ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സെമിയിലും ഫൈനലിലും മാൻ ഓഫ് ദ് മാച്ചായ ആദ്യ കളിക്കാരനാണ് ജിമ്മി അമർനാഥ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
67 SHARES
798 VIEWS

Suresh Varieth

1983 ലോകകപ്പ് ഫൈനൽ… ടെലിവിഷൻ ദുർലഭമായ അക്കാലത്ത് നേരിട്ട് കളി കാണാൻ കഴിയാത്തവരും,80 കളിലും 90 കളിലും തുടർന്നും ക്രിക്കറ്റിനെ പ്രണയിച്ചിരുന്ന തലമുറകളുമെല്ലാം കപ്പുയർത്തി നിൽക്കുന്ന കപിൽദേവിനെപ്പോലെത്തന്നെ മനസ്സിൽ പ്രതിഷ്ഠിച്ച വേറൊരു രൂപമുണ്ട്. അവസാന ബാറ്റർ മൈക്കൽ ഹോൾഡിങ്ങിനെ ലെഗ് ബിഫോറാക്കാൻ അത്യാവേശത്തിൽ അപ്പീൽ ചെയ്ത്, അമ്പയറുടെ ചൂണ്ടുവിരൽ മുഴുവൻ ഉയരാൻ കാത്തു നിൽക്കാതെ സ്റ്റംപ് വലിച്ചൂരി, ഗ്രൗണ്ടിലേക്ക് ഇരമ്പിയെത്തുന്ന നൂറു കണക്കിന് കാണികൾക്കിടയിലൂടെ പവലിയൻ ലക്ഷ്യമാക്കി ഓടുന്ന ബൗളറായ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ …. പേസ് ബൗളർമാരെ നേരിടുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഒരാൾ- ഇന്ത്യൻ ക്രിക്കറ്റിൻ്റെ ജിമ്മി…… മൊഹീന്ദർ അമർനാഥ്.

ഇന്ത്യൻ ക്രിക്കറ്റിലും ലോക ക്രിക്കറ്റിലും കുറച്ചേറെ സവിശേഷതകളുള്ള, എക്കാലത്തെയും മികച്ച ബാറ്റിങ്ങ് ഓൾറൗണ്ടർമാരിൽ ഒരാളായ മൊഹീന്ദറിന് പക്ഷേ ഇന്ത്യക്കായി ഒരു ലെജൻ്ററി തലത്തിൽ ഉയരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അതിന് പ്രതിഭാ ശേഷിയേക്കാളുപരി ഗ്രൗണ്ടിനു പുറത്തുള്ള പല കാര്യങ്ങളുമായിരിക്കാം കാരണം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ക്യാപ്റ്റനായ ലാലാ അമർനാഥിൻ്റെ മകൻ ഒരിക്കൽ ഇന്ത്യൻ സെലക്ടർമാരെ വിശേഷിപ്പിച്ചതു തന്നെ “ഒരു കൂട്ടം കോമാളികൾ” എന്നാണ്. ലോബിയിങ്ങിലൂടെ 70 കളിലും 80 കളിലും പലരും അനർഹമായ സ്ഥാനങ്ങളിലിരുന്നപ്പോഴും, 1969ൽ മദ്രാസിൽ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിൽ അരങ്ങേറിയ മൊഹീന്ദർ പിന്നെയൊരു ടെസ്റ്റ് കളിക്കാൻ 1975 വരെ കാത്തിരിക്കേണ്ടതായി വന്നു. 19 കൊല്ലം നീണ്ട കരിയറിൽ അദ്ദേഹം കളിച്ചതാവട്ടെ വെറും 69 ടെസ്റ്റിലും… ലോക ക്രിക്കറ്റിൽ അദ്ദേഹം അറിയപ്പെട്ടതു തന്നെ “Come Back Man” എന്നായിരുന്നു.
1983 ലോകകപ്പ് ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ശേഷിപ്പുകൾ, ഇന്ത്യൻ ജനത ക്രിക്കറ്റിനെ അറിഞ്ഞു തുടങ്ങി എന്നതുപോലെത്തന്നെ അതിനു കാരണക്കാരായ ചിലരെക്കൂടി സ്മരിക്കുന്നതാവും.

