ഈ സാഹചര്യത്തിലും ഇന്ത്യ ഇത്രയെങ്കിലും പിടിച്ചുനിൽക്കുന്നത് ബിജെപിക്കാർ തരംകിട്ടിയാൽ കുറ്റംപറയുന്ന നെഹ്റുവിന്റെ ദീർഘവീക്ഷണം കൊണ്ട്

332

✍️ സാഹിത്യകാരൻ സുസ്മേഷ് ചന്ത്രോത്ത് എഴുതിയത്

പറയാതിരുന്നാൽ അത് രാഷ്ട്രീയമാകും എന്നതിനാൽ ഈ രാഷ്ട്രീയം ഇപ്പോൾ പറയുന്നു.
*
ഇതിൽ രാഷ്ട്രീയമില്ല. ഉള്ളത് നേതൃത്വത്തിന്റെ പിടിപ്പുകേടിന്റെ നഗ്നമായ അവസ്ഥകൾ മാത്രം. പക്ഷേ അതിൽ തികച്ചും രാഷ്ട്രീയമുണ്ട്. അത് നാം സംസാരിക്കാതിരിക്കാനും പാടില്ല. ഇന്ത്യ ഇപ്പോൾ നേരിടുന്ന ഗതികെട്ട സാഹചര്യങ്ങൾ ഭരണമികവിന്റെ അടയാളങ്ങളല്ല. സമ്പൂർണമായ ഭരണപരാജയത്തിന്റെയും സർക്കാർ ആർക്കുവേണ്ടി നിലകൊള്ളുന്നു എന്നതിന്റെയും ഉദാഹരണങ്ങളാണ്.

ചരിത്രത്തിലൂടെ കടന്നുപോയാൽ ലോകത്തെ ഗ്രസിച്ച മഹാമാരികളൊന്നും ഒന്നോ രണ്ടോ വർഷത്തിലൂടെ തുടച്ചുമാറ്റാൻ സാധിച്ചതല്ലെന്ന് മനസ്സിലാകും. കൃത്യമായ മുന്നൊരുക്കവും ആസൂത്രണവും കണിശമായ നടപ്പാക്കലുകളും ശാസ്ത്രീയമായി നടത്തിയാൽ മാത്രമേ പകർച്ചവ്യാധികളെ ചെറുത്തുനിൽക്കാൻ കഴിയൂ. ഈ സാഹചര്യത്തിൽ ഒരു വർഷമായിട്ടും കേന്ദ്ര സർക്കാർ ചെയ്തതെന്താണ് ? ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന ബി. ജെ. പി സർക്കാരുകൾ ഉത്തരം പറഞ്ഞേ മതിയാകൂ.. സ്വന്തം ജനങ്ങളെ തെരുവിൽ മരിക്കാൻ വിടുന്ന സർക്കാർ പരാജയത്തിന്റെ പടുകുഴിയിലാണ്.

