ചിലതൊക്കെ വിളിച്ചുപറയാൻ പുലകുളിതീരും വരെ കാത്തുനിൽക്കാൻ കഴിഞ്ഞെന്ന് വരില്ല

104

Suresh Kuttipurath

മൃണാളിനി സാരാഭായ് അന്തരിച്ചപ്പോൾ മകൾ മല്ലികാസാരാഭായ് നൽകിയ യാത്രാമൊഴി പരമ്പരാഗത ബോധ്യങ്ങളെ അട്ടിമറിക്കുന്നതായിരുന്നു.നർത്തകിയായ അമ്മയുടെ ഭൗതികദേഹത്തിനു മുമ്പിൽ ചിലങ്കകളണിഞ്ഞ് നൃത്തച്ചുവടുകൾ വച്ചാണ് അവർ അന്ത്യയാത്ര നൽകിയത്. ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട് നാളുകൾക്കകം അദ്ദേഹത്തിന്റെ ഭാര്യ കെ കെ രമ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പുലകുളി മാറുംമുമ്പേ ഒരു വിധവ വീടിന്പുറത്തിറങ്ങിയതിലെ അനൗചിത്യമായിരുന്നു വിപ്ലവകാരികൾക്കുപോലും. അവരത് പരസ്യമായ് ചോദിക്കുകയും ചെയ്തു. ചിതകത്തി തീരുംമുമ്പ് …. കണ്ണീർ തോരും മുമ്പ് ഇങ്ങനെയാകാമോ എന്നതാണ് ചോദ്യം.

ഓൺലൈൻ പഠനത്തെ കാരണംപറഞ്ഞ് ആത്മഹത്യചെയ്ത ദേവികയെന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ ചാനൽ ചർച്ചയിൽ വന്നിരുന്നതാണ് . ഇന്ന് പലരേയും നാട്ടുനടപ്പ് ഓർമ്മപ്പെടുത്തുന്നത്.ചിതയിലെ വെളിച്ചം അണയുംമുമ്പ് ചാനൽ സ്റ്റുഡിയോയിൽ അവർ വരാമോ,മാധ്യമങ്ങൾ അതിന് പ്രേരിപ്പിക്കാമോ,മാധ്യമധർമ്മം ഇങ്ങനെയാകാമോ എന്നൊക്കെയാണ് സംശയങ്ങൾ.തങ്ങളുടെ മകൾ കൊല്ലപ്പെടാൻ കാരണം ഈ വ്യവസ്ഥിതിയാണെന്ന് ബോധ്യമുള്ള മനുഷ്യർക്ക് പ്രതിഷേധത്തിനിറങ്ങാൻ സഞ്ചയനം കഴിയണം എന്നൊക്കെ കരുതുന്നത് എന്ത് ന്യായമാണ്.

അവരെ നിർബന്ധിച്ചുകൊണ്ടുവന്നുവെന്ന് സംശയിക്കുന്നതുപോലും ഉള്ളിലുള്ള ആ സവർണ ബോധത്തിന്റെ തള്ളിച്ചയാണ്.കറുത്തവനും ദളിതനും ആദിവാസിക്കും സ്വന്തമായൊരു ചിന്തപോലുമില്ലെന്ന വങ്കത്തം.അവർക്ക് കരയാനുള്ള സമയം കൊടുത്തുകൂടെ എന്നൊരു നിഷ്കളങ്ക ചോദ്യംപോലും അനീതിയാണ്.ആ മകൾ മരിച്ചതറിഞ്ഞപ്പോഴുള്ള പൊള്ളലിനേക്കാളും വലുതല്ല ഒന്നും.ആ മാതാപിതാക്കൾ ചാനലുകളോട് സംസാരിക്കാനിരുന്നത്പോലും. ചിതകൾ ആറിത്തണുക്കും മുമ്പെ അവർവന്ന് ചോദ്യം ചോദിച്ചു തുടങ്ങുന്നു. കണ്ണുകളിൽ കണ്ണീരല്ല ഉരുകുന്ന ക്രോധമാണ്.

1989 ജനുവരി ഒന്നിനാണ് ഹല്ലാ ബോൽ എന്നൊരു തെരുവുനാടകമവതരിപ്പിച്ചുകൊണ്ടിരിക്കെ സഫ്ദർ ഹാഷ്മിയെ രാഷ്ട്രീയ എതിരാളികൾ ആക്രമിക്കുന്നത്.ജനുവരി 2ന് ആ വിപ്ലവകാരി കൊല്ലപ്പെടുന്നു.അതേ തെരുവിൽ തൊട്ടടുത്ത ദിവസം ഹാഷ്മിയുടെ ജീവിത സഖാവ് മാലശ്രീ ഹാഷ്മി അതേ നാടകം സഫ്ദർ അവസാനിപ്പിച്ചിടത്തുനിന്നും തുടങ്ങി പൂർത്തിയാക്കി.അതുകൊണ്ടാണ് പറയുന്നത്.ചിലതൊക്കെ വിളിച്ചുപറയാൻ പുലകുളിതീരും വരെ കാത്തുനിൽക്കാൻ കഴിഞ്ഞെന്ന് വരില്ല.ജീവിക്കാൻപോലും ഇനിയൊരു ജീവിതം ശേഷിക്കുന്നില്ലെന്ന് തീർച്ചയുള്ളവരുടെ കാര്യത്തിൽ വിശേഷിച്ചും.അവർ സാമ്പ്രദായിക രീതികളോട് കലഹിക്കട്ടെ. അവരുടെതുമാണ് ഈ ഭൂമി.

Advertisements