ഒരേ കുറ്റത്തിന് മുസ്ലീമിന് പിഴ 35000 രൂപ, ഹിന്ദുവിന് 500 രൂപയും !

0
1309
Suresh kodoor എഴുതുന്നു
ഒരേ കുറ്റത്തിന് മുസ്ലീമിന് പിഴ 35000 രൂപ, ഹിന്ദുവിന് 500 രൂപയും!
‍‍
മനുഷ്യരെ ഹിന്ദു എന്നും അല്ലാത്തവർ എന്നും തരംതിരിക്കുന്ന സംഘി വെറുപ്പ്‌ ആദ്യമായി മറനീക്കി നിയമരൂപത്തിൽ പ്രത്യക്ഷപ്പെട്ടത് പൌരത്വ ഭേദഗതി നിയമത്തിലൂടെ ആണെന്ന് കരുതിയെങ്കിൽ തെറ്റി. വിഭജനത്തിന്റെ മോദിവിഷം ബി.ജെ.പി അധികാരമേറ്റ 2014 മുതൽ തന്നെ നിയമഭേദഗതികളുടെ രൂപത്തിൽ വ്യാപിക്കാ൯ തുടങ്ങിയിരുന്നു. മുസ്ലീംകളെ രണ്ടാംതരം പൌരന്മാരാക്കാനുള്ള ശ്രമങ്ങളുടെ പാരമ്യമാണ് ഇപ്പോൾ സി.എ.എ.യിലൂടെ പുറത്ത് വന്നിരിക്കുന്നത് എന്ന് മാത്രം. പൌരത്വത്തിന്റെ കാര്യത്തിൽ മാത്രമല്ല ഈ ഹിന്ദു-മുസ്ലീം വേർതി്രിവ്. പൌരത്വ ഭേദഗതി നിയമത്തിനും മു൯പ് തന്നെ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അത് റിസർവ് ബാങ്ക് നിയമങ്ങളിലും, വിസാ ചട്ടങ്ങളിലും ഒക്കെ നുഴഞ്ഞു കയറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യ ഹിന്ദുവിന്റെതാണ് എന്ന് ഒരു സംശയത്തിനും ഇടനല്കാത്തവിധം സ്ഥാപിച്ചെടുക്കുന്നതിനുള്ള പുതിയ നിയമങ്ങൾ എല്ലാ മേഖലകളിലും പ്രയോഗത്തിൽ വരുത്താനുള്ള വളരെ ആസൂത്രിതമായ ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
2019 ആദ്യത്തിൽ ഇന്ത്യ൯ വിദേശകാര്യ മന്ത്രാലയം വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കു ചുമത്തുന്ന പിഴയെ സംബന്ധിച്ച് ചില പുതിയ മാർഗ നിർദേശങ്ങൾ നടപ്പിലാക്കുകയുണ്ടായി. ബംഗ്ലാദേശ്, പാക്കിസ്ഥാ൯, അഫ്ഗാനിസ്ഥാ൯ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വരുന്ന സന്ദർശകർ വിസയുടെ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ താമസിച്ചാൽ ഒടുക്കേണ്ടുന്ന പിഴയുടെ കാര്യത്തെ സംബന്ധിച്ച നിയമങ്ങളിലാണ് ഭേദഗതി ഉണ്ടായത്. എഫ്.ആർ.ആർ.ഒ.യുടെ (Foreigner Regional Registration Office) പുതിയ നിയമമനുസരിച്ച് വിസയുടെ കാലാവധി കഴിഞ്ഞും രണ്ട് വർഷത്തിൽ കൂടുതലായി രാജ്യത്ത് തുടരുന്ന സന്ദർശകർ ഈ മൂന്ന് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ (മുസ്ലീം ഇതര) വിഭാഗങ്ങളിൽ പെട്ടവരാണെങ്കിൽ അവർ അടക്കേണ്ട പിഴ 500 രൂപയും (penalty for overstay), അവർ മുസ്ലീം മതവിഭാഗക്കാരാണെങ്കിൽ പിഴ 35000 രൂപയും (500 യു.എസ്. ഡോളർ) ആണ്! അതായത് മുസ്ലീം ആയതുകൊണ്ട് മാത്രം ഒരാൾ ഒരേ കുറ്റത്തിന് ഹിന്ദുവായ തന്റെ ‘സഹ കുറ്റവാളി’യേക്കാൾ എത്രയോ മടങ്ങ്‌ ഉയർന്ന പിഴ അടക്കണം എന്നര്ത്ഥം. വിസ തീര്ന്ന് മൂന്ന് മാസത്തിൽ കുറവെ ആയിട്ടുള്ളൂ എങ്കിൽ ഹിന്ദുവിന് 100 രൂപ പിഴയായി അടച്ചാൽ മതി. മുസ്ലീം ആണെങ്കിൽ അയാൾ അടക്കേണ്ടത് 21000 രൂപയും! അതിലും വിചിത്രമായിട്ടുള്ള സംഗതി FRROയുടെ നിര്ദേശത്തിൽ മേൽ പറഞ്ഞ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുവിന് (മറ്റ് മുസ്ലീം-ഇതര