ കാതൽ. ക്ഷത്രിയനല്ലാത്ത രാജാവിനെ ക്ഷത്രിയനാക്കിയതിനു പകരം ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞു പണമുണ്ടാക്കി അതു കൊണ്ട് ബ്രാഹ്മണരെ ക്ഷേത്രങ്ങളിലെ ഊട്ടുപുരകളിലൂടെ നിത്യവും ഊട്ടുക എന്ന പ്രത്യുപകാരമാണ് രാജാവ് ചെയ്തു കൊണ്ടിരുന്നത്.
അന്ന് അധീശ ശക്തിയായ ഇംഗ്ലീഷുകാർക്കു വർഷം തോറും തിരുവിതാംകൂർ സർക്കാർ കൊടുക്കേണ്ടിയിരുന്ന കപ്പം (നികുതി) 8 ലക്ഷം രൂപയാണ്.രാജ്യത്തെ ക്ഷേത്രങ്ങളിലെ ഊട്ടുപുരകളിലൂടെ ബ്രാഹ്മണർക്ക് ഭക്ഷണം കൊടുക്കുന്നതിനുവേണ്ടി ചെലവഴിക്കേണ്ടിയിരുന്നതുകയും 8 ലക്ഷം രൂപയായിരുന്നു. അതെല്ലാം അയിത്തജാതിക്കാരിൽ നിന്നാണ് ശേഖരിച്ചിരുന്നത്.അങ്ങനെ അന്ന് ജനങ്ങളെ കാർന്നുതിന്നുകൊണ്ടിരുന്ന കരിം പിശാചായിരുന്നു രാജഭരണം. ബ്രാഹ്മണിസത്തിനു വേണ്ടി മാത്രം നിലകൊണ്ട ഭരണമായിരുന്നു അത്. പക്ഷേ അന്നും ഇന്നും പലരും എടുത്തു ഉദ്ധരിക്കാറുള്ളത് “ലോകാ സമസ്താ സുഖിനോ ഭവന്തു ” എന്നാണ്. അന്നത്തെയും ഇന്നത്തെയും ജനങ്ങളെക്കൊണ്ട് അവർ പറയിപ്പിക്കുന്നതും അതുതന്നെയാണ്. സമസ്ത ലോകവും സുഖമായി ഭവിക്കണം എന്ന്.

പക്ഷേ അത് വളരെ പ്രസിദ്ധമായൊരു സംസ്കൃത ശ്ലോകത്തിന്റെ നാലാമത്തെ വരി മാത്രമാണ്. അതിനു മുമ്പുള്ള മൂന്നുവരികളും അതിന്റെ അർത്ഥവും ആരും ഉദ്ധരിച്ചു കാണുന്നില്ല. അതു ഗോപ്യമായി വയ്ക്കാനാണ് എല്ലാ ഭക്തന്മാർക്കും താല്പര്യം.
“സ്വസ്തി പ്രജാഭ്യ പരിപാലയന്ത
ന്യായേണ മാർഗ്ഗേണ മഹിം മഹിശ്ശ:
ഗോ’ബ്രാഹ്മണേദ്യ ശുഭമസ്തു നിത്യം
ലോകാ സമസ്താ സുഖിനോഭവന്തു.” എന്നാണത്.
അതായത്, ‘പ്രജകളെ സന്തോഷമായി പരിപാലിക്കുമ്പോൾ, ഭൂമിയെ ന്യായമായ മാർഗ്ഗത്തിൽ അധിപൻ നോക്കുമ്പോൾ, പശുവിനും, ബ്രാഹ്മണനും നിത്യം സുഖമുണ്ടാകുമ്പോൾ, സമസ്ത ലോകത്തിനും സുഖംഭവിക്കും എന്നാണ്. അതിനാൽ പശുവിന്റേയും ബ്രാഹ്മണന്റേയും സംരക്ഷണമാണ് രാജാവിന്റെയും സർക്കാരിന്റെയും പ്രഥമ കർത്തവ്യം.

