ശരിക്കും മണ്ണു കുഴച്ചു കാറ്റൂതിയാണോ നമ്മളെ ഉണ്ടാക്കിയത്? ശാസ്ത്രമെന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം

447

സുരേഷ് സി പിള്ള എഴുതുന്നു

 

ശരിക്കും മണ്ണു കുഴച്ചു കാറ്റൂതിയാണോ നമ്മളെ ഉണ്ടാക്കിയത്?

അതോ ഇനി ഹിരണ്യ (golden womb) ഗർഭത്തിൽ നിന്നാണോ;

അതോ ഇനി ഭൂമിയും, സ്വർഗ്ഗവും ആറു ദിവസം കൊണ്ട് ഉണ്ടാക്കിയതാണോ?

ഓരോ മതങ്ങളും ഓരോന്നാണല്ലോ പറയുന്നത്.

സുരേഷ് സി പിള്ള
സുരേഷ് സി പിള്ള

ഏതാണ് ശരി? ശാസ്ത്രമെന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം.

ലോകം ഉണ്ടായ ക്രമം നോക്കിയാൽ

ആദ്യം ഫിസിക്സ് (ബിഗ് ബാംഗ്),

പിന്നെ കെമിസ്ട്രി (ആറ്റങ്ങൾ, തന്മാത്രകൾ),

പിന്നെ ബയോളജി,

പിന്നെ ജീവ പരിണാമം,

മനുഷ്യൻ,

ദൈവം,

കഥകൾ,

പിന്നെയാണ് ഹിസ്റ്ററി.

Yuval Noah Harari യുടെ Sapiens: A Brief History of Humankind എന്ന പുസ്തകത്തിൽ നിന്നും ഒരു പക്ഷെ മുകളിൽ പറഞ്ഞത് വായിച്ചിരിക്കും.

ഭൂമിയുടെ പ്രായം 450 കോടി വർഷമാണ്. ബാക്ടീരിയ പോലെയുള്ള ഒറ്റ കോശജീവികൾ ആദ്യമായി ഉണ്ടായത്, 380 കോടി വർഷങ്ങൾക്കു മുൻപാണ്. ബഹുകോശജീവികൾ ഉണ്ടായത് അതും കഴിഞ്ഞു വളരെ വർഷങ്ങൾക്കു ശേഷമാണ്. ഏകദേശം 57 കോടി വർഷങ്ങളെ ആയുള്ളൂ, ബഹുകോശ ജീവികൾ ഉണ്ടായിട്ട്. അതിനു ശേഷമാണ് ആന്ത്രപ്പോഡുകൾ അഥവാ ക്ലിപ്ത ചേർപ്പുകളോടു (exoskeleton) കൂടിയ ശരീരമുള്ള ജന്തുക്കൾ ഉണ്ടായത്. ഭൗമോപരിതലത്തിലുള്ള സസ്യങ്ങൾ ഉണ്ടായിട്ട് 47.5 കോടി വർഷങ്ങളെ ആയുള്ളൂ. കാടുകളുണ്ടായിട്ട്, 38.5 കോടി വർഷവും സസ്തിനികൾ ഉണ്ടായിട്ട് 20 കോടി വർഷവുമേ ആയുള്ളൂ. ഇനി മനുഷ്യർ എന്നാണ് ഉണ്ടായതെന്നു നോക്കാം. ഇത്രയും നേരം പറഞ്ഞ കാര്യങ്ങൾ താരതമ്യമായി എടുത്താൽ, മനുഷ്യർ എന്ന ഹോമോ സാപ്പിയൻസ് ഉണ്ടായിട്ട് വളരെ കുറച്ചു കാലമേ ആയുള്ളു; ഏകദേശം രണ്ടു ലക്ഷം വർഷം മാത്രം. ഭൂമിയുടെ പ്രായം വച്ച് നോക്കുമ്പോൾ വെറും 0.004 ശതമാനം കാലമേ നമ്മളിവിടെ ഉണ്ടായിട്ടുള്ളു.

