‘സർഫ് എക്സൽ’ ഹിന്ദുത്വവാദികളുടെ മുതലെടുപ്പ് തന്ത്രം

0
959

തെരുവിലൂടെ പോകുന്നവരെ എറിയാൻ ബക്കറ്റുകൾ നിറയെ ചായങ്ങളുമായി ടെറസിൽ നിൽക്കുന്ന കുട്ടികളിൽ നിന്നും ആ ചായം മുഴുവൻ ശരീരത്തിലും വസ്ത്രത്തിലും മനഃപൂർവ്വം ഏറ്റുവാങ്ങുന്ന പെൺകുട്ടി എന്തിനാണ് ആ ത്യാഗം ചെയ്തെതെന്ന് പിന്നീട് മനസിലാകുന്നു. വെള്ളവസ്ത്രമണിഞ്ഞു പള്ളിയിൽ വെള്ളിയാഴ്ച്ച നിസ്കാരത്തിനു പോകാനൊരുങ്ങുന്ന തന്റെ കൂട്ടുകാരനെ അവരിൽ നിന്നും രക്ഷിക്കാൻ വേണ്ടിയായിരുന്നു അത്. ഇനി എറിയാൻ അവരിൽ നിറമില്ല എന്ന് ഉറപ്പുവരുത്തുന്ന പെൺകുട്ടി തന്റെ കൂട്ടുകാരനെയും സൈക്കിൾ കയറ്റി തെരുവിലൂടെ നീങ്ങുന്നു. അവശേഷിക്കുന്ന അവസാനത്തെ നിറം അവർക്കുനേരെ വലിച്ചെറിയാൻ ടെറസ്സിൽ നിൽക്കുന്നവരിൽ ഒരാൾ ശ്രമിക്കുന്നത് അതിൽ തന്നെയുള്ള ഒരുകുട്ടി തടയുന്നു. പെൺകുട്ടി തന്റെ കൂട്ടുകാരനെ മോസ്‌ക്കിന്റെ വാതിലിൽ കൊണ്ടുവിടുന്നു. നിസ്കരിച്ചിട്ടു വരാമെന്നുപറയുന്ന അവനോടു നിസ്കാരം കഴിഞ്ഞിട്ട് നിറങ്ങളിൽ കളിക്കാം എന്നും പെൺകുട്ടി പറയുന്നു. ഈ പരസ്യത്തിനെതിരെ രാജ്യവ്യാപകമായി ഹിന്ദുത്വവാദികൾ ഉറഞ്ഞുതുള്ളുകയാണ്. സർഫ് എക്സലിന്റെ ഉത്പന്നങ്ങളെ ബഹിഷ്കരിക്കും എന്ന് വെല്ലുവിളികളും മുഴക്കിയിട്ടുണ്ട്.

ശേഖർ ചഹാൽ എന്ന ഹിന്ദുത്വവാദി സർഫ് എക്സൽ പാക്കറ്റ് കത്തിക്കുന്നു

നമ്മൾ ഏതൊരു വിഷയത്തിന്റെയും ബാഹ്യതയിൽ നിന്നുകൊണ്ടാണ് അതിനെ വിലയിരുത്തുന്നതെന്നു തോന്നുന്നു. ആന്തരികമായ വീക്ഷണങ്ങളാണ് ആവശ്യം. ഓരോ വ്യക്തികൾക്കും ഒരു കുറ്റാന്വേഷകന്റെ തലത്തിൽ നിന്നുചിന്തിക്കാനുള്ള കുശാഗ്രബുദ്ധി ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരു കൊലപാതകം നടന്നാൽ വധിക്കപ്പെട്ട ആളുമായി വിരോധം പുലർത്തുന്നവരെയൊക്കെ തട്ടിഅകത്താക്കുക അത്രവലിയ കാര്യമൊന്നും അല്ല. എന്നാൽ അയാൾ വധിക്കപ്പെട്ടാൽ അതിന്റെ ഗുണം കിട്ടുക ആർക്കെന്നുകൂടി ചിന്തിച്ചാൽ കൂടെനിന്നവരെ പോലും സംശയിക്കേണ്ടിവരും.

സർഫ് എക്സൽ പരസ്യത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഹൈന്ദവവികാരങ്ങളെ ഏതുവിധേനയും ഉണർത്തിവിടുക ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ചില സെല്ലുകൾ രാജ്യത്താകമാനം ഇപ്പോൾ സജീവമാണ്. ക്ഷേത്രത്തിനുള്ളിൽ ഗോമാംസം കൊണ്ടിടാൻ കാണിക്കുന്ന വക്രബുദ്ധിയ്ക്ക് സമാനമായതു ഇവിടെയും ഉണർന്നുപ്രവർത്തിച്ചിട്ടില്ലെന്ന് ഉറപ്പുപറയാൻ പറ്റുമോ? നേട്ടം ഹിന്ദുത്വശക്തികള്ക്കും വിവാദത്തിലൂടെ സർഫ് എക്സലിനും. കോട്ടം കാര്യമറിയാതെ രോഷം തിളപ്പിക്കുന്ന നമുക്കും മറ്റു മതവിശ്വാസികൾക്കും. നമ്മൾപോലുമറിയാതെ ഓരോ ഊരാക്കുടുക്കുകളിൽ കൊണ്ട് നമ്മെ ചാടിക്കുകയും അവിടെ പ്രശ്നങ്ങളെ കൂടുതൽക്കൂടുതൽ സങ്കീർണമായി നിലനിർത്തുകയും ചെയുക. ഒരർത്ഥത്തിൽ ഛിദ്രശക്തികളുടെ വിജയത്തിനായി നമ്മൾപോലും അറിയാതെ നമ്മൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

