Suresh Varieth
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി….. അകാലത്തിൽ ദാരുണാന്ത്യവും…… An Unsung hero…..
19 ജനുവരി 2004, അന്നു രാത്രി വിക്ടോറിയയിലെ ഒരു പബിൽ തൻ്റെ ശിഷ്യൻമാരിലൊരാളായ ഡാരൻ ലേമാനുമൊത്ത് പതിവു തെറ്റിക്കാതെ എത്തിച്ചേർന്ന 48 കാരനായ ആ മുൻ ഓസ്ട്രേലിയൻ ടെസ്റ്റ് താരം പക്ഷേ ഇതു തൻ്റെ അവസാന രാവാണെന്ന് അറിഞ്ഞിരിക്കില്ല. മദ്യപിച്ചെത്തിയ മറ്റൊരു ലോബിയുമായുണ്ടായ തർക്കത്തിനിടെ ഹോട്ടൽ ബൗൺസർമാരിലൊരാളുടെ ഉരുക്കുമുഷ്ടി തലയിൽ കൊണ്ട് തറയിൽ വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം കാരണം ലോക ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന ഇന്നും തകരാത്ത റെക്കോർഡിനുടമയുടെ ജീവിതം അവസാനിച്ചിരുന്നു.
9 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ കളിച്ച 23 ടെസ്റ്റിൽ വലുതായൊന്നും രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഡേവിഡ് ഹൂക്ക്സ് ഇന്നും ഭേദിക്കപ്പെടാത്ത റെക്കോർഡുമായി നില നിൽക്കുന്നത് നാല്പത് വർഷം മുമ്പ്,1982 ഒക്ടോബർ 25 ന് നടത്തിയ ഒരു മാസ്മരിക ബാറ്റിങ്ങ് പ്രകടനത്തിൻ്റെ പേരിലാണ്. ഓസ്ട്രേലിയയിലെ ഫസ്റ്റ് ക്ലാസ് ടൂർണമെൻറായ ഷെഫീൽഡ് ഷീൽഡ് മത്സരം- ഹൂക്ക്സ് ക്യാപ്റ്റനായ സൗത്ത് ഓസ്ട്രേലിയക്കെതിരെ ഗ്രഹാം യാലപ്പിൻ്റെ വിക്ടോറിയ ആദ്യ ഇന്നിംഗ്സിൽ 260 ന് ഓൾ ഔട്ടായി. മറുപടിയായി വെറ്ററൻ ഇൻ്റർനാഷണൽ താരം ജോൺ ഇൻവെറാരിട്ടിയുടെയും (126) ഡേവിഡ് ഹൂക്ക്സിൻ്റയും (137) സെഞ്ചുറികളോടെ സൗത്ത് ഓസ്ട്രേലിയ 409 ആദ്യ ഇന്നിങ്ങ്സിലെടുത്തു. മറുപടിയായി ഗ്രഹാം യാലപ്പിൻ്റെ സെഞ്ചുറിയോടെ 420/9 നു ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത വിക്ടോറിയ
എതിരാളികൾക്ക് വച്ചു നീട്ടിയത് 30 ഓവർ അവശേഷിക്കേ 270 റൺസ് എന്ന, ഒരു തരത്തിലും എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യമായിരുന്നു. തൻ്റെ സ്ഥിരം സ്ഥാനമായ അഞ്ചാം നമ്പറിൽ നിന്ന് ഓപ്പണിങ്ങിലേക്ക് വന്ന ഹൂക്ക്സ് ഒരു ശ്രമത്തിനുള്ള മൂഡിലായിരുന്നു. സഹ ഓപ്പണർ റിക്ക് ഡാർലിങ്ങ് 11 റൺസെടുത്ത് പുറത്താവുമ്പോൾ ടീം സ്കോർ 122. താൻ നേരിട്ട 34 ആമത്തെ പന്തിൽ സെഞ്ചുറി നേടിയ ഡേവിഡ് ഹൂക്ക്സ് 40 പന്തിൽ 107 റൺസ് നേടി പുറത്താവുമ്പോൾ ടീം സ്കോർ പത്തോവറിൽ 128…. അതും ആദ്യ അമ്പത്തഞ്ച് മിനുട്ടിൽ . ഹുക്ക്സ് പോയതിനു ശേഷം ബാറ്റിങ് ഓർഡറിൽ പ്രൊമോട്ട് ചെയ്യപ്പെട്ട വിൻഡീസ് പേസർ ജോയൽ ഗാർണർ കെവിൻ റൈറ്റിനൊപ്പം വിജയത്തിനു ശ്രമിച്ചെങ്കിലും തുടരെ വിക്കറ്റ് പോയത് അവരെ പ്രതിരോധത്തിലാഴ്ത്തി. 24 ഓവറിൽ 206/7 എന്ന നിലയിൽ കളി സമനിലയിൽ പിരിഞ്ഞു. ഓസ്ട്രേലിയ അത്ര വലിയ വിജയങ്ങളൊന്നും നേടാതിരുന്ന കാലത്ത്, വിൻഡീസും ഇംഗ്ലണ്ടും ടെസ്റ്റ് ലോകം ഭരിച്ച കാലത്ത് വെറും 23 ടെസ്റ്റുകളും 39 ഏകദിനങ്ങളും മാത്രം കളിച്ച ഡേവിഡ് ഹൂക്ക്സ് ഓർമിക്കപ്പെടുന്നത് റെക്കോർഡ് ബുക്കിലെ തൻ്റെ സ്ഥാനത്തിലൂടെയായിരിക്കും.