Cricket
1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Suresh Varieth
1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരു പക്ഷേ ഒരേയൊരാളുടെ പേരിലായിരിക്കും. ന്യൂസിലാൻറും നെതർലാൻ്റ്സും തമ്മിൽ നടന്ന മത്സരത്തിൽ ഒരു വ്യക്തി കാരണം പിറന്നത് രണ്ട് റെക്കോർഡുകളാണ്.
വെസ്റ്റിൻഡീസിലെ ബാർബഡോസിൽ ജനിച്ച നോളൻ ക്ലാർക്ക് 1970 മുതൽ 78 വരെ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചത് ബാർബഡോസിനു വേണ്ടിത്തന്നെയാണ്. 1973 ൽ വിൻഡീസ് സന്ദർശിച്ച, മൈക്ക് ഡെന്നിസ് നയിച്ച ഇംഗ്ലണ്ടിനെതിരെ 159 റൺസടിച്ച് മികവു കാണിച്ചെങ്കിലും അതികായർ നിറഞ്ഞ വിൻഡീസ് ടീമിലൊരിടം എന്നത് നോളന് വിദൂര സ്വപ്നമായിരുന്നു. ബാർബഡോസിനായി 26 മത്സരങ്ങളിൽ അയാൾ പാഡണിഞ്ഞു.
വിൻഡീസിൽ തുടരുന്നത് തൻ്റെ കരിയറിൽ പ്രത്യേകിച്ച് ഗുണമൊന്നും നൽകില്ലെന്ന് മനസ്സിലായ നോളൻ ഹോളണ്ടിലേക്ക് കുടിയേറി. അവിടെ കോച്ചിങ്ങ് ആരംഭിച്ച അദ്ദേഹം കളിയും കൂടെ കൊണ്ടു പോയി. ഡച്ച് ആഭ്യന്തര ലീഗിൽ അദ്ദേഹം നേടിയ 265 നോട്ടൗട്ട് ഇന്നും അവിടത്തെ ഉയർന്ന സ്കോറാണ്. ഹോളണ്ട് ടീമിനൊപ്പം കൗണ്ടിയിൽ നാറ്റ് വെസ്റ്റ് ട്രോഫി കളിച്ച അദ്ദേഹം നോർതാംപ്റ്റൻ ഷയറിനെതിരെ 86 റൺസും ഒരിന്നിംഗ്സിൽ നേടി.
1996 ലോകകപ്പിന് മുന്നോടിയായി 1994 ൽ നടന്ന ICC ട്രോഫി പ്ലേയോഫ് മത്സരത്തിൽ ബർമുഡക്കെതിരെ നേടിയ 121 റൺസ്, അവർക്ക് ലോകകപ്പ് യോഗ്യത നേടുന്നതിൽ നിർണായകമായി. ലോകകപ്പിനായി തനിക്ക് 47 വർഷവും 240 ദിവസവും പ്രായമുള്ളപ്പോൾ ന്യൂസിലൻറിനെതിരെ മത്സരത്തിനിറങ്ങിയതോടെ രണ്ട് റെക്കോർഡുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്. ഒരു ഏകദിന മത്സരത്തിനിറങ്ങുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന സ്ഥാനം നോർമാൻ ജീഫോർഡിൽ നിന്ന് സ്വന്തമാക്കി. ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായമേറിയ കളിക്കാരൻ എന്ന പദവി ജോൺ ട്രൈക്കോസിൽ നിന്നും സ്വന്തമാക്കി.
ലോകകപ്പിൽ അഞ്ചു കളിയിലും ഇന്നിങ്ങ്സ് ഓപ്പൺ ചെയ്ത നോളൻ അവസാന മത്സരത്തിൽ ഡൊണാൾഡും പൊള്ളോക്കും മാത്യൂസും ക്രോണിയേയുമെല്ലാം അണിനിരന്ന ശക്തരായ ദക്ഷിണാഫ്രിക്കക്കെതിരെ 46 പന്തിൽ 32 റൺസ് പൊരുതി നേടി. ആകെ ആ അഞ്ചു കളികൾ മാത്രം അന്താരാഷ്ട്ര കരിയറിൽ കളിച്ച അദ്ദേഹം നിലവിൽ നെതർലാൻറ്സിൽ കോച്ചിങ്ങ് കരിയറുമായി സജീവമാണ്.
780 total views, 4 views today