വെറുമൊരു സങ്കല്പപ്രശ്നമായ ലവ് ജിഹാദിനെ പൊതുസമൂഹത്തിലേക്കു വീണ്ടും വലിച്ചിഴച്ചുകൊണ്ടു വരാനും അവർക്കായി. കേരളംപോലൊരു സ്ഥലത്തു ഈ പരസ്യം അവർക്കു ഗുണം ചെയ്യില്ലെങ്കിലും മറ്റിടങ്ങളിൽ ഗുണംചെയ്തേയ്ക്കാം. സജീവമായ കുപ്രചരണങ്ങൾ കൊണ്ട് അവർ ഗുണം നേടിയെടുക്കും. ശബരിമലപ്രശ്നത്തിൽ അവർ അഴിച്ചുവിട്ട നുണകൾ കേരളീയ സമൂഹത്തെ എത്രത്തോളം ബാധിച്ചു എന്ന് നമ്മൾ കണ്ടുകഴിഞ്ഞു. ഇവിടെ അവർക്കു പ്രചാരണം നടത്താൻ ‘അയ്യപ്പനുണ്ട്’. നോർത്തിന്ത്യയിൽ രാമൻ പഴയതുപോലെ ക്ലച്ച് പിടിക്കുന്നില്ല. ആ സാഹചര്യത്തിൽ തട്ടിക്കൂട്ടിയ വ്യോമാക്രമണത്തിനൊപ്പം മതപരമായ ചില വിഷയങ്ങളെ സജീവമാക്കേണ്ടതുണ്ട്. എവിടെ നിന്നാണ് വണ്ടി പാഞ്ഞുവന്നു നമുക്ക് നേരെ കയറുന്നതെന്ന് പറയാനേ പറ്റില്ല.റോഡ് മാത്രം നോക്കി സൂക്ഷിച്ചു നടന്നിട്ടുകാര്യമില്ല. ജാഗ്രത പാലിക്കുക, അത്രമാത്രം.

നമ്മൾ രാഷ്ട്രീയം ചർച്ചചെയ്യേണ്ട സ്‌പേസുകളിൽ അവരുടെ മണ്ടത്തരങ്ങളെയാണ് ആഘോഷിക്കുന്നത്. ഇന്ധനവിലവർദ്ധയും റാഫേൽ കരാറിലെ അഴിമതിയും ദുരൂഹതകളും വർഗ്ഗീയതയും കർഷകആത്മഹത്യകളും സാധാരണക്കാരന്റെ ദുസ്സഹമായ ജീവിതസാഹചര്യങ്ങളും തുഗ്ലക് പരിഷ്കാരങ്ങളും ബാങ്ക് തട്ടിപ്പുകളും കൃത്രിമഎൻകൗണ്ടറുകളും…എല്ലാം നമ്മൾ മറക്കുന്നു. എന്നിട്ടു ട്രോളുകളുടെ പിന്നാലെ ഓടുന്നു. അതുതന്നെയാണ് ഭരണവർഗത്തിന്റെ ഉദ്ദേശവും. വർഗീയതക്കൊപ്പം, കപടദേശീയതയ്‌ക്കൊപ്പം ചില മണ്ടത്തരങ്ങളെയും സജീവമാക്കി നിർത്തി യഥാർത്ഥ പ്രശ്നങ്ങളെ മറച്ചുപിടിക്കുക. ജനം പ്രബുദ്ധതയോടെ യഥാർത്ഥരാഷ്ട്രീയം ചർച്ചചെയ്തു തുടങ്ങിയാൽ അധികാരിവർഗ്ഗം വിയർക്കാൻ തുടങ്ങും. അവരുടെ ധ്വജസ്തംഭങ്ങളുടെ വേരിളകും. പൗരന് കക്ഷിരാഷ്ട്രീയം വേണമെന്നില്ല പക്ഷെ ‘അവകാശ’രാഷ്ട്രീയം വേണം. അതിനും വിമുഖത കാണിച്ചാൽ വലിയ വിലകൊടുക്കേണ്ടിവരും വലിയ വില. അതുകൊണ്ടു യഥാർത്ഥ പ്രശ്നങ്ങളെ ചർച്ചയ്‌ക്കെടുക്കുക. ‘അച്ചാദിൻ’ എവിടെയെത്തി എന്നെങ്കിലും ചോദിച്ചുകൊണ്ടേയിരിക്കുക.

മതപരമായ പല ആഘോഷങ്ങളും അതുണ്ടാക്കുന്ന മലിനീകരണങ്ങൾ കൊണ്ട് പാരിസ്ഥിതികമോ ആരോഗ്യപരമോ ആയ വെല്ലുവിളികൾ ആണ് സൃഷ്ടിക്കുന്നത്. അങ്ങനെ ചിന്തിക്കുമ്പോൾ തന്നെ ഹോളിയുടെ നിറങ്ങൾ നൽകുന്ന നയനാനന്ദത്തെയും കാണാതെപോകുന്നില്ല. ബഹുനിറങ്ങൾ കൊണ്ട് സമ്പന്നമാണ് ഹോളി. അതിൽ നിന്നും കാവിയും പച്ചയും വെള്ളയും ….അങ്ങനെ നിറങ്ങളെ വേർതിരിച്ചു കാണുന്നവർ ഉണ്ടായിരിക്കുന്നു. നിറങ്ങൾ കൂടിച്ചേർന്നു ഒഴുകുന്നത് അസഹിഷ്ണുതയോടെ നോക്കികാണുന്നവരെ സൂക്ഷിക്കുക, ജാഗ്രതൈ