എഴുതിയത്  : Sunil Waynz

ഏകദേശം പത്തൊൻപത് വർഷം മുൻപ് നടന്ന കഥയാണ്.തിരുവനന്തപുരത്ത് സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഫ്രണ്ട്സ് എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു.സൂര്യ അടക്കമുള്ള തമിഴിലെ താരങ്ങൾ അണിനിരക്കുന്ന സിനിമയായിരുന്നു അത്.സൂര്യ അന്ന് തമിഴിലെ സൂപ്പർ താരമായിട്ടില്ല.ഷൂട്ടിംഗ് ആരംഭിച്ച് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഒരു കാര്യം ശ്രദ്ധിച്ചു.നാലു വയസ്സുകാരിയായ ഒരു പെൺകുട്ടി ഭക്ഷണസമയത്ത് സ്ഥിരമായി ലൊക്കേഷനിൽ വരികയും ഒരു ലൈറ്റ് ബോയ് ആ കുട്ടിക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നു.ഇത് ഇഷ്ടപ്പെടാത്ത ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആ ലൈറ്റ് ബോയിയെ ശകാരിക്കുകയും, സംവിധായകനോട് പരാതി പറയുകയും ചെയ്തു.ഇത് സെറ്റിൽ പിന്നീട് ചെറിയ വാക്ക് തർക്കത്തിന് ഇടയാക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട സൂര്യ അസിസ്റ്റന്റ് ഡയറക്ടറേയും ലൈറ്റ് ബോയിയേയും അടുത്ത് വിളിച്ച് കാര്യം അന്വേഷിക്കുകയും ആ പെൺകുട്ടിയെ അടുത്ത് വിളിച്ച് അവൾക്ക് ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്തു. സൂര്യയുടെ ആ പ്രവർത്തിക്ക് ശേഷം പെൺകുട്ടി, ലൊക്കേഷനിലെ സ്ഥിരം സന്ദർശകയാവുകയും എല്ലാവരുമായി വളരെ പെട്ടെന്ന് തന്നെ അടുപ്പത്തിലാവുകയും ചെയ്തു.

എന്നാൽ പിന്നീട് കുറച്ചു ദിവസങ്ങളിൽ പെൺകുട്ടി ലൊക്കേഷനിൽ വരാഞ്ഞത് പലരും ശ്രദ്ധിച്ചെങ്കിലും ഷൂട്ടിങ്ങിന്റെ തിരക്കിനിടയിൽ ആരും അത്രത്ര കാര്യമാക്കിയില്ല.എന്നാൽ സൂര്യ ലൈറ്റ്ബോയിയെ വിളിച്ച് ആ കുട്ടിയുടെ വിവരങ്ങൾ അന്വേഷിക്കാൻ ഏർപ്പാട് ചെയ്തു.തിരുവനന്തപുരത്തെ ഷൂട്ടിംഗ് പൂർത്തിയാക്കി അണിയറപ്രവർത്തകരെല്ലാം തമിഴ്നാട്ടിലേക്ക് തിരിച്ചപ്പോൾ സൂര്യ അവരോടൊപ്പം ചേരാതെ ലൈറ്റ് ബോയിയോടൊപ്പം നേരെ പെൺകുട്ടിയുടെ വീട്ടിലേക്ക് കയറിച്ചെന്നു.എന്നാൽ കുട്ടിയുടെ വീട് മുഴുവൻ കുത്തിപൊളിച്ചിട്ടിരിക്കുന്നതാണ് സൂര്യയ്ക്ക് കാണാൻ കഴിഞ്ഞത്. തൊട്ടടുത്ത വീടുകളിൽ അന്വേഷിച്ചപ്പോൾ, അറിയാൻ കഴിഞ്ഞത് നാലഞ്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു തമിഴ് യുവാവ് ആ വീട് സന്ദർശിച്ചെന്നും തകർന്നു നാമാവശേഷമാകാൻ തുടങ്ങിയ ആ വീട് പുതുക്കിപ്പണിയാൻ ഏർപ്പാടാക്കിയെന്നും ഒപ്പം പെൺകുട്ടിയേയും വിധവയും വികലാംഗയുമായ അവളുടെ അമ്മയേയും ഒരു വാടക വീട്ടിലേക്ക് താമസം മാറ്റിയെന്നുമാണ്. ആകാംക്ഷ അടക്കാൻ കഴിയാതിരുന്ന സൂര്യ ആ പെൺകുട്ടിയെ കാണാൻ അവളുടെ വാടകവീട്ടിലേക്ക് കയറിച്ചെന്നു.ദിവസങ്ങൾക്ക് മുമ്പ് അവരെ സന്ദർശിച്ച ആ യുവാവ് ടൗണിലെ ഏറ്റവും മികച്ച സ്കൂളിൽ സ്വന്തം ചിലവിൽ പെൺകുട്ടിക്ക് അഡ്മിഷൻ ശരിയാക്കി കൊടുത്തെന്നും അവളുടെ അമ്മയ്ക്ക് സ്വന്തമായി ജോലി ചെയ്യാനാവശ്യമായ സഹായഹസ്തങ്ങൾ ചെയ്ത് കൊടുത്തെന്നും സൂര്യ മനസ്സിലാക്കി.നാട്ടിലേക്ക് തിരിച്ച സൂര്യ ആദ്യം പോയത് ആ കുടുംബത്തെ സഹായിച്ച യുവാവിന്റെ അടുത്തേക്കായിരുന്നു.അന്ന് അവരെ സഹായിച്ച ആ യുവാവിനെ മാതൃകയാക്കി,അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ സൂര്യ ആരംഭിച്ചതാണ് ‘അഗരം ഫൗണ്ടേഷൻ’ എന്ന അദ്ദേഹത്തിന്റെ ചാരിറ്റബിൾ സൊസൈറ്റി.അന്നത്തെ ആ പെൺകുട്ടി ഇന്ന് അഹമ്മദാബാദ് ഐ.ഐ.എമ്മിലെ നാലാം വർഷ വിദ്യാർത്ഥിനിയാണ്..അന്ന് അവരെ സഹായിച്ച ആ ഇരുണ്ട് മെലിഞ്ഞ യുവാവിനെ ഇന്നും ആ കുടുംബവും അവിടത്തെ നാട്ടുകാരും സ്നേഹത്തോടെ ഓർമ്മിക്കുന്നുണ്ട്..ലോകമെമ്പാടുമുള്ള എത്രയോ ആളുകൾ ഇന്ന് അയാളെ ആരാധിക്കുകയും,അതിലേറെ ആഘോഷിക്കുകയും ചെയ്യുന്നുണ്ട്…ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ് അന്നത്തെ ആ ഇരുണ്ട് മെലിഞ്ഞ യുവാവിന്റെ പേര്.!!!

