Suresh Nellanickal
സൂര്യൻ എന്നത് ഹൈഡ്രജൻ, ഹീലിയം എന്നിവ നിറച്ച ഒരു വ്യാഴത്തെ പോലെ വാതകഭീമനാണ്.അതെ വ്യാഴത്തെ പോലെ, കാരണം രണ്ടിലും ഭൂരിഭാഗവും ഹൈഡ്രജനും കാൽഭാഗം ഹീലിയവും ആണ്.എന്നാൽ സൂര്യൻ എന്നത് ഒരു ന്യൂക്ലീയാർ റിയാക്ടർ ആണ്. അതായത് ഒന്ന് കത്തുന്നു മറ്റൊന്ന് കത്തുന്നില്ല. സൂര്യന്റെ ജനിക്കാതെ പോയ അനിയൻ ആണ് വ്യാഴം.എന്നാലും സൗരയൂഥത്തിന്റെ 99.98 % മാസ്സും സൂര്യരാജാവിന് സ്വന്തം. സൂര്യന്റെ കേന്ദ്രത്തിൽ നിന്നും റേഡിയസിന്റെ 20 % വരെയുള്ള ഭാഗത്തെ കോർ എന്ന് വിളിക്കുന്നു.
ഇവിടെ അതിതീവ്ര ഗുരുത്വം ദ്രവ്യത്തെ ഞെരിച്ചമർത്തി സാന്ദ്രത കൂട്ടി ഉയർന്ന ചൂട് ഉണ്ടാക്കുന്നു.അപ്പോൾ ഇവിടെ ഉണ്ടാകുന്ന 157 ലക്ഷം ഡിഗ്രി സെൽഷ്യസ് ചൂടിൽ ദ്രവ്യം പ്ലാസ്മ എന്ന അവസ്ഥയിൽ അയണീകരിക്കപെടുകയും ഇലക്ട്രോണുകളെ ചീന്തിഎറിഞ്ഞു പ്രോട്ടോണുകൾ തമ്മിൽ കൂട്ടിമുട്ടാൻ തുടങ്ങകയും ചെയ്യും . ഒരു ആറ്റം ഒരു ഫുട്ബോൾ സ്റ്റേഡിയം ആണെങ്കിൽ അവിടെ നടുക്ക് ഇരിക്കുന്ന ഈച്ചയാണ് ന്യൂക്ലീയസ് എന്ന് എല്ലാവർക്കും അറിയാമല്ലോ.അത്രയ്ക്ക് ശൂന്യത ആണ് ആറ്റത്തിൽ.അങ്ങനെ ഉള്ള ഇടത്തു വേറെ ആറ്റങ്ങളിലെ പ്രോട്ടോണുകൾ വന്നു തമ്മിൽ കൂട്ടി ഇടിക്കാൻ മാത്രം , അവ ഒരു സൂപ്പ് പോലെ ആകണമെങ്കിൽ എത്ര ഉയർന്ന ഊർജാവസ്ഥ, സാന്ദ്രത വേണമെന്ന് ആലോചിച്ചു നോക്കു.
എന്തായാലും പ്രോട്ടോണുകൾ മൂന്ന് ഘട്ട കൂട്ടിയിടി പരിപാടി വഴി അവസാനം ഹീലിയം ന്യൂക്ലീയസ് ആയി മാറുന്നു. മാസ്സിൽ ഉണ്ടായ കുറവ് ഒരു ഗാമാഫോട്ടോണിനെ ഉണ്ടാക്കുന്നു.അപ്പോൾ സൂര്യന്റെ റേഡിയസ് 7ലക്ഷം km. അപ്പൊ 2.3 സെക്കൻഡ് കൊണ്ട് ഫോട്ടോൺ അണ്ണൻ പുറത്തു എത്തുമല്ലോ എന്ന് നിങ്ങൾ സ്വാഭാവികമായും ചിന്തിക്കും. പക്ഷെ അങ്ങനെ അല്ല കാര്യങ്ങൾ.സൂര്യൻ ഒരു വലിയ ജയിൽ ആണ്.
♦️കുടിയന്റെ നടത്തം
നന്നായി അടിച്ചു ഫിറ്റായ ഒരുത്തനു കഷ്ടിച്ചു പോസ്റ്റിൽ പിടിച്ചു എണീറ്റു നിൽക്കാനെ പറ്റു എന്ന് വിചാരിക്കു.10 സ്റ്റെപ് ദൂരമുള്ള അടുത്ത പോസ്റ്റിൽ പോകണമെങ്കിൽ ആദ്യം ഒരു സ്റ്റെപ് വെച്ച് കഴിഞ്ഞാൽ ചിലപ്പോൾ രണ്ടു സ്റ്റെപ് പിറകിലോട്ട് പോകാനാണു സാധ്യത. ചിലപ്പോൾ വേറെ ദിശയിൽ തിരിഞ്ഞു നിൽക്കാനും സാധ്യത ഉണ്ട് .ഇതിനെ ഗണിതജ്ഞരും ഭൗതിക ശാസ്ത്രജ്ഞരും പറയുന്നത്, 𝐃𝐫𝐮𝐧𝐤𝐚𝐫𝐝❜𝐬 𝐰𝐚𝐥𝐤 𝐨𝐫 𝐑𝐚𝐧𝐝𝐨𝐦 𝐰𝐚𝐥𝐤 എന്നാണ്. ലക്ഷ്യത്തിൽ എത്താൻ ചിലപ്പോൾ അയാൾ 100 സ്റ്റെപ് വരെ ഉപയോഗിക്കേണ്ടി വരും എന്നാണ് വിദഗ്ദർ പറയുന്നത് . ഫോട്ടോണിന്റെ കാര്യവും ഇതേ പോലെ തന്നെ. ഈ കനത്ത സാന്ദ്രതഏറിയ(150gm/cm^3) പ്രോട്ടോൺ സൂപ്പിൽ ഉണ്ടാകുന്ന ഗാമാഫോട്ടോൺ പത്തിലൊന്നു മില്ലിമീറ്റർ മുതൽ 1 cm വരെ സഞ്ചരിക്കുന്നതിനിടയിൽ അടുത്ത പ്രോട്ടോണുമായി കൂട്ടിയിടിക്കുന്നു. ഉയർന്ന ഊർജവസ്ഥയിൽ എത്തിയ പ്രോട്ടോൺ ഉടനെ തന്നെ കിട്ടിയ ഊർജത്തെ ഗാമാഫോട്ടോൺ ആയി തിരിച്ചു തള്ളുന്നു.