വിവേകാനന്ദൻ കണ്ട ഭ്രാന്താലയം സൂക്ഷിപ്പുകാരിൽ പ്രധാനിയായിരുന്നു സ്വാതീതിരുനാൾ. മൃഗങ്ങൾക്കുള്ള അവകാശങ്ങൾ പോലും പ്രജകളായ മനുഷ്യർക്ക് അനുവധിക്കാത്ത കാലമായിരുന്നു അത്. 1924-ൽ സഞ്ചാരസ്വാതന്ത്രത്തിനായി വൈക്കത്ത് സമരം നടന്ന കാര്യം ഓർക്കുക. അതും തൽപ്പരകക്ഷികൾ പരാജയപ്പെടുത്തുകയാണുണ്ടായത്.അങ്ങനെയുള്ള ‘ധർമ്മരാജ്യ’ത്താണ് 1829 മുതൽ 1847 വരെയുള്ള സ്വാതി തിരുനാളിന്റെ ഭരണകാലഘട്ടത്തിൽ ജനക്ഷേമം ലക്ഷ്യമാക്കി ‘വികസനം’ സാധിച്ചു എന്നും, ആ കാലഘട്ടം തിരുവിതാംകൂറിന്റെ സുവർണ്ണകാലഘട്ടമാണെന്നും ചില ചരിത്രകാരന്മാർ എഴുതി വച്ചിരിക്കുന്നത്. അതിനവർ പറയുന്ന ന്യായങ്ങൾ തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിക്കുന്നതിന് അദ്ദേഹം തിരുവനന്തപുരത്ത് ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു, ഒരു നക്ഷത്ര ബംഗ്ലാവുതുറന്നു, തലസ്ഥാന നഗരിയിൽ ഒരു ധർമ്മാശുപത്രിക്ക് രൂപം കൊടുത്തു, ജനോപയോഗപ്രദമായ നിർമ്മാണ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഒരു എഞ്ചിനീയറിംഗ് വകുപ്പ് സ്ഥാപിച്ചു, ഇലസേചന വകുപ്പു ഏർപ്പെടുത്തപ്പെട്ടു, 165 തരം ചെറുകിട ചുങ്കങ്ങൾ നിറുത്തലാക്കി, നിലം,പുരയിടങ്ങളെല്ലാം അളന്നു തിട്ടപ്പെടുത്തി ആദായത്തിന്റെ അടിസ്ഥാനത്തിൽ നികുതിയുടെ തോത് നിശ്ചയിക്കുവാനായി ഒരു റവന്യൂ സർവ്വെ ആരംഭിച്ചു, “… തിളച്ച നെയ്യിൽ കൈമുക്കി കുറ്റം കണ്ടുപിടിക്കുന്ന ‘ശുചീന്ദ്രം കൈമുക്ക് ‘ ശിക്ഷ’നിർത്തലാക്കി, സാക്ഷരതയിലും വിദ്യാഭ്യാസത്തിലും തിരുവിതാംകൂറും പിന്നീട് കേരളവും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിലകൊണ്ടതിന് നാം സ്വാതിതിരുനാളിനോടാണ് കടപ്പെട്ടിരിക്കേണ്ടത് എന്നൊക്കെയാണ്.

സാക്ഷരത എന്നതുകൊണ്ട് അർത്ഥമാക്കുന്നത് രാജ്യത്തെ (സംസ്ഥാനത്തെ) എല്ലാ ജനങ്ങളും അക്ഷരജ്ഞാനമുള്ളവരാകുക എന്നതാണ്. തിരുവിതാംകൂറിലെ ഭൂരിപക്ഷം വരുന്ന അവർണ്ണ ജനതയ്ക്ക് അക്ഷരം പഠിച്ചുകൂടാ എന്ന മനുസ്മൃതി വകുപ്പുകളെ അക്ഷരംപ്രതി പാലിച്ചു പോന്ന രാജാവ് സാക്ഷരതയ്ക്കു വേണ്ടി പ്രയത്നിച്ചു എന്നു പറയുകയും എഴുതി വയ്ക്കുകയും ചെയ്യുന്നതിലെ ചരിത്രം ഗംഭീരമാണ്. ശുചീന്ദ്രം ക്ഷേത്രത്തിലെ കൈമുക്ക് നമ്പൂതിരി സമുദായത്തിന്റെ സത്യപരീക്ഷയായിരുന്നു. സ്മാർത്തവിചാരത്തിന്റെ തുടർച്ചയായിരുന്നു ഇത്. നമ്പൂതിരി സ്ത്രീകളുടെ സദാചാരലംഘനത്തിനുള്ള ശിക്ഷയാണ് ശുചീന്ദ്രം കൈമുക്ക്. അതാണ് സ്വാതി തിരുനാൾ നിർത്തലാക്കിയത്. അവർണ്ണർക്കുമേൽ നടപ്പാക്കിയിരുന്ന ശിക്ഷകൾ അപ്പോഴും നിലനിൽക്കുകയാണ്.അത് അവരുടെ ജാതിയനുസരിച്ചാണ് നടപ്പിലാക്കിയിരുന്നത്. ജാതിയിൽ താഴും തോറും ശിക്ഷ കൂടും. ജാതിയിൽ ഉയരുന്തോറും ശിക്ഷയിൽ കുറവുണ്ടാകും. കഴുവേറ്റൽ, ചിത്രവധം, കെട്ടിത്താഴ്ത്തൽ, ജലപരീക്ഷ, അഗ്നിപരീക്ഷ, വിഷപരീക്ഷ, തൂക്കുപരീക്ഷ, പുലിക്കുട് തുടങ്ങി അവർണർക്കു മേൽ നടത്തിയിരുന്ന ശിക്ഷകൾ സ്വാതിതിരുനാളിന്റെ കാലത്തും അതിനു ശേഷവും ശക്തമായിത്തന്നെ നിലനിന്നിരുന്നു. *

