Suresh Varieth
തെക്കേ അമേരിക്കയിൽ ആമസോൺ നദിയിലും മറ്റു ജലാശയങ്ങളിലും കണ്ടു വരുന്ന ഒരു ശുദ്ധജല മത്സ്യമാണ് പിരാന. രണ്ടടി വരെ വലിപ്പത്തിൽ ഇരുണ്ട നിറത്തിൽ പൊതുവെ കാണപ്പെടുന്ന പിരാനകൾ മാംസഭോജികളാണ്. ഒത്ത ഒരു മനുഷ്യനെ കിട്ടിയാൽ ആയിരത്തോളം വരുന്ന പിരാന കൂട്ടത്തിന് അഞ്ചു മിനിട്ട് മതി എല്ലു മാത്രമാക്കി കയ്യിൽ തരാൻ.
പക്ഷേ, പിരാനകൾക്കും ഒരു വറുതിയുടെ കാലമുണ്ട്. വർഷത്തിലൊരിക്കൽ ഇവ കൂട്ടമായി കരയ്ക്കടിയും . അപ്പോൾ അന്നാട്ടുകാർ പിരാനകളെ പിടിച്ച് കറിയും ഫ്രൈയും ഒക്കെ ആക്കി പകരം വീട്ടും. ക്രിക്കറ്റ് ലോകത്ത് നിന്ന് ഇന്ന് കേട്ട വാർത്ത വെസ്റ്റ് ഇൻഡീസ് എന്ന പിരാനക്കൂട്ടത്തെ കുറിച്ചായിരുന്നു. രണ്ടു തവണ ഏകദിന ലോക ചാമ്പ്യൻമാരും ഒരിക്കൽ റണ്ണറപ്പുമായ, രണ്ടു തവണ T20 ലോക ചാമ്പ്യൻമാരായ അവർ 2022 T20 ലോകകപ്പ് അവസാന റൗണ്ടിലേക്ക് യോഗ്യത പോലും നേടാതെ താരതമ്യേന ദുർബലരായ സ്കോട്ട്ലൻറിനോടും അയർലൻ്റിനോടും കനത്ത മാർജിനിൽ തോറ്റു പുറത്തായിരിക്കുന്നു. നാൽപ്പത്തേഴു വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വിൻഡീസ് ഉണ്ടാവില്ല.

1970 കളിലും 80 കളിലും തങ്ങളുടെ വന്യമായ കൈക്കരുത്ത് കൊണ്ട് ക്രിക്കറ്റ് ലോകം അടക്കി ഭരിച്ചിരുന്നവർ… ലോയ്ഡിൻ്റെ, റിച്ചാർഡ്സിൻ്റെ, മാർഷലിൻ്റെ, ഹോൾഡിങ്ങിൻ്റെ, ഗാർണറുടെ, ഗ്രിഫിത്തിൻ്റെ, ഗ്രീനിഡ്ജ് – ഹെയ്ൻസുമാരുടെ വിൻഡീസ് പക്ഷേ 1983 ലോകകപ്പ് ഫൈനലിലെ അപ്രതീക്ഷിത തോൽവിയോടെ ഒരൽപ്പം പുറകിലേക്കു തന്നെയായിരുന്നു നടന്നിരുന്നത്. ഏകദിന ഫോർമാറ്റിൽ 1980 കളിൽ കൈവിട്ട അധീശത്വം കുറച്ചെങ്കിലും നിലനിർത്തിയത് 1990 കളിൽ ടെസ്റ്റിലായിരുന്നു. പ്രതാപകാല ബൗളിങ്ങ് യൂണിറ്റിലെ അവസാന കണ്ണികളായ അംബ്രോസും വാൽഷും, ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇടം കയ്യൻ ബാറ്റർ എന്നു പറയാവുന്ന ബ്രയാൻ ലാറയും കൂടെ ചന്ദർപോളുമെല്ലാം കുറച്ചെങ്കിലും അവരുടെ പേരുകാത്തു പോന്നിരുന്നു.
