ക്രിമിനലുകൾ ആക്രമിക്കാൻ ഒതുങ്ങിയൊന്നുമില്ല എങ്കിലും തെലുങ്കാന പോലീസ് നാല് ക്രിമിനലുകളെ വെടിവെച്ചത് സ്വയരക്ഷയ്ക്ക് തന്നെയാണ്

169

 Suresh Kunhupillai 

തെലുങ്കാന പോലീസ് നാല് ക്രിമിനലുകളെ വെടിവെച്ചത് സ്വയരക്ഷയ്ക്ക് തന്നെയാണ്.

അവർ പോലീസിന്റെ തോക്കു തട്ടിയെടുത്ത് വെടിവെക്കാൻ പോയി എന്നതൊക്കെ വെറും കഥയാണ്. അതല്ല കാരണം. ഈ കേസിൽ നാറി വെളുത്ത് പുറത്തിറങ്ങിയാൽ നാട്ടുകാർ കൈവെക്കും എന്ന അവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരുന്ന തെലുങ്കാനാ പോലീസ് അതിൽ നിന്നും രക്ഷപെടാനായി വെച്ച വെടിയാണ് ഇത്. അത് ഏകദേശം ലക്ഷ്യത്തിൽ തന്നെ കൊണ്ടു.

ഈ അവസ്ഥ എന്തെന്നറിയണമെങ്കിൽ ഉന്നാവയിലെ പോലീസിനോടോ വാളയാറിലെ പോലീസിനോടോ ചോദിച്ചാൽ മതി. ഒരു ചെറിയ വെടിയെങ്കിലും വച്ചിരുന്നെങ്കിൽ എന്ന് അവരും ആഗ്രഹിക്കുന്നുണ്ടാവും.

എന്തിനാണ് പോലീസ് വെടിവെച്ചത്?

സ്വപ്നികയുടെ കേസിൽ ശ്രീനിവാസ റാവു തന്നെ നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന് പൊലീസിന് പരാതി നൽകിയിട്ടും പോലീസ് ഒന്നും ചെയ്തില്ല. അവസാനം ആ കുട്ടി മരണപ്പെട്ടപ്പോൾ സ്വാഭാവികമായും പൊലീസിന് നേരെ ജനരോഷമുണ്ടായി, പോലീസ് കുറ്റാരോപിതരെ എൻകൗണ്ടറിൽ വധിച്ചപ്പോൾ ആ രോഷം തിരിച്ചു പ്രശംസയും ആരാധനയുമായി.

പ്രിയങ്ക റെഡ്ഢി കേസിലും അതുതന്നെയാണ് സംഭവിച്ചത്. യുവതിയെ കാണാനില്ല എന്ന പരാതി പോലീസ് ഗൗരവമായി എടുത്തില്ല. പ്രിയങ്ക മരണപ്പെട്ടപ്പോൾ ജനം സ്വാഭാവികമായും പോലീസിനും സർക്കാരിനുമെതിരായപ്പോൾ നാല് വെടിയുണ്ടയിൽ സംഗതി സോൾവ് ചെയ്തു. ആരും ചോദിയ്ക്കാൻ വരില്ല എന്ന് ഉറപ്പുള്ള നാല് ലോറി ഡ്രൈവർമാർ ആയതുകൊണ്ട് എൻകൗണ്ടർ എളുപ്പമായിരുന്നു. ഇന്ന് തെലുങ്കാനാ പോലീസ് അഭിനന്ദനങ്ങൾ കൊണ്ട് വീർപ്പുമുട്ടുകയാണ്.

