Clinical & Professional

Suresh Varieth

19 നവമ്പർ 2023- വികാരങ്ങളെ വിചാരങ്ങൾ മറികടക്കുന്ന രാത്രി … 1987 ലോകകപ്പു മുതൽ കടുത്തൊരു ഓസ്ട്രേലിയൻ ആരാധകനായിരുന്നിട്ടു കൂടി ഇത്തവണത്തെ ഇന്ത്യയുടെ പ്രയാണം കണ്ടപ്പോൾ ഉറച്ചു വിശ്വസിച്ചിരുന്നു, ജേതാക്കൾ ഇന്ത്യ തന്നെയാവുമെന്ന് .തുടർച്ചയായ പത്തു വിജയങ്ങൾ, അതും തികച്ചും ആധികാരികം…. തകർപ്പൻ ഫോമിലുള്ള ബൗളർമാരും മൽസരിച്ച് റണ്ണടിക്കുന്ന ബാറ്റർമാരും. ഗ്രൂപ്പിൽ ഒന്നാമനായി സെമി ഫൈനൽ പ്രവേശം.

ആദ്യം പറഞ്ഞ പോലെ ക്ലിനിക്കൽ & പ്രൊഫഷണൽ – ഓസ്ട്രേലിയയെ വിശേഷിപ്പിക്കാൻ ഈ വാക്കുകൾ മാത്രം മതി. ആദ്യ രണ്ടു മത്സരങ്ങളിൽ കനത്ത പരാജയമേറ്റു വാങ്ങിയ, അഫ്ഗാനോടും ന്യൂസിലാൻറിനോടും ദുരന്ത മുഖത്ത് നിന്ന് രക്ഷപ്പെട്ട ടീം. നോക്കൗട്ട് സ്റ്റേജിൽ എങ്ങനെ കളിക്കണമെന്ന് അവരെ വേറെയാരും പഠിപ്പിക്കേണ്ട ആവശ്യമേയില്ല. സെമി പ്രവേശനം ഒരു മരീചികയാവുന്ന ഘട്ടത്തിൽ അഫ്ഗാനെതിരെ 91 റൺസിന് ഏഴു വിക്കറ്റ് നഷ്ടപ്പെട്ട് തോൽവിയെ മുഖാമുഖം കണ്ടപ്പോൾ അവർക്കൊരു മാക്സ്വെല്ലും കൂട്ടിന് കമ്മിൻസും ഉണ്ടായിരുന്നു. ഗ്രൂപ്പ് സ്റ്റേജിൽ തളർന്നു കഴിഞ്ഞ പടക്കുതിരയെന്ന് എഴുതിത്തള്ളിയിരുന്ന വാർണർ ഉണ്ടായിരുന്നു. പേസ് ബൗളർമാർക്ക് കാലിടറുമ്പോൾ അവർക്കൊരു ആദം സാമ്പയുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളെ തകർത്ത ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഫൈനൽ പ്രവേശനം, ഒടുവിൽ ഒരു ലക്ഷത്തിലധികം കണ്ഠങ്ങളിൽ നിന്ന് “ഇന്ത്യാ ,ഇന്ത്യ” മന്ത്രമുരുവിടുമ്പോൾ, നീലക്കടലിനു മുമ്പിൽ പരാജയത്തെ മുൻപിൽ കണ്ടപ്പോൾ അപരാജിതനായി പോരാടാൻ തൻ്റെ “Innings of the life time” കാഴ്ച വച്ച ട്രാവിസ് ഹെഡ് ഉണ്ടായിരുന്നു, ഉറച്ച പിന്തുണയുമായി മാർനസ് ലബു ഷെയ്നും .

ക്യാപ്റ്റൻസിയെപ്പറ്റി പരാമർശിച്ചില്ലെങ്കിൽ അതൊരു നീതികേടാവും. ഗ്രെഗ് ചാപ്പൽ – കിം ഹ്യൂസ് മുതലിങ്ങോട്ട് പ്രൊഫഷണൽ ക്രിക്കറ്റ് കാലഘട്ടത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് തങ്ങളുടേതായ ഒരു നയമുണ്ട്. ഏത് മികവുറ്റ കളിക്കാരനായാലും ആ ചട്ടക്കൂടിലൊതുങ്ങുന്ന, സ്ട്രാറ്റജി പിന്തുടരുന്നവരെയേ അവർ ടീമിലെടുക്കൂ. അവരിൽ നിന്നും ടീമിനെ നയിക്കാൻ യോഗ്യനായയാളെ ക്യാപ്റ്റനുമാക്കും. റെഡ്ബോൾ ക്രിക്കറ്റിൽ ആഷസ് നിലനിർത്തി, ലോക ടെസ്റ്റ് ചാമ്പ്യൻമാരാക്കിയ പാറ്റ് കമ്മിൻസിനെ ആറാം ഏകദിന കിരീടം കൊണ്ടുവരാനുള്ള ടീമിൻ്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത് സ്വാഭാവികം.

