experience
ഉപ്പിന്റെ രുചിയുള്ള വെള്ളം, ഒരു അനുഭവ കഥയിലൂടെ
വെള്ളം കാണുമ്പോൾ നമുക്കൊക്കെ ഏതെങ്കിലും ഒരാളെ ഓർമ്മവരും. ഒരു “വെള്ളം മുരളി” എല്ലാ നാട്ടിലും കാണും. എന്റെ നാട്ടിലാണെങ്കിൽ എനിക്ക് ആദ്യം ഓർമ്മവരുന്നത് കൊഞ്ചുകുഞ്ഞു ചേട്ടനെയാണ്
200 total views, 2 views today

സൂര്യശങ്കർ. എസ്
വെള്ളം കാണുമ്പോൾ നമുക്കൊക്കെ ഏതെങ്കിലും ഒരാളെ ഓർമ്മവരും. ഒരു “വെള്ളം മുരളി” എല്ലാ നാട്ടിലും കാണും. എന്റെ നാട്ടിലാണെങ്കിൽ എനിക്ക് ആദ്യം ഓർമ്മവരുന്നത് കൊഞ്ചുകുഞ്ഞു ചേട്ടനെയാണ്. എപ്പോൾ കണ്ടാലും “വെള്ളമാണ്”. എന്നാലോ വല്ലാത്ത സ്നേഹവുമാണ്. കുഞ്ഞായിരിക്കുമ്പോൾ എന്നെ എപ്പോൾ കണ്ടാലും മിഠായി വാങ്ങി തരുമായിരുന്നു. നിഷ്കളങ്കമായ അദ്ദേഹത്തിന്റെ ചിരി ഒരിക്കലും മറക്കാൻ പറ്റില്ല. വൈകിട്ടു സ്കൂൾ വിട്ടു വരുമ്പോൾ ചേട്ടൻ ഏതെങ്കിലും വഴിയരുകിൽ തുണിയില്ലാതെ കിടക്കുന്നതു കാണാം. മുണ്ടൊക്കെ ഓരോ വഴിക്കായിരിക്കും. ഉള്ളിൽ Inner wear ഇടാറുള്ളതുകൊണ്ട് പലപ്പോഴും രക്ഷയായിരുന്നു. ഞാൻ ചിലപ്പോളൊക്കെ മുണ്ടെടുത്ത് കൊണ്ടു വന്ന് നേരെയിടാൻ നോക്കിയിട്ടുണ്ട്. അപ്പോൾ ഏതെങ്കിലും നാട്ടുകാർ പറയും. “നിനക്കെന്തിന്റെ കേടാ ചെക്കാ.. അങ്ങേരെയാണോ നീ തുണി ഉടുപ്പിക്കാൻ നോക്കുന്നത്. നല്ല പാർട്ടിയാണ്. അയാൾക്കേ.. തന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയതാ” എന്നൊക്കെ പറയും. പക്ഷേ എന്തോ എനിക്ക് ആ മനുഷ്യനെ ഇഷ്ടമായിരുന്നു.
ഞാൻ നടന്നായിരുന്നു സ്കൂളിൽ പോയിരുന്നത് .ചേട്ടനാകട്ടെ എപ്പോഴും ഓട്ടോ വിളിച്ചാണ് എല്ലായിടത്തും പോയിരുന്നത്. പോകുമ്പോൾ കൈയ്യിൽ ഒരു സഞ്ചി എപ്പോഴും കാണും. ചിലപ്പോൾ റബ്ബർ ഷീറ്റ്, ഒട്ടുപാൽ അങ്ങനെ എന്തെങ്കിലുമൊക്കെ കാണും. (പുള്ളി നല്ല അദ്വാനിയായിരുന്നു.) ഇതൊക്കെ വിറ്റുകിട്ടുന്ന കാശ് കുടിച്ചു തീർക്കും. ചിലപ്പോളൊക്കെ ഉണങ്ങാത്ത പച്ച ഷീറ്റുവരെ കൊണ്ടുപോയി വിൽക്കും. (അതിന് വില തീരെ കുറവായിരിക്കും) മണിയാമ്പുറം ചാപ്പലിന്റെ അടുത്ത് ഞാൻ നടന്നെത്തുമ്പോഴേക്കും മിക്കവാറും ഓട്ടോ ചേട്ടന്റെ വീടിന്റെ മുന്നിൽ കിടക്കുന്നുണ്ടാകും. ഞാൻ മുന്നോട്ടു നടക്കും. കുറച്ചു കഴിയുമ്പോൾ ഓട്ടോ പുറകേ വരും. എന്റെ മുന്നിൽ എത്തുമ്പോൾ “Stop…” എന്നു ചേട്ടൻ ഉച്ചത്തിൽ ഓട്ടോകാരനോടു പറയും. എന്നിട്ട് എന്നോടു കേറാൻ പറയും. ആദ്യമൊക്കെ എനിക്ക് കേറാൻ പേടിയായിരുന്നു. കുടിച്ചു നടക്കുന്ന മനുഷ്യനല്ലേ.! പക്ഷേ വീട്ടുകാർ എപ്പോഴും പറയും “കുടിച്ചില്ലെങ്കിൽ ഇത്രയും തങ്കപ്പെട്ട മനുഷ്യൻ ഈ ലോകത്തു വേറെയില്ല!” അതുകൊണ്ടു തന്നെ പിന്നെ ഞങ്ങൾ നല്ല കട്ട company ആയി. എന്നോട് വല്ലാത്ത വാത്സല്യമായിരുന്നു. ചേട്ടൻ നല്ല അസ്സലായി കഥ പറഞ്ഞു തരും. അതു കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്. സിനിമയിൽ മുരളിക്ക് ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്ന കഥാപാത്രത്തെ കണ്ടപ്പോൾ എനിക്ക് എന്നെയാണ് ഓർമ്മ വന്നത്.
ചേട്ടന് ഇടയ്ക്ക് ഞാനും ഓരോന്ന് കൊടുക്കും. അതു ചിലപ്പോൾ മിഠായി ആയിരിക്കും ചിലപ്പോൾ മാങ്ങയോ പൂച്ചപഴമോ അങ്ങനെ എന്തെങ്കിലും ആയിരിക്കും. പക്ഷേ അതൊക്കെ ഒരു മടിയും കൂടാതെ ചേട്ടൻ ചിരിച്ചുകൊണ്ടു വാങ്ങും, എന്റെ കൂടെയിരുന്നത് കഴിക്കുകയും ചെയ്യും. എന്നിട്ട് എനിക്ക് പാട്ടൊക്കെ പാടിത്തരും. കൂടെ കൂടെ ഓട്ടോക്കാരനോടു പറയും “നമ്മടെ പയ്യനാ സ്കൂളിൽ പോകുവാ.. മിടുക്കനാ.. ഇവനു മാത്രമാ എന്നോടു സ്നേഹമുള്ളൂ അല്ലേടാ..” എന്നും പറഞ്ഞിട്ട് എന്നെ ചേർത്തു പിടിച്ച് എനിക്ക് ഉമ്മയൊക്കെ തരും. ഞങ്ങൾ തമ്മിൽ രക്തബന്ധമില്ലായിരുന്നു എങ്കിലും അതിൽ കവിഞ്ഞ ബന്ധമായിരുന്നു. ചേട്ടൻ ഇങ്ങനെ പോകുന്നത് പിറവത്ത് ഏതെങ്കിലും ബാറിലേക്കായിരിക്കും. തിരിച്ച് എങ്ങനെ എങ്കിലും പിറവത്തു നിന്നും ആരക്കുന്നം വരെ എത്തും. അവിടെ നിന്നും ചിലപ്പോൾ നടക്കും. പിന്നെ വഴിയിൽ എവിടെയെങ്കിലും കിടക്കും. അല്ലെങ്കിൽ ഏതെങ്കിലും ഓട്ടോയിൽ കയറും. ഓട്ടോക്കാർക്ക് വീടൊക്കെ കൃത്യമായിട്ട് അറിയാം. കാശും കൃത്യമായിട്ടു കൊടുക്കും. ചിലപ്പോൾ വഴിയിൽ കിടക്കുന്നതു കണ്ടാൽ ഓട്ടോക്കാരുതന്നെ എടുത്ത് വണ്ടിയിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി വിടും.