ഇത് പഴയ കാലമല്ല. മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാൻ കഴിഞ്ഞേക്കാം. വിലക്കേർപ്പെടുത്താൻ കഴിഞ്ഞേക്കാം. വിമർശനങ്ങളെ ഡിലീറ്റ് ചെയ്യിപ്പിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ സിറ്റിസൺ ജേണലിസ്റ്റുകളെ തളയ്ക്കാൻ ഭരണകൂടത്തിന് ഒരിക്കലും കഴിയുകയില്ല. സ്വന്തം അച്ഛനും അമ്മയും ഭർത്താവും ഭാര്യയും മക്കളും കൺമുന്നിൽ മരിച്ചു വീഴുമ്പോൾ ഓരോ വ്യക്തിയും സിറ്റിസൺ റിപ്പോർട്ടേഴ്‌സ് ആവും. ജേണലിസ്റ്റാവും. അവർ വിളിച്ചു പറയുന്ന വാർത്തകൾ ജനമദ്ധ്യത്തിലും ലോകമദ്ധ്യത്തിലും എത്തും. ഇവിടെ വേണ്ടത് വിമർശനങ്ങളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുതയും നിലവിലെ സാഹചര്യങ്ങളെ യുക്തിഭദ്രമായും ശാസ്ത്രീയമായും സ്‌റ്റേറ്റിൻെ സൗകര്യങ്ങളുപയോഗിച്ച് നേരിടാനുമുള്ള വിവേകമാണ്. നിർഭാഗ്യവാശാൽ രണ്ടു ടേമായി ഇന്ത്യ ഭരിക്കുന്ന കക്ഷികൾക്ക് അതില്ല. ആരെ തോൽപ്പിക്കാനാണ് നിങ്ങൾ വിമർശനങ്ങളെ കുഴിച്ചുമൂടുന്നത? നിങ്ങൾക്ക് പാവപ്പെട്ടവൻ വിളിച്ചു പറയുന്ന സാക്ഷ്യങ്ങളെ വാമൂടി അമർച്ച ചെയ്യാൻ എത്രകാലം സാധിക്കും..? ഉത്തരേന്ത്യയിൽ മരിച്ചു വീഴുന്നത് പാവപ്പെട്ടവൻ മാത്രമല്ല, ചികിത്സിക്കാൻ കാശും സൗകര്യങ്ങളും ഉള്ളവൻ കൂടിയാണ്. പക്ഷേ അവർക്ക് പ്രാണവായു കൊടുക്കാൻ സർക്കാരിനാവുന്നില്ല. ഗുരുതരമായ രോഗാവസ്ഥയിൽ സ്വയമേ ശ്വസിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയിലാണ് കൃത്രിമമായ പ്രാണവായു നൽകേണ്ടിവരുന്നത്. ശ്വാസകോശങ്ങളെ എളുപ്പം ബാധിക്കുന്ന വൈറസ് ബാധയാണെന്ന് അറിഞ്ഞതിനുശേഷം ഓരോ സംസ്ഥാനത്തും വേണ്ടത്ര മുന്നൊരുക്കം നടത്താൻ സാധിക്കാത്തതിന്റെ ഗതികേടല്ലേ ഇന്ന് കാണുന്നത്..?

പരമമായ ഈ സത്യത്തിനിടയിൽ കേന്ദ്ര സർക്കാരും അവരെ കണ്ണടച്ച് ന്യായീകരിക്കുന്നവരും വിഡ്ഡിത്തം പറയാനും വൃത്തികേടിനെ ന്യായീകരിക്കാനും വരരുത്. കുറഞ്ഞ പക്ഷം മിണ്ടാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കണം. ഇന്ത്യയ്ക്ക് ഓക്‌സിജൻ ഉപകരണങ്ങൾ വാങ്ങാൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 37 ലക്ഷം രൂപ (50,000 ഡോളർ) നൽകിയത് ഇന്ത്യാക്കാരനല്ല, ഓസിസ് ക്രിക്കറ്റ് താരം പാറ്റ് കമിൻസണാണ്. അപ്പോഴും ഇന്ത്യാക്കാരന്റെ കാര്യം നോക്കാൻ ഇന്ത്യാക്കാരനറിയാം എന്നു പറഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരം മൗനത്തിലാണെന്ന് നാമോർക്കണം. നമുക്കുവേണ്ടി സഹതപിക്കാനും സഹായം തരാനും മുന്നോട്ടുവന്നത് ഷോയിബ് അക്തറിനെപ്പോലുള്ള കളിക്കാരാണ്. മതവും ജാതിയുമല്ല മനുഷ്യസ്‌നേഹമാണ് വലുത് എന്ന് തെളിയിക്കുകയാണ് അവർ ചെയ്യുന്നത്.

