Suresh Varieth
ആരാധക ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ഷെയ്ൻ വോണിൻ്റെ ജൻമദിനം – സെപ്റ്റംബർ 13 നേരിൽ കണ്ടത് വിശ്വസിക്കാനാവാതെ, ഒരൽപ്പ നിമിഷത്തെ മൗനത്തിനു ശേഷം തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ റിച്ചി ബെനോ കമൻ്ററി ബോക്സിലിരുന്ന് പറഞ്ഞു – “Gatting must have felt it perhaps hit the keeper and went back to the stumps. It was a perfectly pitched leg spinner. I can understand Gatting disbelieving”…..
1993- ഓൾഡ് ട്രഫോർഡിൽ ആഷസിലെ ആദ്യ ടെസ്റ്റിൽ 80/1 എന്ന സുരക്ഷിതമായ നിലയിൽ ഒന്നാമിന്നിങ്സ് പടുത്തുയർത്തിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിന് സ്വർണ മുടിയും കാതിൽ കമ്മലുമിട്ട, ഇംഗ്ലണ്ടിൻ്റെ മണ്ണിൽ ആദ്യപന്തെറിഞ്ഞ ആ 24 കാരൻ പയ്യൻ ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. ഷെയ്ൻ വോണിൻ്റെ വിരലിൽ നിന്നു പുറപ്പെട്ട റെഡ് ബോൾ ലെഗ് സ്റ്റംപിനു പുറത്ത് പിച്ചു ചെയ്തത് കണ്ട ഗാറ്റിങ്ങ് ,ലെഗ്ബിഫോറിന് യാതൊരു സാധ്യതയുമില്ലാത്തതു കൊണ്ട് തന്നെ മുൻ കാൽ മുന്നോട്ട് വെച്ച് സുരക്ഷിതമായി പന്തിനെ പ്രതിരോധിക്കാനാഞ്ഞു. ഒരു മാത്ര, നിമിഷാർദ്ധം കൊണ്ട് ബാറ്റ്സ്മാൻ്റെ വലതു ഭാഗത്തേക്ക് വെട്ടിത്തിരിഞ്ഞു കയറിയ പന്ത് വിക്കറ്റ് കീപ്പറുടെ ഗ്ലൗസിലെത്തും മുമ്പേ ഓഫ് സ്റ്റംപിലെ ബെയിലിനെ ചുംബിച്ചിരുന്നു. എന്താണു സംഭവിച്ചതെന്ന് മനസ്സിലാവാതെ ഗാറ്റിങ് ക്രീസിൽത്തന്നെ തുടരുമ്പോൾ, ലോക ക്രിക്കറ്റിലെ ഏറ്റവും പരിചയ സമ്പന്നനായ അമ്പയർ ഡിക്കി ബേർഡിനും സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ പ്രയാസമായിരുന്നു….. അക്കുറി ആഷസിൽ പിന്നീടൊരിക്കലും മടങ്ങി വരാത്ത വണ്ണം ആദ്യ ടെസ്റ്റിൽത്തന്നെ ആഘാതമേൽപ്പിച്ച ആദ്യ പന്തിലെ ആ വിക്കറ്റടക്കം എട്ടു വിക്കറ്റും മാൻ ഓഫ് ദ് മാച്ചും, 3️⃣4️⃣ വിക്കറ്റോടെ ഗ്രഹാം ഗൂച്ചിനൊപ്പം മാൻ ഓഫ് ദ് സീരീസും വോൺ കരസ്ഥമാക്കി.
ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളെന്ന് വാഴ്ത്തപ്പെട്ട ഷെയ്ൻ വോണിന് ആദ്യ ടെസ്റ്റ് മുതൽ തൻ്റെ കരിയറിലുടനീളം ഒട്ടേറെ കയ്പ്പേറിയ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടതായി വന്നിട്ടുണ്ട്. സിഡ്നിയിലെ അരങ്ങേറ്റ ടെസ്റ്റ് ഒരിക്കലും മറക്കാത്ത രണ്ടു പേർ ഒരു പക്ഷേ രവി ശാസ്ത്രിയും വോണുമായിരിക്കും. തൻ്റെ കരിയർ ബെസ്റ്റായ 206 റൺസ് അടിച്ച ശാസ്ത്രി കടന്നാക്രമിച്ചത് തുടക്കക്കാരൻ്റെ പരിഭ്രമം മാറാത്ത വോണിനെയായിരുന്നു. 150 റൺസ് വിട്ടു കൊടുത്ത ഇന്നിങ്ങ്സിൽ വോൺ ഏതായാലും ശാസ്ത്രിയെത്തന്നെ വീഴ്ത്തി തൻ്റെ കരിയറിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. തുടർന്ന് ശ്രീലങ്കൻ പര്യടനത്തിന് പോയെങ്കിലും ഗ്രെഗ് മാത്യുസിൻ്റെ നിഴലിലായിരുന്നു വോൺ.
