ശശീ തരൂർ വല്ല അകാലിദളിലോ ആളില്ലാ ആർഎസ്പിയിലോ ചേർന്നാൽ പോലും ഇതിനേക്കാൾ അന്തസായി നടക്കാം

98

Suresh K

പത്ത് മുപ്പത് കൊല്ലം മുൻപ് ഞാൻ വിശ്വസിച്ചിരുന്നത് ഗാന്ധിയാണ് കോൺഗ്രസിന് ഏറ്റവും വലിയ പാര എന്നായിരുന്നു. ഗാന്ധിസം കോൺഗ്രസിന് ഫോളോ ചെയ്യാൻ പറ്റാത്ത എന്തോ വലിയ സംഭവമാണ് എന്നും അന്ന് കരുതിയിരുന്നു. പിന്നീട് മനസിലായി ഗാന്ധിയാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ മൂലധനം. ഇസത്തെ പറ്റി വലുതായൊന്നും ചിന്തിക്കേണ്ട, ഖദറിട്ടു നടന്നാൽ മതി, രഘുപതി രാഘവ രാജാറാം പോലെ സ്റ്റേജ് ഷോ ആയി കാണിക്കാൻ ഇഷ്ടംപോലെ ഐറ്റങ്ങളുണ്ട്. ഈ ഷോയല്ലാതെ കാര്യങ്ങളൊന്നും പ്രാവർത്തികമാക്കാൻ മെനെക്കെടേണ്ട കാര്യവുമില്ല. ഖദറുമിട്ടു ഷേവും ചെയ്തു നടന്നാൽ ഏതു മണ്ടൻ കോൺഗ്രസുകാരനും മിനിമം ആദരവ് ഗ്യാരണ്ടിയാണ്. മുത്തുവെന്ന രണ്ടക്ഷരം എഴുതിയാൽ മൂന്നു തെറ്റെങ്കിലും വരുത്താത്ത കോൺഗ്രസുകാർ നാട്ടിൽ അപൂർവ്വമാണെങ്കിലും അവരൊക്കെ നേതാവും മന്ത്രിയും എമ്പിയും പ്രസിഡണ്ടുമൊക്കെയാവും.
ശരിക്കും കോൺഗ്രസിന് പാര ഗാന്ധിയല്ല, നെഹ്രുവാണ്.നെഹ്‌റു മരിച്ചതോടെയാണ് കോൺഗ്രസുകാർക്ക് ഒരാശ്വാസമായതെന്നാണ് എനിക്ക് തോന്നുന്നത്. മകളെ നേതാവാക്കി ആ ലെഗസി ഈസിയായങ്ങു കൈപ്പിടിയിലാക്കി. മകൾ തോന്നിയപോലെ ഭരിച്ചു, ആരുമൊന്നും ചോദിച്ചില്ല.ആ മകൾ മരിച്ചപ്പോൾ രാഷ്ട്രീയത്തിലിറങ്ങാൻ അതുവരെ യാതൊരു താൽപ്പര്യവും കാണിക്കാതിരുന്ന മൂത്തമകനെ അവകാശിയാക്കി. ആ മകൻ മരിച്ചപ്പോൾ രാഷ്ട്രീയത്തിലേക്ക് ഒരിക്കലുമില്ല എന്ന് പറഞ്ഞു ഒതുങ്ങി വീട്ടിൽ കഴിഞ്ഞിരുന്ന ഭാര്യയെ നിർബന്ധിച്ചു നേതാവാക്കി. ഇപ്പോൾ അവരുടെ പ്രായമായെങ്കിലും മൂപ്പു തികയാത്ത മക്കളെ നേതാവാക്കി നിർത്തുന്നു.നെഹ്‌റു ഫാമിലിയുടെ ലെഗസി, അതോടൊപ്പം അൽപ്പ ബുദ്ധികളും പരിമിത വിഭവരുമായ നേതാക്കന്മാരുടെ വിവരദോഷങ്ങളെ ചോദ്യം ചെയ്യാനും നിയന്ത്രിക്കാനുമുള്ള കഴിവില്ലായ്മ, ഇതാണ് ഇന്ന് ഒരു കോൺഗ്രസ് നേതൃത്വത്തിൽ നിന്നും ഒരു ശരാശരി കോൺഗ്രസുകാരൻ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും.കോൺഗ്രസിന്റെ പതനം ഇനി കാണാൻ പോകുന്നതേയുള്ളൂ. ഇപ്പോൾ ബി.ജെ.പി കോൺഗ്രസ് എമ്മെല്ലെമാർക്ക് ഒരു ന്യായമായ വില കൊടുക്കുന്നുണ്ട്, നാലഞ്ചു കൊല്ലം കഴിഞ്ഞാൽ ഇവരൊക്കെ ബീജേപ്പിയിൽ ചേരാൻ അങ്ങോട്ട് കാശുമായി ക്യൂ നിൽക്കുന്നത് കാണേണ്ടിവരും.അതിനു മുൻപ് ശശീ തരൂർ വല്ല അകാലിദളിലോ ആളില്ലാ ആർഎസ്പിയിലോ പോയി ചേർന്നാൽ പോലും ഇതിനേക്കാൾ അന്തസായി നടക്കാം.