നക്ഷത്ര ഹോട്ടലുകളിലെ തീൻമേശ മര്യാദകളെക്കാളും നമുക്ക് സന്തോഷം തരുന്നത് പലപ്പോളും നാട്ടുവഴികളിലെ ചായക്കടകളാണ്

48

സുരേഷ് മഠത്തിൽ വളപ്പിൽ

ഏതാണ്ടൊരു രണ്ടു കൊല്ലം മുൻപുള്ള ഒരു വൈകുന്നേരം പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ അബുദാബി ടൗണിലൂടെ കറങ്ങി നടക്കുമ്പോളാണ് ആ ബോർഡ് കാണുന്നത്.

” ബാലേട്ടന്റെ ചായക്കട”
അല്ലെങ്കിലേ നാട്ടിലുള്ള ചായക്കടകളെക്കുറിച്ചുള്ള അൽപ്പം നൊസ്റ്റാൾജിയയൊക്കെ മനസ്സിലുള്ള ഞാൻ വേറൊന്നും നോക്കിയില്ല, നേരെ അകത്തേക്ക്.
പിന്നീടുള്ള ദിവസങ്ങളിൽ അവിടത്തെ ചായയും, പഴപൊരിയും, നെയ്യപ്പവും ഒക്കെ ഒരു പതിവായി, അവിടത്തെ ജീവനക്കാരായ മധുവും, ബാലേട്ടനും, ഷമീറും, പതിവുകാരായ ജെയിംസ് അച്ചായനും, സോനുവും ഒക്കെ എന്റെ സുഹൃത്തുക്കളായി, രാഷ്ട്രീയ ചർച്ചകളുടെ, സൗഹൃദ സംഭാഷണങ്ങളുടെ ഭാഗമായി ..

സുകുവേട്ടന്റെ ചായക്കട - Restaurant in Kottayamഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോളാണ് കുറച്ചപ്പുറത്തായി വേറൊരു ബോർഡ് കാണുന്നത്.
” അമ്മച്ചിയുടെ ചായക്കട ”
തുടർന്നങ്ങോട്ടുള്ള മാസങ്ങളിൽ രാജേട്ടന്റെ ചായക്കട, ഇക്കാക്കാന്റെ ചായക്കട, അമ്മാവന്റെ ചായക്കട, അമ്മായിയുടെ ചായക്കട, ആ ചായക്കട, ഈ ചായക്കട എന്നിങ്ങനെയുള്ള പേരുകളിലുള്ള ഒരുപാട് പ്രസ്ഥാനങ്ങൾ പൊങ്ങിവന്നു.
സംഗതി അനേകം സ്ഥാപനങ്ങൾ പൊട്ടിമുളച്ചെങ്കിലും അതുവഴി ഞങ്ങൾ പ്രവാസികൾക്ക് കൈവന്നത് ഒരുപാട് തരത്തിലുള്ള നാടൻ പലഹാരങ്ങൾ രുചിക്കാനുള്ള അവസരമാണ്. മാത്രമല്ല ഏതൊരു സ്റ്റാർ ഹോട്ടലിലും കിട്ടാത്ത സുഖമാണ് ഒരു ചായയും കടിയും കഴിച്ചു മനസ്സ് നിറഞ്ഞു നാല് നാട്ടുവർത്തമാനവും പറഞ്ഞു വീട്ടിൽ പോകുമ്പോൾ ലഭിക്കുന്നത്.
നല്ലത്, ഈ പ്രസ്ഥാനങ്ങളെല്ലാം തുടർന്നും നന്നായി മുന്നോട്ടു പോകട്ടെ.
സോഷ്യൽ മീഡിയയിലും കാര്യങ്ങൾ ഏതാണ്ട് ഇതുപോലെയാണ്.