എല്ലാം കൈവിട്ടിരുന്നെങ്കിലും ഇക്കാലമത്രയും കുട്ടിക്രിക്കറ്റിൽ അവർക്ക് പ്രതീക്ഷകളുണ്ടായിരുന്നു. പരമ്പരാഗത ശൈലിയിൽ നിന്നു വേറിട്ട് ചടുലമായ താളത്തിലേക്ക് ക്രിക്കറ്റ് ലോകം മാറിയപ്പോൾ വീണ്ടും രണ്ടു തവണ ചാമ്പ്യൻമാരായ വിൻഡീസിൻ്റെ കരുത്തൻമാരെല്ലാം തന്നെ ലോകമെങ്ങും മുളച്ചുപൊന്തിയ T20 ലീഗുകളിലെ ചൂടേറിയ വിഭവങ്ങളായി. ടെസ്റ്റിലും ഏകദിനത്തിലും പ്രതീക്ഷയറ്റ വിൻഡീസ് ക്രിക്കറ്റ് ഇന്ന് T20 ഫോർമാറ്റിലും നാണം കെടുമ്പോൾ പ്രതിക്കൂട്ടിൽ ആരെയാണു നിർത്തേണ്ടത്? ക്രിക്കറ്റ് ബോർഡിനേയോ അതോ ഫ്രാഞ്ചൈസി ലീഗുകൾക്ക് പുറകേ പോകുന്ന കളിക്കാരേയോ? 2000 ൻ്റെ രണ്ടാം പകുതി മുതൽക്കു തന്നെ പ്രതിഫലക്കാര്യത്തിൽ ബോർഡും കളിക്കാരുടെ അസോസിയേഷനും തമ്മിൽ തർക്കം നിലവിലുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റിൻ്റെ രാജാക്കൻമാരായ ക്രിസ് ഗെയ്ലും കിറോൺ പൊള്ളാർഡും ആന്ദ്രേ റസലും സുനിൽ നരെയ്നുമെല്ലാം പലപ്പോഴും രാജ്യത്തെ കൈവിട്ട് പ്രൊഫഷണൽ ലീഗുകളിലേക്ക് ചേക്കേറിയതും ഈ ബോർഡുമായുള്ള പ്രശ്നം കാരണം തന്നെ.
ജേസൻ ഹോൾഡറെയും ഹെറ്റ്മെയറേയും പോലുള്ള പ്രതിഭകളെ തേച്ചുമിനുക്കിയെടുക്കാനൊന്നും ബോർഡിനു താൽപര്യമുണ്ടായിരുന്നില്ല. എന്തിനേറെ, ദേശീയ ടീമിന് സ്പോൺസറെ കിട്ടാൻ പോലും വിഷമിച്ച അവർക്ക് ഇന്ത്യയിൽ വന്ന് സീരീസ് കളിക്കാൻ അങ്ങോട്ട് പൈസ കൊടുക്കേണ്ട അവസ്ഥ പോലുമുണ്ടായി. കരാറുള്ള താരങ്ങളെല്ലാം വിട്ടു നിന്നപ്പോൾ മൂന്നാംകിട ടീമിനെ വച്ച് നാട്ടിൽ ടെസ്റ്റ് സീരീസ് നടത്തി, ബംഗ്ലാദേശിന് വിദേശത്ത് ആദ്യ പരമ്പര വിജയം സമ്മാനിച്ച ബോർഡാണത്. 2007 ലോകകപ്പിലെ സാമ്പത്തിക പരാജയം അവരെ അത്രയധികം ഉലച്ചെന്നു വേണം കരുതാൻ. ഇനിയൊരു വസന്തകാലം , ക്രിക്കറ്റ് പിന്തുടർന്നു തുടങ്ങിയ മുതൽ ഇഷ്ടപ്പെടുന്ന മറൂൺ ക്യാപ്സിന് ഉണ്ടാവുമോ….. അറിയില്ല. എങ്കിലും പ്രതീക്ഷയുണ്ട്. ജയങ്ങളെപ്പോലെത്തന്നെ പരാജയങ്ങളും ശാശ്വതമല്ലല്ലോ.