എങ്ങനെയാണ് ആദിവാസികൾ വഴിയാധാരമായി പോയത്?

0
615

എങ്ങനെയാണ് ആദിവാസികൾ വഴിയാധാരമായി പോയത്?

 Suresh Kunhupillai എഴുതുന്നു

ആദിവാസികളിൽ ഭൂരിപക്ഷവും കൃഷിക്കാരായിരുന്നില്ല, പക്ഷെ അവർക്കു ഭൂമിയുണ്ടായിരുന്നു. ഭൂമിയുടെ വിലയറിയാതിരുന്ന ഇവരുടെ പക്കൽ നിന്നും മറ്റുള്ളവർ അത് നിസ്സാര പാരിതോഷികങ്ങളൊക്കെ നൽകി തട്ടിയെടുത്തതാണ്.

അത് കുടിയേറ്റക്കാർ ആദിവാസികളോട് ചെയ്ത വഞ്ചന. പക്ഷെ അതിലും വലിയ വഞ്ചനയാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി ഇവിടെ ഭരിക്കുന്ന ഇരു മുന്നണിയിലും പെട്ട ഗവൺമെന്റുകൾ ഈ ആദിവാസികളോട് ചെയ്യുന്നത്.

1975 ഏപ്രിൽ മാസത്തിലാണ് കേരളാ ഗവണ്മെന്റ് ഷെഡ്യൂൾഡ് ട്രൈബ് ആക്ട് ഐക്യകണ്ഠമായി പാസാക്കുന്നത്. (Restriction on Transfer of Lands and Restoration of Alienated Lands) ഈ നിയമം അന്ന് രാഷ്ട്രപതിയുടെ ശുപാർശയോടെ ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ പെടുത്തി സംരക്ഷിക്കുകയും ചെയ്തതാണ്.

അതായത് 1975 മുതൽ ആദിവാസികളുടെ ഭൂമി ആർക്കും വാങ്ങാനോ കയ്യേറാനോ കഴിയില്ലെന്ന് മാത്രമല്ല അതുവരെ നടന്ന കൈയേറ്റങ്ങൾ ഒഴിപ്പിച്ചു ആ ഭൂമി ആദിവാസികൾക്ക് തിരിച്ചു കൊടുക്കണം എന്നതായിരുന്നു വ്യവസ്ഥ. നാല്പത്തഞ്ചു വര്ഷം മുൻപ് നടന്ന കാര്യമാണിത്.

പക്ഷെ പിന്നീട് വന്ന ഒരു ഗവണ്മെന്റും ഈ നിയമം നടപ്പാക്കാൻ ശ്രമിച്ചില്ല. ഈ കാലയളവിൽ കയ്യേറ്റവും അതിഭീകരമായ നിലയിൽ തുടരുകയും ചെയ്തു. ആദിവാസികളുടെ കൈവശമുള്ള അവസാന തുണ്ടു ഭൂമി വരെ പിന്നീടുള്ള ഇരുപതു വർഷങ്ങളിൽ നഷ്ടപ്പെട്ടു. ഇതിനിടെ കേരളത്തിൽ കരുണാകരൻ ഭരിച്ചു ആന്റണി ഭരിച്ചു, പി.കെ വാസുദേവൻ നായർ ഭരിച്ചു, സി.എച് മുഹമ്മദ് കോയ മുതൽ ഈ കെ. നായനാർ വരെ ഭരിച്ചു. പിന്നെ കുറച്ചുകാലം പ്രസിഡണ്ടും ഭരിച്ചു. ആദിവാസി നിയമത്തെ നോക്കുകുത്തിയാക്കിക്കൊണ്ടു ഈ കാലയളവിലൊക്കെ കയ്യേറ്റം നിർബാധം തുടർന്നു.

അവസാനം ഈ നിയമം പാസാക്കി പത്ത് വർഷത്തിന് ശേഷം 1986ൽ 1982 ജനുവരി ഒന്ന് മുതൽ എന്ന മുൻകാല പ്രാബല്യത്തോടെ ഈ നിയമം പ്രാബല്യത്തിൽ വന്നു. അതുപ്രകാരം 1960 മുതൽ 1982 വരെയുള്ള എല്ലാ കയ്യേറ്റങ്ങളും കൈമാറ്റങ്ങളും റദ്ദു ചെയ്യണമെന്നും ഭൂമി അതിന്റെ ഉടമസ്ഥരായ ആദിവാസികൾക്ക് തിരികെ നൽകണമെന്നും വ്യവസ്ഥ വന്നു. ഈ നിയമത്തിൽ മറ്റൊരു വ്യവസ്ഥ കൂടി ഉണ്ടായിരുന്നു. അന്ന് കൈമാറ്റം ചെയ്യുന്ന കാലത്ത് ആദിവാസികൾ ഭൂമിക്കായിഎന്തെങ്കിലും പണമോ പാരിതോഷികമോ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചു നൽകേണ്ടതാണെന്നും ഈ കാലയളവിൽ ഭൂമി കൈവശം വെച്ചയാൾ എന്തെങ്കിലും നിർമാണ പ്രവർത്തനങ്ങൾ അവിടെ നടത്തിത്തിയാൽ അതിനും വില നൽകേണം എന്നുമായിരുന്നു വ്യവസ്ഥ.