 ദളപതി വിജയ്

വിജയ് യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പ്രിയസുഹൃത്ത് കൂടിയായ സൂര്യ ജയ ടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് മുകളിലുള്ളത്✌️✌️

ഒരു നടൻ എന്ന നിലയിൽ വിജയ് യെ പലപ്പോഴും ആഴത്തിൽ അടയാളപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്.ഒരു നല്ല നടൻ എന്ന ലേബൽ അയാൾക്കില്ല.അങ്ങനെയൊരു പട്ടം ആരും ചാര്ത്തിയിട്ടുമില്ല,സ്വയമൊട്ട് ചാർത്താൻ ശ്രമിച്ചിട്ടുമില്ല.വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുവെന്ന അവകാശവാദങ്ങളില്ല,അതിന് വേണ്ടി മെനക്കെടാറുമില്ല.പറയത്തക്ക ആകാരസൗകുമാര്യമോ,പരമ്പരാഗതനായകസങ്കൽപ്പങ്ങൾക്ക് നിരക്കുന്ന നിറമോ സൗന്ദര്യമോ ഇല്ല.വലിയ സിനിമാപാരമ്പര്യം കൈമുതലായിട്ടും അഭിനയിച്ച ആദ്യസിനിമയാകട്ടെ വൻ പരാജയവും.യാതൊരുവിധ യോഗ്യതയുമില്ലെന്ന് ആരാലും എഴുതിത്തള്ളാവുന്ന ഒരു നടന്റെ കരിയർഗ്രാഫിന്റെ ഒളിമങ്ങിയ തുടക്കം

എന്നിട്ടും അയാൾ തളർന്നില്ല.അയാളുടെ തന്നെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ,

എല്ലാവർക്കും നമ്മളെ ഇഷ്ടപ്പെട്ടു എന്ന്  വച്ചാൽ ലൈഫ് ബോർ അടിക്കും, കുറച്ച്പേർക്കെങ്കിലും നമ്മളെ ഇഷ്ടപ്പെടാതെയും ഇരിക്കണമല്ലോ

കല്ലേറുകളെ പൂച്ചെണ്ടുകളായി സ്വീകരിച്ച് അയാൾ നടത്തിയ മുന്നേറ്റമാണ് പകരക്കാരനില്ലാത്ത വിധം ഇന്നയാൾ അലങ്കരിക്കുന്ന തമിഴിലെ താരസിംഹാസനം.ഒരു തുടക്കക്കാരനില് നിന്ന് തമിഴ് സിനിമയുടെ അതികായനിലേക്കുള്ള വളര്ച്ചയിലുടനീളം ഒരു സാധാരണക്കാരന്റെ ചിരിയും നാണവും അന്തർമുഖത്വവും ഇല്ലാത്ത ഒരു വിജയ് ഒാര്മ്മകളിലേ ഇല്ല.

ലോകസിനിമയുടെ അനന്തമായ കാഴ്ചകളില് കണ്ണുടക്കി നടക്കുമ്പോഴും വിജയ് എന്ന നടന്റെ സിനിമയ്ക്ക് ഇനിയും ടിക്കറ്റ് എടുക്കും. സ്ക്രീനില് ആദ്യമായ് ആ പേര് കാണുമ്പോള് മതിമറന്ന് ആഘോഷിക്കും.കാരണം സിനിമയുടെ രണ്ടര മണിക്കൂര് ദെെര്ഘ്യത്തിനുമപ്പുറത്ത്,ഹൃദയത്തിൽ പതിഞ്ഞുകിടക്കുന്ന പ്രതിഭാസം തന്നെയാണ് ഈ ചെറിയ മനുഷ്യന്!!

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.