ഒറ്റുകാരുടെ വിലപേശലുകളുടെ നിത്യസ്മാരകമാണ് മാണിയുടെ നാമധേയത്തിൽ ഉയരാൻ പോകുന്നത്

164

Suresh Kuttipurath

ടി പി ചന്ദ്രശേഖരനോട് കാണിക്കാൻ കഴിയാതിരുന്ന ദയയും കാരുണ്യവുമാണ് കെ എം മാണിക്ക് അവർ നൽകിയത്.ശുഹൈബിനും ശരത് ലാലിനും കൃപേഷിനുമൊന്നും ഈ ഇളവ് കിട്ടിയില്ല.മരണമായിരുന്നു അവർക്ക് വിധിച്ച ശിക്ഷ.ജനാധിപത്യത്തിൽ എങ്ങനെയാണ് ഒരാൾമാത്രം സാറാകുന്നതെന്ന് ആരും ചോദിച്ചു കണ്ടിട്ടില്ല.അനുയായിയും എതിരാളിയും മാണിയെ സാറെയെന്നേ വിളിക്കൂ. രാഷ്ടീയത്തിലെ അതികായനായിരുന്നു മാണി.ഒരുവേള മാണിയെ ഏറ്റവും വലിയ അഴിമതി വീരനെന്ന് വിളിച്ചത് ഇന്നത്തെ ഭരണപക്ഷമായ അന്നത്തെ പ്രതിപക്ഷമാണ്.അയാളെ പിടിച്ചു പുറത്തിടാൻ എൽ ഡി എഫിന്റെ സമര ഭടന്മാരെക്കൊണ്ട് സെക്രട്ടറിയേറ്റ്പോലും വളച്ച് വെച്ചു.മാണിയുടെ വീട്ടിലെ ഒരു നോട്ടെണ്ണൽ യന്ത്രത്തിന്റെ കഥയെഴുതി.നിയമസഭയുടെ അകത്തളം യുദ്ധക്കളമാക്കി.മാണിയെ ജയിലിലിടുമെന്ന് നീട്ടിയും കുറുക്കിയും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രഖ്യാപനമുണ്ടായി.ആ രാഷ്ട്രീയത്തിന്റെ വിജയമായിരുന്നു ഇന്നത്തെ എൽ ഡി എഫ് മന്ത്രിസഭ.മാണിക്കെതിരായ ആരോപണങ്ങളിൽ ഒന്ന് പോലും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.ഒരു ചെറിയ തുകൽപ്പെട്ടി തുറന്ന് അയാളെ വിശുദ്ധനെന്ന് പ്രഖ്യാപിച്ചിരിക്കുന്നു ഇടത്പക്ഷം.

അഞ്ച് കോടിയാണ് കരാർപ്പണം.ബലികഴിക്കുന്നത് രാഷ്ട്രീയത്തിന്റെ നൈതികതയാണ്.രണ്ട് കുട്ടികളോട് പോലും ദയകാണിക്കാൻ കഴിയില്ലെന്ന പിടിവാശിക്കാരാണ് മഹാബലിയോളം വലുപ്പമേറിയ ദയാശീലരാകുന്നത്.ജന ങ്ങൾ, വിഢികൾ അവർ ഒരു ചുക്കും ചെയ്യില്ലെന്ന് ഈ രാഷ്ട്രീയ തമ്പുരാക്കൻമാർക്കറിയാം.അടിമത്തം തിന്നു ജീവിക്കുന്ന പാർട്ടിയംഗങ്ങൾക്ക് എന്നേ നടുവൊടിഞ്ഞും കഴിഞ്ഞിരിക്കുന്നു.നരാധമനെന്ന് കരുതിയ എം വി രാഘവന് ജയ് വിളിപ്പിച്ച രാഷ്ട്രീയമാണ്. ഒരേസമയം ചെ ഗുവേരയേയും തിരുനെല്ലിയിലെ വർഗീസിനെയും പുകഴ്ത്തുകയും മറുഭാഗത്ത് കാഞ്ചിവലിച്ച് ഏഴ് മനുഷ്യരെ രക്തത്തിൽ മുക്കുകയും ചെയ്തവരാണ്.
ഈച്ചരവാര്യരെയോർത്ത് കണ്ണീരൊഴുക്കുന്നുണ്ട്.ഞങ്ങളുടെ മക്കളെവിടെ എന്നൊരു ചോദ്യം മാസങ്ങളായി അവരുടെ അരമനകളിൽമുട്ടി നിലവിളിക്കാൻ തുടങ്ങിയിട്ട്. നിലപാടുകളെ വിറ്റ് മാണിക്ക് ഉയർത്താൻ പോകുന്ന സൗധം ഒരു ചരിത്രസ്മാരകം തന്നെയാകുമെന്നതിൽ തർക്കമില്ല.ജനങ്ങൾക്കു മുന്നിൽ തലയുയർത്തി ഇങ്ങനേയും ചില കെട്ടിടങ്ങൾ നില്ക്കട്ടെ.കല്ലും സിമൻറും കമ്പിയും മാത്രമുള്ള ചില കെട്ടിടങ്ങൾ. ഒറ്റുകാരുടെ വിലപേശലുകളുടെ നിത്യസ്മാരകമാണ് മാണിയുടെ നാമധേയത്തിൽ ഉയരാൻ പോകുന്നത്.അത് മാണിയുടെ മാത്രം സ്മാരകമല്ല. അതൊരൊറ്റ മനുഷ്യന്റെ പേരിലായിരിക്കില്ല കാലം വിളിക്കാൻപോകുന്നത്.

Advertisements