ന്യൂനപക്ഷ വിഭാഗങ്ങള്ക്കും) പിഴ എത്രയാണെന്ന് പറഞ്ഞിരിക്കുന്നത് ഇന്ത്യ൯ രൂപയിലാണ്. ഹിന്ദുക്കളല്ലാത്തവര്ക്ക് ഇത് അമേരിക്ക൯ ഡോളറിലും! രണ്ടു വിഭാഗവും ഇവിടെ വിദേശ പൌരന്മാർ ആണെന്ന് ഓര്ക്കണം. ഇന്ത്യ ഹിന്ദുവിന്റേതാണ് എന്ന് സ്ഥാപിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ഏതളവുവരെ എത്തിയിരിക്കുന്നു എന്ന് നമ്മെ ശരിക്കും ഞെട്ടിപ്പിക്കും. ഇത് തന്നെയാണ് പൌരത്വ ഭേദഗതി നിയമത്തിന്റെയും ലക്‌ഷ്യം. ലോകത്തുള്ള സകല ഹിന്ദുക്കള്ക്കും അഭയം നല്കുന്ന ഒരു ഹിന്ദു തിയോക്രാറ്റിക് രാജ്യമാക്കി ഇന്ത്യയെ മാറ്റുക എന്നത് തന്നെ അതിന്റെ ആത്യന്തിക ഉദ്ദേശം. ബാക്കിയുള്ള എല്ലാവരും ഇന്ത്യക്കാരല്ലെന്ന് ഒളിഞ്ഞും തെളിഞ്ഞും പ്രഖ്യാപിക്കുകയും നിയമപരമായി തന്നെ അത് നടപ്പിലാക്കാ൯ ശ്രമിക്കുകയുമാണ് സംഘ പരിവാര്. പുറത്ത് ആര്.എസ.എസ് പരിവാരങ്ങൾ മുസ്ലീം വിദ്വേഷത്തിന്റെ വിഷം കലര്ത്തി ജനങ്ങളെ തമ്മിലടുപ്പിക്കുമ്പോൾ അവരുടെ സര്ക്കാർ ആ വംശീയ വിഭജനത്തിന് നിയമങ്ങളിലൂടെ സാധുത നല്കാനുള്ള തിരക്കിലാണ്.
2018 മാര്ച്ചിൽ റിസർവ് ബാങ്ക് ഇന്ത്യയിൽ സ്വത്ത് വാങ്ങുന്നതിനും വില്ക്കുന്നതിനുമുള്ള നിയമങ്ങളിൽ ഭേദഗതികൾ വരുത്തുകയുണ്ടായി. ഭേദഗതി വരുത്തുന്നതിന് മു൯പുള്ള നിയമമനുസരിച്ച് ബംഗ്ലാദേശ്, പാക്കിസ്ഥാ൯, അഫ്ഗാനിസ്ഥാ൯ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ വന്ന് ദീര്ഘകാല വിസയിൽ (LTV – Long Term Visa) താമസിക്കുന്നവര്ക്ക് ഇവിടെ ഭൂമിയോ വീടോ സ്ഥലമോ ഒക്കെ വാങ്ങുന്നതിന് റിസർവ് ബാങ്കിന്റെ പ്രത്യേക അനുവാദം വാങ്ങേണ്ടതുണ്ടായിരുന്നു. ചില രാജ്യങ്ങളിൽ നിന്നുള്ളവര്ക്ക് സ്വത്ത് വാങ്ങുന്നതിന് വിലക്കും ഉണ്ട്. പുതിയ ഭേദഗതി ബംഗ്ലാദേശ്, പാക്കിസ്ഥാ൯, അഫ്ഗാനിസ്ഥാ൯ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിക്ക്, ബുദ്ധിസ്റ്റ്, ജെയി൯, പാര്സി, ക്രിസ്ത്യ൯ വിഭാഗങ്ങളിൽ പെട്ടവര്ക്ക് (ദീര്ഘകാല വിസയിൽ താമസിക്കുന്നവര്) സ്വത്ത് വാങ്ങാനുള്ള അധികാരം നല്കുന്നു. ഇവിടെയും മുസ്ലീം വിഭാഗക്കാര് കൃത്യമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു. അതുപോലെ 2018 നവംബറിൽ റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ ഭേദഗതി അനുസരിച്ച് (Foreign Exchange Management (Deposit) (Amendment) Regulations,2018) ബംഗ്ലാദേശ്, പാക്കിസ്ഥാ൯ എന്നിവിടങ്ങളിൽ നിന്നും ദീര്ഘകാല വിസയിൽ ഇന്ത്യയിൽ കഴിയുന്ന ഹിന്ദു, സിക്ക്, ബുദ്ധിസ്റ്റ്, ജെയി൯, പാര്സി, ക്രിസ്ത്യ൯ വിഭാഗങ്ങളിൽ പെട്ടവര്ക്ക് എ൯.ആര്.ഒ (Non Resident Ordinary Account) തുറക്കാ൯ കഴിയും. ഈ നിയമത്തിലും മുസ്ലീംകൾ പുറത്ത് തന്നെ. ഇതിനര്ത്ഥം ഈ അക്കൌണ്ടുകൾ തുടങ്ങാനുള്ള അപേക്ഷ ഫോറത്തിൽ (KYC) ഇനി മുതൽ അപേക്ഷകന്റെ മതവും രേഖപ്പെടുത്തേണ്ടി വരും.
