1996 ലോകകപ്പിലെ മികച്ച മൂന്ന് ബാറ്റിങ്ങ് പ്രകടനങ്ങൾ ഒരൊറ്റ മത്സരത്തിൽ
Suresh Varieth
1980 കളിലും 90 കളിലും ന്യൂസിലാൻ്റിൻ്റെ കളി കണ്ടവർക്കറിയാം, ഏതാനും വ്യക്തികളിലൊതുങ്ങുന്ന പ്രകടനങ്ങളും ഏതാനും ഒറ്റപ്പെട്ട വിജയങ്ങളുമായിരുന്നു കിവീസ് ക്രിക്കറ്റിൻ്റെ മുഖമുദ്ര. ഇതിനൊരു മാറ്റം വന്നു തുടങ്ങിയത് 1990 ൽ ഇന്ത്യയുടെ ന്യൂസിലാൻറ് പര്യടന കാലത്താണെന്ന് പറയാം. 1992 ലോകകപ്പിൽ നാട്ടിൽ ചെറു ഗ്രൗണ്ടുകളിൽ അവരുയർത്തിയ ബാറ്റിങ്ങ് വെടിക്കെട്ട് വിപ്ലവവും ഓഫ് സ്പിന്നറെക്കൊണ്ട് ബൗളിങ് ഓപ്പൺ ചെയ്യിക്കലുമെല്ലാം പിന്നീട് മറ്റു ടീമുകൾ ഏറ്റുപിടിച്ചു.
മാർട്ടിൻ ക്രോയുടെ വിരമിക്കലിനു ശേഷം മുൻ ഇതിഹാസം ഗ്ലെൻ ടെർണർ ക്യാപ്റ്റൻസിയിലേക്ക് അവരോധിച്ചത് തൻ്റെ അരുമയായ കാൻ്റർബറി നായകൻ ലീ ജർമ്മനെയായിരുന്നു. താരതമ്യേന പുതുമുഖങ്ങളോടൊപ്പം ക്രിസ് കെയ്ൻസ്, ക്രിസ് ഹാരിസ്, ദീപക് പട്ടേൽ, ആദം പരോറെ എന്നിവരും ജർമ്മനോടൊപ്പം 1996 ലോകകപ്പിൽ കിവീസ് പ്രതീക്ഷകൾ കാക്കാനിറങ്ങി. 1996 മാർച്ച് 11ന് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിൽ ദ് മൈറ്റി ഓസീസിനെതിരെ ഇറങ്ങുമ്പോൾ ആരും കിവീസ് മോഹങ്ങൾക്ക് വില കൽപ്പിച്ചിരുന്നില്ല. ആ മത്സരം പക്ഷേ കണ്ടത് ആ ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ മൂന്നെണ്ണമായിരുന്നു.
ക്വാർട്ടർ ഫൈനൽ, തോറ്റാൽ പുറത്ത്… മത്സരം കടുപ്പിക്കാൻ അതു ധാരാളമായിരുന്നു. ചെപ്പോക്കിലെ ആദ്യ ഡേ നൈറ്റ് മത്സരവും ഇതു തന്നെ. ടോസ് നേടിയ ലീ ജർമൻ, മാർക്ക് ടെയ്ലറുടെ ഓസീസിനെ ഫീൽഡ് ചെയ്യാൻ വിളിച്ചു. സ്കോർ 44 ആയപ്പോഴേക്കും വിശ്വസ്തരായ ക്രെയ്ഗ് സ്പിയർമാനെയും നഥാൻ ആസിലിനെയും സ്റ്റീഫൻ ഫ്ലെമിങ്ങിനെയും പോൾ റീഫലും മക്ഗ്രാത്തും ഡാമിയൻ ഫ്ളെമിങ്ങും ചേർന്ന് പവലിയനിലെത്തിച്ചിരുന്നു. കൂട്ടത്തകർച്ച ഒഴിവാക്കാൻ ലീ ജർമൻ നടത്തിയ കൗണ്ടർ അറ്റാക്കിൽ ശിക്ഷ അനുഭവിച്ചത് പോൾ റീഫൽ ആയിരുന്നു. നാലോവറിൽ 38 റൺസാണ് അദ്ദേഹം വഴങ്ങിയത്.