വഴിയിൽ കിടക്കുന്നതു കാണുമ്പോൾ സങ്കടം എനിക്ക് വരും. ചേട്ടാ.. ചേട്ടാ.. എന്നൊന്നും വിളിച്ചാൽ കേൾക്കില്ല. (ബോധമുണ്ടാവില്ല) എന്നെങ്കിലും ഈ കുടി ഒന്നു നിർത്തിയിരുന്നെങ്കിൽ എന്നു ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. പുള്ളി എന്തിനായിരുന്നു ഇങ്ങനെ കുടിച്ചിരുന്നത് എന്ന് ഇപ്പോഴും അറിയില്ല. ഒരു പക്ഷേ അതൊരു രോഗമായിരുന്നിരിക്കാം. പക്ഷേ ആ രോഗം ഒരിക്കലും മാറിയില്ല. വഴിയിൽ കിടക്കുന്നതു കാണുമ്പോൾ ഷെർട്ടിന്റെ ബട്ടൻഡ് മുക്കാലും ഇട്ടിട്ടുണ്ടാവില്ല. പോക്കറ്റിൽ നിന്നും നോട്ടുകൾ പകുതി പുറത്തു ചാടിയിട്ടുണ്ടാകും. ദേഹമൊക്കെ വിയർത്തു കുതിർന്നിരിക്കും. മുണ്ട് മിക്കപ്പോഴും മുഷിഞ്ഞതായിരിക്കും. മെലിഞ്ഞ ശരീരമാണ്. അടുത്തു ചെല്ലുമ്പോൾ നമുക്ക് നാറും. മദ്യത്തിന്റെ മണം അത്രയും തീവ്രമായി പിന്നീട് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. പിന്നീട് ചേട്ടൻ മരിച്ചു പോയി. ജീവിതത്തിൽ ഒരു തുള്ളി പോലും കുടിച്ചില്ലെങ്കിലും മദ്യപാനികൾ മോശക്കാരാണ് എന്ന് ഞാൻ പറയാത്തത് ഇങ്ങനെ ചില മനുഷ്യരെ കണ്ടിട്ടുള്ളതുകൊണ്ടാണ്. ചേട്ടൻ എന്നോട് എന്തിന് ഇത്രയും സ്നേഹമായി പെരുമാറി എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. ആ മനുഷ്യൻ എനിക്കു നല്കിയ സ്നേഹ വാത്സല്യങ്ങൾ കാലമിത്ര കഴിഞ്ഞിട്ടും ഒരു സുഖമുള്ള ഓർമയായി മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട്. “മദ്യത്തെ വെറുക്കുക. മദ്യപാനിയെ സ്നേഹിക്കുക!” അതല്ലേ വേണ്ടത്?
കക്കൂസിലെ വെള്ളം വരെ എടുത്ത് മദ്യപിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. നമ്മൾ സാധാരണയായി പറയുന്ന വൃത്തി ഇവർക്കു കണ്ടെന്നു വരില്ല. കണ്ണുകൾ ചുമന്നിരിക്കും. അവരുടെ ശരീരം മുഴുവൻ നാറും. ആളുകൾ അവരെ കാണുമ്പോൾ മാറി പോകും. അവരെയും പറഞ്ഞിട്ടു കാര്യമില്ല. മദ്യം ഒരു മനുഷ്യന്റെ ബുദ്ധിയെ നശിപ്പിക്കുന്നതാണ്. അതുകൊണ്ട് ആരോഗ്യം, (അത് ശാരീരികവും മാനസീകവുമാകാം) വേണ്ടവർ മദ്യത്തെ ജീവിതത്തിൽ നിന്നും മാറ്റിനിർത്തും. അല്ലാത്തവരെ മദ്യം തന്നെ ഇല്ലാതാക്കും. മദ്യം ഒരു slow poison ആണ്. എത്രയൊക്കെ കവിതയാക്കിയാലും മദ്യം വിഷമല്ലാതെ ഒരു ചുക്കുമല്ല! കുടിച്ചു വെളിവില്ലാതെ ഏതെങ്കിലും കുടിയന്മാർ എഴുതുന്നതാണ് അത്തരം വരികളൊക്കെ! സിനിമയിൽ മുരളിയുടെ അമ്മ പറയുന്നുണ്ട് “നമ്മുടെ മകൻ കുടിയനാണ് പക്ഷേ കള്ളനല്ല” എന്ന്. എന്നാൽ ഒരാൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ അയാളെ എളുപ്പം കള്ളനാക്കാം, ഭ്രാന്തനാക്കാം, കാമഭ്രാന്തനാക്കാം, ആർക്കും എടുത്തിട്ട് ഇടിക്കാം. ആരും രക്ഷിക്കാൻ വരില്ല. “പുഴുത്ത പട്ടിയെപ്പോലെയാണ് ആളുകൾ എന്നെ കാണുന്നത്” എന്ന് മുരളി പറയുന്നുണ്ട്. അത് എന്തൊരു ഭീകരമായ അവസ്ഥയാണെന്നൊന്ന് ആലോചിച്ചു നോക്കിക്കെ..!
