ഈ പോസ്റ്റ് വായിച്ചാൽ നിങ്ങൾ തീർച്ചയായും ഡ്രൈവിംഗ് പഠിക്കാൻ പോകും

0
436

സുരേഷ് സി പിള്ളയുടെ കുറിപ്പ്

പത്തു പതിനഞ്ചു വർഷങ്ങൾക്ക് മുൻപാണ്. ഞാൻ നാട്ടിൽ ഉള്ള സമയത്താണ്, യുവാവായ ഒരു ബന്ധു മരിക്കുന്നത്. വലിയ വിഷമം ഉണ്ടാക്കിയ മരണമാണ്. യുവാവായതിനാൽ ദുഃഖം ഇരട്ടി. കല്യാണം കഴിഞ്ഞിട്ട് അധികം നാൾ ആയ ആളല്ല. മരണ ദിവസം എനിക്ക് പോകാൻ പറ്റിയില്ല. തിരിച്ചു വരുന്നതിന് മുൻപേ, ഏകദേശം മരണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞാണ് അമ്മയുമായി അവിടെ പോകുന്നത്.
വളരെ ശോകമൂകമായ അന്തരീക്ഷം. മരിച്ച ആളിന്റെ അടുത്ത ബന്ധുക്കൾ രണ്ടു മൂന്ന് പേർ അവിടെ ഉണ്ടായിരുന്നു. കഴിവതും മരിച്ച ആളെപ്പറ്റി സംസാരിക്കാതെ ഇരിക്കുവാൻ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ഭാര്യ (ശരണ്യ-യഥാർത്ഥ പേരല്ല) കതകിനു പിന്നിലായി നിന്ന് കേൾക്കുന്നുണ്ട്.

ഞാൻ ഇറങ്ങാൻ നേരം പറഞ്ഞു,
“വീട്ടിൽ അദ്ദേഹത്തിന്റെ സ്കൂട്ടറും, കാറും ഉണ്ടല്ലോ? ശരണ്യ ഡ്രൈവിംഗ് പഠിക്കണം”. ആരെയും ആശ്രയിക്കാതെ അത്യാവശ്യം കാര്യങ്ങൾ നടക്കുമല്ലോ?”
തിരിച്ചു മറുപടി ഒന്നും ഉണ്ടായില്ല. അങ്ങിനെ മറുപടി പറയാൻ പറ്റുന്ന അവസ്ഥയിൽ അല്ലായിരുന്നു അവർ.
ഞാൻ പറഞ്ഞത് ചിലപ്പോൾ അവർ കേട്ടിട്ടേ ഉണ്ടാവില്ല. മാസങ്ങൾ കഴിഞ്ഞു പോയി, ഒരു വീക്ക് എൻഡ് വീട്ടിൽ വിളിച്ചപ്പോൾ അമ്മ പറഞ്ഞു
“ശരണ്യ ഡ്രൈവിംഗ് ചെയ്യാൻ തുടങ്ങി. ഇപ്പോൾ തനിയെ കടയിൽ ഒക്കെ പോകും.”
ഒരു പക്ഷെ ഞാൻ പറഞ്ഞിട്ടോ, എൻ്റെ വാക്കുകൾ കേട്ടോ ആവില്ല അവർ ഡ്രൈവിംഗ് പഠിച്ചത്. ചിലപ്പോൾ നേരത്തെ മനസ്സിൽ ഉറപ്പിച്ചിരുന്നതാവാം. എന്തായാലും ആ സംഭവം, എൻ്റെ മനസ്സിൽ വലിയ സന്തോഷം ഉണ്ടാക്കി.
ഇതിന് ശേഷം പരിചയം ഉള്ള പലരോടും പറഞ്ഞിട്ടുണ്ട്,

“നിങ്ങൾ ഡ്രൈവിംഗ് പഠിക്കണം. വീട്ടിൽ കാർ ഇല്ലെങ്കിൽ, സ്കൂട്ടർ പഠിക്കണം. ലോൺ എടുത്ത് ഒരു സ്കൂട്ടർ വാങ്ങണം. ഇനി സ്കൂട്ടർ വാങ്ങൽ പറ്റില്ലെങ്കിൽ ഒരു സൈക്കിൾ വാങ്ങണം.” എന്നൊക്ക
ഡ്രൈവിംഗ് അറിയുക എന്നാൽ അത് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു വാതായനം തുറന്നിടുക എന്നാണ്.
ബ്രിട്ടനിലെ ‘ദി ഗാർഡിയൻ’ പത്രത്തിലെ ജേര്ണലിസ്റ്റായ ഇമാൻ അമ്റാനി അവരുടെ ‘ലെസ്സൺ ഫ്രം വൈസ് വുമൺ’ എന്ന പംക്തിയിൽ ഒരിക്കൽ എഴുതിയതിങ്ങനെയാണ്.
“പതിനേഴാം വയസ്സിൽ എനിക്ക് തന്ന ഡ്രൈവിംഗ് പാഠങ്ങൾ ആണ് അമ്മ എനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനം. സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാൻ എനിക്ക് തന്ന സമ്മാനം പോലെ ആയിരുന്നു അമ്മ എനിക്ക് തന്ന ആ പാഠങ്ങൾ.”

