2006 ൽ ഇറങ്ങിയ സുരേഷ് ഗോപി ചിത്രമായിരുന്നു ചിന്താമണി കൊലക്കേസ്. ഈ ചിത്രം വൻ ഹിറ്റായിരുന്നു . ലാൽ കൃഷ്ണ എന്ന അഡ്വക്കേറ്റിന്റെ വേഷം സുരേഷ് ഗോപി ഗംഭീരമായി തന്നെ ചെയ്തിരുന്നു. തിന്മയുടെ ശക്തികൾക്ക് അനുകൂലമായി നിലകൊള്ളുകയും എന്നാൽ രഹസ്യമായി അവരെ തന്നെ നശിപ്പിക്കുകയും ചെയുന്ന കഥാനായകൻ അതുവരെയുള്ള നായകന്മാരിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. ഇപ്പോൾ പുതിയൊരു വിവാദത്തിനു തുടക്കമിട്ടുകൊണ്ടു സാഹിത്യകാരി റോസ്മേരിയുടെ ചില വെളിപ്പെടുത്തലുകൾ മാധ്യമങ്ങൾ ഏറ്റുപിടിച്ചിരിക്കുകയാണ്. സംസ്ഥാന അവാർഡുകളിൽ നിന്നും തന്നെ തഴയുന്നത് ഒരു പതിവാണെന്ന് സുരേഷ് ഗോപി ഈയിടെ തുറന്നടിച്ചിരുന്നു. 2006 ൽ ഇറങ്ങിയ സിനിമകൾ അവാർഡിനായി പരിഗണിക്കുമ്പോൾ സുരേഷ് ഗോപിയെ തഴയുകയും അവാർഡ് വാസ്തവത്തില് അഭിനയത്തിന് പൃഥ്വിരാജിന് കൊടുക്കുകയും ചെയ്തു എന്നാണു സുരേഷ് ഗോപിയുടെ അഭിപ്രായം
ഈ അഭിപ്രായത്തിനു കാരണമായി അദ്ദേഹം പറയുന്നത് അന്നത്തെ അവാർഡ് കമ്മിറ്റിയിൽ റോസ് മേരിയും ഉണ്ടായിരുന്നു എന്നും റോസ് മേരി തനിക്ക് അവാർഡ് നൽകണമെന്നു വാദിച്ചിരുന്നു എന്നും എന്നാൽ സുരേഷ് ഗോപിയെയും പുലിജന്മത്തിലെ അഭിനയത്തിന് മുരളിയേയും കറുത്ത പക്ഷികളിലെ അഭിനയത്തിന് മമ്മൂട്ടിയെയും അവഗണിച്ചുകൊണ്ടാണ് വാസ്തവത്തിലെ അഭിനയത്തിന് പൃഥ്വിരാജിനു അവാർഡ് കൊടുത്തത് എന്നാണു സുരേഷ് ഗോപി പറയുന്നത്. ഇക്കാര്യം റോസ്മേരിയും തുറന്നു പറയുന്നുണ്ട്. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് റോസ് മേരി സുരേഷ് ഗോപിയുടെ അഭിപ്രായത്തെ ശരിവെച്ചത്. അന്ന് കമ്മിറ്റിയിൽ നടന്ന സംഭവങ്ങൾ സുരേഷ് ഗോപി അറിഞ്ഞിരുന്നു. അത് റോസ്മേരിയോട് പിൽക്കാലത്തു സുരേഷ് ഗോപി സംസാരിച്ചിട്ടുമുണ്ട്. ഈ വിഷയത്തെ കുറിച്ച് റോസ് മേരി പറയുന്നതിങ്ങനെ .
‘2006ൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്ക് അവാർഡ് നിർണയിക്കാൻ രൂപീകരിച്ച ജൂറിയിൽ ഞാൻ അംഗമായിരുന്നു. മികച്ച നടനുള്ള അവസാന വട്ട മത്സരത്തിൽ സുരേഷ് ഗോപിയും മുരളിയുമുണ്ടായിരുന്നു. ‘ചിന്താമണി കൊലക്കേസാ’യിരുന്നു സുരേഷ്ഗോപിയുടെ സിനിമ. റാഗിങ്ങിന് ഇരയായി കൊല്ലപ്പെടുന്ന പെൺകുട്ടിക്കു വേണ്ടി സ്വയം നീതി നടപ്പാക്കാനിറങ്ങിയ ലാൽ കൃഷ്ണ എന്ന ക്രിമിനൽ അഭിഭാഷകന്റെ വേഷമായിരുന്നു സുരേഷ് ഗോപിക്ക്. പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘പുലിജന്മം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണു മുരളി പരിഗണിക്കപ്പെട്ടത്.ഇവരിൽ ഒരാൾക്കു മികച്ച നടനുള്ള പുരസ്കാരം നൽകണമെന്ന അഭിപ്രായമായിരുന്നു എന്റേത്. അതിനായി ഞാൻ ശക്തമായി വാദിക്കുകയും ചെയ്തു. ഞാൻ ഒരു സുരേഷ് ഗോപി ആരാധികയല്ല. എന്നാൽ ഈ ചിത്രത്തിൽ ആ കഥാപാത്രത്തെ വളരെ അനായാസവും സ്വാഭാവികവുമായി സുരേഷ്ഗോപി അഭിനയിച്ചു ഫലിപ്പിച്ചു. അത്രയും സങ്കീർണമായ കഥാപാത്രത്തെ കയ്യടക്കത്തോടെ തന്നെ അവതരിപ്പിച്ചു. എന്നാൽ സുരേഷ് ഗോപി വാണിജ്യ സിനിമയിലെ നടനാണെന്നു ജൂറിയിലെ പ്രധാനി അഭിപ്രായപ്പെട്ടു.
എങ്കിൽ മുരളിക്കു നൽകിക്കൂടേ എന്നു ചോദിച്ചെങ്കിലും മുരളിക്കും നൽകിയില്ല. കറുത്ത പക്ഷികളിലെ അഭിനയത്തിനു മമ്മൂട്ടിയും മത്സര രംഗത്തുണ്ടായിരുന്നു. പ്രായമായവരെയല്ല, ചെറുപ്പക്കാരെയാണു പരിഗണിക്കേണ്ടതെന്ന എതിർവാദമാണ് ഉന്നയിക്കപ്പെട്ടത്. ‘വാസ്തവ’ത്തിലെ അഭിനയത്തിനു പൃഥ്വിരാജിനാണ് അക്കുറി അവാർഡ് ലഭിച്ചത്.പൃഥ്വിരാജും നല്ല നടൻ തന്നെയാണ്. ജൂറി അംഗങ്ങൾക്ക് ഓരോരുത്തർക്കും പല അഭിപ്രായവുമുണ്ടാകാം. എന്റെ അഭിപ്രായം ഞാൻ പറഞ്ഞെന്നു മാത്രം. എന്നാൽ ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് അംഗീകരിക്കപ്പെടേണ്ടത് എന്ന ജൂറി എത്തിക്സിൽ ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട്, കൂടുതൽ കാര്യങ്ങൾ പറഞ്ഞൊരു വിവാദത്തിനില്ല. ചലച്ചിത്ര അവാർഡ് നിർണയ സമിതിയെ ആരെങ്കിലും പുറത്തുനിന്നു സ്വാധീനിക്കാറുണ്ട് എന്ന് എന്റെ അനുഭവത്തിൽ എനിക്കു തോന്നിയിട്ടില്ല. അതിനുള്ളിലുള്ളവരാണു തീരുമാനങ്ങളെടുക്കുക” റോസ് മേരി പറഞ്ഞു .