Image result for human evolutionജീവശരീരത്തിനു വേണ്ട എല്ലാ മൂലകങ്ങളും ഭൂമിയിലുണ്ട്. അല്ലെങ്കിൽ, ഭൂമിയിൽ ഉണ്ടായിരുന്ന മൂലകങ്ങളിൽ ചിലതിൽ നിന്നുമാണ് ജീവകോശങ്ങൾ ഉണ്ടായത്. അതായത് ബയോളജിക്കും മുൻപേ കെമിസ്ട്രിയാണ് ജീവൻ തുടങ്ങാൻ കാരണം! ശക്തമായ ഇടിമിന്നൽ പോലെ, ഭൂമിയിലെ പ്രകൃതിദത്തമായ ചില പ്രക്രിയകൾ കൊണ്ടാവാം ഇനോർഗാനിക് മൂലകങ്ങൾ ചേർന്ന് ഓർഗാനിക് ജീവ-തന്മാത്രകൾ ഉണ്ടായത്. അന്തരീക്ഷത്തിലുള്ള വാതകങ്ങളായ അമോണിയ, മീഥേൻ, ജലബാഷ്പം, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയവ പ്രത്യേക അനുപാതത്തിൽ യാദൃശ്ചികമായി ചേർന്നാവാം ആദ്യ ജീവകണിക ഉണ്ടായതെന്ന് അനുമാനിക്കുന്ന ശാസ്ത്രജ്ഞന്മാരുണ്ട്.

ഇങ്ങനെ അമിനോ ആസിഡുകളും ഡി എൻ എ യും ആർ എൻ എ യും ഒക്കെ പല സംവത്സരങ്ങൾ കൊണ്ട് ഉണ്ടായിവന്നു. പലതരം രാസപ്രവർത്തനങ്ങൾ കൊണ്ട് സ്വന്തം കോപ്പികൾ നിർമ്മിക്കാൻ പ്രാപ്തമായ ജീവതന്മാത്രകളെ സൃഷ്ടിച്ചതാണ് ജീവോത്പത്തിക്ക് കാരണം. അങ്ങനെ മുകളിൽ പറഞ്ഞ പോലെ ഏകകോശജീവികൾ ഉണ്ടായി, പിന്നെ ബഹുകോശ ജീവികൾ. ഇതിന് കാലക്രമേണ പരിണാമം സംഭവിച്ചു ജീവവൈവിദ്ധ്യം ഉണ്ടായി.

അതു കൂടാതെ ഓരോ ജീവിയും പാരമ്പര്യമായ ജനിതകവിവരങ്ങൾ ഡി എൻ എ തന്മാത്രകൾ വഴി കൈമാറ്റം ചെയ്യുന്നു. ഡി എൻ എ തന്മാത്ര എന്നാൽ നാലുതരം ബേസുകൾ അടങ്ങിയ ഒരു ബയോ-പോളിമർ ആണ്. ഇവയെ A (adenine ), C (cytosine ), G (guanine), T (thymine) എന്ന് പറയും. വാക്കുകൾ ബന്ധിച്ചു കഥയും കവിതയും ഉണ്ടാകുന്ന പോലെ ഈ നാലുതരം ബേസുകളൂടെ പ്രത്യേക വിന്യാസം കൊണ്ട് അതിൽ ജനിതക വിവരങ്ങൾ ശേഖരിക്കപ്പെടും. ഇങ്ങനെയുള്ള ബേസുകളുടെ പ്രത്യേകമായുള്ള വിന്യാസം ആണ് അടുത്ത തലമുറയിലേക്ക് പാരമ്പര്യ സ്വഭാവങ്ങൾ കൈമാറുന്നത്. ഇതിനാണ് ജീൻ എന്ന് പറയുന്നത്. ഓരോ സ്വഭാവത്തിനും ഓരോ തരം ബേസ് വിന്യാസങ്ങൾ (ജീൻ) കാണും. വിഭജിക്കപ്പെടുന്ന കോശങ്ങളിലെ ഡി എൻ എ അതിന്റെ തനി പകർപ്പ് ഉണ്ടാക്കി അടുത്ത തലമുറകളിലേക്ക് കൈമാറുന്നു.