സ്വാതി തിരുനാൾ നക്ഷത്ര ബംഗ്ലാവ് തുറന്നു, ഇംഗ്ലീഷ് സ്ക്കൂൾ സ്ഥാപിച്ചു, ധർമ്മാശുപത്രി തുടങ്ങി എന്നു പറയുമ്പോൾ അതെല്ലാം ആയിത്തത്തിന് വിധേയമായിരുന്നു എന്നു കൂടി ഓർമ്മിക്കണം. അദ്ദേഹം105 തരം ചെറുകിട ചുങ്കങ്ങൾ നിർത്തലാക്കി, നിലംപുരയിടങ്ങളെല്ലാം അളന്ന് തിട്ടപ്പെടുത്തി തെങ്ങുകളിൽ നിന്നും മറ്റു ഫലവൃക്ഷങ്ങളിൽ നിന്നും ആദായത്തിന്റെ അടിസ്ഥാനത്തിൽ നികുതി നിശ്ചയിക്കുക എന്ന പേരിൽ നേരത്തേ ഉണ്ടായിരുന്നതിന്റെ പലമടങ്ങ് വർദ്ധിപ്പിച്ചു നികുതി നിശ്ചയിച്ചു. അത് പിരിച്ചെടുക്കാനാണ് റവന്യു വകുപ്പ് ആരംഭിച്ചത്. അതിന്റെയെല്ലാം ലക്ഷ്യം അവർണ്ണരേയും ദലിതരേയും ഞെക്കിപ്പിഴിയുക എന്നതു മാത്രമായിരുന്നു. അന്ന്സവർണ്ണരാരും കൃഷി ചെയ്യുകയില്ല. മണ്ണിൽ തൊടുന്നത് ഒരു ഹീനകൃത്യമായിട്ടാണ് അവർ പരിഗണിച്ചിരുന്നത്. അതിനാൽ നികുതി വർദ്ധിക്കുമ്പോൾ അതിന്റെ ഭാരം മുഴുവനും ചുമക്കേണ്ടി വരുന്നത് മണ്ണിൽ പണിയെടുക്കുന്ന അവർണ്ണരും അയിത്തക്കാരും അടിമകളുമാണ്. അതിനാൽ അതിനെതിരെ പ്രതിഷേധവും വ്യാപകമായി.വൈകുണ്oസ്വാമികൾ അതിന് നേതൃത്വം കൊടുത്തു.ജനം സർക്കാരിനെതിരെ തിരുവനന്തപുരത്തേയ്ക്കു മാർച്ചു നടത്തി.

ഒന്നേ മുക്കാൽ നൂറ്റാണ്ടു മുൻപ് നായർ – നമ്പൂതിരി ആധിപത്യം നാട് അടക്കി വാഴുന്നകാലത്ത് അവർണ്ണ- അയിത്തജാതിക്കാർ രണ്ടും കല്പിച്ച് രാജാവിനെതിരെ തിരുവനന്തപുരത്തേയ്ക്കു പോകണമെങ്കിൽ നാട്ടിലെ അവരുടെ ജീവിതം എത്ര ദയനീയമായിരിക്കണം? തരിശായി കിടന്ന പുരയിടത്തിൽ ഒരു തെങ്ങോ, പനയോ, പ്ലാവോ നട്ടുപോയാൽ നികുതി ഇരട്ടിയായി. അതു ഫലം തരുന്നോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല. അത് കൃഷിഭൂമിയായി എന്നതാണ് ഉദ്യോഗന്ഥന്മാരുടെ മാനദണ്ഡം ഉദ്യോഗസ്ഥന്മാർ എല്ലാവരും സവർണ്ണരായിരുന്നു. ജനം വലഞ്ഞു.അവസാന മാർഗ്ഗമായി അവർ പ്രക്ഷോഭണം നടത്തി.പിന്നെ മദ്രാസ് ഗവർണ്ണർ ഇടപെട്ടാണ് ജനത്തെ ശാന്തരാക്കിയത്.തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുർഭരണത്തിന്റെ കാലമായിരുന്നു സ്വാതി തിരുനാളിന്റെ ഭരണകാലമായ 1829 മുതൽ 1847 വരെയുള്ള ആ പതിനെട്ടു വർഷം .അക്കാലത്തെപ്പറ്റിയാണ് ചില ചരിത്രകാരന്മാർ സുവർണ്ണകാലം എന്ന് എഴുതിയിരിക്കുന്നത്.

