ബിഗ് ബോസ് അതിരുകടക്കുന്നു

0
269
ബിഗ്‌ ബോസ്‌ വീട്ടിലേക്ക്‌ വരുമ്പോൾ ..?
Suresh Kumar Raveendran എഴുതുന്നു
വീട്ടിൽ വന്നു കയറിയപ്പോൾ, ടിവി’യിൽ നോക്കി ടെൻഷനോടെ ഇരിക്കുന്ന അമ്മയെ കണ്ടു. ‘ബിഗ് ബോസ്’ ഇഫക്റ്റാണ്. സ്‌ക്രീനിൽ പൊരിഞ്ഞ വഴക്ക്. വെറും വഴക്കല്ല, പരസ്പരം തെറിവിളികൾ! ഇംഗ്ളീഷ് അറിഞ്ഞു കൂടാത്ത അമ്മ എന്നോട് പറയുന്നു, ‘തേന്മാവിൻ കൊമ്പത്ത്’ എന്ന സിനിമയിലെ പപ്പു പറയുന്നതു പോലെ, “അത് ടാസ്‌ക്കാണെടാ…” എന്ന് ! എന്ത് ടാസ്ക്? കോൾ സെന്ററിൽ വിളിക്കുന്നതു പോലെ ഒരു ടാസ്‌ക്കാണെന്ന്. പരസ്പരം ഫോണിൽ അസഭ്യം വിളിച്ച് പറയുന്നു, കോൾ കഴിഞ്ഞതിനു ശേഷം അത് നേരിട്ട് പറയുന്നു. മുഴുവനും ജാരകഥകൾ! തെറിയോടു തെറി, മുഴുത്ത തെറികളൊക്കെ നിശബ്ദമാക്കിയിട്ടുണ്ട്. ജംഗ്‌ഷനിൽ ആരൊക്കെയോ പരസ്പരം തെറി വിളിച്ചു കൊണ്ട് തല്ലു കൂടുന്ന തരം പ്രതീതി. അമ്മ അത് ആവേശത്തോടെ കാണുകയാണ്. എന്നിട്ട് ഇടയ്ക്കിടെ പറയുന്നുമുണ്ട്, “ആ പെണ്ണിന്റെയൊരു അഹങ്കാരം…”
‘ഉപ്പും മുളകും’, ‘മറിമായം’, ‘തട്ടീം മുട്ടീം’, ‘എം 80 മൂസ’ തുടങ്ങിയ ടിവി പരമ്പരകൾ മാത്രം കണ്ടു കൊണ്ടിരുന്ന അമ്മയാണ്. ഈയിടെയായി കൂടുതൽ ശ്രദ്ധ ഈ ഒരു പരിപാടിയിലാണ്. എന്തൊരു ഗതികെട്ട അവസ്ഥയാണ്? ‘ബ്ലൂ വെയിൽ’ എന്ന ആളെക്കൊല്ലി ഗെയിമിലെ ടാസ്ക്കുകൾക്കും, ഈ പറഞ്ഞ ബിഗ് ബോസ്സിലെ ഇത്തരം ടാസ്ക്കുകൾക്കും തമ്മിൽ എന്താണ് വ്യത്യാസം? “എന്തിനാ കഷ്ടപ്പെടുന്നേ, അത് കാണാതിരുന്നാൽ പോരേ? ചാനൽ മാറ്റിയാൽ പോരേ?” എന്നൊക്കെ പറയുന്നതിൽ പരം ചെറ്റത്തരം ഈ ലോകത്ത് വേറെയില്ല. യാതൊരു ലൈസൻസുമില്ലാതെ സകലമാന കോപ്രായങ്ങളും കാണിച്ചിട്ട്, “നിങ്ങൾക്കെന്താ പ്രശ്നം? ആ ചാനൽ കാണണ്ട” എന്നു പറഞ്ഞാൽ എല്ലാം തീരുമോ? അങ്ങനെയാണെങ്കിൽ നമുക്കെല്ലാവർക്കും റോഡിലേക്കിറങ്ങി എന്തൊക്കെ വൃത്തികേടുകൾ കാണിക്കാൻ പറ്റും, അതൊക്കെ കാണാതിരിക്കാൻ മറ്റുള്ളവർ കണ്ണടച്ചാൽ പോരേ? ‘ആവിഷ്‌ക്കാര സ്വാതന്ത്ര്യം’ എന്ന ഏറ്റവും വലിയ ഒഴികഴിവിൽ ചേർത്തു കെട്ടണോ ഈ പറഞ്ഞ ലോകോത്തര ഫ്രോഡ് പരിപാടിയെയും?