ഇങ്ങനെയുള്ള ഡി എൻ എ ഉൾപ്പെട്ടിരിക്കുന്ന ജനറ്റിക് മെറ്റീരിയലുകൾ ഉൾപ്പെട്ട ന്യൂക്ലിയോപ്രോട്ടീൻ തന്മാത്രകളെയാണ് ക്രോമസോമുകൾ എന്ന് വിളിക്കുന്നത്.

മനുഷ്യന്റെ ഓരോ കോശത്തിലും 46 ക്രോമസോമുകളുണ്ട്; അഥവാ 23 ജോഡി. ജീവികളിലുള്ള വ്യത്യസ്തമായ ക്രോമസോമാണ് പല തരത്തിൽ ഉള്ള ജീവികൾ ഉണ്ടാവുന്നതിന്റെ കാരണം. ഉദാഹരണത്തിന് കുരങ്ങനിൽ 42 ക്രോമസോമുകളുണ്ട്, കുതിരയിൽ 64, പശുവിൽ 60, കോഴികളിൽ 78 എണ്ണം.

ചുരുക്കി പറഞ്ഞാൽ ഭൂമുഖത്തുള്ള എല്ലാ ജീവികളും ബന്ധപ്പെട്ടവർ തന്നെ. തന്നെയുമല്ല നമ്മളൊക്കെ ഏതോ ഒരേ പൊതുവായ പൂർവികന്റെ അല്ലെങ്കിൽ പൊതുവായ പൂർവിക ജീൻ പൂളിന്റെ പിൻമുറക്കാരാണ്. അപ്പോൾ കുരങ്ങനും കോഴിയും കുതിരയും ഒക്കെ ഒരു വാദത്തിനായി നമ്മുടെ വളരെ, വളരെ, വളരെ അകന്ന കസിൻസ് ആണെന്നു പറയാം.

വർഷങ്ങൾ കൊണ്ട് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്ര പഠനങ്ങൾ നടത്തി ഉണ്ടാക്കിയെടുത്തതാണ് പരിണാമ സിദ്ധാന്തം.

മനുഷ്യൻ ഉണ്ടായിട്ട് ഏകദേശം രണ്ടു ലക്ഷം വർഷം എന്ന് പറഞ്ഞല്ലോ?

നമ്മൾ ചിന്തിക്കാനും, ആശയ വിനിമയം നടത്തുവാനും തുടങ്ങിയിട്ട് ഏകദേശം 70,000 വർഷങ്ങളെ ആയുള്ളൂ.

ലോഹങ്ങൾ കൊണ്ടുള്ള ആയുധങ്ങൾ വ്യാപകം ആയത് 3200–600 BC ൽ ആണ്.

ഭക്ഷണവും, സുരക്ഷിത ബോധവും ഇരുന്നു സംസാരിക്കുവാൻ അവസരങ്ങൾ കൊടുത്തു.

മരത്തിന്റെ മുകളിൽ കെട്ടിയ ‘ട്രീ ഹൗസുകളുലും’ ഗുഹകളിലും, പാറപ്പുറങ്ങളിലും, നദീതടങ്ങളിലും ഇരുന്നു കൂട്ടമായി കഥകളും, മായാദര്‍ശനങ്ങളും (illusions), മനോരാജ്യങ്ങളും (fantasy) പങ്കു വച്ചു.

ഒറ്റക്കൊമ്പുള്ള കുതിരയും, സിംഹത്തിന്റെ ഉടലും മനുഷ്യന്റെ തലയും ഉള്ള അപൂർവ്വ ജീവികൾ കഥാ സദസ്സുകളിൽ ഇടം പിടിച്ചു. ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങൾ അന്ന് ധാരാളം ഉണ്ടായിരുന്നു. ഇടി മിന്നൽ, രാവും പകലും, അസുഖങ്ങൾ, ജനനം, മരണം.

ദൈവം എന്ന സങ്കല്പം ഈ സമയങ്ങളിൽ ആവണം തുടങ്ങുന്നത്.

പിന്നീട് അമാനുഷരായ മനുഷ്യരെ പറ്റിയുള്ള കഥകൾ ഈ സദസ്സുകളിൽ ഇടം പിടിച്ചു.