ഇവിടെ മരണപ്പെട്ടവരായിരുന്നില്ല യഥാർത്ഥ കുറ്റവാളികൾ എന്നൊക്കെയുള്ള തിയറികളൊന്നും സാധാരണ ജനം എടുക്കില്ല. വാളയാറിൽ പോലീസ് അറസ്റ്റ് ചെയ്തവർ കുറ്റം ചെയ്തതായി തെളിവില്ല എന്ന് കോടതി പറഞ്ഞിട്ടും അവരാണ് കുറ്റവാളികൾ എന്ന് ബഹുഭൂരിപക്ഷം മലയാളികളും വിശ്വസിക്കുന്നില്ലേ? അതുപോലെ തന്നെയാണ് ഇതും. കോടതി പറഞ്ഞില്ലെങ്കിലും ഇവരാണ് കുറ്റവാളികൾ എന്ന് ജനം വിശ്വസിക്കുന്നു. മൊത്തത്തിലുള്ള സാഹചര്യങ്ങളും അങ്ങനെ തന്നെ വിശ്വസിക്കാനാണ് പ്രേരിപ്പിക്കുന്നത്. പിന്നെ മനുഷ്യാവകാശം ജനാധിപത്യമൂല്യങ്ങൾ ഇവയെപ്പറ്റിയൊന്നും യാതൊരു ധാരണയുമില്ലാത്ത മണ്ടന്മാരും വിദ്യാഭ്യാസമില്ലാത്തവരും ഒന്നുമല്ല ഈ കൊലയിൽ സന്തോഷിക്കുന്ന ആളുകൾ. ഈ പറഞ്ഞ മൂല്യങ്ങളെയും അവകാശങ്ങളെയുമൊക്കെ പറ്റി നന്നായി അറിയാമെങ്കിലും ഈ വെടിവെപ്പ് കൊണ്ട് ഒരുത്തനെങ്കിലും പേടി തോന്നി ഒരു പെണ്കുട്ടിയെങ്കിലും രക്ഷപെട്ടിട്ടെങ്കിലോ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും.

ഇത് സിസ്റ്റത്തിന്റെ ഫെയിലിയറാണ്. അശക്തരായ മനുഷ്യർക്ക് സംരക്ഷണം നൽകാനായി ഇപ്പോഴും നമ്മുടെ പോലീസ് സേന സജ്ജമല്ല. ഒരു പോലീസുകാരൻ വിചാരിച്ചാൽ ഈ സിസ്റ്റം മാറ്റാനും കഴിയില്ല, പക്ഷെ ഇതുപോലെ ഒരുവെടിക്ക് അനേകം പക്ഷികളെ പിടിക്കാൻ കഴിയും. ഉന്നാവയിലെ കേസ് നോക്കൂ, ആ പെൺകുട്ടി താൻ റേപ് ചെയ്യപ്പെട്ടു എന്ന് പരാതി നൽകി മാസങ്ങൾക്കു ശേഷമാണ് പോലീസ് നടപടിയെടുത്തത്, എന്നിട്ടും ഈ കുറ്റവാളികൾക്ക് ഈസിയായി ജാമ്യം കിട്ടി. ആ പെൺകുട്ടിക്ക് യാതൊരു വിധ സംരക്ഷണവും കിട്ടിയില്ല, കുറ്റവാളികൾക്ക് ഇരയെ ഉന്മൂലനം ചെയ്യാനുള്ള അവസരം ലഭിക്കുകയും ചെയ്തു. ഒരു റേപ് കേസിൽ പെട്ടാലും അങ്ങനെ വലിയ കുഴപ്പമൊന്നുമില്ല, ഈസിയായി വെളിയിലിറങ്ങാം, വേണമെങ്കിൽ ഒന്നുകൂടി റേപ് ചെയ്യാം എന്നൊരു പൊതു ധാരണയാണ് ഇവിടെയിപ്പോൾ ഉള്ളത്.

എനിക്ക് തോന്നുന്നത് മരിച്ചവർ നിഷ്കളങ്കരായ മനുഷ്യരായിരുന്നു, യഥാർത്ഥ കുറ്റവാളി ലോറിയുടെ പിന്നിൽ മറഞ്ഞു നിൽക്കുകയാണ് നാളെ നമ്മളെയും പിടിച്ചു കൊണ്ടുപോയി വെടിവെക്കും എന്നൊക്കെയുള്ള അപസർപ്പക തിയറികൾ ചർച്ച ചെയ്യുന്നതിനേക്കാൾ നല്ലത് ഈ പോലീസ് സമ്പ്രദായവും നീതി നിര്വഹണവുമൊക്കെ എങ്ങനെ നന്നാക്കാൻ കഴിയും എന്ന് ആലോചിക്കുന്നതാണ്.

അതിനു വല്ല വഴിയുമുണ്ടോ എന്ന് നോക്കുന്നതാണ്.