മുരളിയെ ആദ്യമായി കേൾക്കുന്ന ഒരു ബസ്സ് ഡ്രൈവറെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. തിരക്കുള്ള ഒരിടത്ത് ആ ബഹളങ്ങളുടെ എല്ലാം നടുവിൽ ആളൊഴിഞ്ഞ ഒരു ബസ്സിൽ മുരളി അയാളോട് സത്യസന്ധമായി സംസാരിക്കുന്ന ഒരു രംഗമുണ്ട്. പറഞ്ഞു പറഞ്ഞ് അയാളുടെ മുന്നിൽ മുരളി വിതുമ്പുന്നുണ്ട്. ഒരു പക്ഷേ അയാളെ ആദ്യമായി കേൾക്കാൻ ഒരാളുണ്ടായത് അപ്പോഴാണെന്നു പറയാം. എല്ലാവരും നന്നാവണം നന്നാവണം എന്നൊക്കെ പറയും പക്ഷേ ആരും അതിനുള്ള വഴി പറഞ്ഞു കൊടുക്കില്ല. നമുക്ക് എല്ലാവർക്കും കാണും നമ്മൾ എത്ര മാറ്റണമെന്നു കരുതിയിട്ടും മാറ്റാൻ കഴിയാത്ത ചില കാര്യങ്ങൾ. കേൾക്കാൻ ഒരു മനുഷ്യർ ജീവിതത്തിൽ ഇല്ലാത്ത മനുഷ്യരെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ..? അവരൊക്കെയാണ് പിന്നീട് ഈ ലോകത്തോട് സ്വയം വിടപറയുന്നത്. അവരെ നമ്മളൊന്നു കേട്ടു നോക്കൂ. ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവർ നമുക്ക് മുന്നിൽ നിന്നും പൊട്ടിക്കരയും. അവർക്ക് അങ്ങനെ ഒരാൾ ഉണ്ടെന്നു തോന്നിയാൽ മതി. അതു മാത്രം മതി. വെറുതേ മനുഷ്യരെ കേട്ടിരിക്കുക!
വെള്ളം ഒരു മദ്യപാനിയുടെ മാത്രം കഥയല്ല. മദ്യം പോലെ നമ്മളെ വഴിതെറ്റിക്കുന്ന പല കാര്യങ്ങളിലും പെട്ടുപോയ നമ്മൾ ഓരോരുത്തരുടെയും കഥയാണ്. ഡോക്ടർ മുരളിയോട് ചോദിക്കുന്നുണ്ട് “നിന്നെ വിശ്വാസമുള്ള ഒരാളെങ്കിലും ഈ ലോകത്തുണ്ടോ?” എന്ന് ഹൃദയം തകർന്ന വേദനയോടെ അയാൾ മറുപടി കൊടുക്കുന്നുണ്ട് “ഞാൻ പലരെയും വിളിച്ചു നോക്കി ഡോക്ടർ പക്ഷേ ആരും വരില്ല.” എന്ന് ” ആ മനുഷ്യൻ നിറകണ്ണുകളോടെ പറയുന്നത് ജീവിതത്തിൽ അനുഭവിക്കാവുന്ന ഏറ്റവും വലിയ വേദനയോടെയാണ്.
ഒരിക്കൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ കൈയ്യിൽ ഒരു അരിമ്പാറ പോലെ എന്തോ വളർന്നു വരുന്നുണ്ട് അത് Laser treatment ചെയ്തു കളയണം എന്നു ഡോക്ടർ പറഞ്ഞു. എന്നിട്ട് date തന്നു. “വീട്ടിൽ നിന്നും ആരെങ്കിലും വരണം, കൂടെ ആളില്ലാതെ ചെയ്യില്ല” എന്നു ഡോക്ടർ പറഞ്ഞു. “വരാൻ ആരുമില്ല” ഞാൻ പറഞ്ഞു. അതെന്താ വീടില്ലേ? ചോദിക്കുന്നതുകൊണ്ടൊന്നും തോന്നരുത് അനാഥനാണോ? ഉണ്ടായിട്ടും ഇല്ലാത്തവർ എന്നൊരു കൂട്ടർകൂടി ഉണ്ടെന്ന് ഡോക്ടർക്ക് അന്നു മനസ്സിലായി. “ആരെങ്കിലും മതി. കൂട്ടുകാരോ ഏതെങ്കിലും പരിചയക്കാരോ.. ആരെങ്കിലും!” എന്നു പറഞ്ഞു ഡോക്ടർ ചീട്ട് കൈയിൽ തന്നു. ഞാൻ വീട്ടിലേക്ക് വിളിച്ചു. പ്രതീക്ഷിച്ച മറുപടി തന്നെ കിട്ടി. “ഇവിടെ നിന്നും ആരും വരില്ല.” പിന്നീട് ഒരുപാടു പേരെ വിളിച്ചു.
