Suresh Madathil Valappil എഴുതുന്നു

വീട് പണിയുമ്പോൾ കന്നിമൂലയുടെ പ്രാധാന്യം എന്താണ്…? അവിടെ ടോയ്ലറ്റ് പണിയാനാകുമോ..?

പ്രധാന ബെഡ് റൂം അവിടെത്തന്നെ വേണോ..?

ചർച്ച ചെയ്യും മുൻപ് നമ്മുടെ മംഗലശ്ശേരി നീലകണ്ഠന്റെ കഥ പറയാം.

ഈ മംഗലശ്ശേരി നീലകണ്ഠൻ ആളൊരു പോക്രിയാണെന്നു നമുക്കെല്ലാവർക്കുമറിയാം.

ഈ പോക്രിത്തരത്തിനൊക്കെ പുറപ്പെടുമ്പോൾ അയാൾ അതിനു സ്വയം കണ്ടെത്തുന്ന ന്യായമുണ്ട്.

താനൊരു നാട്ടുപ്രമാണിയാണ്.

മംഗലശ്ശേരി മാധവമേനോൻ എന്ന യോഗ്യനായൊരു പ്രഭുവിന്റെ മകനാണ് താൻ. ആ രക്തമാണ് തന്റെ സിരകളിലൂടെ ഒഴുകുന്നത്.

വേണ്ടിടത്തും വേണ്ടാത്തിടത്തും അയാൾ ഈ മാധവമേനോന്റെ അഡ്രസ്‌ വലിച്ചിഴക്കും.

ഒടുവിൽ സഹികെട്ടപ്പോൾ ‘അമ്മ ആ സത്യമങ്ങു പറഞ്ഞു.

“മോനെ നിന്റെ അപ്പൻ മംഗലശ്ശേരി മാധവമേനോനല്ല. നിന്റെ പൈതൃകം അങ്ങോരുടെതല്ല, മേലാൽ ആ പേര് മിണ്ടിപ്പോകരുത്”.

സംഗതി ‘അമ്മ പറഞ്ഞാൽ അത് സത്യമാകും എന്നുള്ളതുകൊണ്ട് പിന്നെ നീലൻ ഹൈദരാബാദിൽ ഡി എൻ എ പരിശോധനക്കൊന്നും പോയില്ല.

കുറച്ചു ദിവസം ഭാരതപ്പുഴയിലൂടെ “സൂര്യകിരീടം വീണുടഞ്ഞു” എന്ന പാട്ടും പാടി നടന്നു.

അത്രതന്നെ.

പിൽക്കാലത്തു സ്വന്തം മോൻ കാർത്തികേയനോടുപോലും മോനെ നിന്റെ അപ്പൂപ്പന്റെ പേര് മാധവമേനോൻ എന്നാണെന്നു നീലാണ്ടൻ പറഞ്ഞിട്ടില്ല.

കിട്ടേണ്ടത് കിട്ടിയാലേ തോന്നേണ്ടത് തോന്നൂ എന്ന് പണ്ടുള്ളവർ പറയുന്നത് ഇതിനാണ്.

നമ്മുടെ വാസ്തുവിദ്യക്കാരുടെ കാര്യവും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണ്.

വാസ്തുവിദ്യക്കാർ എന്ന് പറയുന്നത് ഈ വിഷയത്തിൽ ഉടായിപ്പു കാണിക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണ്. മറ്റുള്ളവർ ക്ഷമി.

1994 ൽ നിർമ്മാണമേഖലയിലേക്കു കാലെടുത്തുവച്ച കാലം മുതൽ ഞാൻ കേൾക്കാൻ തുടങ്ങിയതാണ് “കന്നി മൂല, കന്നി മൂല” എന്ന്.

കന്നിമൂലയിൽ മാസ്റ്റർ ബെഡ്‌റൂം വേണം…

കന്നിമൂലയിൽ അപ്പിയിടരുത്..