സ്വാഭാവികമായും ഒരു ആദിവാസിക്കും അതിനുള്ള കഴിവുണ്ടായിരുന്നില്ല. അതിനു പരിഹാരമായി ഈ നിയമത്തിൽ മറ്റൊരു വ്യവസ്ഥ കൊണ്ടുവന്നു. പണമില്ലാത്ത ആദിവാസിക്ക് ഇരുപതു വര്ഷം കൊണ്ട് തിരിച്ചടയ്‌ക്കേണ്ടുന്ന ലോണുകൾ ഗവണ്മെന്റിന്റെ ഗ്യാരണ്ടിയിൽ നൽകുക. പക്ഷെ വെറും 8500 അപേക്ഷകൾ മാത്രമാണ് ഇത്തരം ലോണിനായി ലഭിച്ചത്. അതിൽ തന്നെ ഭൂരിഭാഗവും പ്രോസസ്‌ ചെയ്തുമില്ല. ആദിവാസിയുടെ പേരിൽ ഭൂമി കൈവശപ്പെടുത്തിയയാൾ തന്നെ ലോൺ സ്വീകരിച്ച സംഭവങ്ങൾ വരെ ഉണ്ടായി. ബാങ്കെന്നും ലോണെന്നുമൊക്കെ കേട്ടാൽ ഭയപ്പെടുന്ന ആദിവാസി ദൂരെ മാറിനിന്നു. ആരും അവരെ സഹായിക്കാനും വന്നില്ല.

ഈ നിയമം പ്രാബല്യമാക്കിയതിനു ശേഷവും കയ്യേറ്റം നടന്നു. വായനാട്ടിലൊക്കെ ഈ കാലയളവിൽ ആദിവാസികളുടെ ഭൂമി നഷ്ടപ്പെടുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അത്തഴപ്പട്ടിണിക്കാരനായ ആദിവാസിക്ക് ദിവസേന അമ്പതു രൂപയും നൂറു രൂപയുമൊക്കെ കൊടുത്ത് അവസാനം ആദിവാസിക്ക് തിരിച്ചുകൊടുക്കാൻ പറ്റാത്ത ഒരു തുകയാവുമ്പോൾ ആ ഭൂമിയങ്ങു കൈവശപ്പെടുത്തുന്നതായിരുന്നു അന്നത്തെ രീതി. ഈ പറഞ്ഞ തുക പലപ്പോഴും മാർക്കറ്റ് വിലയുടെ മൂന്നിലൊന്നു പോലും ഉണ്ടാവില്ല. ഇതിനെതിരെ ഗവണ്മെന്റ് ഒരു നടപടിയുമെടുത്തില്ല. നിയമപ്രകാരം ആദിവാസിക്ക് തിരിച്ചു കിട്ടേണ്ടിയിരുന്ന ഒരു തുണ്ടു ഭൂമി പോലും തിരിച്ചു കിട്ടിയില്ല.

ഇതുകണ്ട് സഹികെട്ടാണ് വായനാട്ടുകാരനായ ഡോക്ടർ നല്ലതമ്പി തേരാ പരാനന്ദ 1986ൽ കേരള ഹൈക്കോടതിയെ സമീപിക്കുന്നത്. പക്ഷെ ആ കേസ് കോടതിയിൽ വലിച്ചിഴയ്ക്കപ്പെട്ടു. അവസാനം ഏഴുവർഷത്തെ കേസുനടത്തിപ്പിനു ശേഷം 1993ൽ ആദിവാസികൾക്ക് അനുകൂലമായി കോടതിയുടെ വിധിവന്നു. 1975ലെ നിയമപ്രകാരം അന്യാധീനപ്പെട്ട ആദിവാസി ഭൂമി ആറുമാസത്തിനുള്ളിൽ പിടിച്ചെടുത്തു തിരിച്ചു നൽകാനായിരുന്നു ഉത്തരവ്.

പക്ഷെ ഗവണ്മെന്റ് ഇത് നടപ്പാക്കാൻ സാവകാശം ആവശ്യപ്പെട്ടു. രണ്ടര വർഷമാണ് ഇങ്ങനെ പോയത്. അവസാനം 1996ൽ കോടതി വീണ്ടും ഇടപെട്ടു 96 നവംബർ 30നു മുൻപ് എല്ലാ അനധികൃത കയ്യേറ്റങ്ങളും ഒഴിപ്പിച്ചു ഭൂമി ആദിവാസികൾക്ക് തിരിച്ചുനൽകാൻ ഉത്തരവിട്ടു. ഇതിനായി വേണ്ടിവന്നാൽ പോലീസിന്റെ സഹായം തേടാനും കോടതി നിർദ്ദേശിച്ചു.