ശരിയാണ്; അതൊരു സുവർണ്ണകാലമായിരുന്നു. ആർക്കാണ് ആ സുവർണ്ണം എന്ന കാര്യത്തിലേ അഭിപ്രായ വ്യത്യാസമുള്ളൂ. തിരുവിതാംകൂറിലെ പത്തുലക്ഷത്തോളം വരുന്ന അന്നത്തെ ജനസംഖ്യയിലെ രണ്ടര ലക്ഷം വരുന്ന ബ്രാഹ്മണ – സവർണ്ണ ജാതികൾക്ക് അതൊരു സുവർണ്ണകാലമായിരുന്നു എന്നതിൽ സംശയമില്ല. ഭക്ഷണം സർക്കാർ ക്ഷേത്രങ്ങളിലെ ഊട്ടുപുരകളിലും ശയനം അവരിലെ തന്നെ നായർ കുടുംബാംഗങ്ങളിലെ പടിഞ്ഞാറ്റയിലുമാകുമ്പോൾ പിന്നെ സുവർണ്ണത്തിന് മറ്റെന്തു വേണം.? ബാക്കി ഏഴരലക്ഷം വരുന്ന ജനങ്ങളെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാത്ത രാജാവിന്റെ ഭരണകാലത്തെയാണ് യാതൊരുളുപ്പുമില്ലാതെ സുവർണ്ണകാലമെന്നു പറയുന്നത് . ‘എന്തൊരു മധുരമനോജ്ഞ കാലം…
സംഗീതത്തിലുള്ള സ്വാതിതിരുനാളിന്റെ ആധികാരികതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു
സംഗീതത്തിലുള്ള സ്വാതിതിരുനാളിന്റെ ആധികാരികതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഊതിവീർപ്പിച്ച ഒരു വ്യക്തിത്വമാണ് സ്വതീതിരുനാളിന്റേത്.സംഗീതരംഗത്തെ ത്രിമൂർത്തികളായ ത്യാഗരാജസ്വാമികളുടേയും, ദീക്ഷിതരുടെയും, ശ്യാമ ശാസ്ത്രികളുടെയും സമശീർഷനായി സ്വാതിതിരുനാളിനെ പ്രതിഷ്ഠിക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. ത്യാഗരാജ സ്വാമികൾ അറുനൂറും ദീക്ഷിതർ നാനൂറും ശ്യാമശാസ്ത്രികൾ അൻപതും കൃതികൾ രചിച്ചിട്ടുണ്ട്. അവയെല്ലാം അവിസ്മരണീയങ്ങളായിട്ടാണ് നിലകൊള്ളുന്നത്. അതേ സമയം ക്രിക്കറ്റിൽ റണ്ണുകൾ വാരിക്കൂട്ടുന്നതു പോലെ സ്വാതിതിരുനാളിന്റെ കൃതികൾ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു…. മറ്റ് സംഗീതജ്ഞാനികൾ കഥാവശേഷനായ ശേഷം അവരുടെ കൃതികളൊന്നും പുറത്തു വന്നില്ല.എന്നാൽ സ്വാതിതിരുനാൾ കൃതികൾ നിർമ്മിക്കുന്ന ഫാക്ടറി ഇപ്പോഴും സജീവമാണ്.

