𝗖𝗹𝗶𝗺𝗮𝘁𝗲 𝗖𝗵𝗮𝗻𝗴𝗲 𝗶𝘀 𝗥𝗲𝗮𝗹
Suresh Nellanickal എഴുതിയത്
ഈ കഴിഞ്ഞ 𝟐𝟎𝟏𝟕 -ൽ 𝐊𝐥𝐚𝐠𝐞𝐬 എന്ന ജിയോളജിസ്റ്റ് തന്റെ ടീമിനെയും കൊണ്ട് അന്റാർട്ടിക്കയിൽ, 𝐑𝐕 𝐏𝐨𝐥𝐚𝐫𝐬𝐭𝐞𝐫𝐧 എന്ന ഐസിനെ തകർത്ത് മുന്നേറുന്ന കപ്പൽ വഴി, കടലിന്റെ അടിത്തട്ടിൽ ഐസിനടിയിൽ പുതഞ്ഞു കിടക്കുന്ന എന്തോ ഒന്നിനെ വീണ്ടും തോണ്ടാൻ തുടങ്ങിയപ്പോൾ , അവിടെ എന്താണ് അല്ലെങ്കിൽ അവർ എന്തിനെയാണ് അന്വഷിക്കുന്നത് എന്ന് അദ്ദേഹത്തിന് പോലും ഒരു നിശ്ചയവും ഇല്ലായിരുന്നു.
മുൻപ് കിട്ടിയ ഒരു സാമ്പിളിൽ സംശയം തോന്നിയ കൊണ്ടാണ് വീണ്ടും കുഴിക്കാൻ തുടങ്ങിയത്.എന്നാൽ ഡ്രില്ലിങ് വഴി കാനിസ്റ്റർ ബോക്സിൽ ഇപ്പോൾ കിട്ടിയതാകട്ടെ നല്ല കറുത്ത കൊഴമ്പൻ മണ്ണും.അതിനെ പറ്റി അദ്ദേഹം പറയുന്നത് നിങ്ങൾ വീടിനടുത്തുള്ള വനത്തിൽ പോയി ഏതാനും അടി ആഴത്തിൽ ഒന്ന് കിളച്ചു നോക്കൂ, ഇതേ മണ്ണ് തന്നെ കിട്ടും എന്നാണ്.
𝐓𝐡𝐞 𝐚𝐧𝐜𝐢𝐞𝐧𝐭 𝐬𝐰𝐚𝐦𝐩𝐲 𝐑𝐚𝐢𝐧𝐟𝐨𝐫𝐞𝐬𝐭
ബോക്സ് തുറക്കാതെ ലാബിൽ കൊണ്ടുപോയി എക്സ്റേ സ്കാനിങ് ചെയ്തപ്പോൾ വിവിധ സസ്യങ്ങളുടെ വേരുകൾ സംരക്ഷിക്കപ്പെട്ട രീതിയിൽ കണ്ടെത്തുകയായിരുന്നു.ചില സസ്യങ്ങൾ കോൾ ആയി മാറാൻ തുടങ്ങിയ ഈ സാമ്പിളിന്റെ പരിശോധനയിൽ തെളിഞ്ഞത് ചരിത്രാതീത കാലത്തെ ചതുപ്പ് നിലങ്ങളിൽ ഉണ്ടായിരുന്ന വളരെ വ്യത്യസ്തമായ സസ്യജാലങ്ങളുടെ ഒരു ശേഖരമാണ്.
പിന്നീട് അതിനെ പറ്റി 𝐍𝐚𝐭𝐮𝐫𝐞 മാസികയിൽ വന്ന കൂടുതൽ പഠന റിപ്പോർട്ടുകൾപ്രകാരം , ഈ മണ്ണിന്റെ സാമ്പിൾ സൂചിപ്പിക്കുന്നത് അന്റാർട്ടിക്കയിൽ 𝟖𝟐 മില്യൺ മുതൽ 𝟗𝟎 മില്യൺ വർഷങ്ങൾക്ക് മുൻപ് വരെ ഉണ്ടായിരുന്ന, വെള്ളക്കെട്ടും ചതുപ്പ് നിലങ്ങളും നിറഞ്ഞ നിബിഡവനത്തെപ്പറ്റിയെന്നാണ് . ഇതിന് കാരണമായി പറയുന്നത് ഭൂമിയുടെ കഴിഞ്ഞ അവസാന 𝟏𝟒𝟎 മില്യൺ വർഷങ്ങളിലെ ഗ്രീൻ ഹൌസ് മൂലമുള്ള ഏറ്റവും ചൂടേറിയ കാലഘട്ടമായിരുന്നു അപ്പോൾ നിലനിന്നിരുന്നത് എന്നാണ്.
എന്നാൽ അത് മൂലം ഐസ് നിലനിർത്താനുള്ള ശേഷി അന്റാർട്ടിക്കയിൽ കുറഞ്ഞെങ്കിലും മൊത്തം ഐസിനേയും ഇല്ലാതാക്കുന്ന ചൂട് ഇല്ലായിരുന്നു. അതായത് അന്നത്തെ വനം നിന്നത് ഇന്നത്തെ മഞ്ഞ് നിറഞ്ഞ ന്യൂസിലാൻഡിന് തുല്യം ഒരു കാലാവസ്ഥയിൽ ആയിരുന്നു.കിട്ടിയ സാമ്പിളിൽ ചില ഭാഗങ്ങൾ സൂപ്പ് പോലെ ആയതിനാൽ പലതിന്റെയും യഥാർത്ഥ സ്പീഷിസ് മനസിലാക്കാൻ സാധിച്ചില്ലെങ്കിലും വേറെ പലതും ഇന്നത്തെ 𝐂𝐨𝐫𝐧𝐢𝐟𝐞𝐫, 𝐅𝐞𝐫𝐧 എന്നീ മരങ്ങളുടെ ബന്ധുക്കൾ ആണ് എന്ന് മനസ്സിലായി .
ചൂട് ഇഷ്ട്ടപ്പെടുന്ന ഇവ അന്ന് നിൽക്കണമെങ്കിൽ, ഇന്നത്തേതിനേക്കാൾ നാല് ഇരട്ടി ഉണ്ടായിരുന്ന 𝐂𝐨𝟐 ഉണ്ടാക്കിയ ഗ്രീൻ ഹൌസ് എഫക്ട്, അന്റാർട്ടിക്കയിൽ 𝟐𝟎 ഡിഗ്രി സെൽഷിയസ് ചൂട് എങ്കിലും സൃഷ്ട്ടിച്ചിരിക്കണം.
എന്നാലും അന്റാർട്ടിക്കയിൽ കാണപ്പെടുന്ന തുടർച്ചയായ നാലുമാസ ഇരുട്ടിൽ ഇവ എങ്ങനെ പിടിച്ചു നിന്നിരുന്നു എന്നത് വലിയൊരു ചോദ്യചിഹ്നമായി ഇവരുടെ മുന്നിൽ നില്ക്കുന്നു. അത് കൊണ്ട് തന്നെ കൂടുതൽ സാമ്പിളുകൾ തേടി പഴയ ആ ഉറങ്ങുന്ന വനത്തിന്റെ മടിത്തട്ടിലേക്ക് പോകാൻ അവർ വീണ്ടും ആഗ്രഹിക്കുന്നു.