ലെഗ് സ്പിന്നിലെ സൂര്യൻ മേഘങ്ങൾക്കിടയിൽ നിന്ന് പുറത്ത് വരാൻ അധികം സമയം വേണ്ടി വന്നില്ല…. സർ ഫ്രാങ്ക് വോറേൽ ട്രോഫി സീരീസിലെ ആദ്യ മത്സരത്തോടെ കരിയർ അവസാനിച്ച ഗ്രെഗ് മാത്യൂസിന് പകരം മറ്റൊരു ചോയ്സ് ഓസ്ട്രേലിയക്കില്ലായിരുന്നു. മെൽബണിൽ, ആദ്യ ഇന്നിങ്ങ്സിലെ 7️⃣ /5️⃣2️⃣ എന്ന പ്രകടനത്തോടെ ടെസ്റ്റ് സീരീസിലെ ഏക പരാജയത്തിലേക്ക് വോൺ വിൻഡീസിനെ കറക്കിയെറിഞ്ഞു. ശേഷിച്ച ടെസ്റ്റുകളിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും ലോക ക്രിക്കറ്റിൽ തൻ്റെ വരവറിയിക്കാൻ അയാൾക്കായി. തുടർന്ന് ന്യൂസിലാൻറിനെതിരെ ട്രാൻസ്- ടാസ്മാൻ സീരീസിൽ മൂന്ന് ടെസ്റ്റിൽ നിന്ന് 17 വിക്കറ്റെടുത്തതോടെ ഓസ്ട്രേലിയയ്ക്ക് വേറൊരു സ്പിന്നറെ നോക്കേണ്ടി വന്നില്ല. 1992 ൽ 11 ഇന്നിങ്ങ്സിൽ നിന്ന് 12 വിക്കറ്റ് വീഴ്ത്തിയ വോൺ 93ൽ ആഷസും ഓസ്ട്രേലിയ – സൗത്താഫ്രിക്ക സീരീസുകളുമുൾപ്പെടെ 72 വിക്കറ്റുകൾ വീഴ്ത്തി തൻ്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.
ഓസ്ട്രേലിയയിലേതിനേക്കാൾ വിദേശപിച്ചുകളിൽ വിക്കറ്റ് വേട്ട മികച്ചതാക്കിയ വോൺ, തൻ്റെ 708 വിക്കറ്റുകളിൽ വിദേശ പിച്ചുകളിൽ നേടിയത് 389 എണ്ണമാണ്. അതിൽ 22 തവണ അഞ്ച് വിക്കറ്റ് നേട്ടവുമുണ്ട്. ഓസീസിൽ കളിച്ചപ്പോഴാകട്ടെ 15 അഞ്ചു വിക്കറ്റ് നേട്ടത്തോടെ 319 വിക്കറ്റും നേടി. വോണിൻ്റെ ഏറ്റവും പ്രിയപ്പെട്ട ഇംഗ്ലീഷ് പിച്ചുകളിൽ നേടിയത് 129 വിക്കറ്റുകളാണ്. ഒരു ലോകകപ്പിലെ സെമിയിലും ഫൈനലിലും മാൻ ഓഫ് ദ് മാച്ചായ വോണിന് പക്ഷേ, മുരളീതരനോ കുംബ്ലെയോ ഏകദിനത്തിൽ പുറത്തെടുത്ത ആധിപത്യം പ്രകടിപ്പിക്കാനായില്ല.
എന്നും വിവാദങ്ങളുടെ കൂടെ നടന്ന വോൺ ഒരു പക്ഷേ 2003 ൽ ലോകകപ്പിനിടക്ക് ഡോപ്പിങ്ങ് ടെസ്റ്റിൽ പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ രണ്ടാമതൊരു ലോകകപ്പു കൂടി ഉയർത്താൻ ടീമിൽ ഉണ്ടായിരുന്നേനെ. ഒരു വർഷം നഷ്ടപ്പെടുത്തിയത് ചിലപ്പോൾ ലോക ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 800 വിക്കറ്റെടുക്കുന്നയാൾ എന്ന സമാനതകളില്ലാത്ത നേട്ടം കൂടിയാവാം. 1994 ൽ മാർക്ക് വോക്കൊപ്പം കോഴ വിവാദത്തിൽ ഉൾപ്പെട്ടപ്പോഴും, പലപ്പോഴും പരസ്ത്രീ ബന്ധങ്ങളിലും ലഹരി ഉപയോഗങ്ങളിലും പേരു വന്നപ്പോഴും കൂടെ നിന്ന ക്രിക്കറ്റ് ഓസ്ട്രേലിയക്ക് പക്ഷേ 2003 ൽ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ…… 2007 ആഷസിൽ വോണും മക്ഗ്രോയും ലാംഗറും ഹെയ്ഡനുമടങ്ങിയ തലമുറ അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിട്ടപ്പോൾ ലോകത്തിന് നഷ്ടമായത് ഫ്ലിപ്പറുകൾ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന സുവർണ മുടിക്കാരനായ രാജകുമാരനെയായിരുന്നു. യാദൃശ്ചികമെന്നു പറയട്ടെ, പതിനാറു വർഷം മുമ്പ് അരങ്ങേറ്റ മൽസരത്തിൽ ഏക ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നേടിയ സിഡ്നിയിൽത്തന്നെയായിരുന്നു വോണിൻ്റെ അവസാന മൽസരവും, അതും രണ്ട് ഇന്നിംഗ്‌സിലും ഓരോ വിക്കറ്റുകൾ നേടിക്കൊണ്ട് ..