എഴുതിയത് : Syam Sankar
കടപ്പാട് : മൂവി സ്ട്രീറ്റ്
രണ്ടായിരത്തിൽപ്പരം വർഷങ്ങൾ പഴക്കമുള്ള ഒരു ടാവോയിസ്റ്റ് പുസ്തകം ഉണ്ട്, ജ്വാങ് ത്‌സ് (Zhuang Zhu) എന്ന സംന്യാസി ജ്വാങ് ത്‌സ് (Zhuangzi) എന്ന് പേരിട്ട് എഴുതിയതായി. ആ പുസ്തകത്തിന്റെ രണ്ടാമദ്ധ്യായമായ The Butterfly as Companion എന്ന ഭാഗത്ത് ജ്വാങ് ത്‌സ് ഒരു പരികല്പന ഏതാണ്ടിപ്രകാരം മുന്നോട്ട് വയ്ക്കുന്നുണ്ട് : ഒരിക്കൽ ഞാൻ ഒരു സ്വപ്നം കണ്ടു, ഞാൻ ഒരു ചിത്രശലഭമാണെന്ന്. ഞാൻ അവിടെയും ഇവിടെയും ഒക്കെ പാറിപ്പറന്നു നടന്നു. ചിത്രശലഭം എന്ന സന്തോഷത്തിൽ മതിമറന്ന ഞാൻ മനുഷ്യൻ എന്ന എന്റെ അസ്തിത്വത്തേപ്പറ്റി ബോധവാനേ അല്ലായിരുന്നു. പിന്നെ ഞാൻ സ്വപ്നത്തിൽ നിന്ന് ഉണർന്നു, മനുഷ്യനായി. ഇപ്പോൾ എനിക്ക് സംശയമാണ് ഞാൻ അപ്പോൾ ചിത്രശലഭമായി സ്വപ്നം കണ്ട മനുഷ്യൻ ആണോ, അതോ ഇപ്പോൾ ഞാൻ ഒരു മനുഷ്യൻ ആണെന്ന് സ്വപ്നം കാണുന്ന ചിത്രശലഭം ആണോ എന്ന്. നമ്മൾ യാഥാർത്ഥ്യത്തെ മനസിലാക്കുന്നത് ഇന്ദ്രിയങ്ങളിലൂടെ ഗ്രഹിച്ചാണ് (sensory perception). എന്നാൽ ഇന്ദ്രിയങ്ങൾ പലപ്പൊഴും തെറ്റായ വ്യാഖ്യാനങ്ങൾ തന്ന് നമ്മളെ ചതിക്കാറുണ്ട്. അത്തരം ഒരു ചതി ആണ് സ്വപ്നം. അങ്ങനെ ചതിക്കുന്ന ഇന്ദ്രിയങ്ങളെ പൂർണ്ണമായും വിശ്വസിച്ച് യാഥാർത്ഥ്യ ബോധം ഉണ്ടാക്കാനാകില്ല എന്ന് ഫ്രെഞ്ച് തത്വചിന്തകനായ റെനെ ദെക്കാർട്ടും (Rene Descartes) പറഞ്ഞിട്ടുണ്ട്.
ലിജൊ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന സിനിമ കണ്ടപ്പോൾ ഈയുള്ളവന് ഓർമ്മ വന്നത് ടാവോയിസത്തിലെ ഈ പ്രശസ്തമായ ചിത്രശലഭ സ്വപ്ന പരികല്പനയാണ്. ഈ പരികല്പനയിലൂടെ ടാവോയിസ്റ്റ് ചിന്ത നമ്മോട് പറയുന്നത് സ്വപ്നവും യാഥാർത്ഥ്യവും വേർതിരിക്കുന്ന സംക്രമണം (transition) വളരെ നേർത്തതും പ്രത്യേകവൽക്കരിച്ച് എടുക്കാൻ സാധിക്കാതെ അലിഞ്ഞുചേർന്ന തരത്തിൽ കിടക്കുന്നതുമാണ് എന്നാണ്. സിനിമയുടെ തുടക്കത്തിൽത്തന്നെ തമിഴിന്റെയും മലയാളത്തിന്റെയും ഭാഷാപരമായ ഔന്നത്യവും, പരപ്പും, സാംസ്കാരിക സ്വാധീനവും എല്ലാം ഏകദേശം ഒരേ പോലെയാണെന്ന് നമ്മളെ ഓർമ്മപ്പെടുത്തി സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം വളരെ നേർത്തതാണെന്ന മുഖവുര തരുന്നുണ്ട് സംവിധായകൻ. സ്വപ്നവും യാഥാർത്ഥ്യവും, ജീവിതവും മരണവും, on stage-ഉം off stage-ഉം എന്നിങ്ങനെ പല അവസ്ഥാന്തരങ്ങളുടെ അന്തർസങ്കലനമായി (internalisation) മാറുന്നുണ്ട് ഈ മങ്ങിയ അതിർവരമ്പ്.
വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങുന്ന, മൂവാറ്റുപുഴക്കാരനായ, ജെയിംസും കൂട്ടരും ഒരു തമിഴ് ഗ്രാമത്തിലെ ചോളപ്പാടത്തിലെ ഉച്ചവെയിലിന്റെ ആലസ്യക്കാറ്റേറ്റ് ബസിലിരുന്ന് മയങ്ങുന്നതിനിടയിൽ ബസ് നിർത്താനാവശ്യപ്പെടുന്ന ജെയിംസ് ആ ചോളപ്പാടത്തിനടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് നടന്ന് കയറി സുന്ദരം എന്ന തമിഴ്നാട്ടുകാരനായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. 2005-ൽ പുറത്തുവന്ന ഗ്രീൻപ്ലൈ പ്ലൈവുഡ് എന്ന കമ്പനിയുടെ ഒരു ടെലവിഷൻ പരസ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ലിജൊ നൻപകൽ നേരത്ത് മയക്കം എന്ന ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
വേളാങ്കണ്ണിയിലെ ഹോട്ടൽ റിസപ്ഷനിൽ എഴുതി വച്ചിരിക്കുന്ന തിരുക്കുറലിലെ 339ാം കുറലായ, “ഉറങ്കുവത് പോലും സാക്കാട്, ഉറങ്കി വിഴിപ്പത് പോലും പിറപ്പ്” (ഉറക്കം ഒരു മരണമാണ്. ഉറങ്ങിയുണരുന്നത് ജനനവും) എന്താണെന്ന് അന്വേഷിക്കുന്ന ജെയിംസിനെ ആകർഷിക്കുന്നത് തിരുക്കുറൽ എന്ന പേരാണ്. പക്ഷെ, അത്തരത്തിലുള്ള ഒരു മരണത്തിലേക്കും, പുനർജന്മത്തിലേക്കും നമ്മളെ കൂട്ടിക്കൊണ്ട് പോകുന്ന ജെയിംസ് നാടകമേ ഉലകം എന്ന പഴഞ്ചൊല്ല് ആടിത്തകർക്കുമ്പോൾ നടൻ – കഥാപാത്രം, സ്വപ്നം – യാഥാർത്ഥ്യം, ജനനം – മരണം എന്നിങ്ങനെയുള്ള ദ്വന്ദങ്ങളുടെ സമന്വയമാണ് സ്ക്രീനിൽ നിറയുന്നത്. നാടകം എന്ന സങ്കേതത്തിനെ അതിന്റെ സ്വഭാവം കൊണ്ടും ആലങ്കാരിക അർത്ഥം കൊണ്ടും കഥ പറച്ചിലിനായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. നാടക സ്ഥലത്തേക്ക് നാടക വണ്ടിയിൽ യാത്ര ചെയ്യുന്ന നടൻ സ്റ്റേജിൽ മറ്റൊരാളാകുകയും, തിരിച്ച് കഥാപാത്രത്തിന് പുറത്ത് വന്ന് നാടക വണ്ടിയിൽ കയറി തന്റെ ജീവിത ദിനചര്യകളിലേക്ക് മടങ്ങുകയും ചെയ്യുന്ന പ്രക്രിയയുടെ ഒരു ഭ്രമാത്മക ചിത്രീകരണമായി കാണുമ്പോൾ തന്നെ, സുന്ദരം ആയി ക്ഷുരകന്റെ മുന്നിൽ ഇരിക്കുമ്പോൾ മരണം എന്ന യാഥാർത്ഥ്യത്തെ ഞെട്ടലോടെ തിരിച്ചറിയുന്ന സുന്ദരത്തിൽ നിന്നും പതിയെ ഉണരുന്ന ജെയിംസിന് ഇനിയുള്ള ജീവിതം പുനർജന്മത്തിന്റേതാണ് എന്ന ആലങ്കാരിക വായന കൂടി നടത്തുന്നു നൻപകൽ നേരത്ത് മയക്കം എന്ന ഈ സിനിമ.