എല്ലാ നിയമങ്ങളിലും, ചട്ടങ്ങളിലും, സര്ക്കാർ സമീപനങ്ങളിലും ഒക്കെ ക്രമേണ ഇത്തരം വംശീയ വിഭജനത്തിന്റെ സ്വാധീനം പ്രതിഫലിക്കാ൯ തുടങ്ങും. മുസ്ലീം വിഭാഗക്കാർ ഇന്ത്യയിൽ രണ്ടാം കിടക്കാരാണെന്ന് യാതൊരു മറയുമില്ലാതെ സര്ക്കാർ തലത്തിൽ തന്നെ പ്രയോഗവല്ക്കരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇന്ത്യ൯ ക്രിമിനൽ ശിക്ഷാനിയമത്തിൽ പോലും ഇനി മുസ്ലീംകൾക്കും ഹിന്ദുക്കൾക്കും വെവ്വേറെ നിയമങ്ങൾ എന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിത്തുടങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല. കൊലപാതകത്തിന് ശിക്ഷ ഹിന്ദുവിന് 10 വർഷം തടവും മുസ്ലീമിന് കൊലക്കയറും എന്നതു പോലെയുള്ള അസംബന്ധങ്ങൾ ക്രിമിനൽ നിയമത്തിൽ എഴുതിച്ചേര്ക്കപ്പെടുന്ന കാലം വിദൂരമല്ല. ബലാത്സംഗ കുറ്റത്തിന് മുസ്ലീമിന് ജീവപര്യന്തവും ഹിന്ദുവിന് ശാഖയിൽ രണ്ടു മാസത്തെ നല്ലനടപ്പും ആണ് ശിക്ഷ എന്നും ഇനി നാം കേട്ടെന്നു വരും. അസംബന്ധങ്ങളാണെന്നും, സാമാന്യ ബുദ്ധിയെങ്കിലുമുള്ള ആരും ചിന്തിക്കുകപോലുമുണ്ടാവില്ല എന്നുമൊക്കെ ഇതുവരെ നമ്മൾ കരുതിയിരുന്ന കാര്യങ്ങളാണ് ഇപ്പോൾ നമ്മുടെ മു൯പിൽ നടന്നുകൊണ്ടിരിക്കുന്നത്. വംശീയതയുടെ വെറുപ്പും വിഷവും നിറഞ്ഞ മസ്തിഷ്കങ്ങളിൽനിന്ന് ബുദ്ധി നിഷ്കാസിതമായിരിക്കുന്നു എന്ന് നാം തിരിച്ചറിയുന്നു. വിവരക്കേടാണ് എന്ന് നിസ്സംശയം നാം പണ്ട് വിധിയെഴുതുമായിരുന്ന കാര്യങ്ങൾ പോലും ഇപ്പോൾ സർവഥാ സ്വീകാര്യമാവുന്ന വിചിത്രമായ ഒരു കാലത്തിലാണ് ഇന്ന് നമ്മുടെ രാജ്യം. വിഡ്ഢിത്തങ്ങളും, വിടുവായിത്തങ്ങളും ഒന്നും നമ്മെ ആശ്ചര്യപ്പെടുത്താതായിരിക്കുന്നു. ഇങ്ങനെ മരവിച്ച ഒരു ജനതയുടെ മുകളിലാണ് വംശീയ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഇന്ത്യ൯ നാസികളുടെ ശ്രമങ്ങൾ കൊടുംബിരിക്കൊണ്ട് നടക്കുന്നത്. ഒരു സൂഹത്തിന് നേരെതന്നെ നടക്കുന്ന ഈ വംശീയ ആക്രമണങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധങ്ങൾ ഉയരാതെ ഈ വിനാശത്തിന്റെ ശക്തികളെ തടയാനാവില്ല. അതുകൊണ്ട് തന്നെ പൌരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങൾ വിജയിക്കേണ്ടത് ഒരു രാജ്യമെന്ന നിലക്കുള്ള നമ്മുടെ നിലനില്പ്പിനുതന്നെ അത്യന്താപേക്ഷിതമാണ്.