കന്നിമൂലയിൽ കട്ടിങ് പാടില്ല…

കന്നിമൂലയിൽ ഗോവണി പാടില്ല…

നിവിൻപോളി ഏതോ സിനിമയിൽ പറഞ്ഞപോലെ ഈ കന്നിമൂല കേട്ട് കേട്ട് ഞാൻ മടുത്തു.

ഞാൻ മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക എൻജിനീയർമാരും, ആർക്കിടെക്ടുകളും, പ്രൊഫഷണൽ ഡിസൈനര്മാരും മടുത്തു.

എന്താണീ കന്നിമൂല..?

വാസ്തുവിദ്യയിലെ സൂത്രങ്ങളുടെ പിന്നിലുള്ള സൂത്രത്തെക്കുറിച്ചു ഞാൻ എഴുതിയപ്പോൾത്തന്നെ ഒരുപാടാളുകൾ ആവശ്യപ്പെട്ടിരുന്നതാണ്.

അതേക്കുറിച്ചു എഴുതാം എന്ന് ഞാനവരോട് പറഞ്ഞിരുന്നതുമാണ്.

ഇന്നലെയും ഒരാൾ ആവശ്യപ്പെട്ടിരുന്നു.

“തേങ്ങാ ഉടക്ക് സ്വാമി “എന്ന്.

പക്ഷെ പ്രശ്നമുണ്ട്.

ഞാനീ പറയുന്നത് ചിന്താ ശേഷിയുള്ള കേരളീയ സമൂഹത്തിന്റെ മുന്നിലാണ്.

ചുമ്മാ എന്തെങ്കിലുമൊക്കെ അങ്ങ് തള്ളിവിടാൻ പാടില്ല.

ചോദ്യങ്ങൾ ഉണ്ടാകും.

അതുകൊണ്ടുതന്നെ നല്ല ഹോം വർക്ക്‌ ചെയ്യണം.

കഴിഞ്ഞ കുറെ ദിവസങ്ങളായി അതിനെ അന്വേഷണത്തിലായിരുന്നു. അതുകൊണ്ടാണ് വൈകിയത്.

മുൻപ് സൂചിപ്പിച്ചപോലെ വാസ്തുവിദ്യാ രംഗത്തെ എന്റെ ഗുരുനാഥന്മാർ മിക്കവാറും ഈ വിഷയത്തിൽ പല ഗ്രന്ഥങ്ങൾ രചിച്ചവരും, വാസ്തുവിദ്യയിലെ പല ആധാര ഗ്രന്ഥങ്ങൾക്കും പരിഭാഷ എഴുതിയവരും, ഈ വിഷയത്തിൽ ഗവേഷണ തലത്തിൽ ജ്ഞാനമുള്ളവരുമാണ്.

എനിക്ക് വിവരമില്ലെങ്കിലും എന്റെ മാഷുമ്മാർക്ക് വിവരമുണ്ടെന്നു ചുരുക്കം.

വാസ്തുവിദ്യാ പഠനകാലത്തോ അതിനു ശേഷമോ ഒരിക്കലും ആ ഗുരുനാഥന്മാർ ഈ കന്നിമൂലയെക്കുറിച്ചു ഞങ്ങളോട് പറഞ്ഞിട്ടില്ല.

പക്ഷെ ഇക്കാര്യം ഞാൻ നിങ്ങളോട് ചുമ്മാ പറഞ്ഞിട്ട് കാര്യമില്ല.

തെളിവ് വേണം, കോടതിക്ക് പോലും.

അങ്ങനെയാണ് ഞാൻ ആ സാധനം തേടിയിറങ്ങിയത്.

കേരളീയ വാസ്തുവിദ്യയുടെ ആധാര ഗ്രന്ഥമായ മനുഷ്യാലയ ചന്ദ്രികയുടെ പഴയൊരു കോപ്പി. പല പുസ്തകങ്ങളും കയ്യിലുള്ളത് അങ്ങ് നാട്ടിലാണ്.

തപ്പേണ്ടിടത്തു തപ്പി.. ഡൈമൻ ചട്ടമ്പിയെ കിട്ടി.

