ഒരു നാടിനെയും ജനതയെയും ജീവന് തുല്യം സ്നേഹിച്ച സുൽത്താൻ വിസ്‌മൃതി പുല്കാതിരിക്കട്ടെ

113
Swalih Arikkulam
ശനിയാഴ്ച പുലർച്ചെ മാർക്കറ്റിലേക്ക് എത്തിയപ്പോഴേക്കും പ്രിയ സുൽത്താന്റെ വിയോഗവാർത്ത കേട്ടിരുന്നു . നേരത്തെ കാത്തിരുന്നൊരു കസ്റ്റമർക്ക് വേണ്ട സാധനങ്ങൾ പെട്ടെന്ന് നൽകി കടയടച്ച് പള്ളിയിലേക്കാണ് നേരെ പോയത് .
സ്വുബ്ഹിയുടെ ജമാഅത് കഴിഞ്ഞ് പിരിഞ്ഞ് പോകാതെ വലിയൊരു സംഘം സ്വദേശികൾ പള്ളിയുടെ ഒരു മൂലയ്ക്ക് കൂട്ടം കൂടിയിരിക്കുന്നു . കൂട്ടത്തിലൊരാൾ എന്തൊക്കെയോ ആശ്വാസവാക്കുകൾ നൽകി അവരെ സമാധാനിപ്പിക്കുന്നു . പിന്നെ കണ്ഠമിടറിക്കൊണ്ട് അവർ പ്രാർത്ഥന നടത്തുന്നു .
അത് കഴിഞ്ഞ് റോഡിലേക്കിറങ്ങിയപ്പോൾ കാണുന്നത് അരികിലൂടെ കടന്ന് പോയൊരു വാഹനത്തിൽ നിന്നൊരു യുവതി കണ്ണീരൊപ്പിക്കൊണ്ട് ഡ്രൈവ് ചെയ്യുന്നതാണ് .
പൊതുവെ മരണങ്ങളോടൊക്കെ , അതെത്ര വേണ്ടപ്പെട്ടവരുടേതാണെങ്കിലും വേഗം പൊരുത്തപ്പെടലാണ് ഒമാനികളുടെ ശീലം . നമ്മെക്കാൾ യാഥാർഥ്യബോധമുള്ളവരാണ് അറബികൾ . ഇണകൾ മരണപ്പെട്ടാൽ പോലും അവർ അധികം വൈകാതെ പുതിയ ജീവിതത്തിലേക്ക് കടക്കും .
എന്നാൽ ഇവിടെ പ്രിയപ്പെട്ട സുൽത്താന്റെ വിയോഗത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങളിലെല്ലാം അവരുടെ ഖബറിനരികിലേക്ക് ജനങ്ങൾ ഒഴുകുകയാണ് . ജീവിച്ചിരിക്കുമ്പോൾ നേരിൽ കാണാനും അടുത്തുപോകാനും കഴിയാത്തതിന്റെ പരിഭവം അവർ ഖബറിന് അരികിൽ ചെന്ന് കണ്ണീർ വാർത്തും പ്രിയപ്പെട്ട നായകനായി പ്രാർത്ഥന നടത്തിയും തീർക്കുകയാണ് .
ഇന്നത്തോടെ ഗവണ്മെന്റ് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ദുഃഖാചരണം അവസാനിക്കുകയാണ് . ഒരു നാടിനെയും ജനതയെയും ജീവന് തുല്യം സ്നേഹിച്ച സുൽത്താൻ വിസ്‌മൃതി പുല്കാതിരിക്കട്ടെ . നമുക്ക് പ്രാർത്ഥനയിലെന്നും അദ്ദേഹത്തെ ഓർത്ത് കൊണ്ടേയിരിക്കാം .