ചില സംഭവ കഥകൾ നിറം പിടിപ്പിച്ചു അമാനുഷികം ആക്കി. ലിപികൾ കണ്ടുപിടിച്ചപ്പോൾ ഇവയൊക്കെ പലതും ഗുഹകളിലും പാറയിലും എഴുതി വച്ചു. ആരോ അതൊക്കെയെടുത്തു താളിയോലകൾ ആക്കി, പിന്നീടത് പുസ്തകങ്ങൾ ആയി. പുസ്തകങ്ങൾ മത പുരോഹിതരുടെ കയ്യിലെത്തി, ഇതൊക്കെ സത്യമാണെന്ന് നമ്മളെ വിശ്വസിപ്പിച്ചു, ഭയപ്പെടുത്തി അവർ സുഖ ജീവിതം നയിക്കുന്നു. ഇതൊക്കെ കഥകൾ ആണെന്നും, മായാദര്‍ശനങ്ങളും (illusions), മനോരാജ്യങ്ങളും (fantasy) ഒക്കെ ഉൾപ്പെട്ട ആത്മീയ തട്ടിപ്പാണെന്നും ഏറ്റവും നന്നായി അറിയാവുന്നവർ ആയിരിക്കും പുരോഹിതർ.

എന്റെയൊക്കെ ചെറുപ്പത്തിൽ വഴികളിൽ ഒന്നും സ്ട്രീറ്റ് ലൈറ്റ് ഇല്ലായിരുന്നു.

അന്നൊക്കെ കറുകച്ചാൽ സ്കൂളിൽ യക്ഷിക്കഥകൾ, മാടൻ, പ്രേതം, മറുത തുടങ്ങിയ കഥകൾ ഒക്കെ പ്രചാരത്തിൽ ഉണ്ടായിരുന്നു.

യക്ഷി നേരിട്ടു വന്ന് ചുണ്ണാമ്പ് ചോദിച്ച സുഹൃത്തുക്കൾ ഒക്കെ എനിക്കുണ്ടായിരുന്നു.

സ്ട്രീറ്റ് ലൈറ്റുകൾ വ്യാപകം ആയതോടെ യക്ഷിയും, മറുതയും മാടനും ഒക്കെ കാല യവനികകൾക്കക്കുള്ളിൽ മറഞ്ഞു.

രാജ്യ പുരോഗതിയും ദൈവ വിശ്വാസവും തമ്മിലുള്ള ബന്ധവും അങ്ങിനെയാണ്. ഈ കണക്കുകൾ നോക്കൂ

ഏറ്റവും കൂടുതൽ ദൈവ വിശ്വാസം ഉള്ള അഞ്ചു രാജ്യങ്ങൾ

Ethiopia – 99%
Malawi – 99%
Niger – 99%
Sri Lanka – 99%
Yemen – 99%

ഇനി ദൈവ വിശ്വാസം കുറഞ്ഞ രാജ്യങ്ങൾ (അവിടെയുള്ള വിശ്വാസികളുടെ കണക്കാണ് ബ്രാക്കറ്റിൽ)

China – 7%
Japan – 13%
Estonia – 16%
Sweden – 19%
Norway – 21%

ഉദാഹരണത്തിന് വിദ്യാഭ്യസത്തിലും പുരോഗതിയിലും മുന്നിൽ നിൽക്കുന്ന സ്വീഡനിലും, നോർവെയിലും ഒക്കെ 80 ശതമാനം അവിശ്വാസികളും,

എത്യോപ്യയിലും, മലാവിയിലും ഒക്കെ 99 ശതമാനം വിശ്വാസകികളും ആണ്. (റഫറൻസ്: Mapped: The world’s most (and least) religious countries, ദി ടെലഗ്രാഫ് പത്രം, 14 JANUARY 2018 )

Armin Navabi, തന്റെ പുസ്തകമായ Why There Is No God: Simple Responses to 20 Common Arguments for the Existence of God ൽ പറഞ്ഞ ഒരു പ്രധാന കാര്യം തുടർന്നുള്ള ആലോചനയ്ക്കായി എഴുതി നിർത്താം.

“Not knowing the answer to a question is not a valid excuse for making up a fairy-tale to explain it.”

ആ അറിവില്ലായ്‍മകളെ ഇല്ലാതാക്കാനുള്ളതാണ് ശാസ്ത്രത്തിന്റെ യാത്ര.