ഗ്രൂപ്പ് സ്റ്റേജിൽ ന്യൂസിലാൻറിനെതിരെ 14 പന്തിൽ 37 റണ്ണെടുത്തയാൾ തന്നെയാണ് അഫ്ഗാനെതിരെ തോൽവി തുറിച്ചു നോക്കുമ്പോൾ 68 പന്തിൽ 12 റണ്ണെടുത്തും സെമിയിൽ മിച്ചൽ സ്റ്റാർക്കിന്നൊപ്പവും ടീമിനെ വിജയതീരമണച്ചത്. ഫൈനലിൽ പത്തോവറിൽ വെറും 34 റൺസിനാണയാൾ കോലിയേയും ശ്രേയസ് അയ്യരേയും പവലിയനിൽ തിരിച്ചെത്തിച്ചത്. അവശ്യ ഘട്ടങ്ങളിലെല്ലാം വിക്കറ്റുകൾ നേടുന്നതിനായി താനും ഹേസൽവുഡും സ്റ്റാർക്കും സാമ്പയും ഒരറ്റത്ത് ബൗൾ ചെയ്യുമ്പോൾ റൺ നൽകാതെ സമ്മർദ്ദം കൂട്ടാനായി ട്രാവിസ് ഹെഡിനെയും മാർഷിനെയും മാക്സ്വെലിനെയും എതിർ ദിശയിൽ കൊണ്ടുവന്നു. കോലിയും രാഹുലും ജഡേജയും ക്രീസിലുള്ളപ്പോൾ 175 പന്തിനിടയിൽ ഒരൊറ്റ ബൗണ്ടറി മാത്രം വന്നെന്നു പറഞ്ഞാൽ മതി ഈ ബൗളിങ്ങ് ചേഞ്ചുകളുടെ പ്രാധാന്യം മനസ്സിലാവാൻ.

അവസാനമായി, ഇന്ന് ഹോട്സ്റ്റാറിൽ ഫൈനൽ തുടക്കം മുതൽ വീക്ഷിച്ചവർ ഏതാണ്ട് അഞ്ചു കോടിയാണ്. ഗ്രൗണ്ടിൽ നേരിട്ട് വന്നവർ ഒരു ലക്ഷത്തിനു മുകളിലാണ്. ടി വിയിൽ കണ്ടവരുടെ എണ്ണം ഇതിനും എത്രയോ മുകളിൽ വരും. ഇല്ല, ഏകദിന ക്രിക്കറ്റ് മരണശയ്യയിലല്ല. മുൻപൊരിക്കൽ പറഞ്ഞ പോലെ, നല്ല ഗുണമേൻമയുള്ള സാധനം നന്നായി മാർക്കറ്റ് ചെയ്താൽ കാണാനും വാങ്ങാനും ജനം ഒഴുകി വരും.

You May Also Like

കാലാവസ്ഥയെ പഴിച്ചവരെ പരിഹസിച്ച് മുഴുവൻ കളിക്കളങ്ങളും കളിനഗരങ്ങളും ശീതീകരിച്ച് വിസ്മയം തീർത്തു ഖത്തർ

Muhammed Sageer Pandarathil ഇന്നേക്ക് 12 വർഷങ്ങൾക്ക് മുമ്പായിരുന്നു ലോക ഫുട്‌ബോളിന്റെ ആസ്ഥാനമായ സൂറിച്ചിൽ ശൈഖ…

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത്…

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Suresh Varieth 1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരു പക്ഷേ…

ക്രിക്കറ്റിൽ ഒരു ഓവറിൽ 77 റൺസ് ! അതെങ്ങനെ സംഭവിച്ചു ?

ക്രിക്കറ്റിൽ ഒരു ഓവറിൽ 77 റൺസ് ! അതെങ്ങനെ സംഭവിച്ചു ? അറിവ് തേടുന്ന പാവം…