തേനി ഈശ്വറിന്റെ സ്റ്റിൽ ഷോട്ടുകളിലൂടെ ഫ്രെയിമുകളും ലൈറ്റിംഗും ഒരുക്കി നാടകത്തിന്റെ രംഗപടം ഓർമ്മിപ്പിക്കുന്ന ലിജോ ജോസ് പല്ലിശ്ശേരി നാടകം എന്ന കലയുടെ സ്വഭാവം നിലനിർത്തിക്കൊണ്ട് തന്നെ ഈ കഥ പറയാൻ ശ്രമിക്കുന്നു, പ്രത്യേകിച്ചും സുന്ദരമായ ജെയിംസിനെയും സുന്ദരത്തിന്റെയും ജെയിംസിന്റെയും ഭാര്യമാരെയും ഒരു ഫ്രെയിം കോമ്പോസിഷനിൽ കാണിക്കുന്ന ആ ഒറ്റ ഷോട്ടിൽ ഒക്കെ. പിന്നെ അവസാന ഷോട്ടിൽ കാണിക്കുന്ന നാടക വണ്ടിയുടെ പേര്, ലിജോയുടെ അച്ഛനായ ജോസ് പല്ലിശ്ശേരിയും നടനായ തിലകനും കൂടി പണ്ട് തുടങ്ങി നടത്തിക്കൊണ്ടിരുന്ന ചാലക്കുടി സാരഥി എന്ന നാടകക്കമ്പനിയ്ക്കുള്ള ശ്രദ്ധാഞ്ജലി ആയാണ് ഇതെഴുതുന്നയാൾ മനസിലാക്കിയത്.മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹരമായ കഥാപാത്രങ്ങളിലൊന്നാണ് ജെയിംസ് എന്ന സുന്ദരം എന്ന ജെയിംസ്. മെതേഡ് ആക്റ്റിംഗ് എന്ന അഭിനയരീതിയെ ഇന്ത്യൻ സിനിമയിൽ ഇത്ര മനോഹരമായി ഉപയോഗിച്ച മറ്റൊരു നടൻ ഉണ്ടാകില്ല. മമ്മൂട്ടി എന്ന നടന്റെ വളരെ പ്രശസ്തവും സോഫിസ്റ്റിക്കേറ്റഡും സ്റ്റൈലിഷുമായ ആ നടത്തം മൂവാറ്റുപുഴക്കാരനായ, നാട്ടിൻപുറത്തുകാരനായ, ജെയിംസിന്റെ നടത്തത്തിലേക്കും, ജെയിംസ് തമിഴ്നാട്ടിലെ ആ ചോളപ്പാടത്തിനപ്പുറമുള്ള ഗ്രാമത്തിലേക്ക് സുന്ദരം ആയി നടന്ന് കയറുമ്പോഴുള്ള നടത്തത്തിലേക്കുള്ള ആ transition നമ്മളെ അത്ഭുതപ്പെടുത്തും.
സുന്ദരം ആണെന്ന് കരുതുന്ന ജെയിംസിനെ സുന്ദരത്തിന്റെ ബന്ധുമിത്രാദികൾ തള്ളിപ്പറയുമ്പോഴുള്ള body language-ഉം voice modulation – ഉം, തന്റെ മരണം എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്ന സുന്ദരത്തിന്റെ ക്ലോസ് അപ് ഷോട്ടും മാത്രം മതിയാകും നടൻ എന്ന നിലയിൽ എത്ര ഉയരത്തിലാണ് മമ്മൂട്ടി എന്ന് നമുക്ക് തിരിച്ചറിയാൻ. സിനിമയെ ഒരു ടെക്സ്റ്റ് ആയിട്ടായിരിക്കണം ലിജോ ജോസ് പല്ലിശ്ശേരി എന്ന സംവിധായകൻ കാണുന്നത്. പൂർണ്ണമായ പുസ്തകം വായനക്കാരന്റെ ആശയ രൂപീകരണത്തിലേക്ക് വിടുതൽ ചെയ്ത് ഒരു സംവാദം (Discourse) സാധ്യമാക്കുമ്പോഴാണ് ടെക്സ്റ്റ് കാലത്തെ അതിജീവിക്കുന്നത്. അങ്ങനെയുള്ള ടെക്സ്റ്റുകൾ ഓരോ വായനയിലും നിരന്തരം പുത്തൻ ആശയങ്ങൾ പെറ്റുകൊണ്ടിരിക്കും. അത്തരം വായനകൾ സാധ്യമാക്കുന്ന ടെക്സ്റ്റുകൾ നിറയെ അർത്ഥഗർഭമായ മൗനങ്ങളാൾ സമ്പന്നമായിരിക്കും. പറഞ്ഞതിനേക്കാൾ കൂടുതൽ പറയാതെ പോയതാകും. ലിറ്റററി തിയറിയിൽ അപോറിയ (Aporia) എന്ന് വിളിക്കപ്പെടുന്ന അത്തരം മൗനങ്ങൾ ആണ് ആശയ സംവാദങ്ങളുടെ പെരുമഴ തീർക്കുന്ന ഒരു ടെക്സ്റ്റിന്റെ കാതൽ. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം അത്തരം ഒരു ടെക്സ്റ്റാണ്.