നിങ്ങളുടെ: ചായക്കടമലയാളിയുടെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒന്നോ രണ്ടോ കൂട്ടായ്മകൾ മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഒരുപാടെണ്ണം ഉണ്ട്.
ഇവയിൽ പലയിടത്തും ഞാൻ സന്ദർശനം നടത്താറുണ്ട്, പലതും പഠിക്കാറുണ്ട്, അറിയുന്ന ചെറിയ കാര്യങ്ങൾ പങ്കുവെക്കാറുണ്ട്, തർക്കിക്കാറുണ്ട് ഒക്കെയുണ്ട്.
കാര്യം എന്തൊക്കെയാണെങ്കിലും ഇത്തരം കൂട്ടായ്മകൾ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന് നൽകുന്ന വിവരങ്ങൾ, പരിചയപ്പെടുത്തുന്ന വ്യക്തികൾ, ഉൽപ്പന്നങ്ങൾ ഇതൊക്കെ അവരെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതാണ്. അങ്ങനെത്തന്നെ തുടരട്ടെ.
ആയിടക്കാണ് ക്ഷണിക്കപ്പെടാത്ത ഒരതിഥി വലിഞ്ഞു കയറി വന്നത്.
കൊറോണ .

കാര്യം എന്തൊക്കെ പറഞ്ഞാലും കൊറോണക്ക് മുൻപും പിൻപും ഉള്ള മലയാളിയുടെ ജീവിതത്തിൽ താൽക്കാലികമായി എങ്കിലും വെത്യാസം വരും.
അത് വീട് നിർമ്മാണ മേഖലയിലും ബാധിക്കും.
ഗൾഫു മേഖലയിൽ ലക്ഷക്കണക്കിന് ആളുകളാണ് കേരളത്തിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത്.
ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ സ്ഥലം വിട്ടു കഴിഞ്ഞു.
മലയാളിയുടെ സാമ്പത്തിക പദ്ധതികളെ ആകെ തകിടം മറിക്കുന്ന ദിനങ്ങളാണ് നമുക്ക് മുന്നിലുള്ളത്.
ജാഗ്രത പാലിച്ചേ പറ്റൂ. പ്രത്യേകിച്ച് വീട് നിർമ്മാണത്തിൽ.
കയ്യിലുള്ള കാശ് മുഴുവനെടുത്തു വീട് പണിയാൻ പോയാൽ പണികിട്ടും.
ലോൺ എടുക്കാൻ പോകുമ്പോളും പത്തുവട്ടം ആലോചിക്കണം, പ്രത്യേകിച്ച് പ്രവാസികളും, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരും.

ചായക്കട എന്ന ജീവതാളത്തില്‍ നിന്ന്‍ ...വീടുനിർമ്മാണത്തിലെ ആഡംബരങ്ങൾ വെട്ടിക്കുറക്കുന്നതാണ് നല്ലത്.
ഇന്റീരിയർ ഡിസൈനും, ലാൻഡ്സ്കേപ്പിങ്ങും കുറച്ചുകാലത്തേക്ക് നീട്ടിവെക്കാം.
വീടിന്റെ വലുപ്പത്തെക്കുറിച്ചു തന്നെ പുനർവിചിന്തനം നടത്താം.
അഞ്ചു ബെഡ് റൂം പ്ലാൻ ചെയ്തവർ അതിന്നെ നാലാക്കി ചുരുക്കാനും, നാല് വേണ്ടവർ മൂന്നാക്കി ചുരുക്കാനും ആലോചിക്കണം. ഒരു ബെഡ് റൂം കുറക്കുമ്പോൾ ഏതാണ്ട് രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് മിനിമം ലാഭിക്കാൻ കഴിയുന്നത് . അതുപോലെ ബെഡ് റൂമുകളും വലുപ്പത്തെ കുറിച്ചും ചിന്തിക്കാം.
റൂമുകളുടെ വലുപ്പവും അവയുടെ സൗകര്യവും തമ്മിൽ വലിയ ബന്ധം ഒന്നുമില്ല. ചെറിയ ബെഡ് റൂമുകളിലും നന്നായി സംവിധാനം ചെയ്‌താൽ നല്ല സൗകര്യം ഉണ്ടാക്കിയെടുക്കാം .
എല്ലാ ബെഡ് റൂമുകൾക്കും അറ്റാച്ഡ് ടോയ്‌ലെറ്റ് വേണമോ എന്നാലോചിക്കണം. ഒരു ബാത് റൂമിനു ഒരു ലക്ഷം രൂപ എങ്കിലും മിനിമം കിട്ടും.