സ്വാതി തിരുനാൾ കൃതികൾ അദ്ദേഹത്തിന്റേതല്ലെന്ന് തമിഴ്നാട്ടിലെ ഒരു വീണ വിദ്വാൻ കുറച്ചുകാലം മുമ്പ് തിരുവനന്തപുരത്ത് വന്നു പറഞ്ഞത് വിവാദമായിരുന്നു. 33 വയസ്സിൽ മരണമടഞ്ഞ സ്വാതി തിരുനാൾ കുട്ടിക്കാലത്തു തന്നെ നിരവധി ഭാഷയിൽ കൃതികൾ എഴുതിയെന്നു പറയുന്നതിൽ ദുരൂഹതയുണ്ട്. അക്കാലത്ത് തിരുവിതാംകൂറിന് പുറത്തുള്ള വ്യത്യസ്ത ഭാഷ പ്രദേശങ്ങളിലെ പ്രശസ്തരായ സംഗീതജ്ഞന്മാരും എഴുത്തുകാരും സ്വാതി തിരുനാളിന്റെ രാജസദസിലുണ്ടായിരുന്നു. തഞ്ചാവൂർ നാൽവർ എന്ന പേരിലറിയപ്പെടുന്ന വടിവേലു, ചിന്നയ്യാ, പൊന്നയ്യ, ശിവാനന്ദ എന്നിവരുടെ കീർത്തനങ്ങൾ കുലുശേഖരപെരുമാൾ കീർത്തനങ്ങൾ എന്ന പേരിലാണ് പ്രസിദ്ധപ്പെടുത്തിയിരുന്നത്. അവർ സ്വാതിതിരുനാളിന്റെ സദസ്സിലെ അംഗങ്ങളായിരുന്നു. ഇന്ന് അവരുടെ കൃതികളാണ് സ്വാതിതിരുനാളിന്റേതായി അറിയപ്പെടുന്നത് എന്നാണ് ആരോപണം.

വീണവിദ്വാൻ എസ്.ബാലചന്ദർ 1982 ഒക്ടോബർ 14 ാം തിയതിയിലെ തമിഴ് വാരികയായ കുമുദം വാരികയിൽ സ്വാതിതിരുനാളിന്റെ പേരിൽ അറിയപ്പെടുന്ന കൃതികളിൽ ഭൂരിപക്ഷവും അദ്ദേഹത്തിന്റേതല്ലെന്ന് എഴുതുകയുണ്ടായി. സംഗീത ഗ്രന്ഥങ്ങളും, ആകാശവാണി നിലയങ്ങളും, ചില ലേഖകന്മാരും ചേർന്ന് സ്വാതിതിരുനാളിനെ വലിയൊരാളാക്കി തീർത്തിരിക്കുകയാണെന്ന് അദ്ദേഹം പരാതിപ്പെട്ടു. മദ്രാസ് മ്യൂസിക്ക് അക്കാഡമി ഹാളിൽ സ്വാതിതിരുനാളിന്റെ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നതിലുള്ള കൊടിയ അസഹിഷ്ണുതയും ബാലചന്ദർ തന്റെ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധ സംഗീതജ്ഞനായ ശെമ്മാങ്കുടി ശ്രീനിവാസയ്യർ എഴുതി കേന്ദ്ര സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള നാഷണൽ ബുക്ക് ട്രസ്റ്റ്ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ‘മഹാരാജ സ്വാതി തിരുനാൾ’ എന്ന ഗ്രന്ഥം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാലചന്ദർ മദ്രാസ് ഹൈക്കോടതിയിൽ ഒരു റിട്ട് ഹർജിയും സമർപ്പിച്ചു.

ഒരു വ്യാഴവട്ടക്കാലത്തിന് മുമ്പ് മദ്രാസിൽ ചേർന്ന ഒരു സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടു വയലാർ രാമവർമ്മ ഈ വാദഗതി ഉന്നയിച്ചിരുന്നു. അദ്ദേഹം അന്തരിക്കുന്നതിനും ഏതാനും ദിവസം മുമ്പ്, 1975 ഒക്ടോബർ 20ാം തിയതി ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽ ചെയ്ത പ്രസംഗത്തിൽ സ്വാതി തിരുനാളിന്റേതായി അറിയപ്പെടുന്ന കൃതികളൊക്കെ രചിച്ചത് ‘ഷട്കാല ഗോവിന്ദമാരാ’രാണെന്ന് അദ്ദേഹം അവിടെ പറഞ്ഞിരുന്നു.