എന്റെ അഭിപ്രായത്തിൽ കേരളത്തിലെ പതിനെട്ടു വയസ്സായ യുവാക്കൾ എല്ലാം ഡ്രൈവിംഗ് പഠിക്കണം. പ്രത്യേകിച്ചും പെൺകുട്ടികൾ.
സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാൻ ഉള്ള ലൈസന്സ് കൂടിയാണ് ഡ്രൈവിംഗ് ലൈസൻസ്. വേണമെങ്കിൽ ഒരു തൊഴിലായി സ്വീകരിക്കാം. അല്ലെങ്കിൽ സ്വന്തം ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ ഉള്ള ലൈസൻസ് കൂടിയാണ് ഡ്രൈവിംഗ്.

ചിലപ്പോൾ അത്യാവശ്യ അവസരങ്ങളിൽ ഡ്രൈവിംഗ് ചിലപ്പോൾ ഒരാളുടെ ജീവൻ വരെ രക്ഷിക്കാനായി ഉപകരിച്ചേക്കാം. ഉദാഹരണത്തിന് അച്ഛന് രാത്രി ഒരു മണിക്കാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ആ സമയത്ത് അനിൽ (ബ്രദർ ഇൻ ലോ) ഒരു ട്രൈനിങ്ങിനായി ബോംബയിൽ ആണ്. വീട്ടിൽ അമ്മയും ശ്രീജയും മാത്രമേ ഉള്ളൂ, രണ്ടു പേർക്കും ഡ്രൈവിംഗ് അറിയില്ല. വീട് ഒരു ഗ്രാമ പ്രദേശത്താണ്. കറുകച്ചാൽ ടൗണിൽ നിന്നും രണ്ടര കിലോമീറ്റർ അകലെ. പന്ത്രണ്ടു വർഷം മുൻപാണ്, അന്ന് അടുത്ത് രാത്രി വിളിക്കനായി അറിയുന്ന ടാക്സികൾ ഒന്നും ഇല്ല. ആംബുലന്സ് സർവീസ് ഇല്ല. കുറെ സമയങ്ങൾക്ക് ശേഷം കിട്ടിയത് ഒരു ഓട്ടോയാണ്. അതിൽ കറുകച്ചാൽ ഹോസ്പിറ്റലിൽ എത്തിച്ചപ്പോളേക്കും അച്ഛന്റെ ജീവൻ പോയിരുന്നു. അമ്മയ്‌ക്കോ, ശ്രീജയ്ക്കോ ഡ്രൈവിംഗ് അറിയാമായിരുന്നെകിൽ ഒരു പക്ഷെ അച്ഛന്റെ ജീവൻ രക്ഷിക്കാമായിരുന്നു.

ഇത് മാത്രമല്ല നിങ്ങൾ ഒറ്റയ്ക്ക് താമസിക്കുന്നവർ ആണെങ്കിൽ പ്രത്യേകിച്ചും ഡ്രൈവിംഗ് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒരു സ്‌കിൽ ആണ്. രാത്രിയിൽ സ്വാതന്ത്ര്യമായി ഒറ്റയ്ക്ക് ഒരു ഡിന്നറിനു പോകണം എങ്കിലോ, അല്ലെങ്കിൽ ഒരു സുഹൃത്തിനെ കാണാൻ പോകണം എങ്കിലും ഡ്രൈവിംഗ് അറിയാമെങ്കിൽ ജീവിതം വളരെ സൗകര്യം ആയി മുൻപോട്ട് കൊണ്ടു പോകാം.
നമ്മുടെ സ്വകാര്യത പൂർണ്ണമായും കാത്തു സൂക്ഷിക്കാനും ഡ്രൈവിംഗ് അറിയാമെങ്കിൽ ഒരു പരിധിവരെ പറ്റും. രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന മോനെയോ, മോളെയോ കൊണ്ടുവരാനും മറ്റൊരാളെ ആശ്രയിക്കേണ്ടി വരില്ല.

അപ്പോൾ നിങ്ങൾക്ക് വീട്ടിൽ കാറില്ലെങ്കിൽ പോലും തീർച്ചയായും ഡ്രൈവിംഗ് ക്ലാസ്സിന് ചേരുക.
മക്കളെ സൈക്കിൾ, സ്കൂട്ടർ, കാർ ഇവ ഓടിക്കാൻ അവരുടെ പ്രായം അനുസരിച്ചു പഠിപ്പിക്കുക.
ഇനിയും ഡ്രൈവിംഗ് അറിയില്ലെങ്കിൽ ഡ്രൈവിംഗ് പഠിക്കാനായി ഒരു ഡ്രൈവിംഗ് സ്കൂളിൽ രെജിസ്റ്റർ ചെയ്യുക.
ഏത് പ്രായത്തിലും ഡ്രൈവിംഗ് പഠിക്കാം. നിങ്ങൾ റിട്ടയർ ചെയ്ത ആൾ ആയാലും ഡ്രൈവിംഗ് ക്ലാസ്സിൽ ചേർന്ന് ഡ്രൈവിംഗ് പഠിക്കണം.
കാരണം ഡ്രൈവിംഗ് എന്നാൽ അത് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു കിളി വാതിലാണ്.