“ചേട്ടാ, ഈ മനുഷ്യാലയ ചന്ദ്രിക മാത്രമല്ലല്ലോ ഭൂമുഖത്തുള്ളത്, വേറെയും പുസ്തകങ്ങളുണ്ടല്ലോ “എന്നൊരു മറുവാദം ഞാൻ പ്രതീക്ഷിക്കുന്നു.

“അനിയാ നിൽ, തോക്കിൽ കേറി വെടിവക്കാതെ”

ഈ പറഞ്ഞ മനുഷ്യാലയ ചന്ദ്രിക വാസ്തുവിദ്യാ പഠനകാലത്തു ഞാൻ പഠന വിധേയമാക്കിയിട്ടുണ്ടെങ്കിലും അന്ന് ഞാൻ പഠിച്ചത് മാർക്ക് കിട്ടാനാണ്.

ഇപ്പോൾ അങ്ങനെയല്ല.

ഈ കേരളത്തിലെ ഒരുപാട് മനുഷ്യരുടെ മനസ്സിലുള്ള ആശങ്ക അകറ്റാനാണ്. ഒരുപാട് വീടുകൾക്ക് അംഗഭംഗം സംഭവിക്കാതിരിക്കാനാണ്.

മനുഷ്യാലയ ചന്ദ്രികയുടെ ഈ പരിഭാഷ തെയ്യാറാക്കിയിരിക്കുന്നതു പരമേശ്വര മേനോൻ എന്നൊരു പണ്ഡിതനാണ്.

ഈ ബുക്ക് ബസ്സിൽ കൊണ്ടുനടന്നു രണ്ടുരൂപക്കു വിൽക്കുന്നതല്ല.

കേരളം സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചതാണ്, വളരെ പഴയ ലിപിയുമാണ്. വേണ്ടവർക്ക് പി ഡി എഫ് കോപ്പി ഞാൻ അയച്ചു തരാം. [email protected] എന്ന മെയിലിൽ എനിക്കൊരു സന്ദേശം അയച്ചാൽ മതി. “വീട്ടിലൊരു മനുഷ്യാലയ ചന്ദ്രിക ” എന്നാണീ പദ്ധതിയുടെ പേര്.

വിഷയത്തിലേക്കു വരാം.

“മനുഷ്യാലയ ചന്ദ്രിക” എന്ന ഈ ഗ്രന്ഥം രചിക്കുമ്പോൾ ആധാരമാക്കിയ പൂർവ്വ ഗ്രന്ഥങ്ങളെക്കുറിച്ചു അതിൽ മനുഷ്യാലയ ചന്ദ്രികയുടെ രചയിതാവായ തിരുമംഗലത്തു നീലകണ്ഠൻ മൂസത് പ്രസ്താവിക്കുന്നുണ്ട്.

പരമേശ്വര മേനോൻ പരിഭാഷ ചെയ്തയാളാണ്, മൂസത് ആണ് ഗ്രന്ഥകർത്താവ്, മുദ്ര ശ്രദ്ധിക്കണം. ഒന്ന് ഏകമുദ്ര, മറ്റേതു ദ്വിമുദ്ര.

ആ ഗ്രന്ഥങ്ങൾ ഇനിപ്പറയുന്നവയാണ്.

1-മാർക്കണ്ഡേയ നിബന്ധനം.

2- മയമതം

3-രത്‌നാവലി

4-ഭാസ്കരീയം

5-കശ്യപീയം

6- വിശ്വകർമേയം

7-ഗുരുദേവ പദ്ധതി

8- പഞ്ചശിഖ

9-വിഷ്ണു സംഹിത

10-സമുച്ചയ വിവരണം

11- പ്രയോഗ മഞ്ജരി

12-മനുമതം

13-പരാശരമതം

14-തന്ത്രസമുച്ചയം

ഈ മേൽപ്പറഞ്ഞ പതിനാലു ഗ്രന്ഥങ്ങളും ഇന്ത്യൻ വാസ്തുവിദ്യയിലെ എണ്ണം പറഞ്ഞ ഗ്രന്ഥങ്ങളാണ്.