അങ്ങനെ മറ്റു പല പണ്ഡിതരുടേയും കൃതികളെടുത്ത് പാട്ടും നൃത്തവുമായി ആനന്ദലഹരിയിൽ ആറാടിയപ്പോൾ അവർണ്ണജനത ഒന്നാം തമ്പുരാന്റേയും ആറാം തമ്പുരാന്റേയും മറ്റും ക്രൂരമായ പീഡനങ്ങൾക്ക് വിധേയരായി നിന്ദ്യമായ അടിമത്തം അനുഭവിക്കുകയായിരുന്നു. അതു കൊണ്ടാണ് വൈകുണ്o സ്വാമികൾ സ്വാതിയെ അനന്തപുരിനീചൻ എന്ന് വിളിച്ചത്. എങ്കിലും പലർക്കും സ്വാതിതിരുനാൾ ഇന്നും ശാസ്ത്രീയ സംഗീത സാമ്രാട്ടാണ്. പക്ഷേ അവർണ്ണജാതിക്കാരുടെ കുലദ്രോഹി കൂടിയാണ് അദ്ദേഹം എന്ന സത്യം അവർ അറിയുന്നില്ല. അഥവാ അറിഞ്ഞിട്ടും അറിഞ്ഞു കൂടാ എന്ന് അഭിനയിക്കുന്നു.
ചാതുർവർണ്യ ശക്തികളുടെ കൂടാരമായിരുന്ന ധർമ്മ രാജ്യം
ചാതുർവർണ്യ ശക്തികളുടെ കൂടാരമായിരുന്ന തിരുവിതാംകൂറിലായിരുന്നു ഇന്ത്യയിൽ ജാതിവ്യവസ്ഥ ഏറ്റവും ഭീകരമായും ക്രൂരമായും നടപ്പാക്കിയിരുന്ന രാജ്യം. ഉത്തരേന്ത്യയിൽ അയിത്തജാതിക്കാരായി മുദ്രകുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്ര്യമെങ്കിലുമുണ്ടായിരുന്നു. അവർ മുതുകിൽ ഒരു ചൂല് കെട്ടിയിട്ടിരുന്നാൽ മതി. പോകുന്നവഴി വൃത്തിയാക്കിക്കൊണ്ട് പൊയ് ക്കൊളളുമെന്നാണ് പ്രജാക്ഷേമതൽപ്പരരായ അവിടുത്തെ പൊന്നുതമ്പുരാക്കന്മാർ വിശ്വസിച്ചിരുന്നത്. വായിൽ നിന്ന് തുപ്പൽ താഴെ വീഴാതിരിക്കാൻ താടിയോടു ചേർത്ത് ഒരു പാത്രവും (ചിരട്ടപോലെയുള്ള ) കെട്ടിയിരുന്നാൽ ‘ആർഷഭാരത’ത്തിൽ സഞ്ചരിക്കാമായിരുന്നു. എന്നാൽ ‘ധർമ്മരാജ്യ’ത്ത് അതു പോലും അനുവദിച്ചിരുന്നില്ല. മുലക്കരവും തലക്കരവും അവർണ്ണ ജനതയിൽ നിന്ന് വാങ്ങി ഖജനാവ് നിറച്ചിരുന്ന കാലമായിരുന്നു സ്വാതി തിരുനാൾ ഉൾപ്പെടെയുള്ളവർ ഭരിച്ച ധർമ്മരാജ്യത്ത്. എന്നാൽ ചരിത്രകാരന്മാർ, പ്രത്യേകിച്ചും ഔദ്യോഗിക ചരിത്രകാരന്മാർ ആ കാലഘട്ടത്തെ തിരുവിതാംകൂറിന്റെ സുവർണ്ണകാലമെന്നാണ് വിളിക്കുകയും എഴുതുകയും വിദ്യാലയങ്ങളിൽ പഠിപ്പിക്കുകയും ചെയ്യുന്നത്. അങ്ങനെയുള്ള കള്ളന്മാരുടെയും കൊള്ളക്കാരുടെയും നാടായി ഈ രാജ്യം അധഃപതിച്ചിരിക്കുന്നു. ചരിത്ര സത്യങ്ങളുടെ പിൻബലത്തോടെ അതിന്റെ പിന്നിലെ നിക്ഷിപ്ത താൽപര്യക്കാരെ നാം കണ്ടെത്തേണ്ടതുണ്ട് .
‘അനന്തപുരി നീചൻ’ എന്ന സ്ഥാനത്തിന് കൂടുതലാളുകൾ അർഹത നേടുന്നത് ഭൂഷണമല്ല.!!

അവലംബം :-
വേലായുധൻ പണിക്കശ്ശേരി
ഡോ.എം.എസ്.ജയപ്രകാശ്