ചെറിയ കളിയല്ല, വേറെ ലെവൽ കളിയാണ്, എല്ലാം സമ്മതിച്ചു. പക്ഷെ, സത്യസന്ധമായി ചോദിച്ചോട്ടെ, ഇതിനെ ‘കളി’ എന്ന് എങ്ങനെയാണ് വിളിക്കാൻ പറ്റുന്നത്? മുതലാളിമാർക്ക് കോടിക്കണക്കിനു കാശ് കിട്ടാൻ വേണ്ടി, തനി ‘വൃത്തികേട്’ കുത്തി വച്ച്, പാവപ്പെട്ടൊരു ജനതയെ കബളിപ്പിക്കുന്ന കളിയോ? പ്രസ്തുത ചാനൽ കാണാതിരിക്കാനുള്ള അത്രയും അറിവും, വിവരവും, വിദ്യാഭ്യാസവും, ബുദ്ധിയും ഉള്ളവരാണോ എല്ലാവരും? കാശ് സമ്പാദിച്ചോളൂ, വേണ്ട എന്ന് ആരും പറയുന്നില്ല. പേടിക്കണ്ട, പണക്കാർക്കെതിരെ എന്തെങ്കിലും ചോദിക്കാനും പറയാനുമൊക്കെയുള്ള സംവിധാനം ഇവിടെ ഒരിക്കലും സാധ്യമാകില്ല, 100% ഉറപ്പ്. കോടിക്കണക്കിന് സമ്പാദിച്ചോളൂ, യാതൊരു നിയന്ത്രണവും വയ്ക്കണ്ട. പക്ഷെ, ഇത്രയ്ക്കും തരം താഴണോ? ഈ അളവിൽ വെറുപ്പിക്കണോ?
നാട് നന്നാകുന്നതിനു തുടക്കം കുറിയ്ക്കേണ്ടത് വീട്ടിൽ നിന്നാണ്. ഇത്തരം ആഭാസത്തരങ്ങളെ വീടിനകത്തേക്ക് ആനയിച്ചു കയറ്റി, കസേരയിട്ടു കൊടുത്ത്, സ്നേഹിക്കാൻ തുടങ്ങിയാൽ എന്താകും നാളത്തെ അവസ്ഥ? എന്തെങ്കിലും പറഞ്ഞാൽ അപ്പൊ തന്നെ പിടിച്ച് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വവും തന്ന്, ലേബലും ചാർത്തുന്ന സാഹചര്യമാണ് നിലവിലെന്നറിയാം. ഇതുപോലെ കോടികൾ ഒഴുകുന്ന കോപ്രായങ്ങളെ കുറിച്ച് എതിരഭിപ്രായം പറഞ്ഞാൽ, സിനിമാ വ്യവസായത്തിൽ നിന്നുമുള്ള അപ്രഖ്യാപിത വിലക്കുകൾ പോലും നേരിടേണ്ടി വരുമെന്നും അറിയാം. പക്ഷെ, പറയാതിരിക്കാൻ കഴിയുന്നില്ല. ഇന്ന് അമ്മയുടെ മുഖത്തു കണ്ട ആ ഒരു ശൗര്യം, ദേഷ്യം, ആകാംക്ഷ, അത് ഇനിയും വളർന്നാൽ അപകടമാണ്. ഇതുപോലെ, എത്രയെത്ര കുടുംബങ്ങളിൽ ഈ ഒരു കോപ്രായം ആഘോഷിക്കപ്പെടുന്നുണ്ടാകും? കഷ്ടം തന്നെ…പരിതാപകരം.