മയമതം എഴുതിയ മയനാണ് ഇന്ദ്രപ്രസ്ഥം നിർമ്മിച്ചതുതന്നെ.

അതായത് തിരുമംഗലത്തു നീലകണ്ഠൻ മൂസത് രചിച്ച മനുഷ്യാലയ ചന്ദ്രിക എന്ന ഗ്രന്ഥം ഇന്ത്യൻ വാസ്തുവിദ്യയിലെ പ്രാമാണിക ഗ്രന്ഥങ്ങളുടെ ഒരു രത്നചുരുക്കമാണ്‌.

ആ മനുഷ്യാലയ ചന്ദ്രികയിൽ കന്നിമൂലയിൽ മാസ്റ്റർ ബെഡ് റൂം വേണമെന്നോ, അപ്പിയിടരുതെന്നോ, ഗോവണി പണിയരുതെന്നോ പറഞ്ഞിട്ടില്ല.

മാത്രമല്ല..

കന്നിമൂല എന്ന വാക്കുതന്നെ ഇല്ല.

അതായത് കേരള വാസ്തുവിദ്യയുടെ പിതാവായ തിരുമംഗലത്തു നീലകണ്ഠൻ മൂസത് “കന്നിമൂല “എന്ന വാക്കുതന്നെ കേട്ടിട്ടില്ല.

മാത്രമല്ല ഗോവണി ആന്റി ക്ളോക്ക്‌വൈസിൽ വേണമെന്നോ, അഗ്നികോണിൽ ടോയ്‌ലെറ്റ് പണിയരുതെന്നോ പറഞ്ഞിട്ടില്ല.

മഹത്തായ ഇന്ത്യൻ വാസ്തുവിദ്യക്ക്‌ ഈ കന്നിമൂലയുടെ പൈതൃകത്തിൽ ഒരു പങ്കുമില്ല.

സംശയമുള്ളവർക്ക് പരിശോധിക്കാം.

ഒറ്റ സംശയമേ സമകാലീന വാസ്തുവിദ്യക്കാരോട് എനിക്കുള്ളൂ.

കന്നിമൂലയെ സംബന്ധിക്കുന്ന ഈ നിയമങ്ങളൊക്കെ എവിടെന്നു കിട്ടി എന്ന് ഞാൻ ചോദിക്കുന്നില്ല.

ഈ “കന്നിമൂല”എന്ന വാക്കു എവിടെന്നു കിട്ടി എന്നറിയാൻ താൽപ്പര്യമുണ്ട്. അതിന്റെ പൈതൃകം ആർക്കാണെന്നറിയാൻ ജിജ്ഞാസയുണ്ട്.

അല്ലാതെ പൈതൃകം ആർക്കെന്നറിയാത്ത ഈ കന്നിമൂലയെയും ചുമന്ന്‌ ഇനിയും നടക്കരുത്.

ഇത് ജ്യോതിഷവുമായി ബന്ധപ്പെട്ടതാണെന്നു പറഞ്ഞുവരുന്നവരോട് ഒരു ചോദ്യം.

മേൽപ്പറഞ്ഞ പുസ്തകങ്ങളൊക്കെ രചിച്ചവർക്കു ജ്യോതിഷം അറിയില്ലായിരുന്നോ..?

അതുപോലെ,

ഞാൻ വാസ്തുവിദ്യാ വിരുദ്ധമാണ് എന്ന് വേണമെങ്കിൽ പറഞ്ഞോളൂ.

മനുഷ്യാലയ ചന്ദ്രിക രചിച്ച തിരുമംഗലത്തു നീലകണ്ഠൻ മൂസതിനു വാസ്തുവിദ്യയിൽ വിവരമില്ലെന്നു മാത്രം പറയരുത്. പ്ലീസ്.

മംഗലശ്ശേരി നീലകണ്ഠൻ ചോദിച്ചപോലെ..

“എന്താടോ ശേഖരാ നന്നാവാത്തെ..?

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.