Sports
വിംബിൾഡനും ഡേവിസ് കപ്പും കളിച്ച ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്ററെ കുറിച്ച് കേട്ടിട്ടുണ്ടോ ?

Suresh Varieth
വിംബിൾഡനും ഡേവിസ് കപ്പും കളിച്ച ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റർ
1985 ഒക്ടോബർ 15 ന് മദ്രാസ് മഹാനഗരത്തിൻ്റെ അനന്തതയിലേക്കിറങ്ങിപ്പോയ ഒരാളെക്കുറിച്ചുള്ള വിവരങ്ങൾക്കായി അഡയാറിലെ ഒരു കുടുംബം ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവാം. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെയും വിസ്ഡൻ്റെയും റെക്കോർഡുകളിൽ “Death unknown ” എന്നു രേഖപ്പെടുത്തിയ ആ ക്രിക്കറ്ററുടെ പിതാവ് ഒരു പക്ഷേ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് കൂടുതൽ പരിചിതനായിരിക്കും. കോട്ടാ രാമസ്വാമി എന്ന മുൻ ഇന്ത്യൻ ടെസ്റ്റ് താരം വ്യത്യസ്ഥനാവുന്നത് തൻ്റെ അന്ത്യകാലങ്ങളിലൂടെ മാത്രമല്ല, അദ്ദേഹത്തിൻ്റെ സ്പോർട്സ് കരിയറിലെ വൈചിത്ര്യങ്ങളിലൂടെയും ആണ്.
“ദക്ഷിണേന്ത്യൻ ക്രിക്കറ്റിൻ്റെ പിതാവ്” എന്നറിയപ്പെടുന്ന ബുച്ചിബാബു നായിഡുവിൻ്റെ മകൻ രാമസ്വാമി പഠനത്തോടൊപ്പം സ്പോർട്സിലും മിടുക്കനായത് സ്വാഭാവികം മാത്രം. 1896 ൽ മദ്രാസിൽ ജനിച്ച രാമസ്വാമി 1919 ലാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെത്തിയത്. ടെന്നീസിൽ തൽപ്പരനായിരുന്ന അദ്ദേഹം വിംബിൾഡനിൽ മൽസരിച്ച് 1922ൽ രണ്ടാം റൗണ്ടിലെത്തി. 1922ൽ ഇന്ത്യക്കു വേണ്ടി ഡേവിസ് കപ്പിൽ ഡബിൾസ് മത്സരങ്ങളിൽ ഇറങ്ങിയ അദ്ദേഹം ആദ്യ മത്സരത്തിൽ റൊമാനിയയുടെയും തുടർന്ന് സ്പെയിനിൻ്റെയും എതിരാളികളെ തോൽപ്പിച്ചു. ഡോ. A A ഫൈയ്സി ആയിരുന്നു അദ്ദേഹത്തിൻ്റെ പങ്കാളി. ഇന്ത്യൻ ടീം റൊമാനിയയോട് ജയിച്ചെങ്കിലും സ്പെയിനിനോട് പരാജയപ്പെട്ടു.
പഠനശേഷം 1924ൽ മദ്രാസിൽ തിരിച്ചെത്തിയ അദ്ദേഹം കൃഷി വകുപ്പിൽ സേവനം ആരംഭിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയിൽ ക്ലാസെടുത്തിരുന്ന അദ്ദേഹത്തിൻ്റെ പ്രശസ്തനായ ശിഷ്യനാണ്, ഇന്ത്യയുടെ അഹങ്കാരമായ ഡോ. എം എസ് സ്വാമിനാഥൻ.ആഭ്യന്തര ക്രിക്കറ്റിൽ 1934-35 സീസണിൽ ആദ്യ രഞ്ജി ട്രോഫി മുതൽ മദ്രാസിനായി തരക്കേടില്ലാത്ത ഓൾ റൗണ്ട് പ്രകടനം കാഴ്ച വെച്ച രാമസ്വാമിയെത്തേടി 1936 ൽ നാൽപ്പതാം വയസ്സിൽ ഇന്ത്യൻ ടീമിലേക്കുള്ള വിളി വന്നു. മൂന്ന് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ ഇംഗ്ലീഷ് പര്യടനത്തിൽ രണ്ടാം ടെസ്റ്റിൽ മഹാരാജ ഓഫ് വിഴിയനഗരത്തിൻ്റെ ക്യാപ്റ്റൻസിയിൽ മാഞ്ചസ്റ്ററിൽ ഈ ഇടംകയ്യൻ ബാറ്റർ അരങ്ങേറ്റം കുറിച്ചു. ആദ്യ ഇന്നിംഗ്സിൽ ആറാമനായിറങ്ങി 40 ഉം രണ്ടാമിന്നിംഗ്സിൽ മൂന്നാമതായിറങ്ങി 60 ഉം റൺസ് അദ്ദേഹം നേടി. മത്സരം സമനിലയായി. ഓവലിൽ മൂന്നാം ടെസ്റ്റിൽ 29ഉം പുറത്താകാതെ 41 ഉം റൺസ് നേടിയെങ്കിലും ടെസ്റ്റ് ഇംഗ്ലണ്ട് 9 വിക്കറ്റിന് ജയിച്ചു. അന്താരാഷ്ട്ര രംഗത്ത് പിന്നീടൊരവസരം അദ്ദേഹത്തിന് ലഭിച്ചില്ല.
ആഭ്യന്തര ക്രിക്കറ്റിൽ 53 മത്സരങ്ങളിൽ നിന്നായി 2400 റൺസും 30 വിക്കറ്റുമുള്ള അദ്ദേഹം പിന്നീട് ഇന്ത്യൻ സെലക്ടറും 1952 ൽ വിൻഡീസ് ടൂറിൽ ടീം മാനേജറുമായി. മൂത്ത പുത്രൻ രാം സ്വരൂപ് ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്രക്കു വേണ്ടിയും മദ്രാസിനു വേണ്ടിയും കളിച്ചിട്ടുണ്ട്. രാജ്യത്തിന്നായി രണ്ട് കായിക ഇനങ്ങളെ പ്രതിനിധീകരിച്ച ഇന്ത്യൻ ക്രിക്കറ്റർമാരിൽ എം ജെ ഗോപാലനും യുസ്വേന്ദ്ര ചഹലിനും ഒപ്പമാണ് രാമസ്വാമിയുടെ സ്ഥാനം.
667 total views, 12 views today