അതോടെ ഭൂ ഉടമകളുടെ സംഘടനകളും പ്രമുഖ രാഷ്ട്രീയ പാർട്ടികളും സമരവും പ്രതിഷേധവുമാരംഭിച്ചു. അതെ തുടർന്ന് ഗവണ്മെന്റ് ഈ നിയമം നടപ്പിലാക്കൽ പ്രായോഗികമല്ല എന്ന നിലപാടെടുത്തു. അക്കാലത്തെ കരുണാകരന്റെ ഗവണ്മെന്റും 1996 മേയിൽ അധികാരത്തിൽ വന്ന നായനാരുടെ ഗവൺമെന്റും ഈ നിയമത്തിലെ അപ്രായോഗികമായ കാര്യങ്ങൾ, അതായതു നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കുക എന്നത് അസാധുവാക്കാനായി രണ്ടു ഓർഡിനൻസുകൾ കൊണ്ടുവന്നു. അത് രണ്ടും പാസായില്ല അതോടുകൂടി ഭൂ ഉടമകളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും ഗവണ്മെന്റിനു മേൽ ഈ നിയമം നടപ്പാക്കാതിരിക്കാനായി ശക്തമായി സമ്മർദ്ദം ചെലുത്താൻ തുടങ്ങി. ഒരു ഭാഗത്ത് ഭൂ ഉടമകളുടെ സമ്മർദ്ദത്തിനും മറുഭാഗത്ത് നവംബർ 30 എന്ന കോടതിയുടെ ഡെഡ്‌ലൈനിനും ഇടയിൽ പെട്ട് വലഞ്ഞ സർക്കാർ അവസാനം ഭൂവുടമകൾക്ക് അനുകൂലമായി തിരക്കിട്ടു ഈ നിയമത്തിൽ ഒരു ഭേദഗതി നിയമസഭയിൽ പാസാക്കി. കേരളത്തിലെ 140 അംഗ നിയമ സഭയിലെ 139 പേരും അന്ന് ആദിവാസികൾക്കെതിരായി വോട്ടു ചെയ്തു. അതോടെ ആദിവാസികൾ ഔദ്യോദികമായി തന്നെ ഭൂരഹിതരായി.

കേരളത്തിലെ ആദിവാസികൾക്കേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു അത്. പുതിയ ഭേദഗതി പ്രകാരം 1986 ജനുവരി 24 വരെയുള്ള എല്ലാ കൈയേറ്റങ്ങളും നിയമവിധേയമായി. 86 മുൻപായിരുന്നു ഏറ്റവും ഭീമമായ കയ്യേറ്റം നടന്നതെന്നോർക്കണം.

ഇതിനു ശേഷമാണ് ആദിവാസി മേഖലകളിൽ തീവ്ര സ്വഭാവമുള്ള സംഘടനകൾ പ്രവർത്തിക്കാനാരംഭിച്ചത്. വ്യക്തമായ ഒരനീതിയുടെ ഇരകളാണ് ആദിവാസികൾ. അവരിൽ സ്വാധീനമുണ്ടാക്കാൻ ഈ സംഘടനകൾക്ക് കഴിഞ്ഞു. അതും ആത്യന്തികമായി ആദിവാസിയെ ശത്രുപക്ഷത്ത് നിർത്തി ദ്രോഹിക്കാൻ ഗവണ്മെന്റിനെ സഹായിക്കുകയാണ് ചെയ്തത്.

വെറും നാല് ലക്ഷത്തിൽ താഴെയാണ് കേരളത്തിലെ ആദിവാസികളുടെ ജനസംഖ്യ. ഒരു പൗരനെന്ന നിലയിൽ ആദിവാസിയുടെ ജീവിക്കാനുള്ള അവകാശത്തെ മാനിക്കുന്ന ഒരു ഗവണ്മെന്റ് ഉണ്ടെങ്കിൽ ഈ ആദിവാസികളുടെ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. ആദിവാസികൾ ആവശ്യപ്പെടുന്നത് പശ്ചിമഘട്ടത്തിൽ പലരും നടത്തിയ കൈയേറ്റങ്ങളുടെ ഭാഗമായി നഷ്ടപ്പെട്ടു പോയ ഭൂമിയെക്കാൾ എത്രയോ ചെറിയ ഒരു തുണ്ടു ഭൂമിയാണ്, അതവരുടെ പൈതൃക സ്വത്ത് ആയിരുന്നതാണ്.

ആദിവാസികൾക്ക് ഇതുവരെ ആരും നീതി നൽകിയിട്ടില്ല. ഇനിയും ഇതേ നീതി നിഷേധം തുടർന്നാൽ ഒരു പരിഷ്കൃത സമൂഹം എന്ന് നമ്മൾക്ക് നമ്മളെ വിളിക്കാൻ അവകാശവുമില്ല.