പടം കണ്ടവർ മാത്രം വായിക്കുക, ഇനി കഥ പറഞ്ഞു തന്നു എന്നു പറഞ്ഞു വരരുത്

193

Suryashankar S

പോസിറ്റിവ് റിവ്യൂ ഇട്ടു തളർന്നു , ഇനി ദൃശ്യം 2 -നെ കുറിച്ചൊരു നെഗറ്റിവ് റിവ്യൂ

പടം കണ്ടവർ മാത്രം വായിക്കുക. ഇനി കഥ പറഞ്ഞു തന്നു എന്നു പറഞ്ഞു വരരുത്. ആദ്യം തന്നെ ഒരു കാര്യം പറയാം. ദൃശ്യം 2 ഒരു logic ഇല്ലാത്ത പടമാണ് യാതൊരു ട്വിസ്റ്റുമില്ല. കണ്ടില്ലെന്നു വെച്ചും ഒരു കുഴപ്പവും സംഭവിക്കാനില്ല! ദൃശ്യം – 1 ൽ കണ്ടപോലെ പ്രതേകിച്ചൊന്നും തന്നെ രണ്ടിൽ കാണുന്നില്ല. പടം മൊത്തം ഒരു രണ്ടര മണിക്കൂർ വരും. അത്രയും കണ്ടു വരുമ്പോഴേക്കും ഉറങ്ങി പോകാതിരുന്നാൽ ഭാഗ്യം! ഇനി കഥയിലേക്ക് അല്പം കടക്കാം. റാണിയുടെയും ജോർജ്ജുകുട്ടിയുടെയും make up എന്തു ബോറാണ്. മീനയുടെ വിഗ് ഏച്ചുകെട്ടിയതുപോലെ ഇരിക്കുന്നു. 6 വർഷം കഴിഞ്ഞിട്ടും തലയിൽ ഒരു നരപോലും കാണുന്നില്ല. അല്പംകൂടി പ്രായം തോന്നിപ്പിക്കേണ്ടതായിരുന്നു. ജോർജുകുട്ടിക്കാകട്ടെ നല്ല താടി വന്നിട്ടുണ്ട്. പക്ഷേ നെഞ്ചിലെ രോമം പോലും നരച്ചിട്ടും മീശയും താടിയും മുടിയും പെയിന്റടിച്ചു നടക്കുകയാണ് കക്ഷി. രാജാക്കാടുള്ള നാട്ടുകാരന്റെ സംസാര ശൈലിയേയല്ല ജോർജ്‌ജുകുട്ടിക്ക്. വെറും അച്ചടി ഭാഷ സംസാരിക്കുന്നത് വല്ലാത്ത കല്ലുകടിയാണ്. രണ്ട് പെണ്മക്കളുള്ള വീട്ടിൽ അതും ഒരു പൊലീസ് ജീപ്പിന്റെ ശബ്ദം കേട്ടാൽ നെഞ്ചിടിക്കുന്ന പെണ്മകളുടെ മുറിയുടെ ജനലുകൾ തുറന്നിട്ടാണ് ഉറങ്ങുന്നത്. കൊതുകു വലയോ ബറ്റോ ഇല്ലാത്ത ആ മുറിയിൽ അവരൊക്കെ എങ്ങനെ കൊതുകുകടി ഏൽക്കാതെ കിടന്നുറങ്ങുന്നു? അതോ ഇനി അവിടെ കൊതുകില്ലേ..? ഇളയ മകൾ അനുവിനെ ഏതെങ്കിലും ഹോസ്റ്റലിലേക്കു പറഞ്ഞു വിട്ടിരുന്നെങ്കിൽ അത്രയും സമയം ലാഭിക്കാമായിരുന്നു. സീരിയൽ പിടിക്കുന്നതുപോലെ പിടിച്ച ആദ്യ പകുതി ഒറ്റയിരുപ്പിന് കണ്ടു തീർക്കുന്നവർക്ക് വല്ല അവാർഡും കൊടുക്കണം. ഒച്ചിഴയുന്നത് ഇതിലും വേഗത്തിലായിരിക്കും. അരുൺ പ്രഭാകരൻ തെറ്റുചെയ്തിരിക്കാം അതിന് ആ പയ്യനെ തലക്കടിച്ചു കൊന്ന മകളെ രക്ഷിക്കുവാൻ വേണ്ടി സിനിമാ സ്റ്റൈലിൽ ഒരു കഥയും ഉണ്ടാക്കി നാട്ടുകാരെയും പൊലീസിനനെയും പറ്റിച്ച ജോർജുകുട്ടി ഒരു Pscyho മാത്രമല്ല, കൊലപാതകത്തെ ന്യായീകരിക്കുകയും എന്തു തെറ്റുചെയ്താലും ബുദ്ധി ഉണ്ടെങ്കിൽ രക്ഷപെടാം എന്നു കാട്ടിത്തരുകയും ചെയ്യുന്ന ഒരു Classic Criminal ലും ആണെന്ന് സിനിമയിൽ തന്നെ പറയുന്നുണ്ട്. അങ്ങനെ “സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്ന സിനിമയാണ് ദൃശ്യം ഒന്നും രണ്ടും” എന്നൊക്കെ ഞാൻ പറയും എന്നാണ് നിങ്ങൾ കരുതിയത് എങ്കിൽ നിങ്ങൾക്കു തെറ്റി!