എല്ലാ ടോയ്‌ലെറ്റുകളിലും കുളിക്കാനുള്ള സൗകര്യം വേണോ എന്നാലോചിക്കണം. അതിനനുസരിച്ചു ടോയ്‌ലെറ്റിന്റെ വലുപ്പം കുറക്കാം. ഏതാണ്ടൊരു ഇരുപത്തയ്യായിരം രൂപയെങ്കിലും ഓരോ ബാത്റൂമിൽ നിന്നും ഈ വഴി ലാഭിക്കാം.
കാർപോർച്ചിനു പകരം കാർ ഗാരേജ് പോരെ എന്നാലോചിക്കണം. ആലോചിച്ചാൽ ഒരു ഒന്നേകാൽ മുതൽ ഒന്നര ലക്ഷം രൂപ വരെ കയ്യിലിരിക്കും.
നിങ്ങൾ ആവശ്യപ്പെടാത്ത ഒരു ലിവിങ് ഏരിയ മുകൾ നിലയിൽ ഉണ്ടെങ്കിൽ അത് പ്ലാനിൽ നിന്നും നീക്കാൻ പറയണം. ഏതാണ്ട് മൂന്നുലക്ഷം രൂപ ഈ വഴി പോക്കെറ്റിൽ കിടക്കും.
ചെറിയൊരു ബാൽക്കണി വേണ്ടെന്നു വച്ചാൽ മിനിമം ഒരുലക്ഷം രൂപ മിച്ചം പിടിക്കാം. ബാൽക്കണിയില്ലെങ്കിൽ വീടിനു ഭംഗി കിട്ടില്ലെന്ന്‌ പറയുന്ന ഡിസൈനര്മാരോട് പോയി പണിനോക്കാൻ പറയണം. കഴിവും പ്രതിഭയുമുള്ള ഒരുപാട് ചെറുപ്പക്കാർ സ്വയം തെളിയിക്കാൻ അവസരം തേടുന്ന നാടാണ് നമ്മുടേത്.
അശാസ്ത്രീയമായ പ്ലാനുകൾ പാടേ ഉപേക്ഷിക്കണം. ഇവ ചെറുതാണെന്ന് തോനിക്കുമെങ്കിലും പാസേജ് ഏരിയ മൃഗീയമാംവണ്ണം അധികമായിരിക്കും. ഒരു സോഫയോ, ഡൈനിങ്ങ് ടേബിൾ തന്നെയോ ഇടാൻ കഴിയാത്ത വണ്ണം പാസേജുള്ള എത്രയോ പ്ലാനുകൾ കാണാറുള്ള അനുഭവത്തിൽ നിന്നാണ് പറയുന്നത്. വെറുതെ പണം ചെലവാക്കാം എന്നതിലപ്പുറം ഈ പ്ലാനുകൾ കൊണ്ട് ഒരു കാര്യവുമില്ല.

ലക്ഷങ്ങൾ പൊട്ടിച്ചുള്ള പെയിന്റിങ് കുറച്ചുകാലത്തേക്ക് മരവിപ്പിക്കുന്നതായിരിക്കും നല്ലത്.
നമ്മുടെ വീടുകൾ പ്രായോഗികതയെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്യേണ്ടുന്ന കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. ഈ നിർണ്ണായക ഘട്ടത്തിലെങ്കിലും നാം അതിനു തെയ്യാറാകണം.
കുഴിമന്തിയും, കെഎഫ്‌സിയും, ഷവർമ്മയും മാത്രം കഴിക്കാൻ പഠിച്ചിരുന്ന മലയാളിക്കു ചക്ക വിഭവങ്ങളെ അംഗീകരിക്കാൻ കഴിയുമെങ്കിൽ ആ കാഴ്ചപ്പാട് നമുക്ക് നമ്മുടെ വീടുകളുടെ നിർമ്മാണത്തിലേക്കും കൊണ്ടുവരാം.
ചെറിയ, മനോഹരമായ, ഉറപ്പുള്ള, സൗകര്യങ്ങളുള്ള , സന്തോഷം നിറയുന്ന വീടുകളെക്കുറിച്ചു നമുക്ക് ചിന്തിക്കാം.
കാരണം നക്ഷത്ര ഹോട്ടലുകളിലെ തീൻമേശ മര്യാദകളെക്കാളും നമുക്ക് സന്തോഷം തരുന്നത് പലപ്പോളും നാട്ടുവഴികളിലെ ചായക്കടകളാണ് .