‘മലബന്ധത്തിനെതിരേ രാമബാണമയച്ചു’കൊണ്ടൊരു പരസ്യം ഇവിടുത്തെ റ്റെലിവിഷന് ചാനലുകളിലൊക്കെ രണ്ടുമൂന്നുവര്‍ഷം ഓടിക്കളിച്ചിട്ട് അതിനെ പിടികൂടാന്‍ ഹിന്ദു ഐക്യവേദിക്കും മറ്റു വിശാലഹിന്ദുക്കള്ക്കും കഴിഞ്ഞില്ല. രാമായണങ്ങളിലും മഹാഭാരതങ്ങളിലും തോന്ന്യാസക്കഥകള് സൗകര്യപൂര്‍വ്വം പടച്ചുവിട്ട് മനുഷ്യരെ പറ്റിച്ചുകൊണ്ടിരുന്നവരെ പിടികൂടാനോ കത്തിക്കാനോ ഹിന്ദുക്കളുടെ മൊത്തസംരക്ഷകര്ക്കു കഴിഞ്ഞില്ല.
കഴിഞ്ഞയാഴ്ചകൂടി ഏതോ ചാനലില്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ഐ. വി. ശശിച്ചിത്രം 1921 സംപ്രേഷണം ചെയ്തിരുന്നു. ഇന്നലെ വരെ ആ ചിത്രം ‘ചരിത്രത്തോടു നീതി പുലര്‍ത്തി’യിരുന്നു. അരവിന്ദന്റെ ‘കാഞ്ചനസീത’ ‘ഐക്യഹിന്ദു’ക്കള്‍ കണ്ടിട്ടുണ്ടാവില്ല. ഇനിയാണെങ്കിലും കലാപം നടത്തി അതിന്റെ പ്രിന്റ് കണ്ടെടുത്ത് അവര്‍ക്കു നശിപ്പിക്കാം. ഒപ്പം ഏം.ടി.യുടെ ‘നിര്‍മ്മാല്യ’വും. ‘മീശ’യുടെ പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് ബഹിഷ്ക്കരിക്കപ്പെട്ടതിനാലാവും ഇപ്പോള്‍ അതില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ‘മഹാഭാരതം-ഒരു സ്വതന്ത്രസോഫ്റ്റ്വെയര്’ അവരാരും വായിക്കാത്തത്. അത് വായിച്ചുകഴിഞ്ഞാല്‍ മഹാഭാരതധര്മ്മയുദ്ധത്തില് പ്രയോഗിക്കപ്പെട്ട അധര്‍മ്മ-അടവുകള്‍ എണ്ണിയെണ്ണിയെടുക്കാം.
ഒരിക്കല്‍ ബഹിഷ്ക്കരിച്ചതുകൊണ്ട് ഇനിയും മാതൃഭൂമിയെ ബഹിഷ്ക്കരിക്കാനാവാത്ത ഒരു സാങ്കേതികപ്രശ്നമുള്ളതുകൊണ്ടാവും ആരും അതിനു തുനിയാത്തത്. അതുപോലെ, പീറ്റര്‍ ബ്രൂക്ക് എന്ന വെള്ളക്കാരന് വെളുത്തവരേയും കറുത്തവരേയും തവിടരേയും ചേര്‍ത്ത് ആദ്യം ഒന്‍പതുമണിക്കൂര്‍ നീളമുള്ള നാടകമായും പിന്നീട 1989 ല്‍ ചലച്ചിത്രമായും പുറത്തിറക്കിയ ഒരു മഹാഭാരതമുണ്ട്. ആടയാഭരണങ്ങളും കെട്ടുകാഴ്ചകളുമില്ലാതെ വന്ന ആ ആവിഷ്ക്കാരത്തില്‍ മല്ലികാ സാറാഭായ് യെപ്പോലുള്ള അപൂര്‍വ്വം ചില ഇന്ത്യക്കാരേ ഉണ്ടായിരുന്നുള്ളു.
നമ്മുടെ മഹാഭാരതസങ്കല്പങ്ങളില് നിന്നുള്ള ഒരു വ്യതിചലനമായിരുന്നു അത്. ചില കറുത്ത നടന്മാരൊക്കെ നമ്മുടെ മഹാഭാരതകഥാപാത്രങ്ങളായി അഭിനയിക്കുന്നതു കാണാന്‍ രസമായിരുന്നു. അതിന്റെ പതിപ്പ് എവിടെയെങ്കിലും ഉണ്ടെങ്കില്‍ അതും പിടിച്ചെടുത്ത് നശിപ്പിക്കണം. പുരാണങ്ങളിലില്ലാത്ത കള്ളക്കഥാപാത്രങ്ങളെ സൃഷ്ടിച്ചുവിട്ട സീരിയല്‍ എഴുത്തുകാരെയെല്ലാം പിടിച്ചുകെട്ടി ഹിന്ദുത്വഐക്യവേദിക്കാര് ഉടനെ തന്നെ ശിക്ഷിക്കണം. ചരിത്രത്തോടും മൂലകൃതിയോടും നീതി പുലര്‍ത്താതെ പുറത്തുവന്ന ചലച്ചിത്രങ്ങളും സാഹിത്യകൃതികളും നിരോധിക്കണം. ഇന്ത്യയിലുണ്ടായ മഹാഭാരതങ്ങളും രാമായണങ്ങളും ഒറ്റക്കൃതികളായി ഏകീകരിക്കണം. അത്രയും ചെയ്തതിനുശേഷം ‘വാരിയംകുന്നന്മാരി’ലേയ്ക്കെത്തിയാല് മതി. അതല്ലെങ്കില്‍ പലചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതെ വെള്ളം കുടിച്ചിരിക്കേണ്ടിവരും.