ജയശ്രീയെ വിളിച്ചാൽ വരുമെന്ന് അറിയാമായിരുന്നു. പക്ഷേ കാലടിയിൽ നിന്നും ഇതിനുവേണ്ടി ക്ലാസ്സും കളഞ്ഞു വരേണ്ട കാര്യമില്ലല്ലോ എന്നോർത്തപ്പോൾ വിളിക്കാൻ തോന്നിയില്ല പിന്നീട് വിളിക്കാത്തതിന് പരാതിയും പറഞ്ഞു. ജയശ്രീ തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലായിരുന്നപ്പോൾ ഞാൻ കാണാൻ പോയതാണ്. അത് പിന്നീട് ജയശ്രീ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. എന്തായാലും അവസാനം എന്റെ കൂടെ വന്നത് ലക്ഷ്മി ചേച്ചിയാണ്. അവിടെ വന്നിട്ട് ഒരു പേപ്പറിൽ ഒപ്പിട്ടു കൊടുത്തു. അതിൽ Sister എന്ന് എഴുതി. “ഇത് നിങ്ങളുടെ ആരാണ്?” എന്ന് ചോദിച്ചപ്പോൾ സഹോദരൻ ആണെന്നു മറുപടിയും കൊടുത്തു. ആ നിമിഷം ഞാൻ കരഞ്ഞുപോയി. പാവങ്ങളിലെ ബിഷപ്പും പറഞ്ഞത് അതേ വാചകമാണ്. “He is my brother” ആ വാചകത്തിന് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. സിനിമയിൽ മുരളിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതും അങ്ങനെ ഒരു സഹോദരനാണ്.
എടുത്തു പറയേണ്ട മറ്റൊരു കാര്യകൂടിയുണ്ട്. കുടി നിർത്തി തിരിച്ചു വന്നിട്ടും എല്ലാവരാലും തിരസ്കരിക്കപ്പെടുന്ന മുരളിയെക്കുറിച്ചാണ്! ഭ്രാന്തു വന്നവർക്കും ഇതേ അവസ്ഥയാണ്. ഒരാളുടെ ഭൂതകാലം അയാളെ പിന്തുടർന്നുകൊണ്ടേയിരിക്കും. മനുഷ്യന്റെ മാറ്റത്തെ ഉൾക്കൊള്ളുവാൻ സമൂഹം പാകപ്പെട്ടിട്ടില്ല. ആശ്രമത്തിൽ സന്യാസി ആകാൻ പോയി 3 വർഷങ്ങൾക്കു ശേഷം ഞാൻ തിരിച്ചു വന്നപ്പോൾ അനുഭവിച്ചതും ഇതേ അവസ്ഥയാണ്. പക്ഷേ അപ്പോഴും നമുക്ക് മുന്നിലേക്ക് മുരളിയുടെ മുന്നിലേക്ക് നീട്ടിയ ഒരു plate നിറയെ ഭക്ഷണം പോലെ ആരെങ്കിലും നമുക്കും വെച്ചു നീട്ടും. അത് സ്നേഹമാണ്! കറകളഞ്ഞ സ്നേഹം. അങ്ങനെ സ്നേഹം തന്ന മറക്കാനാകാത്ത എത്രയെത്ര മനുഷ്യർ!ആ സ്നേഹം വെച്ചു നീട്ടിയ മനുഷരോട് നമുക്ക് തീർത്താൽ തീരാത്ത കടപ്പാടായിരിക്കും. വീണപ്പോൾ താങ്ങിയവർ, കൂടെ നിന്നവർ, കൂട്ടുവന്നവർ, കൂടെ പിറക്കാഞ്ഞിട്ടും കൂടെ നടന്നവർ! ഇവരെയൊക്കെ എങ്ങനെ മറക്കുവാൻ കഴിയും!? നമ്മൾ ജീവിച്ചിരിക്കുന്നത് നമ്മുടെ മിടുക്കുകൊണ്ടല്ല. ഇവരെപ്പോലെയുള്ളവർ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നതു കൊണ്ടു മാത്രമാണ്!
“വെള്ളം” എന്നു കേൾക്കുമ്പോൾ മദ്യം എന്നു മാത്രം കരുതേണ്ട. “കണ്ണീരും വെള്ളമാണ്!”
201 total views, 3 views today