നിങ്ങൾക്കു വേണ്ടി നിങ്ങളുടെ പാർട്ടിയുടെ കൊടി പിടിച്ച മനുഷ്യർ പോലും ഈ ശവങ്ങൾക്കിടയിൽ കിടപ്പുണ്ടാകില്ലേ എന്നും അവരിൽ നിന്നും അതിജീവിച്ചു വരുന്ന മനുഷ്യരുണ്ടെങ്കിൽ നിങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളിലെ മുന്നണിപ്പോരാളികൾ അവരായിരിക്കുമെന്നും പ്രധാനമന്ത്രിയോട് പറഞ്ഞത് രേവതി സമ്പത്താണ്. സൗദി അറേബ്യ എന്ന മുസ്ലീം രാജ്യമാണ് അനുദിനം ഹിന്ദുമതരാഷ്ട്രമാകാൻ തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് സൗജന്യമായി 80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് എ. എസ്. ഓ ക്രയോജനിക് ടാങ്കുകളും നൽകുന്നത്. പക്ഷേ കേന്ദ്ര സർക്കാരിനെ താങ്ങുന്ന ന്യായീകരണക്കാരും മാധ്യമങ്ങളും സൗദി അറേബ്യയുടെ പങ്കിനെപ്പറ്റി മിണ്ടുന്നില്ല. പകരം അത് ഇന്ത്യയിലേക്ക് എത്തിക്കുന്നതിന്റെ കരാറേറ്റെടുത്ത അദാനി ഗ്രൂപ്പിന്റെയും എം. എസ്. ലിൻഡെ ഗ്രൂപ്പിന്റെയും പേരാണ് പുറത്തുപറയുന്നത്.

സാധാരണക്കാരനും ദേശീയവാദിയും ഹിന്ദു വിശ്വാസിയുമാണ് എന്ന് ഫേസ് ബുക്കിൽ സ്വയം പരിചയപ്പെടുത്തിയ വ്യക്തിയുടെ പോസ്റ്റിൽ പറയുന്നത് കേരളത്തിൽ കോവിഡ് വന്നു മരിക്കുന്നവരുടെ ശവങ്ങൾ ‘കൂട്ടിയിട്ട് കത്തിക്കുന്നു’ എന്ന് കേരളത്തിന് വെളിയിലുള്ള സുഹൃത്തുക്കളെ ടാഗ് ചെയ്ത് ഫേസ് ബുക്കിൽ പോസ്റ്റിടാനാണ്. എങ്ങനെ സാധിക്കുന്നു ഇതെല്ലാം. കേരളത്തിൽ ജീവിച്ചിട്ട്, കേരളത്തിലെ സാഹചര്യങ്ങൾ കൺമുന്നിൽ കണ്ടിട്ട് ഇങ്ങനെ നുണ പ്രചരിപ്പിക്കാൻ എങ്ങനെ മനസ്സ് വരുന്നു. എന്തുകൊണ്ട് ഈ ദേശീയവാദിയുടെ പാർട്ടി ഇതിനെ തടയുന്നില്ല. ഇതാണോ ദേശീയതയുടെ പ്രചാരണം..? ഈ മട്ടിൽ നുണ പ്രചാരണം നടത്തിയും ദുരിതകാലത്ത് കണ്ണടച്ചുമാണോ ഒരാൾ ഹിന്ദു വിശ്വാസിയും ദേശീയവാദിയുമാകേണ്ടത്..? ഈ ദേശീയവാദി ഉൾപ്പെടെയുള്ള ദേശീയവാദികൾ എന്നാൽ എന്തുകൊണ്ടാണ് പുറത്തുനിന്നുള്ള മതരാഷ്ട്രങ്ങളുടെയും (പാകിസ്ഥാൻ ഉൾപ്പെടെ) സഹായം നിരസിക്കാത്തതും പശു ഉൽപ്പാദിപ്പിക്കുന്ന പ്രാണവായു നല്കി കോവിഡ് രോഗികളെ സുഖപ്പെടുത്താത്തതും..? കുറഞ്ഞപക്ഷം കേരളത്തിലിരുന്ന്, ഇവിടുത്തെ ചോറ് തിന്നിട്ടെങ്കിലും പ്രിവിലേജുകൾ വാരിക്കോരി അനുഭവിച്ചിട്ടെങ്കിലും ഇങ്ങനെ പറയരുത്.

