കൊറോണയെ അടിയറവ് പറയിയ്ക്കും നമ്മുടെ സാമ്പത്തികവ്യവസ്ഥ ഉയർത്തെഴുന്നേൽക്കും

129

Suresh Krishna
ഈ പ്രചോദനം രത്തൻ ടാറ്റയുടേതാണ്

രത്തൻ ടാറ്റ പറയുന്നതാണ്. സാമ്പത്തിക വിദഗ്ധരുടെ ഗീർവാണങ്ങൾക്കും, തകർച്ച പ്രവചിയ്ക്കുന്നവരുടെ ആവേശപ്പകർച്ചയ്ക്കും ഇടയിൽ അദ്ദേഹത്തിൻ്റെ വാക്കുകൾ അല്പം ആശ്വാസം നൽകാതിരിയ്ക്കില്ല. നമ്മൾ തിരിച്ചു വരും സംശയമില്ല.
“കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് സാമ്പത്തികരംഗം തകിടം മറിയുമെന്നാണ് വിദഗ്ധർ പലരും പ്രവചിയ്ക്കുന്നത്.
ഇത്തരം വിദഗ്ധരെ കുറിച്ച് അധികമൊന്നും എനിയ്ക്കറിയില്ല. ഇത്തരക്കാർക്ക് മനുഷ്യൻ്റെ സ്ഥിരോത്സാഹത്തെ കുറിച്ചും, കൂട്ടായ പ്രയത്നത്തെ കുറിച്ചും കാര്യമായൊന്നും അറിയില്ലെന്ന കാര്യം എനിയ്ക്കറിയാം.

വിദഗ്ധരെ പൂർണ്ണ വിശ്വാസത്തിൽ എടുക്കുകയാണെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിലെ സമ്പൂർണ്ണ തകർച്ചയ്ക്ക് ശേഷം ജപ്പാന് ഭാവിയേ ഉണ്ടാകുമായിരുന്നില്ല. വിദഗ്ധരാണ് ശരിയെങ്കിൽ ഇസ്രായേൽ ലോകഭൂപടത്തിൽ നിന്ന് എന്നന്നേയ്ക്കുമായി തുടച്ചു നീക്കപ്പെടുമായിരുന്നു. അതും സംഭവിച്ചിട്ടില്ല. വായുചലന ശാസ്ത്രം അനുസരിച്ച് വലിയ തേനീച്ചകൾക്ക് പറക്കാനാവില്ല. പക്ഷെ അവ പറക്കുന്നുണ്ട്, കാരണം അവയ്ക്ക് വായുചലന ശാസ്ത്രത്തിൻ്റെ തത്വങ്ങൾ അറിയില്ല.

വിദഗ്ധർ പറഞ്ഞത് അനുസരിച്ചാണെങ്കിൽ 1983 ലോകകപ്പിൽ നമ്മളെവിടെയും എത്തുമായിരുന്നില്ല. വിദഗ്ധരുടെ അഭിപ്രായം അനുസരിച്ചായിരുന്നു എങ്കിൽ ഒളിമ്പിക്സിൽ നാല് സ്വർണ്ണമെഡൽ നേടിയ അമേരിക്കൻ വനിത വിൽമ റുഡോൾഫിന് ഓടാൻ പോയിട്ട് പരസഹായമില്ലാതെ നടക്കാൻ പോലും കഴിയില്ലായിരുന്നു. വിദഗ്ധർ പറഞ്ഞതനുസരിച്ച് അരുണിമ സിൻഹയ്ക്ക് സാധാരണജീവിതം നയിയ്ക്കുവാൻ പോലും ബുദ്ധിമുട്ട് ആകുമായിരുന്നു. എന്നാലവർ എവറസ്റ്റ് കീഴടക്കി.

കൊറോണ വൈറസും വ്യത്യസ്തമല്ല. കൊറോണയെ നമ്മൾ അടിയറവ് പറയിയ്ക്കുമെന്നതിലും, ഭാരത സാമ്പത്തികവ്യവസ്ഥ പൂർവ്വാധികം ശക്തിയോടെ ഉയർത്തെഴുന്നേൽക്കും എന്നതിലും എനിയ്ക്കൊരു സംശയവും ഇല്ല.” -രത്തൻ ടാറ്റ.