റോബര്‍ട്ടും സ്മിത്തും ചെറുപ്പകാലം മുതലേ ചെങ്ങാതികളാണ്. ഇപ്പോഴവര്‍ക്ക് പ്രായമായി. എന്നു പറഞ്ഞാല്‍ അത്ര വലിയ പ്രായമൊന്നും ആയില്ല കേട്ടോ. ഒരെഴുപത്തഞ്ച് എണ്‍പതു വയസ്സ്, അത്രയൊക്കെയേ കാണൂ. റോബര്‍ട്ടിന്റെ ഭാര്യ അടുത്തിടെ മരിച്ചു. അയാള്‍ ആകെ വിഷമത്തിലായി. വിവാഹം കഴിഞ്ഞിട്ട് ഏതാണ്ട് അമ്പതു വര്‍ഷങ്ങളില്‍ കൂടുതല്‍ ആയിരിക്കണം. റോബര്‍ട്ടിന്റെ വിഷമം സ്മിത്തിനും ഭാര്യയ്ക്കും മനസ്സിലാവുമായിരുന്നു. അവരും ഏതാണ്ട് അതേ കാലയളവിലാണ് വിവാഹം കഴിച്ചത്. അവര്‍ രണ്ടു പേരും ചേര്‍ന്ന് റോബര്‍ട്ടിനെ ഒരു ദിവസം തങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചു. അല്പം ഭക്ഷണമൊക്കെ കൊടുത്ത് ഒന്നു സമാധാനിപ്പിക്കാം. അതായിരുന്നു അവരുടെ ഉദ്ദേശം.
“സ്വീറ്റീ..ചായ കൊണ്ടു വരാമോ?” സ്മിത്ത് ഭാര്യയോടു ചോദിച്ചു. അവര്‍ ചായ കൊണ്ടു വന്നു. “മൈ ലൌവ്..ആ ബിസ്കറ്റെടുക്കാമോ?” അവര്‍ ബിസ്കറ്റു കൊണ്ടു വന്നു. “മൈ ഏയ്ഞ്ചല്‍..ആ ടി.വി ഓണാക്കാമോ?” അവര്‍ ടി.വി ഓണാക്കി. പീന്നെയും ഓരോ കാര്യങ്ങള്‍ ഭാര്യയോടു പറയുമ്പോള്‍ “ആപ്പിള്‍ പൈ, ഹണീ, സ്വീറ്റ് ഹാര്‍ട്ട് തുടങ്ങിയ മധുരമൂറുന്ന പദങ്ങളായിരുന്നു സ്മിത്ത് തന്റെ ഭാര്യയെ വിളിക്കുവാന്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്.
ഇതെല്ലാം കേട്ട് റോബര്‍ട്ടിന്റെ വിഷമം ഇരട്ടിച്ചു. അയാള്‍ക്ക് തന്റെ ഭാര്യയോട് അതിയായ സ്നേഹമുണ്ടായിരുന്നെങ്കിലും ഒരിക്കലും അയാളത് പുറത്തു കാണിച്ചിരുന്നില്ല. ഇന്ന് തന്റെ ഭാര്യ മരിച്ചു. അവളോടുള്ള സ്നേഹം ഒരിക്കലും അവളോട് പ്രകടിപ്പിക്കാതിരുന്ന താന്‍ ഒരു ക്രൂരനായ മനുഷ്യനായിരുന്നെന്ന കാര്യം അയാള്‍ ഓര്‍ത്തു.
“ഇത്രയും നാളായിട്ടും നിനക്ക് നിന്റെ ഭാര്യയോട് എന്ത് മാത്രം സ്നേഹമാ സ്മിത്തേ..ഞാന്‍ നിങ്ങളെ സമ്മതിച്ചിരിക്കുന്നു.” സ്മിത്തിന്റെ ഭാര്യ അടുക്കളയില്‍ പോയ തക്കം നോക്കി റോബര്‍ട്ട് സ്മിത്തിനോട് പറഞ്ഞു.
സ്മിത്ത് അടുക്കളയുടെ ഭാഗത്തേക്കു നോക്കി ഭാര്യ വരുന്നില്ലെന്ന് ഉറപ്പാക്കി. എന്നിട്ട് പതിയെ ഇങ്ങിനെ പറഞ്ഞു, “ആ കെളവീടെ പേര് ഞാന്‍ പത്തു വര്‍ഷം മുമ്പേ മറന്നുപോയി..ഞാനവളോട് എങ്ങിനെ ഇനി പേരു ചോദിക്കും..? ചോദിച്ചാല്‍ അവളെന്നെ കൊല്ലില്ലേ..?”
A traslated story from internet.