തൊണ്ണൂറു ശതമാനം വരുന്ന ഠാക്കൂർമാരെ പിണക്കാതെ ഒരു ശതമാനമുള്ള വാല്മീകിക പെണ്ണിന്റെ ജീവനും മാനവും ജഡവും കത്തിച്ചു കളഞ്ഞു

201

Suresh K

ഹത്രാസ് ജില്ലയിലെ ബൂൽഗാഡി വില്ലേജിൽ ഭൂരിപക്ഷം ഠാക്കൂർമാരും പണ്ഡിറ്റുമാരുമാണ്. വെറും ഒരു ശതമാനമാണ് വാത്മീകികൾ.ഒരു ഠാക്കൂർ അല്ലെങ്കിൽ പണ്ഡിറ്റ് പെണ്ണിനെ ആരെങ്കിലും തൊട്ടാൽ തൊട്ടവന്റെ കുടൽമാല അടുത്ത നിമിഷം കഴുകൻ തിന്നും. ഒരു വാല്മീകി പെണ്ണിനെ ആരെങ്കിലും തൊട്ടാൽ അത് കഴിഞ്ഞു അവളെ കഴുകൻ തിന്നും.ഇതാണ് ജാതി.

ഹത്രാസ് കേസിൽ നാല് ഠാക്കൂർമാർ ആണ് അക്ക്യൂസ്ഡ്. സന്ദീപ്, അയാളുടെ അമ്മാവൻ രവി, ലവ്കുഷ്, രാമു. ഈ നാലുപേരാണ് ഇപ്പോൾ പ്രതിപ്പട്ടികയിലുള്ളത്. ഇവരൊന്നും ഒരു ഗവണ്മെന്റിനെ നിയന്ത്രിക്കാനുള്ള ശേഷിയുള്ളവരല്ല. പക്ഷെ ഇവർ ഠാക്കൂർമാർ ആണ്, മരിച്ചത് ഒരു വാല്മീകിയാണ്. തൊണ്ണൂറു ശതമാനം വരുന്ന ഠാക്കൂർമാരെ പിണക്കാൻ കഴിയാത്ത ഗവണ്മെന്റ് വെറും ഒരു ശതമാനം മാത്രമുള്ള വാല്മീകികളുടെ ഒരു പെണ്ണിന്റെ ജീവനും മാനവും ജഡവും എല്ലാം കത്തിച്ചു കളഞ്ഞു.
ഏറ്റവും ലളിതമായ രാഷ്ട്രതന്ത്രമാണ് ഇത്.

ഇന്ന് ബൂൽഗാഡി വില്ലേജിൽ ഠാക്കൂർമാരുടെ ഒരു പ്രതിഷേധം കൂടി ഉണ്ടായിരുന്നു കേട്ടോ. കൊലപാതകികളെ രക്ഷിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. കത്വ കേസ് ഓർമ വരുന്നില്ലേ?
കാവിയുടുത്ത ഒരു ഗവണ്മെന്റിനു ഇഗ്നോർ ചെയ്യാവുന്ന കാര്യമാണോ ഈ ഭൂരിപക്ഷക്കാരായ ഠാക്കൂർമാരുടെ രോഷം?

ദലിതർക്കെതിരെയുള്ള ആക്രമണങ്ങളിൽ രോഷം കൊള്ളുന്ന കേരളത്തിലെ ചില ബുജികൾ സാധാരണയായി പറയുന്ന ഒരു മണ്ടത്തരമുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ദളിതരെ ന്യൂനപക്ഷം വരുന്ന സവർണ്ണർ ഭരിക്കുന്നുവെന്ന്.മണ്ടത്തരമാണ് സാർ. നിങ്ങൾ ഡാറ്റ എടുത്ത് നോക്കൂ. ദളിതർ ഇന്ത്യയിൽ ന്യൂനപക്ഷമാണ്, അത് മാത്രമല്ല അവർ പൊലീസല്ല, മജിസ്ട്രേട്ടല്ല, ഹെഡ്‌മാസ്റ്ററല്ല, പഞ്ചായത്ത് ക്ലർക്ക് പോലുമല്ല, സഫേദാർ കരംചാരി വിഭാഗത്തിലാണ് അൽപ്പമെങ്കിലും ഇവരെ കാണാനാവുന്നത്.

ഭൂമിയിലെ ഏറ്റവും ദുർബലരായ മനുഷ്യരാണ് ഇന്ത്യയിലെ ദളിതർ.മനീഷ വാല്മീകിയുടെ ദുരവസ്ഥ കേൾക്കുമ്പോൾ നിങ്ങൾ രോഷം കൊള്ളുന്നു അല്ലെ?സാർ, നിങ്ങളറിയാതെ ഒരുപാട് മനീഷമാർ കരിമ്പ് പാടങ്ങളിലും കടുക് പാടങ്ങളിലും പിടഞ്ഞു വീണിട്ടുണ്ട്.പരാതി സ്വീകരിക്കുന്ന അധികാരികൾ, അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ഇവരൊന്നും മരിച്ചവരുടെ ജാതി അല്ല സാർ.മുപ്പതു വർഷം മുൻപ് ഇവരുടെ നാട്ടിൽ ബസുകയറി മുട്ടിനു താഴെ ചതഞ്ഞ ഒരുത്തൻ കിടന്ന കിടപ്പിൽ അൽപ്പം വെള്ളം ചോദിച്ചപ്പോൾ അവന്റെ ജാതി ഏതാണെന്നു അറിയാതെ വെള്ളം കൊടുക്കുന്നതെങ്ങിനെ എന്ന് ശങ്കിച്ച ഒരു വഴിയോര കച്ചവടക്കാരനെ കണ്ടിട്ടുണ്ട് ഞാൻ. കാലൊടിഞ്ഞവൻ ബ്രാഹ്മണൻ ആണെന്നറിഞ്ഞപ്പോൾ ലോട്ട അശുദ്ധമായില്ലല്ലോ എന്ന് ആശ്വസിക്കുകയായിരുന്നു അയാൾ.ഈ പരിപാടികളുടെയൊക്കെ വിളനിലമാണ് യൂപി. ഇപ്പോൾ ഇവരുടെയൊക്കെ മേശിരിയാണ് യോഗി.