ഉടനെ തന്നെ അടുത്ത കൂട്ടിഇടി നടക്കുന്നു.കഷ്ട്ടം എന്താണെന്നു വച്ചാൽ തിരിച്ചു വരുന്ന ഫോട്ടോൺ ചിലപ്പോൾ കേന്ദ്രത്തിലേക്ക് നോക്കി ആയിരിക്കും പോകുന്നത്.അപ്പോൾ ഒരു കുടിയൻ നടക്കുന്നതുപോലെ ഈ ഫോട്ടോൺ തട്ടിയും മുട്ടിയും വഴി തെറ്റിയും ഉള്ള ഒരു നീണ്ട യാത്രക്ക് തുടക്കമിടുന്നു. ശരിക്കും എത്ര ദൂരം അത് രണ്ടു കൂട്ടിയിടിക്കിടയിൽ സഞ്ചരിച്ചു എന്നറിയാൻ ഒരു വഴിയും ഇല്ല. അത് ഓരോത്തർക്കും വിദഗ്‌ദ്ധർ വിടുന്നു.അത് കൊണ്ട് വലിയ കണക്കു പറഞ്ഞു മുഷിപ്പിക്കുന്നില്ല.അടുത്ത കൂട്ടിയിടിക്കും മുൻപ് 1 cm ആണ് സഞ്ചരിക്കാൻ പറ്റുന്നതെങ്കിൽ ഏകദേശം 5000 വർഷം കഴിഞ്ഞു ഫോട്ടോൺ പുറത്തു വരും. ഇനി സഞ്ചരിച്ചത് 0.1 mm ആണെന്ന് നിങ്ങൾ വിചാരിക്കുന്നു എന്ന് കരുതുക.അതായത് ഈ സമയത്തിനിടയിൽ അടുത്ത കൂട്ടിയിടി നടക്കുകയും അങ്ങനെ വഴി തെറ്റി അലയുന്ന അവൻ 5 ലക്ഷം വർഷം കഴിഞ്ഞു മാത്രമേ അവൻ ജയിലിൽ നിന്നും ഇറങ്ങു.
അങ്ങനെ കോർ ഡെൻസിറ്റി അനുസരിച്ചും സഞ്ചരിച്ച ദൂരം അനുസരിച്ചും അതിൻഫലമായി ഉണ്ടാകുന്ന കൂട്ടിയിടി അനുസരിച്ചും ഫോട്ടോണിന് സൂര്യനിൽ നിന്ന് പുറത്തു വരാൻ എടുക്കുന്ന സമയത്തിന്റെ ഒരു റേഞ്ച് മാത്രമെ ഇപ്പോൾ പറയാൻ പറ്റു.അപ്പോൾ കവി എന്താണ് ഉദ്ദേശിക്കുന്നത് എന്നല്ലേ നിങ്ങളുടെ ചോദ്യം . ഇത്രേ ഉള്ളു, അതായത് നിങ്ങൾ ഇപ്പോൾ കാണുന്ന പ്രകാശം എട്ട് മിനിറ്റുകൾക്ക് മുൻപ് സൂര്യനിൽ ഉണ്ടായതല്ല മറിച്ച് പതിനായിരക്കണക്കിന് അല്ലെങ്കിൽ ലക്ഷകണക്കിന് വർഷങ്ങൾക്ക് മുൻപ് സൂര്യന്റെ കേന്ദ്രത്തിൽ ഉണ്ടായതാണ്.
𝑵𝒐𝒕 𝒆𝒊𝒈𝒉𝒕 𝒎𝒊𝒏𝒖𝒕𝒆𝒔 𝒃𝒂𝒄𝒌, 𝑰 𝒘𝒂𝒔 𝒃𝒐𝒓𝒏 𝒃𝒆𝒇𝒐𝒓𝒆 𝒕𝒉𝒆 𝒎𝒐𝒅𝒆𝒓𝒏 𝒉𝒖𝒎𝒂𝒏𝒔 𝒘𝒆𝒓𝒆 𝒆𝒗𝒐𝒍𝒗𝒆𝒅