സർവ്വനാശത്തിന് ഒരു രൂപമുണ്ടെങ്കിൽ അത് ഇന്ത്യയിലെ ആശുപത്രികൾ പോലെയിരിക്കുമെന്ന് ടൈം മാസിക ലോകത്തോട് പറഞ്ഞില്ലേ. ഇതിലും വലിയ നാണക്കേടിനി വരാനുണ്ടോ.. ഒന്നോർക്കണം. ഈ സാഹചര്യത്തിലും ഇന്ത്യ പിടിച്ചുനിൽക്കുന്നത് തരംകിട്ടിയാൽ ബി. ജെ. പി കുറ്റം പറയുന്ന മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ദീർഘവീക്ഷണത്തിൽ പിറന്ന ഭിലായ് സ്റ്റീൽ പ്ലാന്റിന്റെ കരുണയിലാണ്. 1959 ൽ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ നെഹ്‌റു കൊണ്ടുവന്ന പദ്ധതി. മറ്റൊന്ന് ഒഡിഷയിൽ വെസ്റ്റ് ജർമ്മനിയുടെ സഹായത്തോടെ സ്ഥാപിച്ച റൂർക്കല സ്റ്റീൽ പ്ലാന്റും. ഇന്ന് ഇന്ത്യയ്ക്ക് 60 മെട്രിക് ടൺ ഓക്‌സിജൻ ഉൽപ്പാദിപ്പിച്ചു നൽകുന്ന ഭിലായ് സ്റ്റീൽ പ്ലാന്റ് വിൽക്കാൻ വച്ച സർക്കാരാണിതെന്നും മറക്കരുത്.

ഇതിനെല്ലാമിടയിൽ ചില മനുഷ്യരെ നാം കാണാതിരുന്നുകൂടാ.. സ്വന്തമായുണ്ടായിരുന്ന കാർ വിറ്റിട്ട് ആ പണം കൊണ്ട് ഓക്‌സിജൻ വാങ്ങി ആവശ്യക്കാർക്ക് സൗജന്യമായി നൽകിയ ഷാനവാസ് ഖാൻ, മഹാരാഷ്ട്രയിലെ വിവിധ ആശുപത്രികളിലേക്ക് 400 മെട്രിക് ടൺ ഓക്‌സിജൻ എത്തിക്കാൻ ചെലവായ 85 ലക്ഷം രൂപ വേണ്ടെന്നു പറഞ്ഞ വ്യവസായി പ്യാരേ ഖാൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്റെ ആകെയുണ്ടായിരുന്ന സമ്പാദ്യത്തിൽ നിന്നും എണ്ണൂറ് രൂപ മാറ്റിവച്ച് രണ്ടുലക്ഷം രൂപ സംഭാവന നൽകിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി കുറുവ സ്വദേശി ചാലാടൻ ജനാർദ്ദനൻ, ഒരു കോടി രൂപ പ്രഖ്യാപിച്ച ഫാ. ഡേവിസ് ചിറമ്മൽ… ഇങ്ങനെ ലിസ്റ്റ് നീളുമ്പോൾ മറുവശത്ത് കാണുന്നത് വലിയ സിലിണ്ടറുകളിൽ ഓക്‌സിജൻ വാങ്ങി പൂഴ്ത്തിവച്ച് ചെറിയ സിലിണ്ടറുകളിലാക്കി അതിന് 12,500 രൂപ വിലയിട്ട് കരിഞ്ചന്തയിൽ വിൽക്കുന്ന ദേശീയവാദികളെയാണ്. എല്ലാം നമ്മൾ കാണുന്ന, കേൾക്കുന്ന, വായിക്കുന്ന വാർത്തകൾ.

പറഞ്ഞുവരുമ്പോൾ ഇതെല്ലാം കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടിന്റെയും ഭരണപരാജയത്തിന്റെയും കോർപ്പറേറ്റുകളോട് തുടരുന്ന വിധേയത്വത്തിന്റെയും ദിശാബോധമില്ലാതെ മുന്നോട്ടു പോകുന്നതിന്റെയും നാണം കെട്ട സാഹചര്യങ്ങൾ മാത്രമാണെന്ന് വ്യക്തമാകും. പറയാതിരുന്നാൽ അത് രാഷ്ട്രീയമാകും എന്നതിനാൽ ഈ രാഷ്ട്രീയം ഇപ്പോൾ പറയുന്നു.

വാൽക്കഷണം : കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങൾക്ക് പഠിക്കുവാനുണ്ട്. – രാജ്ദീപ് സർദേശായി.