വരുണിന്റെ കൊലപാതകം നടന്നതിനു ശേഷം ജോർജ്ജുകുട്ടി വീണ്ടും ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. സിനിമകൾ കണ്ടു കണ്ട് വീണ്ടും തന്ത്രങ്ങൾ മെനയുകയായിരുന്നു അയാളുടെ സ്ഥിരം പരിപാടി. അവസാനം ഇതിനു വേണ്ടി സ്വന്തമായി ഒരു തീയേറ്റർ തന്നെ അയാൾ പണിതു. കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളെയും മാറ്റി സ്വന്തം കഥ തന്നെ അയാൾ പുസ്തകമാക്കി publish ചെയ്യുക വരെ ചെയ്തു! ജോർജുകുട്ടിയെപ്പോലെ നന്നായി കഥ പറയാൻ കഴിവുള്ള/ “കഥ മെനയാൻ കഴിവുള്ള” ഒരാൾ ഒരു പുസ്തകമെങ്കിലും publish ചെയ്തില്ലെങ്കിൽ അതൊരു കുറച്ചിലല്ലേ..? സിനിമ കാണുന്ന പ്രേക്ഷകർ കാത്തിരിക്കുന്നത് വരുണിന്റെ ബോഡി കണ്ടെടുക്കുന്ന നിമിഷത്തിനു വേണ്ടിയാണ്. പക്ഷേ ജോർജുകുട്ടി ചിന്തിച്ചത് വേറൊരു തരത്തിലാണ് അതിനു കാരണമായത് ഒരു സിനിമ കണ്ടതാണ്. സിനിമ ഏതാണെന്നല്ലേ 1994 ൽ ഇറങ്ങിയ “The Shawshank Redemption” അതു കണ്ടു കഴിഞ്ഞപ്പോൾ അയാൾക്ക് ഒരു കാര്യം മനസ്സിലായി. “പയ്യെ തിന്നാൽ പനയും തിന്നാം.” എല്ലാവരുടെയും മുന്നിൽ സാധാരണ ജീവിതം നയിക്കുക. എന്നാൽ രഹസ്യമായി തന്ത്രങ്ങൾ മെനയുക. ആ ഒരു ദിവസത്തിനായി, നിമിഷത്തിനായി കാത്തിരിക്കുക. എന്നാൽ Dead body പൊലീസ് സ്റ്റേഷനിൽ നിന്നും എടുത്ത് നശിപ്പിച്ചു കളയുന്നത് risk മാത്രമല്ല അതു ജോർജ്‌ജുകുട്ടിയുടെ പദ്ധതിയേ അല്ലായിരുന്നു. അയാൾ ചിന്തിച്ചത് വേറെ ഒരു തരത്തിലാണ്.

2005 ൽ ഇറങ്ങിയ “The Goebbels Experiment” എന്ന സിനിമ കണ്ടപ്പോൾ അയാൾക്ക് ഒരു കാര്യം മനസ്സിലായി.”ഒരു നുണ ഒരു തവണ പറഞ്ഞാൽ അത് നുണയായി അവശേഷിക്കും. എന്നാൽ അതേ നുണ ആയിരം തവണ പറഞ്ഞാൽ സത്യമാകും.” ഇത് ജോർജുകുട്ടിയുടെ മനസ്സിൽ ലഡു പൊട്ടിച്ചു. ഒപ്പം അയാൾ 1984 ൽ ഇറങ്ങിയ “NH 47” എന്ന സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന സിനിമയും വീണ്ടും കാണുകയുണ്ടായി. 2013 ൽ വരുണിന്റെ ശരീരം കിടത്തിയിരുന്ന സ്ഥലത്തുനിന്നും അതു മാറ്റി അവിടെ ഒരു പശുക്കുട്ടിയെ കുഴിച്ചിടാൻ തോന്നിയ ബുദ്ധി കിട്ടിയതും ഇതേ സിനിമ കണ്ടിട്ടാണല്ലോ.!
ആ സംഭവത്തിനു ശേഷം നാട്ടുകാരുടെയെല്ലാം വിശ്വാസം നേടിയെടുത്ത ജോർജ്‌ജുകുട്ടി പിന്നീട് കുറച്ചു കാശൊക്കെ ഉണ്ടാക്കിയപ്പോൾ നാട്ടുകാർക്ക് അസൂയ തോന്നിത്തുടങ്ങി.അവർ ഇങ്ങനെ വരെ പറഞ്ഞു തുടങ്ങി:

നാട്ടുകാർ 1: “ആ ചെക്കൻ ഇവളെ കാണാൻ വേണ്ടി രാത്രി വന്നതാണ്.”
നാട്ടു 2: “എന്തിനാ?”
നാട്ടു 1: “പരിപാടി നടന്നോണ്ടിരുന്നപ്പോഴേ.. പുള്ളി കേറി വന്നു. സ്പോട്ടിൽ തന്നെ അവനെ തീർത്തു!”
നാട്ടു 3: “വേറെയൊരു ന്യൂസുംകൂടി കേൾക്കുന്നുണ്ടെടാ.. ആ ചെറുക്കൻ ആ പെണ്ണിന്റെ അമ്മയെ കാണാൻ വന്നതാണ് എന്ന്.”
എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ നാട്ടുകാർ ജോർജ്ജുകുട്ടിയെ വീണ്ടും സംശയിച്ചു തുടങ്ങി. വീണ്ടും വരുണിന്റെ കൊലപാതകം ചർച്ചയായതോടെ അത് അയാളുടെ കുടുംബത്തിന്റെ സമാധാനം വീണ്ടും തകർക്കുന്നു എന്നു കണ്ടപ്പോൾ അയാൾ അവസാനത്തെ ആയുധം പ്രയോഗിച്ചു. വീണ്ടും പൊലീസുകാരെക്കൊണ്ട് പൊലീസ് സ്റ്റേഷൻ വരെ കുഴിപ്പിച്ച് dead body കിട്ടിയെന്ന് തെറ്റുധരിപ്പിച്ച് എന്നാൽ പിന്നീട് അവരെ കളിപ്പിച്ച് അവരെ വീണ്ടും പറ്റിക്കുന്ന നമ്മുടെ psycho തന്നെയാണ് പൊലീസ് സ്റ്റേഷന്റെ കാര്യം പറയാൻ ജോസിനെ വിട്ടതും. ആ ബോഡി കണ്ടെടുക്കേണ്ടത് ജോർജ്ജുകുട്ടിയുടെ ആവശ്യമായിരുന്നു. അതവിടെ നിന്നും എടുക്കാനുള്ള ഏക മാർഗ്ഗവും അതു തന്നെയായിരുന്നു. അങ്ങനെ അവസാനം വീണ്ടും ജോർജ്‌ജുകുട്ടിയുടെ നുണ ആളുകൾ വിശ്വസിക്കേണ്ട അവസ്ഥവന്നു.

സുകുമാരക്കുറിപ്പിൽ നിന്നും പലതും പഠിച്ച ജോർജ്ജുകുട്ടി അത് കൃത്യമായി പ്രയോഗിക്കേണ്ടിടത്ത് പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. പറഞ്ഞു വെച്ചതിന്റെ തുടർച്ചയായി കഥ പറഞ്ഞു തുടങ്ങി എല്ലാത്തിനെയും വിശദമാക്കി, നമ്മളെക്കൊണ്ട് climax ഒക്കെ സങ്കൽപ്പിച്ച്
അവസാനം ഒരൊന്നൊന്നര climax കാണിച്ചു തന്ന ജീത്തു ജോസഫ് നേരത്തേ ഇങ്ങനെ പറഞ്ഞിരുന്നു.
“Twist and Turn എന്നൊക്കെ പ്രതീക്ഷിച്ച് ആളുകൾ വരുമ്പോൾ അവർക്കൊരു Disappoint ഉണ്ടാകുമോ എന്നുള്ള ഒരു ചെറിയ Tension, അത്രേയുള്ളൂ.”

“ജീത്തു ജോസഫ്” എജ്ജാതി സൈക്കോ..😂😂😂ട്വിസ്റ്റുകൾകൊണ്ട് അതുവരെ നമ്മളൊക്കെ തലകുത്തിയിരുന്നു കണ്ടു പിടിച്ച എല്ലാ കുറ്റങ്ങളെയും, കഥ ഇഴഞ്ഞു നീങ്ങി എന്ന തോന്നലിനെയുമെല്ലാം കാറ്റിൽ പറത്തി നമ്മളെക്കൊണ്ടു കയ്യടിപ്പിക്കുന്ന വേറെ ലെവൽ പടം🔥 ഞാൻ തുടക്കത്തിൽ പറഞ്ഞതുപോലെ “കണ്ടില്ലെന്നു വെച്ചും ഒരു കുഴപ്പവും സംഭവിക്കാനില്ല” എന്നൊന്നും പറയാൻ പറ്റില്ല. കാണണം.. വരുണിന്റെ Dead body യ്ക്ക് എന്തു സംഭവിക്കും എന്നറിയേണ്ടേ? അപ്പോൾ കാണണം.! ഗംഭീരമായ ഒരു കാഴ്ച്ചാനുഭവമായിരിക്കും.ശരിക്കും സത്യം എന്തായിരിക്കും എന്നു ജോർജ്ജുകുട്ടി തന്നെ പറയണം. നമ്മൾ കണ്ടതോന്നുമല്ല ശരിക്കും Climax. അത് വരാൻ പോകുന്നതേയുള്ളൂ. ജോർജ്ജുകുട്ടിയെന്ന സിനിമാ പ്രേമിക്ക് ഇനിയും സിനിമകൾ കാണാൻ കഴിയട്ടെ!
ദൃശ്യം – 2 ❤️