ലോകം ഒരിക്കലും മറക്കാത്ത കപിലിൻ്റെ മാസ്മരിക ഇന്നിങ്ങ്സു പോലെത്തന്നെ, അമർനാഥിൻ്റെ സംഭാവനകൾ ജനങ്ങൾ ഏറ്റു പിടിച്ചോ എന്നത് സംശയമാണ്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സെമിയിലും ഫൈനലിലും മാൻ ഓഫ് ദ് മാച്ചായ ആദ്യ കളിക്കാരനാണ് ജിമ്മി . തുടർന്നിങ്ങോട്ട് ഒമ്പത് ലോകകപ്പുകൾ കഴിഞ്ഞെങ്കിലും 1996 ൽ അരവിന്ദ് സിസിൽവയും 1999ൽ ഷെയ്ൻ വോൺ എന്ന സ്പിൻ മാന്ത്രികനുമല്ലാതെ വേറൊരാൾക്കും ആ ബഹുമതി നേടാൻ കഴിഞ്ഞിട്ടില്ല.. 1983 സെമിഫൈനലിൽ തൻ്റെ മിലിട്ടറി മീഡിയം പേസ് കൊണ്ട് ഗാറ്റിങ്ങിനെയും ഡേവിഡ് ഗവറിനെയും പവലിയനിലെത്തിച്ച അദ്ദേഹം നൽകിയത് 12 ഓവറിൽ 27 റൺസ് മാത്രമാണ്. ചേസിങ്ങിൽ സന്ദീപ് പാട്ടീൽ ആഞ്ഞടിക്കും മുന്പ് ഇന്ത്യയുടെ നില ഭദ്രമാക്കിയ ആ ബാറ്റിൽ നിന്ന് വിലപ്പെട്ട 46 റൺസും പിറന്നു. ഏറ്റവും മൂല്യമേറിയത് ഫൈനലിലായിരുന്നു. സ്കോർ 2 ൽ വച്ച് ഗാവസ്കറെയും 59 ൽ ശ്രീകാന്തിനെയും നഷ്ടപ്പെടുമ്പോൾ സന്ദീപ് പാട്ടീലിന് സ്വതന്ത്രമായി കളിക്കാനായി നിലകൊണ്ട ജിമ്മി 26 റൺസ് നേടിയത് വിലപ്പെട്ട 80 പന്തുകൾ പ്രതിരോധിച്ചാണ്. റോബർട്ട്സ്, ഗാർണർ, മാർഷൽ, ഹോൾഡിങ്ങ് എന്നിവരുടെ തീ പാറുന്ന പന്തുകൾക്ക് മുന്നിൽ അദ്ദേഹം പിടിച്ചു നിന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ പിന്നീട് വന്ന സ്പിന്നർ ഗോമസിനേ നേരിടാൻ ഇന്ത്യൻ നിര ബാക്കിയാവുമായിരുന്നില്ല. ബൗൾ ചെയ്തപ്പോഴാവട്ടെ ഏഴോവറിൽ വെറും 12 റൺസ് നൽകി 3 വിക്കറ്റ് നേടിയ അദ്ദേഹമല്ലാതെ വേറെ ആരാണ് കളിയിലെ കേമൻ?.

ഫാസ്റ്റ് ബൗളർമാരുടെ സ്വർഗമായ, ലോകത്തെ ഏറ്റവും പേസി ട്രാക്കായ പെർത്തിലെ വാക്കാ ഗ്രൗണ്ടിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു മൊഹീന്ദറിൻ്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി. 1976 ൽ ഇന്ത്യയുടെ ഏറ്റവും വലിയ ചേസിങ്ങിൽ പോർട്ട് ഓഫ് സ്പെയിനിൽ 85 റൺസ് നേടിയതും ഇദ്ദേഹം തന്നെ. മൈക്കൽ ഹോൾഡിങ്ങിൻ്റെ പന്ത് താടിയിൽ തട്ടി, ചോര തുപ്പിയിട്ടും എഴുന്നേറ്റ് ബാറ്റ് ചെയ്ത ചരിത്രവും അദ്ദേഹത്തിനു പറയാനുണ്ട്.ഏകദിന മത്സര ചരിത്രത്തിൽ ആദ്യമായി “Handling the Ball” ആയി പുറത്തായ ബാറ്റ്സ്മാൻ ജിമ്മിയാണ്. കൂടാതെ ഹാൻഡ്ലിങ് ദ് ബാൾ ആയും ഒബ്സ്ട്രക്ടിങ്ങ് ദി ഫീൽഡ് ആയും ഹിറ്റ് വിക്കറ്റ് ആയും പുറത്തായ ഏക താരവും.സെപ്റ്റംബർ 24 ന് അദ്ദേഹത്തിൻ്റെ ജൻമദിനമായിരുന്നു. ആശംസകൾ ജിമ്മി അമർനാഥ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.