റോജർ ടൂസിനും ക്രിസ് കെയ്ൻസിനും മുമ്പേ ക്രിസ് ഹാരിസിനെ ഇറക്കിയ കിവീസ് നീക്കം ഫലം കണ്ടു. നാലാം വിക്കറ്റിന് മക്ഗ്രാത്തും ഷെയ്ൻ വോണുമടക്കം ഉള്ളവരെ ജർമനും ഹാരിസും കടന്നാക്രമിച്ചു. സ്പിന്നർമാരുടെ പിച്ചായി അറിയപ്പെട്ടിരുന്ന ചെപ്പോക്ക് പെട്ടെന്ന് തന്നെ ബാറ്റിങ് വിക്കറ്റായി. നാലാം വിക്കറ്റിന് 162 പന്തിൽ 168 റൺസാണ് ഈ സഖ്യം നേടിയത്. ക്രിസ് ഹാരിസ് 124 പന്തിൽ 13 ഫോറും 4 സിക്സുമായി 130 റൺസ് നേടിയപ്പോൾ ലീ ജർമൻ 96 പന്തിൽ ഒമ്പതു ഫോറും ഒരു സിക്സുമായി 89 റൺസ് നേടി. കിവീസ് 286/9 എന്ന ജയിക്കാവുന്ന ടോട്ടലിലെത്തുകയും ചെയ്തു.
അപ്രമാദിത്തം തുടരണമെങ്കിൽ ഓസീസിന് മുന്നോട്ട് പോവാതെ തരമില്ലായിരുന്നു. 1987 ലെ ലോക ചാമ്പ്യന് 92 ൽ തകർന്നടിഞ്ഞത് മായ്ച്ചു കളയണമായിരുന്നു ( ലോകകപ്പുകൾ കണ്ട ക്ലാസിക്ക് മത്സരങ്ങളലൊന്നിൽ സെമിയിൽ വിൻഡീസിനെ തോൽപ്പിച്ചെങ്കിലും ഫൈനലിൽ ശ്രീലങ്കയോട് അടിയറവ് പറഞ്ഞത് ചരിത്രമായി. അതിനായി മാർക്ക് ടെയ്ലറോടൊപ്പം അവർ ഓപ്പണിങ്ങിന് വിട്ടത് ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും സ്റ്റൈലിഷ് ബാറ്റർമാരിലൊരാളായ മാർക്ക് വോയെ. ടെയ്ലറെ ആദ്യം തന്നെ മടക്കിയ ദീപക് പട്ടേൽ, വൈകാതെ തന്നെ വോയുടെ ക്യാച്ച് ലോംഗ് ഓണിൽ നിലത്തിട്ടതോടെ വില്ലനായി മാറി.
പോണ്ടിങ്ങിനൊപ്പം അടിത്തറയിട്ട വോ, പിന്നീട് ബാറ്റിങ്ങിൽ സർപ്രൈസ് പ്രൊമോഷൻ കിട്ടിയ ഷെയ്ൻ വോണിനു പരമാവധി സ്ട്രൈക്ക് നൽകി. 14 പന്തിൽ 24 റൺസ് നേടി തൻ്റെ കർത്തവ്യം നിറവേറ്റിയ വോണിനു പിന്നാലെ വന്ന തൻ്റെ സഹോദരൻ സ്റ്റീവ് വോ യോടൊന്നിച്ച് മാർക്ക് ടീമിനെ മുന്നോട്ടു നടത്തി. 112 പന്തിൽ ആറു ഫോറും രണ്ടു സിക്സറുമടക്കം ഉള്ള 110 റൺസിൻ്റെ ആ സെൻസിബിൾ ഇന്നിങ്ങ്സ് സ്കോർ 214 ൽ വച്ച് ഡിയോൻ നാഷ് അവസാനിപ്പിച്ചെങ്കിലും 59 റൺസ് നേടിയ സ്റ്റീവ് വോയോടൊപ്പം 30 പന്തിൽ 42 റൺസ് നേടിയ സ്റ്റുവർട്ട് ലോ രണ്ടോവറിലേറെ ബാക്കി നിൽക്കേ ഓസീസിന് അനായാസ വിജയം നൽകി.
ഒരു ലോക കപ്പിൽ ആദ്യമായി മൂന്ന് സെഞ്ചുറി നേടിയ, ലോകകപ്പ് ചരിത്രത്തിൽ വിവ് റിച്ചർഡ്സിനോടും റമീസ് രാജയോടുമൊപ്പം മൂന്നു സെഞ്ചുറികൾ നേടിയ മാർക്ക് വോ എന്നെന്നും ഓർക്കുന്ന പോലെത്തന്നെ ഈ മത്സരത്തെ ദു:ഖത്തോടെ ഓർക്കുന്ന രണ്ടു പേരുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ തൻ്റെ ഏക സെഞ്ചുറി ഒരു കിടിലൻ ഇന്നിങ്സിലൂടെ നേടിയ ന്യൂസിലാൻ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളായ ക്രിസ് ഹാരിസും, അന്താരാഷ്ട്ര ക്രിക്കറ്റിൽ തൻ്റെ ഏറ്റവും മികച്ച സ്കോർ കണ്ടെത്തിയ ലീ ജർമനും.