എസ്.എസ്.എൽ .സി പരീക്ഷയിൽ തോൽക്കുന്നവരും മാർക്ക് കുറഞ്ഞവരും ദയവായി ഇത് വായിക്കുക. വെറുതെ വായിച്ചാൽ പോരാ, മനസ്സിലാക്കി വായിക്കുക. നിങ്ങളിൽ ഒരാളും വേദനിക്കരുത്..ഒരാളും കരയരുത്….ഒരാളും ആത്മ വിശ്വാസം നഷ്ടമാക്കരുത്….

കാരണം, SSLC-ക്ക് വിജയിച്ചില്ല അല്ലങ്കിൽ SSLC-ക്ക് മാർക്ക് കുറവാണ് എന്നത് കൊണ്ട് നിങ്ങൾ ഇനിയൊരിക്കലും വിജയിക്കില്ല എന്നർത്ഥമില്ല. ഇതെഴുതുന്ന ഞാനൊരു – 48 വയസ്സുള്ള എസ് എസ് എൽ സി പരീക്ഷ രണ്ടു പ്രാവശ്യം തോറ്റ വ്യക്തിയാണ്.,. പക്ഷെ, എനിക്കൊരിക്കലും ജീവിത യാത്രയിൽ, അതൊരുതടസ്സമായി തോന്നിയിട്ടില്ല. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യക്കുറവ് മാത്രമേ എനിക്ക് തടസ്സമായിട്ടുള്ളു. ഇന്നത് മറികടക്കാൻ നമ്മെ സഹായിക്കാൻ അനേകം സ്ഥാപനങ്ങളുണ്ട്. അതിൽ, നല്ലത് ഒരെണ്ണം തിരഞ്ഞെടുത്ത് – ആത്മാർത്ഥമായി – വാശിയോടെ ആറുമാസം പ്രയത്നിച്ചാൽ ഇംഗ്ലീഷ് ഭാഷ വളരെ എളുപ്പകരമായി നമുക്ക് കൈകാര്യം ചെയ്യാവുന്നതേയുള്ളു. നമ്മളിൽ കഴിവുകൾ ഉണ്ടോ ? അത് വളർത്താനും അത് ഉപയോഗിച്ച് നോക്കാനുമുള്ള പരിശ്രമങ്ങളിൽ നാം ഏർപ്പെടുന്നുണ്ടോ എങ്കിൽ ജീവിത വിജയം SSLC-ക്ക് ഒന്നാം റാങ്ക് വാങ്ങിയവനല്ല കിട്ടുക. നമുക്കാണ് കിട്ടുക.
പക്ഷെ, നാമൊരു കാര്യം തിരിച്ചറിയണം. ഇന്നത്തെ ലോക സാഹചര്യത്തിൽ നമുക്ക് എവിടെയെങ്കിലും കയറിച്ചെന്ന് ഒരു വാതിലിൽ മുട്ടണമെങ്കിൽ സർട്ടിഫിക്കറ്റുകൾ (Knocking Tool) ആവശ്യമാണ്. അത് കൊണ്ട് വീണിടത്ത് നിന്ന് എഴുന്നേറ്റ് ശ്രമിക്കുക. മാർക്ക് കുറഞ്ഞാലും, പിടിച്ചു നിൽക്കാനുള്ള – വാതിലുകളിൽ മുട്ടാൻ യോഗ്യതയുള്ള സർട്ടിഫിക്കറ്റുകൾ നേടുക. ശേഷം, വാതിലുകളിൽ മുട്ടുക. തുറന്നു കിട്ടുന്ന വാതിലിൽ അകത്ത് കയറുക. ശേഷം, അങ്ങേയറ്റം ആത്മാർത്ഥമായി, സത്യസന്ധമായി, യുക്തിയും വിവേകവും ഉപയോഗിച്ച് കഴിവ് തെളിയിക്കുക. പിന്നീട് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വരില്ല. പക്ഷെ, കിട്ടുന്ന അവസരത്തിൽ വെള്ളം ചേർക്കുകയോ, അതിൽ ആത്മാർഥത ഇല്ലാതെ പ്രവർത്തിക്കുകയോ ചെയ്യരുത്…!
പരീക്ഷകളിൽ തോൽക്കുന്ന മക്കളെ മാതാപിതാക്കൾ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കാതിരിക്കുക.തുടർന്നും മക്കളെ പഠിപ്പിക്കുക.മറ്റെന്തെങ്കിലും കഴിവുകൾ മക്കൾക്കുണ്ടെങ്കിൽ അത് പ്രകടമാക്കാനുള്ള അവസരങ്ങൾ മാതാപിതാക്കൾ നൽകുക.അടുത്ത വീട്ടിലെ കുട്ടിയുമായും അവരുടെ കഴിവുകളുമായും സ്വന്തം മക്കളെ ഒരിക്കലും താരതമ്യം ചെയ്യരുത്.ഓരോ വ്യക്തിയുടെയും INTELLIGENCE QUOTIENT ( IQ ) വളരെ വ്യത്യാസമായിരിക്കും.അതുകൊണ്ടു തന്നെ ഓരോ മനുഷ്യനിലും കഴിവുകളും പോരായ്മകളും വ്യത്യാസമായിരിക്കും.നമുക്കിടയിൽ പാടുന്നവർ എത്രയോ പേരുണ്ട്,പക്ഷെ എല്ലാരും കേ ജെ യേശുദാസും കെ എസ് ചിത്രയും ആകുന്നതേയില്ല.അതുപോലെ എത്രയോ പേർക്ക് ഓടാനും ചാടാനും കഴിവുണ്ട്.പക്ഷെ എല്ലാർക്കും പി ടി ഉഷയും അഞ്ചു ബോബി ജോർജ്ജും ആകാൻ കഴിയില്ല.
തോറ്റവർക്കും കൂടിയുള്ളതാണ് ഈ ലോകം.
പഠനത്തിലും പരീക്ഷകളിലും തോൽവികൾ സർവ്വ സാധാരണമാണ്.വീണിടത്തു തന്നെ കിടക്കാതെ സടകുടഞ്ഞു എഴുന്നേൽക്കുക.വീണ്ടും വീണ്ടും പഠിക്കുക,,,,ജീവിതം പഠിക്കുക,ജീവിത പരീക്ഷണങ്ങളിൽ വിജയിക്കുക,
വിജയിക്കുന്നവരെ പ്രശംസിക്കുന്നവർ തോൽക്കുന്നവരെ സമാശ്വസിപ്പിക്കാനും ശ്രമിക്കുക.
ഒരു കുട്ടിയും മാനസിക സമ്മര്ദ്ദത്താൽ കുടുംബം വിട്ടു പോകരുതേ എന്ന പ്രാർത്ഥനയോടെ..
ഒരു ജീവനും നഷ്ടമാകരുതേ എന്ന പ്രാർത്ഥനയോടെ..
-സ്നേഹപൂർവ്വം …
Syed Ali Aliyar
( 1987 ൽ ഞാൻ പഠിക്കുമ്പോൾ ആ ഒരു വർഷം SSLC എന്നത് SSC എന്നായിരുന്നു.1200 മാർക്കിനായിരുന്നു ചോദ്യങ്ങൾ ഉണ്ടായിരുന്നത്.ഓരോ വിഷയത്തിനും 100 mark. 420 കിട്ടിയാൽ മാത്രമേ അന്ന് ജസ്റ്റ് പാസ്ഡ് എങ്കിലും ആകുമായിരുന്നുള്ളൂ .., )